Technology

എഐ ഏജന്റുകൾ മനുഷ്യരെ മറികടക്കും, ഇന്ത്യ വലിയ വിപണിയാകും: മൈക്ക് വാൽഷ്

എഐ വളർച്ചയിൽ നിർണായക ശക്തിയായി ഇന്ത്യയും

Madism Desk

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വിപണിയായി മാറുമെന്ന് പ്രവചനം. ഫ്യൂച്ചറിസ്റ്റും എഐ വിദഗ്ധനുമായ മൈക്ക് വാല്‍ഷ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്ത് മനുഷ്യരേക്കാള്‍ കൂടുതല്‍ എഐ ഏജന്റുകള്‍ ഉണ്ടായേക്കും. നിലവില്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മറുപടി നല്‍കുന്ന ഉപകരണങ്ങള്‍ എന്നതില്‍ നിന്ന് മാറി, എഐ സംവിധാനങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും വിവിധ സ്ഥാപനങ്ങളുമായി ഇടപെടാനും കഴിയുന്ന സംവിധാനങ്ങളായി വളരുമെന്നും മൈക്ക് വാല്‍ഷ് പറയുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന എന്‍ഡിടിവി വേള്‍ഡ് സമ്മിറ്റ് 2026-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ലോകത്ത് മനുഷ്യരേക്കാൾ കൂടുതൽ എഐ ഏജന്റുകൾ ഉടൻ ഉണ്ടായേക്കാം എന്നതാണ് ഏറ്റവും കൗതുകകരമായ മാറ്റം. ചാറ്റ്ജിപിടി പോലുള്ള ടൂളുകളിലൂടെയും മറ്റ് എഐ അസിസ്റ്റന്റുകളിലൂടെയും ഇതിന്റെ ആദ്യ സൂചനകൾ ഇതിനകം കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ സാങ്കേതിക മാറ്റം എങ്ങനെ വികസിക്കുമെന്നതിൽ ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നായി മാറാൻ സാധ്യതയുണ്ട്,” വാൽഷ് പറഞ്ഞു.

നിലവിൽ വിവരങ്ങൾ നൽകാനും ചോദ്യങ്ങൾക്ക് മറുപടി നൽകാനും ഉപയോഗിക്കുന്ന എഐ സംവിധാനങ്ങൾ ഭാവിയിൽ കൂടുതൽ സ്വയംഭരണ ശേഷിയുള്ള സംവിധാനങ്ങളായി മാറും. മനുഷ്യരുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനപ്പുറം വിവിധ ജോലികൾ സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കാനും തീരുമാനങ്ങൾ നടപ്പാക്കാനും കഴിയുന്ന എഐ ഏജന്റുകളുടെ കാലമാണ് വരാനിരിക്കുന്നതെന്ന് വാൽഷ് പറഞ്ഞു.

ചാറ്റ്ബോട്ടുകളിൽനിന്ന് വ്യത്യസ്തമായി, ഒരു ലക്ഷ്യം പൂർത്തിയാക്കുന്നതിനായി നിരവധി ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നിർവഹിക്കാൻ എഐ ഏജന്റുകൾക്ക് കഴിയും. വിവരശേഖരണം, ബിസിനസ് പ്രവർത്തനങ്ങൾ, ഉപഭോക്തൃ സേവനം, ഡിജിറ്റൽ ഇടപാടുകൾ തുടങ്ങിയ മേഖലകളിൽ ഇവയുടെ ഉപയോഗം വ്യാപകമാകാനാണ് സാധ്യത.

എഐയുടെ ഈ വളർച്ച ഇന്ത്യയ്ക്ക് വലിയ അവസരങ്ങൾ തുറക്കുമെന്നും വാൽഷ് വിലയിരുത്തി. രാജ്യത്തെ യുവാക്കൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കാനും കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് ബിസിനസ് പ്രവർത്തനങ്ങൾ വികസിപ്പിക്കാനും ഇത്തരം സാങ്കേതികവിദ്യകൾ സഹായകമാകും. എഐ ഏജന്റുകളെ ഡിജിറ്റൽ ജീവനക്കാരെപ്പോലെ ഉപയോഗിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കഴിയുന്ന സാഹചര്യം രൂപപ്പെടുകയാണ്.

അതേസമയം, തൊഴിൽമേഖലയിലെ മാറ്റങ്ങളും എ ഐയുടെ വർധിച്ച സ്വയംഭരണവും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നുണ്ട്. നിലവിലുള്ള തൊഴിൽരീതികൾ മാറുന്നതിനൊപ്പം പുതിയ കഴിവുകൾക്കും അവസരങ്ങൾക്കും പ്രാധാന്യം വർധിച്ചേക്കാം.

മനുഷ്യരുടെ ദൈനംദിന ജീവിതത്തിലും സാമ്പത്തിക പ്രവർത്തനങ്ങളിലും നിർമിതബുദ്ധി കൂടുതൽ സ്വാധീനം ചെലുത്തുന്ന കാലഘട്ടത്തിലേക്കാണ് ലോകം നീങ്ങുന്നത്. മനുഷ്യരും എ ഐ സംവിധാനങ്ങളും തമ്മിലുള്ള ഇടപെടലുകൾ പുതിയ തലത്തിലേക്ക് മാറുന്നതോടെ സാങ്കേതികവിദ്യയുടെ ഭാവിയും തൊഴിൽമേഖലയുടെ ഘടനയും വലിയ മാറ്റങ്ങൾക്ക് വിധേയമായേക്കും.

Futurist Mike Walsh predicts that AI agents could outnumber humans worldwide within the next decade. He said AI systems will evolve beyond answering questions to independently completing tasks, making decisions, and interacting with businesses. Speaking at the NDTV World Summit 2026 in New Delhi, Walsh highlighted the opportunities AI agents could create for India in entrepreneurship, business growth, and workplace efficiency, while also pointing to potential changes in employment and the skills required for future jobs.