Technology

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡേറ്റ ചോര്‍ച്ച; ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങളും ആധാര്‍ വിവരങ്ങളും ഡാര്‍ക്ക് വെബില്‍, പിന്നില്‍ 'ട്രിപ്പിള്‍ എക്‌സ്'?

ഒരു ജീവനക്കാരന്റെ ഇമെയില്‍ അക്കൗണ്ടില്‍ സുരക്ഷാവീഴ്ചയുണ്ടായെന്നാണ് ബാങ്കിന്റെ വിശദീകരണം

Madism Desk

ബാങ്ക് ഓഫ് ബറോഡയുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ വന്‍ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ സിസ്റ്റം ഹാക്ക് ചെയ്യുകയും 1 ടി.ബി ഡേറ്റ ഡാര്‍ക്ക് വെബില്‍ ലീക്ക് ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലുടനീളമുള്ള വിവിധ ബാങ്ക് ശാഖകളില്‍ നിന്നുള്ള വ്യക്തിഗത-കോര്‍പ്പറേറ്റ് ബാങ്കിങ് വിവരങ്ങള്‍, ആളുകളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, വായ്പാ വിവരങ്ങള്‍, ആധാര്‍ സംബന്ധമായ വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, ഡേറ്റ ചോര്‍ച്ച ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കിന്റെ കോര്‍ ബാങ്കിങ് സിസ്റ്റങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ബാങ്കിലെ ഒരു ജീവനക്കാരന്റെ ഇമെയില്‍ അക്കൗണ്ടില്‍ സുരക്ഷാവീഴ്ചയുണ്ടായെന്നാണ് ബാങ്കിന്റെ വിശദീകരണം. പ്രസക്തമായ റഗുലേറ്ററി അതോറിറ്റികളുമായി ചേര്‍ന്ന് സമഗ്രമായ ഫോറന്‍സിക് അന്വേഷണം നടന്നുവരികയാണെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു. ചോര്‍ന്ന വിവരങ്ങളുടെ സാമ്പിള്‍ രേഖകള്‍ ഹാക്കര്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ സാമ്പിള്‍ രേഖകള്‍ അടങ്ങിയ ലിങ്ക് എല്ലാവര്‍ക്കും ലഭ്യമാണെന്ന് വ്യക്തമാക്കി സോഫ്റ്റ്വെയര്‍ എന്‍ജിനീയറും 'ക്യാഷ്ലെസ് കണ്‍സ്യൂമര്‍' സ്ഥാപകനുമായ ശ്രീകാന്ത് ലക്ഷ്മണന്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇതൊരു വന്‍ സൈബര്‍ ദുരന്തമാണ്' എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഡേറ്റ വില്‍പ്പനയ്ക്ക് വെച്ചതായി ആരോപണം

രഹസ്യസ്വഭാവമുള്ള ഡേറ്റയാണ് തന്റെ കൈവശമുള്ളത് എന്നാണ് ഹാക്കര്‍ അവകാശപ്പെടുന്നത്. സേവിങ്സ്, കറന്റ് അക്കൗണ്ട് രേഖകള്‍, ലോണ്‍ വിവരങ്ങള്‍, നെറ്റ് ബാങ്കിങ് യൂസര്‍ വിവരങ്ങള്‍, എന്‍ആര്‍ഐ, കോര്‍പ്പറേറ്റ് ബാങ്കിംഗ് സേവന രേഖകള്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് വിവരങ്ങള്‍, ബ്രാഞ്ച് അല്ലെങ്കില്‍ എടിഎം സംബന്ധിയായ രേഖകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ജൂലൈ 25-നാണ് ഡാര്‍ക്ക് വെബ് ട്രാക്കിങ് സൈറ്റായ റാന്‍സംവെയര്‍ ഡോട്ട് ലൈവ് ആണ് ഈ സുരക്ഷാവീഴ്ച ആദ്യം കണ്ടെത്തിയത്. ഓണ്‍ലൈനില്‍ പുറത്തുവിട്ട ഡാറ്റയില്‍ ബാങ്ക് ഓഫ് ബറോഡയുടെ ആഭ്യന്തര രേഖകളും ഉപഭോക്താക്കളുടെ വിവരങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു. 'ബ്രാഞ്ച് ഓഡിറ്റുകള്‍, ലോണ്‍ അപ്രൈസല്‍ രേഖകള്‍, ആഭ്യന്തര ആശയവിനിമയങ്ങള്‍, വിജിലന്‍സ് അന്വേഷണങ്ങള്‍, മൊബൈല്‍ ആപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍, രാജ്യത്തുടനീളമുള്ള വിവിധ ബിഒബി ശാഖകളുടെ കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്തൃ വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു', ശ്രീകാന്ത് പറഞ്ഞു.

ഡേറ്റ ചോര്‍ച്ചയ്ക്ക് പിന്നില്‍ ആര്?

ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും പരസ്യമായി ഏറ്റെടുത്തിട്ടില്ലെങ്കിലും, 'ട്രിപ്പിള്‍ എക്‌സ്' എന്ന താരതമ്യേന പുതിയ ഹാക്കിങ് ഗ്രൂപ്പാണ് ഇതിന് പിന്നിലെന്ന് ശ്രീകാന്ത് സംശയിക്കുന്നു. മുമ്പ് ഇന്തോനേഷ്യയിലെ ഒരു ബാങ്കില്‍ സൈബര്‍ ആക്രമണം നടത്തിയ ട്രിപ്പിള്‍ എക്‌സ്, ഈ വിവരങ്ങള്‍ മുഴുവന്‍ ഒരു ടോര്‍ സൈറ്റില്‍ പരസ്യമായി പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ മേയിലാണ് ഇന്തോനേഷ്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ബാങ്കുകളിലൊന്നായ പി.ടി ബാങ്ക് നെഗാര ഇന്തോനേഷ്യയില്‍ ട്രിപ്പിള്‍ എക്‌സ് വന്‍ ഹാക്കിങ് നടത്തിയത്. കരാറുകള്‍, വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങള്‍, സാമ്പത്തിക ഇടപാട് ചരിത്രങ്ങള്‍, ആഭ്യന്തര ബാങ്കിങ് രേഖകള്‍ എന്നിവയടങ്ങുന്ന ഏകദേശം 2 ടിബി ഡാറ്റയാണ് അന്ന് ഈ ഗ്രൂപ്പ് ചോര്‍ത്തിയത്.

ബാങ്കിങ് മേഖലയില്‍ സൈബര്‍ സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ബറോഡയിലെ ഈ ആക്രമണം നടന്നിരിക്കുന്നത്. ക്ലോഡ് മിത്തോസ് പോലുള്ള എഐ മോഡലുകള്‍ ആഗോളതലത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനെ തുടര്‍ന്ന്, ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ നടപ്പാക്കാന്‍ ഇന്ത്യയും തങ്ങളുടെ സാമ്പത്തിക സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 2025 സെപ്റ്റംബറില്‍ സുരക്ഷാ വീഴ്ച സംഭവിച്ച ഒരു ക്ലൗഡ് ഡാറ്റാബേസില്‍ 2,73,000-ത്തിലധികം ഇന്ത്യന്‍ ബാങ്കിംഗ് രേഖകള്‍ ഉള്ളതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ അപ്ഗാര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതില്‍ 6,000 എണ്ണം ബാങ്ക് ഓഫ് ബറോഡയുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍ അത് ഒരു തേര്‍ഡ് പാര്‍ട്ടി സിസ്റ്റമായിരുന്നു.

Bank of Baroda has confirmed a cybersecurity incident after reports claimed that hackers breached one of its systems and leaked nearly 1 TB of data on the dark web. The alleged leak includes personal and corporate banking records, customer names, phone numbers, loan details, and Aadhaar-related information. However, the bank said its core banking systems remain unaffected, attributing the breach to the compromise of an employee's email account. A forensic investigation is underway in coordination with regulatory authorities. Cybersecurity experts say sample documents from the leaked data have already surfaced online, raising concerns over customer privacy. While no group has officially claimed responsibility, experts suspect the relatively new Triple-X hacking group, which was previously linked to a major cyberattack on an Indonesian state-owned bank.