Technology

വിദേശ യാത്രകളിൽ സിമ്മിനായി അലയണ്ട; വാട്സ്ആപ്പിലൂടെ ഇ-സിം ഇൻസ്റ്റാൾ ചെയ്യാം

ലോകത്തിന്റെ ഏത് ഭാ​ഗത്തായാലും തടസങ്ങളില്ലാതെ വാട്സ്ആപ്പ് ഉപയോ​ഗിക്കാനാകണമെന്നതാണ് ലക്ഷ്യമെന്ന് വാട്സ്ആപ്പ് മേധാവി പറഞ്ഞു

Madism Desk

വിദേശയാത്രകളിൽ ഫോൺ ഉപയോ​ഗം എളുപ്പമാക്കാനുള്ള പ്രഖ്യാപനവുമായി വാട്സ്ആപ്പ് മേധാവി കുനാൽ ഷാ. വിദേശയാത്രകളിൽ ഇന്റർനെറ്റ് ഉപയോ​ഗത്തിന് ലോക്കൽ സിം കാർഡോ ഇന്റർനാഷണൽ റോമിങ് പ്ലാനോ ആശ്രയിക്കേണ്ട സാഹചര്യം മാറി വാട്സ്ആപ്പിലൂടെ തന്നെ ഇ-സിം ഇൻസ്റ്റാൾ ചെയ്യാനുള്ള സംവിധാനമാണ് നിലവിൽ വരാൻ പോകുന്നത്. എക്സിലൂടെയായിരുന്നു കുനാൽ ഷായുടെ പ്രഖ്യാപനം.

ലോകത്തിന്റെ ഏത് ഭാ​ഗത്തായാലും തടസങ്ങളില്ലാതെ വാട്സ്ആപ്പ് ഉപയോ​ഗിക്കാനാകണമെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ കുനാൽ ഷാ പറഞ്ഞു. ഇതിന്റെ ഭാ​ഗമായി ഇ-സിം സേവനങ്ങൾക്കായുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇ-സിം സേവനങ്ങൾ നൽകുന്ന കമ്പനിയുമായും വിവിധ ടെലികോം ഓപറേറ്റർമാരുമായും വാട്സ്ആപ്പ് സഹകരിക്കും. റിലയൻസ് ജിയോ, സ്മാർട്ട് ആക്സിയാറ്റ, സ്മാർട്ട് കമ്മ്യൂണിക്കേഷൻസ്, വെറൈസൺ തുടങ്ങിയ കമ്പനികളുമായും വാട്സ്ആപ്പ് സഹകരിക്കുന്നുരണ്ട്.

എന്താണ് വാട്സ്ആപ്പിന്റെ ഇ-സിം ഫീച്ചർ?

വിദേശയാത്ര ചെയ്യുന്നവർ എയർപോട്ടിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് ഇന്റർനെറ്റ് കണക്ഷനായി ഒരു ഇന്റർനാഷണൽ സിം കാർഡ് എടുക്കുകയെന്നതാണ്. കണക്ഷൻ ലഭിക്കുന്നതിനായി വിവിധ ആപ്പുകളെയും പലപ്പോഴും ആശ്രയിക്കേണ്ടി വരാറുണ്ട്. ഇത് കൂടുതൽ എളുപ്പമാക്കുകയാണ് വാട്സ്ആപ്പിന്റെ ലക്ഷ്യം.

വാട്സ്ആപ്പിലൂടെ ഏതാനും ക്ലിക്കുകളിലൂടെ ഇ-സിം വാങ്ങാനും ഇൻസ്റ്റാൾ ചെയ്യാനും കഴിയുമെന്ന് കമ്പനി അറിയിച്ചു. ഒരു മെസേജ് അയക്കുന്നതിന് സമാനമായി വളരെ എളുപ്പമായിരിക്കും നടപടികളെന്നും വാട്സ്ആപ്പ് അവരുടെ പ്രസ്താവനയിൽ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ ഉടൻ ഇ-സിം സേവനം ലഭ്യമായി തുടങ്ങുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. എന്നാൽ ഈ സേവനം ലഭ്യമാവണമെങ്കിൽ ഇ-സിം സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോൺ നിർബന്ധമാണ്.

എന്നാൽ ഈ ഫീച്ചറിന്റെ പൂർണവിവരങ്ങൾ വാട്സ്ആപ്പോ കുനാൽ ഷായോ പുറത്തുവിട്ടിട്ടില്ല. ഉപയോക്താക്കൾക്ക് യാത്ര ചെയ്യുന്ന രാജ്യത്തിന്റെ പേര് നൽകി അനുയോജ്യമായ ഇ-സിം പ്ലാനുകൾ നേടാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടൊപ്പം നിശ്ചിത ഡാറ്റ പരിധിയുള്ള പ്ലാനുകളും അൺലിമിറ്റഡ് ഡാറ്റ പ്ലാനുകളും തിരഞ്ഞെടുക്കാനാകും. യാത്ര ചെയ്യുന്ന രാജ്യത്തെത്തി ഫോൺ നെറ്റ്വർക്കുമായി കണക്ടാകുമ്പോൾ മാത്രം ഡാറ്റ പ്ലാൻ പ്രവർത്തനക്ഷമമാകുന്ന സംവിധാനവും വാട്സ്ആപ്പിന്റെ പരി​ഗണനയിലുണ്ട്.

ഇതുവഴി നേരത്തെ വാങ്ങിയതും കാലാവധി കഴിഞ്ഞതുമായ ഇ-സിമ്മുകൾ പരിശോധിക്കാനും ബാക്കിയുള്ള ഡാറ്റയെ കുറിച്ച് അറിയാനും സാധിച്ചേക്കും. ഡാറ്റ കുറയുമ്പോഴും പ്ലാനിന്റെ കാലാവധി അവസാനിക്കുമ്പോഴും നോട്ടിഫിക്കേഷൻ ലഭ്യമാക്കാനും വാട്സ്ആപ്പ് പദ്ധതിയിടുന്നുണ്ട്.

വാട്സ്ആപ്പിൽ ഷെഡ്യൂൾഡ് മെസേജുകൾ അയക്കാനുള്ള ഫീച്ചർ നിലവിൽ വന്നതിന് പിന്നാലെയാണ് ഇ-സിമ്മിന്റെ പ്രഖ്യാപനം. 10 മിനിറ്റ് മുതൽ 14 ദിവസം വരെ മുൻകൂട്ടി സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്. ദിവസേനയുള്ള സേവനങ്ങൾ കൂടുതൽ ലളിതമാക്കുക, ആശയവിനിമയം മെച്ചപ്പെടുത്തുക, എഐ സാങ്കേതികവിദ്യ കൂടുതൽ പ്രയോജനപ്പെടുത്തുക എന്നിവയും വാട്സ്ആപ്പിന്റെ ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.

WhatsApp is exploring a new feature that will allow users to buy and install eSIMs directly through the app while travelling abroad. The service will work with telecom operators and eSIM providers, including Reliance Jio, Verizon and others. It is expected to roll out in select countries soon and will require an eSIM-compatible smartphone.