അമേരിക്കൻ ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കുറഞ്ഞ ചെലവിൽ അത്യാധുനിക എഐ മോഡൽ വികസിപ്പിച്ചെടുത്ത ചൈനീസ് സ്റ്റാർട്ടപ്പായ 'ഡീപ്സീക്കിനെ' (DeepSeek) ഓർമയില്ലേ? സമാനമായ മറ്റൊരു മുന്നേറ്റത്തിന് കൂടി ചൈന ഇപ്പോൾ വേദിയായിരിക്കുകയാണ്. ഇത്തവണ മൂൺഷോട്ട് എഐ (Moonshot AI) എന്ന കമ്പനിയും അവരുടെ പുതിയ മോഡലായ 'കിമി കെ3' (Kimi K3) യുമാണ് അമേരിക്കൻ വമ്പന്മാരെ ആശങ്കയിലാക്കിയിരിക്കുന്നത്.
എഐ സാങ്കേതികവിദ്യയിലും അത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ചിപ്പുകളിലും ചൈനയുടെ വളർച്ച തടയാനായി അമേരിക്ക കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതൊക്കെ മറികടന്നുകൊണ്ടാണ് ചൈനീസ് കമ്പനികൾ ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള എഐ മത്സരത്തിന്റെ പുതിയ മുഖമായി മാറിയിരിക്കുകയാണ് കിമി കെ3.
ലോഞ്ച് ചെയ്ത് വെറും രണ്ട് ദിവസത്തിനുള്ളിൽ തന്നെ ആളുകളുടെ തിരക്ക് കാരണം കമ്പനിക്ക് പുതിയ സബ്‌സ്ക്രിപ്ഷനുകൾ താത്കാലികമായി നിർത്തിവെക്കേണ്ടി വന്നു എന്നതാണ് കിമിയുടെ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവ്. അമേരിക്കൻ കമ്പനികളായ ഓപ്പൺ എഐയുടെ (OpenAI) ജിപിടി (GPT), ആന്ത്രോപിക്കിന്റെ (Anthropic) ക്ലോഡ് (Claude) എന്നിവയുടെ ഏറ്റവും പുതിയ മോഡലുകളോട് ഒപ്പത്തിനൊപ്പമോ, ചിലപ്പോഴൊക്കെ അവയെക്കാൾ മികച്ചതോ ആയ പ്രകടനമാണ് കിമി കെ3 കാഴ്ചവെയ്ക്കുന്നത്. അതും തികച്ചും സൗജന്യമായി.
യാങ് ഷിലിൻ (Yang Zhilin) എന്ന മുപ്പതുകാരനായ സോഫ്റ്റ്‍വെയർ എൻജിനീയറാണ് മുൺഷോട്ട് എഐയുടെ സ്ഥാപകൻ. ചൈനയിലെ മികച്ച എൻജിനീയറിങ് കോളജായ സിൻഹുവ യൂണിവേഴ്സിറ്റിയിലും (Tsinghua University), അമേരിക്കയിലെ കാർണഗി മെലോൺ യൂണിവേഴ്സിറ്റിയിലുമായിരുന്നു (CMU) ഇദ്ദേഹത്തിന്റെ പഠനം. പഠനത്തിന് ശേഷം ആപ്പിളിൽ ലഭിച്ച ഉയർന്ന ജോലി വേണ്ടെന്ന് വെച്ചാണ് യാങ് മൂൺഷോട്ട് എഐ ആരംഭിക്കുന്നത്. യാങ്ങിന്റെ ഇംഗ്ലീഷ് പേരായ 'കിമി' തന്നെയാണ് മോഡലിനും നൽകിയിരിക്കുന്നത്.
എന്താണ് കിമിയെ വ്യത്യസ്തമാക്കുന്നത്?
വളരെ വലിയ സാമ്പത്തിക നിക്ഷേപവും അത്യാധുനിക അമേരിക്കൻ ചിപ്പുകളും ഉണ്ടെങ്കിൽ മാത്രമേ മികച്ച എഐ മോഡലുകൾ നിർമിക്കാൻ സാധിക്കൂ എന്ന ചിന്താഗതിയെയാണ് കിമി തിരുത്തിക്കുറിക്കുന്നത്.
കൂടാതെ, അമേരിക്കൻ കമ്പനികളുടെ എഐ മോഡലുകൾ മിക്കതും പണം കൊടുത്ത് ഉപയോഗിക്കേണ്ടവയാണ്. എന്നാൽ കിമി കെ3 ഒരു 'ഓപ്പൺ-വെയ്റ്റ്' മോഡലായാണ് പുറത്തിറക്കിയിരിക്കുന്നത്. അതായത് ലോകത്തെവിടെയുമുള്ള ഡെവലപ്പർമാർക്ക് ഈ മോഡൽ ഡൗൺലോഡ് ചെയ്യാനും, മാറ്റങ്ങൾ വരുത്താനും, അവരുടെ സ്വന്തം സെർവറുകളിൽ സൗജന്യമായി പ്രവർത്തിപ്പിക്കാനും സാധിക്കും. സെൻസിറ്റീവ് ഡാറ്റകൾ പുറത്തുപോകാതെ സൂക്ഷിക്കാൻ ഇത് വലിയ കമ്പനികളെ സഹായിക്കുമെന്ന് മോണിങ് സ്റ്റാർ അനലിസ്റ്റായ ചെൽസി ടാം ചൂണ്ടിക്കാണിക്കുന്നു.
ഇതൊരു പുതിയ ഡീപ്‌സീക്ക് പ്രതിഭാസമാണോ?
2025-ന്റെ തുടക്കത്തിൽ ഡീപ്സീക്കിന്റെ R1 മോഡൽ ഉണ്ടാക്കിയ ഓളത്തിന് സമാനമാണ് ഇപ്പോൾ കിമി കെ3 ഉണ്ടാക്കുന്നത്. ഡീപ്സീക്കിന്റെ വിജയം ഒരു അത്ഭുതമായിരുന്നെങ്കിൽ, കിമി കെ3 തെളിയിക്കുന്നത് ചൈനയുടെ ഈ മുന്നേറ്റം ഇനിയും ആവർത്തിക്കപ്പെടാം എന്നാണ്.
കൗണ്ടർപോയിന്റ് റിസർച്ചിന്റെ അനലിസ്റ്റായ വെയ് സണ്ണിന്റെ അഭിപ്രായത്തിൽ, അമേരിക്കൻ മോഡലുകളും ചൈനീസ് മോഡലുകളും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ വെറും 3 മുതൽ 6 മാസം വരെയായി ചുരുങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, അമേരിക്കൻ മോഡലുകൾക്ക് പൂർണ്ണമായും തുല്യമാണ് കിമി കെ3 എന്ന് ഇപ്പോൾ പറയാനാകില്ലെന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
അമേരിക്കൻ ആരോപണങ്ങളും വിവാദങ്ങളും
കിമി കെ3-യുടെ ഈ വലിയ വിജയം അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ എഐ മോഡലുകളിൽ നിന്നും വിവരങ്ങൾ ചോർത്തിയാണ് (Distilling - ഒരു എഐ മോഡൽ നൽകുന്ന ഉത്തരങ്ങൾ ഉപയോഗിച്ച് മറ്റൊരു മോഡലിനെ പരിശീലിപ്പിക്കുന്ന രീതി) കിമി കെ3 പരിശീലിപ്പിച്ചത് എന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെയും ആന്ത്രോപിക് പോലെയുള്ള കമ്പനികളുടെയും പ്രധാന ആരോപണം. ഇത് ബൗദ്ധിക സ്വത്തവകാശ ലംഘനമാണെന്നും (IP Theft) ഇതിനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ മൂൺഷോട്ട് ഈ ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു. അനലിസ്റ്റുകളും മൂൺഷോട്ടിനെ പിന്തുണയ്ക്കുന്നുണ്ട്. ആന്ത്രോപിക്കിന്റെ പുതിയ മോഡലായ ക്ലോഡ് ഫേബിൾ 5 പുറത്തിറങ്ങി കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കിമി കെ3 വന്നതുകൊണ്ട്, അതിൽ നിന്നും വിവരങ്ങൾ ചോർത്താനുള്ള സമയം മൂൺഷോട്ടിന് ലഭിച്ചിട്ടില്ല എന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
The Chinese AI startup Moonshot AI is causing a stir in the US tech industry with its latest model, Kimi K3. Following a pattern set earlier by DeepSeek, this lesser-known company has developed an advanced AI model at a fraction of the cost typically associated with such technology. Within two days of its launch, Kimi K3 experienced such overwhelming demand that Moonshot had to suspend new subscriptions. The enthusiasm is driven by its ability to match, and sometimes even outperform, top-tier US models like OpenAI’s GPT and Anthropic’s Claude, all while being offered for free.