Analysis

അന്താരാഷ്ട്ര വിപണിയിൽ 3000 രൂപ, കർഷകന് 300 രൂപ; ജീവവായുവായ സബ്സിഡി വ്യവസായ മാഫിയ വിഴുങ്ങുന്നത് എങ്ങനെ?

2011ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വളം സബ്സിഡിയുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനായുള്ള ഓഡിറ്റ് നടക്കുന്നത്.

Madism Desk

അന്താരാഷ്ട്ര വിപണിയിൽ ഒരു ചാക്ക് യൂറിയ വാങ്ങണമെങ്കിൽ ഏകദേശം 3,000 രൂപ നൽകണം. എന്നാൽ ഇന്ത്യയിലെ ഒരു സാധാരണ കർഷകന് അത് ലഭിക്കുന്നത് 300 രൂപയിൽ താഴെ വിലയ്ക്കാണ്. കർഷകരെ സഹായിക്കാനായി സർക്കാർ നൽകുന്ന ഈ വലിയ ഇളവ് പക്ഷേ, ഇന്ന് രാജ്യത്തെ വലിയൊരു അഴിമതിയുടെയും കള്ളക്കടത്തിന്റെയും അടിസ്ഥാനമായി മാറിയിരിക്കുന്നു.

കർഷകർക്കുള്ള ഈ സഞ്ജീവനി എങ്ങനെയാണ് വ്യവസായ മാഫിയകളുടെയും കള്ളക്കടത്തുകാരുടെയും പോക്കറ്റ് വീർപ്പിക്കുന്നത്? ഇതിന് തടയിടാൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രാജ്യവ്യാപകമായി നടത്തുന്ന ചരിത്രപരമായ ഓഡിറ്റിന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?

കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് നൽകുന്ന യൂറിയ അനധികൃതമായി വ്യവസായ ആവശ്യങ്ങൾക്കും അതിർത്തി കടന്നുള്ള കള്ളക്കടത്തിനും ഉപയോ​ഗിക്കുന്നുണ്ടെന്ന കണ്ടെത്തലുകളെ തുടർന്നാണ് സിഎജി അഖിലേന്ത്യാ തലത്തിൽ നിർണായക പരിശോധന ആരംഭിച്ചിരിക്കുന്നത്. 2011ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വളം സബ്സിഡിയുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനായുള്ള ഓഡിറ്റ് നടക്കുന്നത്.

ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സംവിധാനം നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യ ഓഡിറ്റാണിത് എന്ന പ്രത്യേകതയുമുണ്ട്. 2026 മെയ്-ജൂൺ മാസങ്ങളിൽ ആരംഭിച്ച ഈ പരിശോധന രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 169 ജില്ലകളിലാണ് നിലവിൽ പുരോഗമിക്കുന്നത്.

എന്തുകൊണ്ടാണ് യൂറിയ ഇത്രയധികം വകമാറ്റപ്പെടുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം അതിന് ലഭിക്കുന്ന വലിയ സബ്‍സിഡിയിൽ തന്നെയുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ഉയർന്ന വിലയും കർഷകർക്ക് ലഭിക്കുന്ന കുറഞ്ഞ വിലയും തമ്മിലുള്ള വലിയ അന്തരമാണ് കരിഞ്ചത്തക്കാരെ ആകർഷിക്കുന്നത്.

വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 'ടെക്നിക്കൽ ഗ്രേഡ്' യൂറിയയ്ക്ക് ഉയർന്ന വില നൽകേണ്ടതുണ്ട്. ഈ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ ഫാക്ടറികൾ കർഷകർക്കുള്ള സബ്സിഡി യൂറിയ അനധികൃതമായി വാങ്ങിക്കൂട്ടുകയാണ്. പ്ലൈവുഡ്, പശ, കാലിത്തീറ്റ, ക്രോക്കറി, സ്ഫോടകവസ്തുക്കൾ എന്നിവ നിർമ്മിക്കുന്ന ഫാക്ടറികളിലേക്കാണ് ഈ വളം പ്രധാനമായും ഒഴുകുന്നത്.

ഇതുകൂടാതെ, ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിൽ നിന്ന് അയൽരാജ്യങ്ങളിലേക്കും സബ്സിഡി യൂറിയ വ്യാപകമായി കടത്തുന്നുണ്ട്. ധനകാര്യ മന്ത്രാലയം വളം കൊണ്ടുപോകുന്ന ട്രക്കുകളുടെ ഇ-വേ ബില്ലുകളിൽ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. വിതരണം ചെയ്യേണ്ട നിശ്ചിത ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ട്രക്കുകൾ വഴിമധ്യേ ചരക്ക് ഇറക്കി കരിഞ്ചന്തയിലേക്ക് മാറ്റുന്നതായാണ് ഇതിലൂടെ തെളിഞ്ഞത്.

രാജ്യത്ത് യൂറിയയുടെ ഉപയോഗം ഇങ്ങനെ കൃത്രിമമായി വർധിക്കുന്നത് സർക്കാരിന്റെ സബ്സിഡി ബാധ്യത കുത്തനെ ഉയർത്തുകയാണ്. നടപ്പ് സാമ്പത്തിക വർഷം 2.17 ലക്ഷം കോടി മുതൽ മൂന്ന് ലക്ഷം കോടി രൂപ വരെയാണ് വളം സബ്സിഡിക്കായി മാത്രം മാറ്റിവെക്കേണ്ടി വരുന്നത്.

വളരെ ശാസ്ത്രീയമായ രീതിയിലാണ് സിഎജി ഈ തിരിമറികൾ കണ്ടുപിടിക്കുന്നത്. ദേശീയ ശരാശരിയായ ഹെക്ടറിന് 180 കിലോ​ഗ്രാം എന്നതിനേക്കാൾ കൂടുതൽ യൂറിയ ഉപയോ​ഗിക്കുന്ന 149 ജില്ലകളാണ് തുടക്കത്തിൽ സിഎജിയുടെ പ്രത്യേക നിരീക്ഷണത്തിൽ വന്നത്. പിന്നീട് വളം വകുപ്പിന്റെയും വിദഗ്ദ്ധരുടെയും നിർദ്ദേശപ്രകാരം 20 ജില്ലകൾ കൂടി ഉൾപ്പെടുത്തി. അങ്ങനെയാണ് നിലവിൽ 169 ജില്ലകളിൽ കർശന പരിശോധന നടക്കുന്നത്. ഈ പട്ടികയിൽ ഏറ്റവും കൂടുതൽ ജില്ലകൾ ഉള്ളത് ഉത്തർപ്രദേശിലാണ് (37 ജില്ലകൾ).

തമിഴ്നാട്, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് 16 ജില്ലകൾ വീതവും, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് 14 ജില്ലകൾ വീതവുമുണ്ട്. ഈ ജില്ലകളിൽ കർഷകർ ഉപയോഗിച്ചതായി പറയപ്പെടുന്ന യൂറിയയുടെ അളവിന് ആനുപാതികമായി കാർഷിക വിളവ് വർധിച്ചിട്ടുണ്ടോ എന്നാണ് ഓഡിറ്റർമാർ പ്രധാനമായും വിലയിരുത്തുക. വളം ഉപയോഗിച്ചിട്ടും വിളവ് കൂടിയിട്ടില്ലെങ്കിൽ യൂറിയ വ്യവസായങ്ങൾക്ക് മറിച്ച് വിറ്റുവെന്ന് വ്യക്തമാകും. കണക്കുകളിൽ കൃത്രിമം കാണിച്ച് സബ്സിഡി തട്ടിയെടുക്കുന്ന രീതികൾ കണ്ടെത്താൻ ഈ പരിശോധന സഹായിക്കും.

ഇന്ത്യ പ്രതിവർഷം 400 ലക്ഷം മെട്രിക് ടൺ യൂറിയയാണ് ഉപയോഗിക്കുന്നത്. ഇതിൽ 100 ലക്ഷം ടണ്ണിലധികം വലിയ വിലകൊടുത്ത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. കരിഞ്ചന്തയിലെ ആവശ്യങ്ങൾക്കായി യൂറിയ അമിതമായി വിറ്റഴിക്കുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനൊപ്പം വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഹരിതഗൃഹ വാതക പുറന്തള്ളലിനും കാരണമാകുന്നുണ്ട്.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സിഎജിയുടെ ഈ ബൃഹത്തായ ഓഡിറ്റിന്റെ ആദ്യ റിപ്പോർട്ട് 2027 അവസാനത്തോടെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സബ്സിഡി വിതരണത്തിലെ പഴുതുകൾ പൂർണ്ണമായും അടയ്ക്കാനും, സർക്കാർ ഖജനാവിൽ നിന്നുള്ള കോടിക്കണക്കിന് രൂപ വ്യവസായ മാഫിയകൾക്ക് പകരം അർഹരായ കർഷകരിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഈ അന്വേഷണത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

The Comptroller and Auditor General of India has launched a nationwide performance audit across 169 districts in 15 states to investigate the massive diversion and smuggling of subsidized urea. The government provides urea to farmers at a highly subsidized rate of Rs 300 per bag (compared to the international price of Rs 3,000). However, this subsidized fertilizer is largely being diverted to industries like plywood and cattle feed, or smuggled across borders. This audit aims to plug the loopholes in the Direct Benefit Transfer system and curb the misuse of the subsidy, which currently costs the exchequer up to Rs 3 lakh crore annually.