Technology

ചോദ്യങ്ങൾക്ക് മറുപടി മാത്രമല്ല, നിങ്ങൾക്ക് വേണ്ടി ജോലികൾ ചെയ്തുതീർക്കാൻ ഇനി മെറ്റയുടെ 'മ്യൂസ്'

ChatGPT, Gemini എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഇതൊരു യഥാർത്ഥ എഐ ഏജന്റ് ആണ്.

Madism Desk

കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനും, നിങ്ങളുടെ ഷെഡ്യൂളുകൾ കൃത്യമായി ഓർമിപ്പിക്കാനും, ഇൻസ്റ്റ​ഗ്രാമിലെ ഒരു പാചകക്കുറിപ്പ് കണ്ട് പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യാനും സഹായിക്കുന്ന ഒരാളുണ്ടെങ്കിലോ? അതും നിങ്ങൾ ഫോൺ മാറ്റിവെച്ചാൽ പോലും പശ്ചാത്തലത്തിൽ നിന്ന് കാര്യങ്ങൾ ചെയ്തുതീർക്കുന്ന ഒരാൾ. അത്തരമൊരു പേഴ്സണൽ എഐ അസിസ്റ്റന്റിനെ വാട്സ്ആപ്പ്, ഇൻസ്റ്റ​ഗ്രാം ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.

മ്യൂസ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ എഐ നമ്മൾ ഇതുവരെ കണ്ടിട്ടുള്ള സാധാരണ ചാറ്റ്ബോട്ടുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

എന്താണ് മ്യൂസ്? മറ്റ് ചാറ്റ്ബോട്ടുകളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

ChatGPT, Gemini എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഇതൊരു യഥാർത്ഥ എഐ ഏജന്റ് ആണ്. നിലവിലുള്ള എഐ മോഡലുകൾ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ വിവരങ്ങൾ നൽകുകയോ ആണ് ചെയ്യുന്നത്. എന്നാൽ, മ്യൂസ് ഒരു പടികൂടി കടന്ന് നിങ്ങൾക്ക് വേണ്ടി പ്രായോ​ഗികമായി ജോലികൾ ചെയ്തുതീർക്കുന്നു. മ്യൂസ് ആപ്പ് വഴിയോ വാട്‌സ്ആപ്പ് വഴിയോ നേരിട്ട് ഇത് ഉപയോഗിക്കാമെന്ന് മെറ്റ വ്യക്തമാക്കുന്നു.

ഇന്റർനെറ്റ് ബ്രൗസ് ചെയ്യുക, ഫോമുകൾ പൂരിപ്പിക്കുക, ടിക്കറ്റുകൾ ബുക്ക് ചെയ്യുക, ഡോക്യുമെന്റുകൾ തയ്യാറാക്കുക തുടങ്ങി ഒന്നിലധികം ഘട്ടങ്ങളുള്ള സങ്കീർണ്ണമായ ജോലികൾ പോലും മ്യൂസിനെ ഏൽപ്പിക്കാം.

വാട്‌സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും എങ്ങനെ ഉപയോഗിക്കാം?

മ്യൂസ് ഉപയോഗിക്കാൻ പ്രത്യേകം ഒരു ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. വാട്ട്‌സ്ആപ്പിലൂടെ തന്നെ നേരിട്ട് ആശയവിനിമയം നടത്താൻ കഴിയുന്ന രീതിയിലാണ് മെറ്റ ഇതിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുഹൃത്തുക്കൾക്ക് മെസ്സേജ് അയക്കുന്നതുപോലെ തന്നെ മ്യൂസിനും സന്ദേശങ്ങൾ അയക്കാം. നിങ്ങൾക്ക് എന്താണ് ചെയ്തുതീർക്കേണ്ടതെന്ന് മ്യൂസിനോട് പറഞ്ഞാൽ മാത്രം മതി, ബാക്കി കാര്യങ്ങൾ അത് തനിയെ ചെയ്തുകൊള്ളും.

കൂടാതെ, ഇൻസ്റ്റ​ഗ്രാമുമായും മറ്റ് ആപ്പുകളുമായും മ്യൂസിനെ കണക്റ്റ് ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ കണക്റ്റ് ചെയ്തിട്ടുള്ള ആപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ മ്യൂസിന് കഴിയും. ഉദാഹരണത്തിന്, ഇൻസ്റ്റാഗ്രാമിൽ നിങ്ങൾ സേവ് ചെയ്തുവെച്ചിട്ടുള്ള ഒരു പാചകക്കുറിപ്പ് നോക്കി, അതിനുവേണ്ട പലചരക്ക് സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാൻ മ്യൂസിനോട് ആവശ്യപ്പെടാം. അതുപോലെ തന്നെ, ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ അതിഥികളുടെ ഭക്ഷണ രീതികളെക്കുറിച്ചുള്ള വിവരങ്ങൾ ഓർമിച്ചുവെച്ച് അതിനനുസരിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യാനും ഇതിന് സാധിക്കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്.

ഓൺലൈൻ പർച്ചേസുകൾ നടത്താൻ മ്യൂസിന് കഴിയുമോ?

കഴിയും. ഓൺലൈൻ ഷോപ്പുകൾ സന്ദർശിക്കാനും പർച്ചേസുകൾ പൂർത്തിയാക്കാനും മ്യൂസിന് സാധിക്കും. ഇതിനായി സ്ട്രൈപ്പിന്റെ ലിങ്ക് എന്ന പേയ്മെന്റ് സംവിധാനമാണ് മെറ്റ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോ​ഗിക്കാവുന്ന ഒരു വെർച്വൽ കാർഡ് വഴിയാണ് പർച്ചേസ് നടക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ യഥാർത്ഥ ബാങ്ക് കാർഡ് വിവരങ്ങൾ കച്ചവടക്കാർക്ക് ലഭിക്കില്ല. പക്ഷേ, പർച്ചേസുകൾ നടത്തുമ്പോഴോ പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവെക്കുമ്പോഴോ മ്യൂസ് കൃത്യമായി നിങ്ങളുടെ മുൻകൂർ അനുമതി ചോദിച്ചിരിക്കും.

സ്വകാര്യതയും സുരക്ഷയും

നമ്മുടെ വ്യക്തിപരമായ ഡിജിറ്റൽ ജീവിതത്തിലേക്ക് ഒരു എഐ കടന്നുവരുമ്പോൾ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പൂർണ്ണമായും സുരക്ഷിതമായ ഒരു പ്രത്യേക വെർച്വൽ മെഷീൻ വഴിയാണ് മ്യൂസ് പ്രവർത്തിക്കുന്നതെന്ന് മെറ്റ വ്യക്തമാക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് അനുമതി ചോദിക്കുക, സേവനങ്ങൾ എളുപ്പത്തിൽ ഡിസ്കണക്റ്റ് ചെയ്യാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. കൂടാതെ, മ്യൂസുമായുള്ള നിങ്ങളുടെ വ്യക്തിപരമായ സംഭാഷണങ്ങൾ മെറ്റയുടെ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കില്ലെന്നും കമ്പനി ഉറപ്പുനൽകുന്നു.

എഐ ഉപയോഗിക്കുന്ന രീതി മാറുമോ?

മ്യൂസിന്റെ വരവോടെ എഐ സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ വലിയൊരു മാറ്റമാണ് സംഭവിക്കുന്നത്. ഒരു കാര്യം എങ്ങനെ ചെയ്യണമെന്ന് എഐയോട് ചോദിച്ചറിയുന്നതിന് പകരം, ആ ജോലികൾ എഐയെ തന്നെ ഏൽപ്പിക്കുന്ന ഒരു പുതിയ കാലത്തിനാണ് മെറ്റ തുടക്കം കുറിക്കുന്നത്. ഇത് നമ്മുടെ ദൈനംദിന ജീവിതത്തിൽ എഐയുടെ പ്രാധാന്യം വർധിപ്പിക്കുമെങ്കിലും, ഈ സാങ്കേതികവിദ്യയിലുള്ള വിശ്വാസ്യത, കൃത്യമായ മേൽനോട്ടം, സുരക്ഷാ അനുമതികൾ എന്നിവ വരും നാളുകളിൽ ഏറെ നിർണ്ണായകമാകും.

Meta has introduced 'Muse', a new personal AI agent integrated directly into WhatsApp and Instagram. Unlike traditional chatbots that only answer questions, Muse is designed to act on your behalf. It can independently perform multi-step, real-world tasks such as booking flight tickets, creating grocery lists from Instagram recipes, and completing online purchases using a secure payment integration. Muse marks a significant shift from simply "asking AI" to "delegating to AI," all while maintaining strict user privacy and permission controls.