പർവ്വതാരോഹകർക്കും ഹൈറെയ്ഞ്ച് ടൂറിസം ഇഷ്ടപ്പെടുന്നവർക്കും ഇന്ത്യയിലെ മൊബൈൽ കവറേജ് കുറവുള്ള ഗ്രാമീണ മേഖലയിലുള്ളവരേയും ലക്ഷ്യമിട്ട് ബിഎസ്എന്‍എല്‍ സാറ്റലൈറ്റ് ഫോണ്‍ അവതരിപ്പിച്ചു. വിലയില്‍ ഇത് ആപ്പിളിന്റെ ഐഫോണ്‍ 17 പ്രോയെക്കാള്‍ കൂടുതലാണെങ്കിലും ഇന്ത്യയെ പോലൊരു രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണികേഷൻ സംവിധാനം വളരെയധികം പ്രയോചനപ്പെടുമെന്ന് ബിഎസ്എന്‍എല്‍ അഭിപ്രായപ്പെട്ടു. സാറ്റലൈറ്റ് ഫോണിന്റെ വില 1,34,166 രൂപയാണ്.
കാഴ്ചയില്‍ പഴയകാല ഫീച്ചര്‍ ഫോണിനോട് സാമ്യമുള്ള ഈ സാറ്റലൈസ് ഫോണുമായി ഫോട്ടോ എടുക്കാനും ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഗെയിമുകള്‍ കളിക്കാനും കഴിയില്ല. ബിഎസ്എന്‍എല്ലിന്റെ ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ സര്‍വീസിന്റെ ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ ടവറുകള്‍ക്ക് പകരം നേരിട്ട് സാറ്റലൈറ്റുമായി ബന്ധപ്പെടുന്നതിനാല്‍, നെറ്റ് വര്‍ക്കില്ലാത്ത പ്രദേശങ്ങളിലും വോയ്‌സ് കോളുകളും എസ്എംഎസും സാധ്യമാകും. ദീർഘനേരം നിലനിൽക്കുന്ന ബാറ്ററി, അടിയന്തര സാഹചര്യങ്ങൾക്കുള്ള എസ്ഒഎസ് ബട്ടൺ തുടങ്ങിയ സവിശേഷതകളാണ് ഈ ഫോണിനുള്ളത്.
പ്രതിരോധ സേന, ദുരന്തനിവാരണ വിഭാഗങ്ങള്‍, ഖനന മേഖല, സമുദ്രയാത്ര, വിദൂര വ്യാവസായിക മേഖലകള്‍, തീര്‍ഥാടകര്‍, സാഹസിക യാത്രികര്‍ എന്നിവരെയാണ് പദ്ധതിയിലൂടെ ബിഎസ്എൻഎൽ പ്രധാനമായും ലക്ഷ്യമിടുന്നത്. സാറ്റലൈറ്റ് കമ്യൂണിക്കേഷനായി ആവശ്യമായ പ്രത്യേക ഹാര്‍ഡ്വെയര്‍, ആന്റിന, ഇന്‍മാര്‍സാറ്റ്പോലുള്ള ആഗോള സാറ്റലൈറ്റ് ശൃംഖലകളുമായുള്ള കണക്റ്റിവിറ്റി എന്നിവയാണ് ഉയര്‍ന്ന വിലയ്ക്ക് പ്രധാന കാരണം. സാറ്റലൈറ്റ് ഫോണുകള്‍ ആവശ്യത്തിനനുസരിച്ച് മാത്രമേ നിർമിക്കുന്നൊള്ളൂവെന്ന് ബിഎസ്എൻഎൽ അറിയിച്ചു. കുറഞ്ഞ ഉൽപ്പാദനവും വില ഉയരാൻ കാരണമാകുന്നുണ്ട്.
ഫോണിനുപുറമെ സാറ്റലൈറ്റ് കണക്റ്റിവിറ്റിക്കായി പ്രത്യേക പ്ലാനും ആവശ്യമാണ്. ബിഎസ്എന്‍എല്ലിന്റെ വാണിജ്യ ഉപഭോക്താക്കള്‍ക്കുള്ള പ്ലാനുകള്‍ പ്രതിമാസം 5,835 രൂപ മുതലാണ് ആരംഭിക്കുന്നത്. സർക്കാർ ഏജൻസികൾക്കുള്ള പ്ലാനുകൾ 3500 മുതൽ ലഭ്യമാണ്. നിശ്ചിത സൗജന്യ ടോക്ക് ടൈം കഴിഞ്ഞാൽ അധിക നിരക്ക് ഈടാക്കും. ഇവയുടെ നിർമ്മാണച്ചെലവ് സാധാരണ സ്മാർട്ട് ഫോണുകളേക്കാൾ വളരെ കൂടുതലാണ്.
ഐഫോണിലെ എമര്‍ജന്‍സി എസ്ഒഎസ് വിയ സാറ്റലൈറ്റ് സംവിധാനം അടിയന്തര സാഹചര്യങ്ങളില്‍ മാത്രം സഹായം തേടാനാണ് ഉപയോഗിക്കുന്നത്. മൊബൈല്‍ നെറ്റ്‌വര്‍ക്കോ വൈ ഫൈയോ ലഭ്യമല്ലാത്തപ്പോള്‍ അടിയന്തര സേവനങ്ങളെ ബന്ധപ്പെടാനോ ലൊക്കേഷന്‍ പങ്കിടാനോ മാത്രമാണ് ഇത് സഹായിക്കുന്നത്. എന്നാല്‍ ബിഎസ്എന്‍എല്‍ സാറ്റലൈറ്റ് ഫോണ്‍ സാറ്റലൈറ്റ് ശൃംഖല വഴി സ്ഥിരമായി കോളുകളും സന്ദേശങ്ങളും കൈമാറാന്‍ കഴിയുന്ന സമ്പൂര്‍ണ ആശയവിനിമയ ഉപകരണമാണ്. അതേസമയം, ഇന്ത്യയില്‍ സാറ്റലൈറ്റ് ഫോണുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഈ ഫോണ്‍ വാങ്ങാനോ ഉപയോഗിക്കാനോ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.
BSNL has launched a satellite phone in India priced at Rs 1.34 lakh. Unlike the iPhone 17 Pro, it is designed for reliable communication in remote areas without mobile network coverage. The device connects directly to satellites for voice calls and SMS and requires prior approval from the Department of Telecommunications (DoT) for use.