ആര്‍ടിഫിഷൽ ഇന്റലിജൻസ് രംഗത്ത് അമേരിക്കൻ, ചൈനീസ് കമ്പനികൾ തമ്മിലുള്ള മത്സരം ശക്തമാകുന്നതിനിടെ ശ്രദ്ധ നേടി ഡെവലപ്പർ ആരാണെന്ന് വ്യക്തമല്ലാത്ത എഐ മോഡൽ. ഓപ്പൺ റൗട്ടർ പ്ലാറ്റ്ഫോമിൽ കഴിഞ്ഞയാഴ്ച പ്രത്യക്ഷപ്പെട്ട ഒഎൽഎക്സ് ആൽഫ എന്ന മോഡലാണ് എഐ മേഖലയിലെ പുതിയ ചർച്ചാവിഷയം.
സൗജന്യമായി പരീക്ഷിക്കാവുന്ന ‘സ്റ്റെൽത്ത്’ മോഡലായാണ് ഒഎൽഎക്സ് ആൽഫ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ മോഡൽ വികസിപ്പിച്ചതും പ്രവർത്തിപ്പിക്കുന്നതും ആരാണെന്ന കാര്യത്തിൽ യാതൊരു ഔദ്യോഗിക വിവരവും ലഭ്യമല്ല. അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്ന ഒരു തേർഡ് പാർട്ടി പ്രൊവൈഡറാണ് ഇതിന് പിന്നിലെന്നാണ് ഓപ്പൺ റൗട്ടർ വ്യക്തമാക്കുന്നത്.
കോഡിങ്ങിനും എഐ ഏജന്റുകൾക്കും
കോഡിങ്, ദീർഘകാല എഐ ഏജന്റ് ടാസ്‌കുകൾ, പ്രൊഡക്ഷൻ വർക്ക്‌ലോഡുകൾ എന്നിവ ലക്ഷ്യമിട്ടുള്ള റീസണിങ് മോഡലായാണ് ഒഎൽഎക്സ് ആൽഫയെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഒരു മില്യൺ ടോക്കൺ കോൺടെക്സ്റ്റ് വിൻഡോയാണ് മോഡലിന്റെ മറ്റൊരു പ്രധാന പ്രത്യേകത. അതിനാൽ ഒരൊറ്റ സെഷനിൽ വലിയ അളവിലുള്ള ടെക്സ്റ്റും കോഡും കൈകാര്യം ചെയ്യാൻ മോഡലിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. മോഡലിന്റെ പ്രകടനം പരീക്ഷിച്ച ചില ഡെവലപ്പർമാരും ഇത് സാധാരണ മോഡലുകളിൽനിന്ന് വ്യത്യസ്തമാണെന്ന അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. പ്രത്യേകിച്ച് കോഡിങ്, എഐ ഏജന്റ് അധിഷ്ഠിത ജോലികൾ എന്നിവയിലെ പ്രകടനമാണ് ശ്രദ്ധ നേടുന്നത്.
പിന്നിൽ ആര്?
ഒഎൽഎക്സ് ആൽഫയുടെ ഔദ്യോഗിക ലിസ്റ്റിങ്ങിൽ ഒരു കമ്പനിയുടെ പേരും നൽകിയിട്ടില്ല. മോഡലിലേക്കുള്ള ഓപ്പണിങ് റിക്വസ്റ്റുകൾ തങ്ങൾ റൂട്ട് ചെയ്യുക മാത്രമാണെന്നും മോഡലിന്റെ ഡെവലപ്പറോ ഉടമയോ പ്രൊവൈഡറോ തങ്ങളല്ലെന്നും ഓപ്പൺ റൗട്ടർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ മോഡലിന്റെ യഥാർഥ ഉടമയെക്കുറിച്ചുള്ള ചർച്ചകൾ ഓൺലൈനിൽ ശക്തമായി. ചൈനീസ് എഐ കമ്പനിയായ Z.ai ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്. ചൈനയിൽനിന്ന് മുമ്പ് പുറത്തുവന്ന ചില അജ്ഞാത എഐ മോഡലുകളുമായി ഒഎൽഎക്സ് ആൽഫയ്ക്കുള്ള സാമ്യതയാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
അതേസമയം, മൈക്രോസോഫ്റ്റിന്റെ പുറത്തിറക്കാത്ത ഏതെങ്കിലും എഐ മോഡലുമായി ഒഎൽഎക്സ് ആൽഫയ്ക്ക് ബന്ധമുണ്ടാകാമെന്ന വാദവും ചില നിരീക്ഷകർ മുന്നോട്ടുവയ്ക്കുന്നു. മറ്റ് പ്രമുഖ എഐ ഗവേഷണ സ്ഥാപനങ്ങളുടെ പേരുകളും അഭ്യൂഹങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോൾ സൗജന്യം
ഒഎൽഎക്സ് ആൽഫയെ കൂടുതൽ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം അതിന്റെ വിലയാണ്. സ്റ്റെൽത്ത് പ്രിവ്യൂ ഘട്ടത്തിൽ ഓപ്പൺ റൗട്ടറിൽ മോഡലിന്റെ ഇൻപുട്ടിനും ഔട്ട്പുട്ടിനും പൂജ്യം ഡോളർ എന്നാണ് നിരക്ക് നൽകിയിരിക്കുന്നത്.
മോഡലിന്റെ യഥാർഥ നിർമാതാവ് ആരാണെന്നോ ഭാവിയിൽ ഇത് എങ്ങനെ ലഭ്യമാക്കുമെന്നോ വ്യക്തമല്ലെങ്കിലും, ഹൈഎന്റ് പെർഫോമൻസും വലിയ കോൺടെക്സ്റ്റ് ശേഷിയും അജ്ഞാത ഉറവിടവും സൗജന്യ ലഭ്യതയും ചേർന്നതാണ് ഒഎൽഎക്സ് ആൽഫയെ എഐ ലോകത്ത് ഇത്രയധികം ചർച്ച ചെയ്യപ്പെടുന്ന മോഡലാക്കി മാറ്റിയത്.
Against the backdrop of the US-China AI race, the tech world is intrigued by the emergence of a new AI model called OLX Alpha on OpenRouter, with its developer still unknown. Designed for coding, long-horizon AI agent tasks, and production workloads, this reasoning model features a one-million-token context window and offers free access.