മാക് ഒഎസ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ആപ്പുകളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നത്തെ തുടർന്ന് മാക് ഉപയോക്താക്കൾക്ക് അടിയന്തിര മുന്നറിയിപ്പ് നൽകി ഓപ്പൺ എഐ. ചാറ്റ്‌ജിപിടി ഉൾപ്പെടെയുള്ള ഡെസ്‌ക്‌ടോപ്പ് ആപ്പുകൾ ഉടൻ തന്നെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് കമ്പനി നിർദ്ദേശിച്ചിരിക്കുന്നത്.
മാർച്ച് 31-ന് തേർഡ് പാർട്ടി 'അക്സിയോസ്'നെ ലക്ഷ്യമിട്ട് നടന്ന സപ്ലൈ ചെയിൻ ആക്രമണമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിശദീകരണം. നിരവധി ഡെവലപ്പർമാർ ഉപയോഗിക്കുന്ന ഈ ടൂൾ, ആപ്പുകളുടെ ഓതെന്റിസിറ്റി സ്ഥിരീകരിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. എന്നാൽ ഈ സംവിധാനത്തിൽ ഉണ്ടായ വീഴ്ചയെ തുടർന്ന് ഓട്ടോമേറ്റഡ് സംവിധാനം വഴി കൃത്രിമമായ കോഡ് പ്രവർത്തിച്ചതായി കണ്ടെത്തി.
അതേസമയം, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ കമ്പനി സിസ്റ്റങ്ങളോ ഈ ആക്രമണത്തിൽ ബാധിക്കപ്പെട്ടിട്ടില്ലെന്ന് ഓപ്പൺ എഐ വ്യക്തമാക്കി. സെക്യൂരിറ്റി സർട്ടിഫിക്കറ്റുകൾ ഹാക്കർമാർക്ക് കൈവശപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും കമ്പനി ഉറപ്പുനൽകി. മുൻകരുതലിന്റെ ഭാഗമായി പഴയ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി പുതിയ സുരക്ഷാ സർട്ടിഫിക്കറ്റുകൾ നടപ്പിലാക്കിയതായി അറിയിച്ചിട്ടുണ്ട്.
മാക്‌ഒഎസ് ഉപയോക്താക്കൾക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ആപ്പിനുള്ളിലെ അപ്‌ഡേറ്റ് സംവിധാനത്തിലൂടെയോ ഔദ്യോഗിക ലിങ്കുകളിലൂടെയോ പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പഴയ സർട്ടിഫിക്കറ്റുകൾ ബ്ലോക്ക് ചെയ്തതിനാൽ ചിലപ്പോൾ ഡൗൺലോഡുകൾക്ക് തടസം നേരിടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. സുരക്ഷ ഉറപ്പാക്കുന്നതിനായി 30 ദിവസത്തെ സമയപരിധിക്കുള്ളിൽ അപ്‌ഡേറ്റ് പൂർത്തിയാക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടു.
English Summary: OpenAI has issued a security warning for Mac users, urging them to update ChatGPT and related desktop applications. The alert follows a supply-chain attack involving a third-party tool used for authentication, though no user data or security certificates were compromised. Older versions will lose support and may stop functioning after May 8, 2026.