Technology

'തലമുറകളെ നശിപ്പിക്കാന്‍ അനുവദിക്കാനാവില്ല'; അശ്ലീല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്ന ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗൂഗിളിനോടും ആപ്പിളിനോടും കോടതി

പരാതികള്‍ ഉയരുമ്പോള്‍ മാത്രമല്ല, ആപ്പുകൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും അപ്‌ലോഡ് ചെയ്യുമ്പോള്‍ തന്നെ നടപടിയെടുക്കാന്‍ ഗൂഗിളും ആപ്പിളും ബാധ്യസ്ഥരാണെന്നു കോടതി

Madism Desk

അശ്ലീല ഉള്ളടക്കവും വേശ്യാവൃത്തിയും പ്രദാനം ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗൂഗിളിനോടും ആപ്പിളിനോടും ഡല്‍ഹി ഹൈക്കോടതി. ഇത്തരം ആപ്ലിക്കേഷനുകള്‍ ആപ്പിള്‍ ആപ്പ് സറ്റോറിലും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും യഥേഷ്ടം ലഭ്യമാകുന്ന സാഹചര്യത്തിലാണു കോടതി നിര്‍ദേശം.

'രാജ്യത്തിന്റെ മുഴുവന്‍ തലമുറയെയും നശിപ്പിക്കാന്‍ അനുവദിക്കാനാവില്ലെ'ന്ന് പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹര്‍ജിയില്‍ ജൂലൈയില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. ഇതിനുള്ളില്‍ വിഷയത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഗൂഗിളിനോടും ആപ്പിളിനോടും കേന്ദ്രസര്‍ക്കാരിനോടും ഉത്തരവിട്ടു.

അശ്ലീല ഉള്ളടക്കം, വേശ്യാവൃത്തി, ലഹരിവസ്തുക്കളുടെ ദുരുപയോഗം, നിയമവിരുദ്ധ ആയുധ വ്യാപാരം, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി റൂബിക താപ്പയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഇത്തരം ആപ്ലിക്കേഷനുകള്‍ക്കെതിരെ പരാതികള്‍ ഉയരുമ്പോള്‍ മാത്രമല്ല, അവ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും അപ്ലോഡ് ചെയ്യുമ്പോള്‍ തന്നെ നടപടിയെടുക്കാന്‍ ഗൂഗിളും ആപ്പിളും പോലുള്ള ഇടനിലക്കാര്‍ ബാധ്യസ്ഥരാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം ആപ്ലിക്കേഷനുകളുടെ വ്യാപനം ഉടനടി പരിശോധിക്കണമെന്നു നിര്‍ദേശിച്ച കോടതി, 2021 ലെ ഐടി നിയമങ്ങള്‍ അക്ഷരം പ്രതി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ ഈ ആപ്പുകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷക തന്മയ മേത്ത വാദിച്ചു. ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തെ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ പിന്തുണച്ചു. സര്‍ക്കാരിന് എല്ലാം തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെന്നതിനാല്‍, പ്രശ്നം പരിഹരിക്കുന്നതില്‍ ഇടനിലക്കാര്‍ക്ക് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഇത്തരം ആപ്ലിക്കേഷനുകളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍, 2021 ലെ ഐടി (ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) നിയമങ്ങള്‍ പ്രകാരം, പരാതികള്‍ സ്വീകരിക്കുന്നതില്‍ മാത്രമല്ല, ആപ്ലിക്കേഷനുകള്‍ അപ്ലോഡ് ചെയ്യാന്‍ അനുവദിക്കുന്ന സമയത്ത് തന്നെ ഉചിതമായ ജാഗ്രത പാലിക്കേണ്ടതുണ്ട്,'' കോടതി നിരീക്ഷിച്ചു.

മോശം വീഡിയോകളുടെ പ്രചാരണം ഉടനടി പരിശോധിക്കുന്നുണ്ടെന്നും 2021 ലെ ഐടി നിയമം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ എതിര്‍ കക്ഷികളായ ഗൂഗിള്‍, ആപ്പിള്‍, ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം എന്നിവര്‍ കര്‍ശനമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുും കോടതി പറഞ്ഞു.