Technology

മെസേജുകള്‍ ഇനി മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാം; പുതിയ അപ്ഡേറ്റുമായി വാട്‌സ്ആപ്പ്

അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കുമല്ലാതെ വാട്‌സ്ആപ്പിന് പോലും ആ സന്ദേശങ്ങളുടെ ഉള്ളടക്കം വായിക്കാന്‍ കഴിയില്ലെന്ന് കമ്പനി അവകാശപ്പെടുന്നു

Madism Desk

ഏറെക്കാലമായി ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിരുന്ന 'ഷെഡ്യൂള്‍ മെസേജസ്' (Scheduled Messages) ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഈ ഫീച്ചര്‍ ഉപയോഗിച്ച് 10 മിനിറ്റ് മുതല്‍ 14 ദിവസം വരെയുള്ള സമയപരിധിക്കുള്ളില്‍ സന്ദേശങ്ങള്‍ അയക്കാനായി ഷെഡ്യൂള്‍ ചെയ്യാന്‍ പറ്റും. സ്വകാര്യ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഇത് ഉപയോഗിക്കാം. ടെക്സ്റ്റ് മെസേജുകള്‍ക്ക് പുറമെ ഫോട്ടോകളും വീഡിയോകളും മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കും. മെസേജ് നേരത്തെ തയ്യാറാക്കി വെക്കുകയും സൗകര്യപൂര്‍വ്വം അയക്കുകയും ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.

സുഹൃത്തിന്റെയൊ ബന്ധുവിന്റെയൊ പങ്കാളിയുടെയോ ടൈം സോണ്‍ അനുസരിച്ച് ജന്മദിനാശംസയോ ഫോട്ടോയോ വിവാഹ വാര്‍ഷിക ആശംസകളോ മുന്‍കൂട്ടി സെറ്റ് ചെയ്ത് അയക്കാം. പരിപാടികളുടെ വിവരങ്ങളോ ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങളോ കൃത്യസമയത്ത് അയക്കാനും ഈ സൗകര്യം ഉപയോഗിക്കാം. ചാനലുകളില്‍ സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യം നിലവില്‍ ലഭ്യമാകുമോ എന്നത് വ്യക്തമല്ലെങ്കിലും ഭാവിയിലെ ഒരു അപ്ഡേറ്റിലൂടെ വാട്‌സ്ആപ്പ് ഇത് കൊണ്ടുവരാന്‍ സാധ്യത ഏറെയാണ്.

വാട്‌സ്ആപ്പില്‍ മെസേജുകള്‍ എങ്ങനെ ഷെഡ്യൂള്‍ ചെയ്യാം?

ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് മുമ്പ്, വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ അല്ലെങ്കില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. അയക്കേണ്ട മെസേജ് ടൈപ്പ് ചെയ്തതിനുശേഷം സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിപ്പിടിച്ച് സന്ദേശം എത്തേണ്ട തീയതിയും സമയവും തിരഞ്ഞെടുത്ത് ഷെഡ്യൂള്‍ ചെയ്താല്‍ മതി. നിങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നാലോ ബാറ്ററി തീര്‍ന്നുപോയാലോ പോലും, ഷെഡ്യൂള്‍ ചെയ്ത തീയതിയിലും സമയത്തും മെസ്സജ് സ്വീകര്‍ത്താവിന് ലഭിക്കും. കൂടാതെ ഷെഡ്യൂള്‍ ചെയ്ത ദിവസത്തിന് മുമ്പ് മെസേജ് ഡിലീറ്റ് ചെയ്യാനും പറ്റും.

സുരക്ഷയും സ്വകാര്യതയും എങ്ങനെ?

മറ്റേതൊരു വ്യക്തിഗത വാട്‌സ്ആപ്പ് സന്ദേശത്തെയും പോലെ ഷെഡ്യൂള്‍ ചെയ്ത മെസേജുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്. അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കുമല്ലാതെ വാട്‌സ്ആപ്പിന് പോലും ആ സന്ദേശങ്ങളുടെ ഉള്ളടക്കം വായിക്കാന്‍ കഴിയില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. മെസേജിങ് പ്ലാറ്റ്‌ഫോമുകളായ ടെലിഗ്രാമിലും സിഗ്‌നലിലും സമാനമായ സൗകര്യങ്ങള്‍ നേരത്തെ തന്നെയുണ്ട്. വാട്‌സ്ആപ്പിന്റെ അനുഭവം ലളിതമാക്കാനും കൂടുതല്‍ എഐ ഫീച്ചറുകള്‍ കൊണ്ടുവരാനും ഫിന്‍ടെക് രംഗത്തേക്ക് കടന്നുകയറാനുമുള്ള പദ്ധതികള്‍ പുതുതായി നിയമിതനായ സിഇഒ കുനാല്‍ ഷാ പങ്കുവെച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം.

WhatsApp has introduced its much-awaited Scheduled Messages feature, allowing users to compose messages in advance and choose when they should be delivered. The feature supports scheduling messages from 10 minutes to 14 days ahead in both individual and group chats. Users can schedule text messages, photos and videos by typing the message and pressing and holding the send button before selecting the desired date and time. Scheduled messages will be delivered even if the sender's phone is switched off or runs out of battery. Users can also view and delete scheduled messages before they are sent.