Technology

വാട്‌സ്ആപ്പ് സുരക്ഷ ഇനി കൂടുതൽ ശക്തമാകും; ആറക്ക പിൻ നമ്പറിന് പകരമായി വരുന്നു പാസ്‌വേര്‍ഡ്

അക്കൗണ്ട് സുരക്ഷ കൂടുതൽ ശക്തമാക്കാൻ പുതിയ പാസ്‌വേർഡ് സംവിധാനം പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ

Madism Desk

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ കൂടുതൽ ശക്തമാക്കാൻ പുതിയ സംവിധാനവുമായി മെറ്റ. നിലവിൽ ടു സ്റ്റെപ്പ് വെരിഫിക്കേഷനായി ഉപയോഗിക്കുന്ന ആറക്ക പിൻ നമ്പറിന് പകരം പ്രത്യേക പാസ്‌വേര്‍ഡ് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് വാട്സ്ആപ്പ്. വാട്സാപ്പ് ട്രാക്കർ വെബ്സൈറ്റായ വാബീറ്റാഇൻഫോ ആണ് പുതിയ അപ്ഡേറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

റിപ്പോർട്ടുകൾ പ്രകാരം, പുതുതായി വരാൻ പോകുന്ന ഫീച്ചറിൽ പിൻ നമ്പറിന് പകരം അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടുന്ന പാസ്‌വേര്‍ഡ് സംവിധാനമാണ് ഉപയോ​ഗിക്കുക. ഇതിലൂടെ അക്കൗണ്ടിന് കൂടുതൽ സുരക്ഷ ലഭിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക ഇടപാടുകൾ നടത്തുകയോ സ്വകാര്യ വിവരങ്ങൾ പങ്കിടുകയോ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ മാറ്റം കൂടുതൽ പ്രയോജനകരമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ പിൻ നമ്പറുകളേക്കാൾ ശക്തമായ പാസ്‌വേര്‍ഡ് ഉപയോഗിക്കുന്നതിലൂടെ സൈബർ കുറ്റവാളികൾക്കും വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കും അക്കൗണ്ട് സുരക്ഷ മറികടക്കുന്നത് ഇനി എളുപ്പമാകില്ല. ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന പാസ്‌വേര്‍ഡ് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷമേ സ്വീകരിക്കുകയുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പുതിയ പാസ്‌വേര്‍ഡ് ഫീച്ചർ നിലവിലെ ലോഗിൻ രീതികളിൽ മാറ്റങ്ങളൊന്നും വരുത്തില്ല. ഉപയോക്താക്കൾ ആദ്യം എസ്എംഎസ് വഴി ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ച് ഫോൺ നമ്പർ സ്ഥിരീകരിക്കണം. അതിന് ശേഷമായിരിക്കും പാസ്‌വേഡ് നൽകേണ്ടത്. പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ മാത്രം തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാകുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

WhatsApp is reportedly developing a new security feature that could replace its current six digit two step verification PIN with a dedicated password containing both letters and numbers. The change is expected to offer stronger account protection against cyber threats while keeping the existing login process unchanged. According to WABetaInfo, the feature is still under development, and WhatsApp has not announced when it will be rolled out to users.