Technology

സർക്കാർ ചെലവുകളിൽ ഡിജിറ്റൽ മാറ്റം; ബ്ലോക്ക്‌ചെയിൻ പേയ്മെന്റ് സംവിധാനവുമായി ദക്ഷിണ കൊറിയ

പൊതുചെലവുകളിൽ സുതാര്യതക്കും നിയന്ത്രണത്തിനുമായി ബ്ലോക്ക്‌ചെയിൻ അടിസ്ഥാനത്തിലുള്ള പേയ്മെന്റ് സംവിധാനം പരീക്ഷിക്കാൻ ദക്ഷിണ കൊറിയ മുന്നോട്ട്

Madism Desk

പൊതുചെലവുകളുടെ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കാൻ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ പുതിയ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ ദക്ഷിണ കൊറിയ സർക്കാർ നീക്കം. ഡിസ്‌ട്രിബ്യൂട്ടഡ് ലെഡ്‍ജർ ടെക്‌നോളജി (DLT) ഉപയോഗിക്കുന്ന ഈ പദ്ധതി റെഗുലേറ്ററി സാൻഡ്ബോക്‌സിന്റെ പരിധിക്കുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് രാജ്യത്തിന്റെ സാമ്പത്തിക-ധനകാര്യ മന്ത്രാലയം അറിയിച്ചു.

പദ്ധതിയുടെ പ്രാഥമിക പരീക്ഷണം സെജോംഗ് നഗരത്തിൽ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാർ ചെലവുകൾ നിയന്ത്രിത രീതിയിൽ നടത്തുന്നതിനായി സമയപരിധിയും ചെലവഴിക്കാവുന്ന മേഖലകളും മുൻകൂട്ടി നിശ്ചയിച്ച വ്യവസ്ഥകളോടെയാണ് സംവിധാനം പ്രവർത്തിക്കുക. 2026-ലെ നാലാം പാദത്തോടെ പദ്ധതി പൂർണ്ണമായും നടപ്പിലാക്കുകയാണ് ലക്ഷ്യം.

സർക്കാർ ചെലവുകൾക്കായി ഉപയോഗിക്കുന്ന ഡെപ്പോസിറ്റ് ടോക്കണുകളുടെ പ്രയോഗം വിപുലപ്പെടുത്തുന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. നിലവിൽ സർക്കാർ വക ചെലവുകൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മുഖേനയാണ് നടത്തുന്നത്. തുടർന്ന് റിപ്പോർട്ടിംഗ് സംവിധാനങ്ങളിലൂടെ ഇവ നിരീക്ഷിക്കുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ സംവിധാനം നിലവിൽ പ്രയോഗത്തിലുള്ള രീതിയിൽ നിന്നു വ്യത്യസ്തമായി, ഇടപാടുകൾ നേരിട്ട് നിരീക്ഷിക്കാനാവുന്ന സാങ്കേതിക സൗകര്യം നൽകുമെന്നാണ് വിലയിരുത്തൽ.

ഡെപ്പോസിറ്റ് ടോക്കണുകൾ ഉപയോഗിക്കുന്നതിലൂടെ ചെലവുകളുടെ വിനിയോഗം കൂടുതൽ നിയന്ത്രിതവും വ്യക്തവുമാക്കാൻ സാധിക്കും. മുൻകൂട്ടി നിശ്ചയിച്ച നിബന്ധനകൾ അടിസ്ഥാനമാക്കി മാത്രമേ ഇടപാടുകൾ നടത്താനാകൂ എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇതോടൊപ്പം ഇടനിലക്കാരില്ലാത്ത പേയ്മെന്റ് സംവിധാനത്തിലൂടെ ചെറുകിട വ്യാപാരികൾക്ക് ഫീസ് ബാധ്യത കുറയാനും സാധ്യതയുണ്ട്.

പദ്ധതി വിജയകരമാകുകയാണെങ്കിൽ സർക്കാർ തലത്തിലെ മറ്റ് മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് നീക്കം. പൊതുധനകാര്യ മാനേജ്മെന്റിൽ ഡിജിറ്റൽ കറൻസി അധിഷ്ഠിത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ദീർഘകാല ലക്ഷ്യം. ഡിജിറ്റൽ ആസ്തി മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിന്റെ ഭാഗമായാണ് ഈ നീക്കം. സ്റ്റേബിൽകോയിൻ അവതരിപ്പിക്കുന്നതടക്കമുള്ള പദ്ധതികൾ സർക്കാർ ഇതിനുമുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വാഹന ചാർജിംഗ് സബ്‌സിഡികൾക്കായി ടോക്കണൈസ്‍ഡ് ഡെപ്പോസിറ്റുകൾ ഉപയോഗിച്ച പരീക്ഷണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

2030ഓടെ ട്രഷറി ഫണ്ടുകളുടെ ഏകദേശം നാലിലൊന്ന് ഡിജിറ്റൽ കറൻസിയിലേക്ക് മാറ്റുക എന്ന ലക്ഷ്യവും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതോടെ പൊതുധനകാര്യ മേഖലയിലെ ഡിജിറ്റൽ പരിവർത്തനം കൂടുതൽ വേഗത്തിലാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

English Summary: South Korea has announced a pilot project to introduce a blockchain-based government payment system using deposit tokens to improve transparency, efficiency, and real-time monitoring of public spending.