Analysis

വിജയത്തിനായി ഇനിയും ഒരുമിക്കാത്ത ഇന്‍ഡ്യ സഖ്യം; ബംഗാൾ-തമിഴ്നാട് പാഠങ്ങളും രാഹുലിന്റെ നേതൃത്വവും

ഹേമന്ത് സോറനും കോണ്‍ഗ്രസും കൃത്യമായി ചര്‍ച്ച നടത്തുകയും സീറ്റുകള്‍ മാന്യമായി പങ്കിടുകയും വിജയിക്കുകയും ചെയ്ത ജാര്‍ഖണ്ഡ് മോഡല്‍ കാണിക്കുന്നത് മറ്റൊരു ബദല്‍ ഉണ്ടെന്നാണ്.

Political Desk

ഇന്ന് 23 പ്രതിപക്ഷ പാര്‍ട്ടികള്‍ ന്യൂഡൽഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിലേക്കു നടന്നുകയറിയപ്പോള്‍ ഉയര്‍ന്ന നിര്‍ണായക ചോദ്യം, മേയിലെ തിരഞ്ഞെടുപ്പ് ദുരന്തങ്ങളെ അതിജീവിച്ച് ഇന്‍ഡ്യ സഖ്യം നിലനില്‍ക്കുമോ എന്നാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം ഒന്നിക്കുന്ന ഒരു താല്ക്കാലിക കൂട്ടായ്മയെന്ന നിലയില്‍നിന്ന് ബിജെപിയെന്ന ശക്തിക്കെതിരെ ഒത്തൊരുമിച്ച് തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള സജീവ മുന്നണിയായി മാറാന്‍ ഈ സഖ്യത്തിന് സാധിക്കുമോയെന്നതാണ് അറിയാനുള്ളത്.

ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇൻഡ്യ സഖ്യത്തിന്റെ അടിയന്തര യോഗം വിളിച്ചതെങ്കിലും കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ ഘടകകക്ഷികള്‍ കടുത്ത അമര്‍ഷത്തിലാണ്. ജാര്‍ഖണ്ഡില്‍ സഖ്യകക്ഷികളോട് ആലോചിക്കാതെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) യോഗത്തില്‍ വിയോജിപ്പ് അറിയിക്കും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നാണ് എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലും ജനക്ഷേമ കാര്യങ്ങളിലും സഖ്യത്തിലെ മറ്റു കക്ഷികള്‍ക്ക് തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ഡിഎംകെ അറിയിച്ചിട്ടുണ്ട്.

രാഷ്ട്രീയമെന്നത് സഖ്യങ്ങള്‍ രൂപീകരിക്കുന്നതിനുള്ള കലയാണെന്ന് പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ അനുഭവസമ്പന്നരായ രാഷ്ട്രീയക്കാര്‍ക്ക് അറിയാം, അത് രൂപീകരിച്ച സഖ്യങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള കല കൂടിയാണെന്ന്. തമിഴ്നാട്ടിലെ തങ്ങളുടെ ഏറ്റവും വിശ്വസ്തരായ സഖ്യകക്ഷിയോട് ഇടപഴകുന്നതില്‍ കോണ്‍ഗ്രസ് ഈ രണ്ടാമത്തെ പാഠം മറന്നുപോയി

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ കടന്നാക്രമണങ്ങള്‍ ഇതിനകം തന്നെ സിപിഎം ഉയർത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന രാഹുലിന്റെ ചോദ്യം ബിജെപിയെ സഹായിക്കുന്നതായിരുന്നുവെന്നാണ് സിപിഎം വിലയിരുത്തല്‍. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഈ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും സിപിഎം പ്രതിനിധിയായി രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഡിഎംകെയുടെ മാറിനില്‍ക്കല്‍

രാഷ്ട്രീയമെന്നത് സഖ്യങ്ങള്‍ രൂപീകരിക്കുന്നതിനുള്ള കലയാണെന്ന് പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ അനുഭവസമ്പന്നരായ രാഷ്ട്രീയക്കാര്‍ക്ക് അറിയാം, അത് രൂപീകരിച്ച സഖ്യങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള കല കൂടിയാണെന്ന്. തമിഴ്നാട്ടിലെ തങ്ങളുടെ ഏറ്റവും വിശ്വസ്തരായ സഖ്യകക്ഷിയോട് ഇടപഴകുന്നതില്‍ കോണ്‍ഗ്രസ് ഈ രണ്ടാമത്തെ പാഠം മറന്നുപോയി. ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗം ബഹിഷ്‌കരിക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തെ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. പതിറ്റാണ്ടുകളായി ഒരുമിച്ച് പ്രവര്‍ത്തിച്ച ഇരുപാര്‍ട്ടികളും തമ്മിലുള്ള വിശ്വാസത്തില്‍ ഗുരുതരമായ വിള്ളലുണ്ടായതായി ഈ മാറിനില്‍ക്കല്‍ വെളിപ്പെടുത്തുന്നു.

എം കെ സ്റ്റാലിൻ

ഈ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിവേകം, നേതൃപാടവം, ദേശീയ പ്രതിപക്ഷ സഖ്യത്തെ ഒരുമിച്ചു കൊണ്ടുപോകാനുള്ള ശേഷി എന്നിവയെക്കുറിച്ചും വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് ഡിഎംകെയുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയും വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. ഡിഎംകെയെ സംബന്ധിച്ചിടത്തോളം ഇത് വഞ്ചനയായിരുന്നു. ഡിഎംകെ പ്രവര്‍ത്തകരുടെ വികാരങ്ങളെ കോണ്‍ഗ്രസ് അവഗണിച്ചുവെന്നും പ്രധാനപ്പെട്ട ദേശീയ വിഷയങ്ങളില്‍ തങ്ങള്‍ക്കൊപ്പം ഉറച്ചുനിന്ന ഒരു സഖ്യകക്ഷിയെ ഉപേക്ഷിച്ചുവെന്നും പാര്‍ട്ടി ആരോപിക്കുന്നു.

വിജയ്‌യുമായി സഖ്യമുണ്ടാക്കിയതിലൂടെ കോണ്‍ഗ്രസിന് ഒരേസമയം മന്ത്രിസ്ഥാനങ്ങളും രാഷ്ട്രീയ പ്രസക്തിയും പുതിയൊരു വോട്ടര്‍ സമൂഹവും ലഭിച്ചു. എന്നാല്‍ ദേശീയ തലത്തില്‍ ഇതിനു നല്‍കേണ്ടി വന്ന വില വളരെ വലുതാണ്. ഡിഎംകെയുടെ 22 ലോക്സഭാ എംപിമാര്‍ എന്നത് ചെറിയൊരു സംഖ്യയല്ല

ഇന്‍ഡ്യ സഖ്യത്തില്‍ ഡിഎംകെ എന്നത് വെറുമൊരു പ്രാദേശിക പാര്‍ട്ടി മാത്രമല്ല. ഈ സഖ്യം രൂപീകരിച്ചതു മുതല്‍ അതിന്റെ ഏറ്റവും ശക്തമായ തൂണുകളില്‍ ഒന്നായിരുന്നു. നീറ്റ്, മണ്ഡല പുനര്‍നിര്‍ണയം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ന്യൂനപക്ഷ അവകാശങ്ങള്‍, വഖഫ് ഭേദഗതി ബില്‍ തുടങ്ങിയ വിഷയങ്ങളില്‍ ഡിഎംകെ നിരന്തരം ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഒരു പുതിയ സഖ്യത്തില്‍ ഏര്‍പ്പെട്ടുവെന്നതല്ല ഡിഎംകെയുടെ പ്രധാന പ്രശ്‌നം. കോണ്‍ഗ്രസ് സ്വീകരിച്ച രീതിയാണ്. ഡിഎംകെയുടെ വീക്ഷണത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമയത്ത് സഖ്യത്തിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ഫലം പുറത്തുവന്നയുടന്‍ തന്നെ സഖ്യം വിട്ടുപോവുകയും ചെയ്തു. എന്നാല്‍ മറ്റു സഖ്യകക്ഷികള്‍ ഇതിനായി സമയമെടുക്കുകയും പ്രധാന പാര്‍ട്ടിയുമായി കൂടിയാലോചിക്കാനുള്ള മര്യാദ കാണിക്കുകയും ചെയ്തു.

അതേസമയം, ഇതിനൊരു മറുവശം കൂടിയുണ്ട്. ഡിഎംകെ സഖ്യത്തിനുള്ളില്‍ കോണ്‍ഗ്രസിനു ലഭിക്കുന്ന സീറ്റുകളുടെ എണ്ണം ഓരോ തെരഞ്ഞെടുപ്പിലും കുറഞ്ഞുവരികയായിരുന്നു. 2011-ല്‍ 63 സീറ്റായിരുന്നത് 2021-ല്‍ വെറും 25 ആയി ചുരുങ്ങി. ഡിഎംകെ തങ്ങളെ ഒരു ജൂനിയര്‍ പങ്കാളിയായാണ് കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി സമ്മതിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ ഒരു പ്രധാന സംസ്ഥാനത്ത് ഭരണത്തില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ വിജയ്‌യുടെ ടിവികെയെ രാഹുല്‍ ഗാന്ധി തിരിച്ചറിഞ്ഞപ്പോള്‍, ആ കണക്കുകൂട്ടല്‍ യുക്തിരഹിതമായിരുന്നില്ല. വിജയ്‌യുമായി സഖ്യമുണ്ടാക്കിയതിലൂടെ കോണ്‍ഗ്രസിന് ഒരേസമയം മന്ത്രിസ്ഥാനങ്ങളും രാഷ്ട്രീയ പ്രസക്തിയും പുതിയൊരു വോട്ടര്‍ സമൂഹവും ലഭിച്ചു. എന്നാല്‍ ദേശീയ തലത്തില്‍ ഇതിനു നല്‍കേണ്ടി വന്ന വില വളരെ വലുതാണ്. ഡിഎംകെയുടെ 22 ലോക്സഭാ എംപിമാര്‍ എന്നത് ചെറിയൊരു സംഖ്യയല്ല.

മമതയുടെ പരാജയം

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിക്കുണ്ടായ പരാജയം പ്രതിപക്ഷത്തിന് ഏറ്റവും വലിയ തിരിച്ചടിയാണ്. അതേസമയം, ഇന്‍ഡ്യ സഖ്യത്തിന്റെ ആന്തരിക അച്ചടക്കത്തിനുവേണ്ടി സംഭവിച്ച ഏറ്റവും ഉപകാരപ്രദമായ കാര്യവും ഇതുതന്നെയാണ്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളിലും തനിച്ച് മത്സരിക്കണമെന്ന് മമത നിര്‍ബന്ധം പിടിച്ചു. ബംഗാളില്‍ കോണ്‍ഗ്രസ് ബിജെപിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പരസ്യമായി കുറ്റപ്പെടുത്തി. ഈ സഖ്യത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളെന്ന പദവി നിലനിര്‍ത്തുമ്പോള്‍ തന്നെ, 'കോണ്‍ഗ്രസിന്റെ പരാജയം കാരണമാണ്' ഇന്‍ഡ്യ സഖ്യം പരാജയപ്പെട്ടതെന്ന് സ്വന്തം പുസ്തകത്തില്‍ എഴുതുകയും ചെയ്തു.

മമത ബാനർജി

2024 ലോക്സഭയിലും 2026 നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റ് വിഭജനത്തിനായുള്ള കോണ്‍ഗ്രസിന്റെ എല്ലാ നിര്‍ദേശങ്ങളും അവര്‍ തള്ളി. ദേശീയതലത്തില്‍ ഇന്‍ഡ്യ സഖ്യത്തിനൊപ്പമാണെന്നും ബംഗാളില്‍ ഒറ്റക്കാണെന്നുമായിരുന്നു മമതയുടെ നിലപാട്. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിന്റെ പ്രാധാന്യം എന്താണെന്ന് മമത ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ടാവും. ആര്‍ജി കര്‍ ഹോസ്പിറ്റലിലെ ബലാത്സംഗ-കൊലപാതക കേസ്, അഴിമതിക്കഥകള്‍, കോണ്‍ഗ്രസ്-ഇടതുപക്ഷ വോട്ട് ബാങ്കിനെ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കല്‍ എന്നിവയെല്ലാം ചേര്‍ന്നപ്പോള്‍ ബിജെപിയുടെ സുവേന്ദു അധികാരിയെ ജനങ്ങള്‍ ഭരണം ഏല്‍പ്പിച്ചു. മമത ഇന്ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലെത്തിയത് ബംഗാള്‍ മുഖ്യമന്ത്രിയായല്ല, മറിച്ച് ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായാണ്. ഇന്‍ഡ്യ സഖ്യത്തിനുള്ളിലെ അവരുടെ സ്വാധീനശക്തിക്ക് വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. സഖ്യത്തിന് അവരെക്കാള്‍ ആവശ്യം ഇപ്പോള്‍ അവര്‍ക്ക് സഖ്യത്തെയാണ്.

എഎപി നേതാക്കളായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും

ഡല്‍ഹി: ആം ആദ്മി നല്‍കിയ പാഠം

ഇന്‍ഡ്യ സഖ്യത്തിന്റെ ആഭ്യന്തര സംസ്‌കാരത്തെ മാറ്റിമറിക്കേണ്ടിയിരുന്ന ഒരു പാഠമായിരുന്നു 2025-ലെ ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം. എന്നാല്‍ അതുണ്ടായില്ല. ഇത്തരം വീഴ്ചകളാണ് ഈ സഖ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. 2025 ഫെബ്രുവരിയിലെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എഎപി തനിച്ചാണ് മത്സരിച്ചത്. സീറ്റ് വിഭജന ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട കോണ്‍ഗ്രസ്, അതിശക്തമായ പ്രചാരണത്തിലൂടെ ബിജെപി വിരുദ്ധ നഗര വോട്ടുകള്‍ ഭിന്നിപ്പിച്ചുകൊണ്ട് ഇതിന് മറുപടി നല്‍കി. ബിജെപി 48 സീറ്റ് നേടി. എഎപിക്ക് 43.57 ശതമാനവും ബിജെപിക്ക് 45.56 ശതമാനവും വോട്ടാണ് ലഭിച്ചത്. വെറും രണ്ട് ശതമാനത്തിന്റെ വ്യത്യാസം.

പല മണ്ഡലങ്ങളിലും ഒമ്പത് ശതമാനത്തോളം വോട്ട് നേടിയ കോണ്‍ഗ്രസ് ഔദ്യോഗിക സഖ്യത്തിലൂടെ തങ്ങളുടെ വോട്ടുകള്‍ എഎപിക്ക് കൈമാറിയിരുന്നെങ്കില്‍ ഫലം തികച്ചും മറ്റൊന്നാകുമായിരുന്നു. കെജ്‌രിവാളിന് സ്വന്തം സീറ്റ് പോലും നഷ്ടമായി. ഇവിടെ വിശകലനം ചെയ്യേണ്ട പ്രധാന കാര്യം എഎപി തോറ്റുവെന്നത് മാത്രമല്ല, രാഷ്ട്രീയയുക്തിയോടെ കാര്യങ്ങള്‍ വിശകലനം ചെയ്തില്ലെന്നത് കൂടിയാണ്. ഡല്‍ഹിയില്‍ എളുപ്പത്തില്‍ ബിജെപിയെ പരാജയപ്പെടുത്തമായിരുന്നിട്ടും നേതാക്കളുടെ പിടിവാശികള്‍ ഈ ശ്രമങ്ങളെ ഇല്ലാതെയാക്കി.

നേതൃത്വമെന്നത് പ്രസംഗങ്ങള്‍ കൊണ്ട് മാത്രം അളക്കേണ്ട ഒന്നല്ല, അത് രാഷ്ട്രീയമായ പെരുമാറ്റത്തിലൂടെയാണ് വിലയിരുത്തപ്പെടുന്നത്. ഒരു സഖ്യം കെട്ടിപ്പടുക്കുകയെന്നത് പ്രയാസകരമാണ്. അത് നിലനിര്‍ത്തുകയെന്നത് അതിലും കഠിനമാണ്. പ്രാദേശിക പാര്‍ട്ടികളെന്നത് പുതിയ അവസരങ്ങള്‍ വരുമ്പോള്‍ മാറ്റിസ്ഥാപിക്കാവുന്ന വെറും വോട്ട് ബാങ്കുകളല്ലെന്നും മറിച്ച് അവരുടെ ആത്മവിശ്വാസം സംരക്ഷിക്കപ്പെടേണ്ട പങ്കാളികളാണെന്നും രാഹുല്‍ തിരിച്ചറിയേണ്ടതുണ്ട്
പിണറായി വിജയൻ

കേരളത്തിലെ ഇന്‍ഡ്യ സഖ്യം

കേരളത്തിലെ യുഡിഎഫിന്റെ വിജയം അടുത്ത കാലത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേട്ടമാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് 102 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് മാത്രം 63 സീറ്റ് നേടി. ഇത് മികച്ചൊരു വിജയമാണ്. എന്നാല്‍, ഇന്‍ഡ്യ സഖ്യത്തിലെ മറ്റൊരു പങ്കാളിയായ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് ഈ നേട്ടം കൈവരിച്ചത്. അതേസമയം, ബിജെപി തങ്ങളുടെ സ്വാധീനം നിലനിര്‍ത്തുകയും ചെയ്തു. കോണ്‍ഗ്രസിന് പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്താനും വിജയിക്കാനും ഭരണവിരുദ്ധ വികാരത്തെ മറികടക്കാനും കഴിയുമെന്ന് കേരളം തെളിയിക്കുന്നുണ്ടെങ്കിലും ദേശീയ സഖ്യത്തിലെ അംഗങ്ങളായ പാര്‍ട്ടികള്‍ ചരിത്രപരമായി ശത്രുത പുലര്‍ത്തുന്ന സംസ്ഥാനങ്ങളില്‍, അവര്‍ തമ്മിലുള്ള മത്സരം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് ഇന്‍ഡ്യ സഖ്യത്തിന് കൃത്യമായ ഒരു നയരൂപീകരണമില്ല. അതിനുള്ള തെളിവാണ് പിണറായി വിജയനെതിരായ രാഹുല്‍ ഗാന്ധിയുടെ ഇ ഡി പരാമശങ്ങള്‍.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനുനേരെയുള്ള ചോദ്യം

കുറച്ചു വര്‍ഷങ്ങളായി ഭരണഘടനാ മൂല്യങ്ങളുടെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും സംരക്ഷകനായി സ്വയം ഉയര്‍ത്തിക്കാട്ടാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വാദിച്ചിട്ടുണ്ട്. ഈ വാദങ്ങള്‍ പ്രതിപക്ഷ അനുകൂലികള്‍ക്കിടയില്‍ അദ്ദേഹത്തിന് രാഷ്ട്രീയമായ വിശ്വാസ്യത നേടിക്കൊടുത്തു. എന്നാല്‍ നേതൃത്വമെന്നത് പ്രസംഗങ്ങള്‍ കൊണ്ട് മാത്രം അളക്കേണ്ട ഒന്നല്ല, അത് രാഷ്ട്രീയമായ പെരുമാറ്റത്തിലൂടെയാണ് വിലയിരുത്തപ്പെടുന്നത്. ഒരു സഖ്യം കെട്ടിപ്പടുക്കുകയെന്നത് പ്രയാസകരമാണ്. അത് നിലനിര്‍ത്തുകയെന്നത് അതിലും കഠിനമാണ്. പ്രാദേശിക പാര്‍ട്ടികളെന്നത് പുതിയ അവസരങ്ങള്‍ വരുമ്പോള്‍ മാറ്റിസ്ഥാപിക്കാവുന്ന വെറും വോട്ട് ബാങ്കുകളല്ലെന്നും മറിച്ച് അവരുടെ ആത്മവിശ്വാസം സംരക്ഷിക്കപ്പെടേണ്ട പങ്കാളികളാണെന്നും രാഹുല്‍ തിരിച്ചറിയേണ്ടതുണ്ട്.

രാഹുൽ ഗാന്ധി

ബംഗാളിലും ഡല്‍ഹിയിലും സഖ്യത്തിന്റെ പ്രകടനത്തെ തകര്‍ത്തത് ഒറ്റയ്ക്ക് ഒറ്റയ്ക്ക് എന്ന നിലപാടാണ്. എന്നാല്‍ സഖ്യത്തിന്റെ ആനുകൂല്യങ്ങള്‍ വേണം താനും. അതേസമയം, ഹേമന്ത് സോറനും കോണ്‍ഗ്രസും കൃത്യമായി ചര്‍ച്ച നടത്തുകയും സീറ്റുകള്‍ മാന്യമായി പങ്കിടുകയും വിജയിക്കുകയും ചെയ്ത ജാര്‍ഖണ്ഡ് മോഡല്‍ കാണിക്കുന്നത് മറ്റൊരു ബദല്‍ ഉണ്ടെന്നാണ്. മമതയോ കെജ്‌രിവാളോ കാണിക്കാത്ത രാഷ്ട്രീയ പക്വതയും സുരക്ഷിതത്വവും കാണിക്കാന്‍ ഹേമന്ത് സോറന് കഴിഞ്ഞു. ബിജെപിയെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസിന് എന്നത്തേക്കാളും ഇപ്പോള്‍ ശക്തവും പരീക്ഷിച്ചറിഞ്ഞതുമായ സഖ്യങ്ങള്‍ ആവശ്യമാണ്. രാഷ്ട്രീയ അവസരവാദത്തിനുവേണ്ടി വിശ്വസ്തരായ പങ്കാളികളെ അകറ്റി നിര്‍ത്തുമ്പോള്‍, അത് തങ്ങള്‍ ആശ്രയിക്കുന്ന സഖ്യത്തെ തന്നെയാണ് ദുര്‍ബലപ്പെടുത്തുന്നത്. ബിജെപിയുടെ ഭൂരിപക്ഷം തോല്‍പ്പിക്കാന്‍ കഴിയാത്ത ഒന്നല്ല. ഭരണകക്ഷിയോട് വിയോജിക്കുന്നതിനേക്കാള്‍ കാര്യക്ഷമമായി സ്വന്തം സഖ്യകക്ഷികളോട് തന്നെ വിയോജിക്കുന്ന ഒരു പ്രതിപക്ഷമാണ് ആ ഭൂരിപക്ഷത്തെ നിലനിര്‍ത്തുന്നത്.

ഹേമന്ത് സോറൻ

ഇന്ത്യ സഖ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം രാഷ്ട്രീയ നേതാക്കളുടെയോ വോട്ട് വിഹിതത്തിന്റെയോ കുറവല്ല. ഇന്ന് ഒത്തുകൂടിയ പാര്‍ട്ടികള്‍ മൊത്തത്തില്‍ നോക്കിയാല്‍ ശക്തമായ ഒരു തിരഞ്ഞെടുപ്പ് ശക്തിയാണ്. പ്രശ്‌നം സ്ഥാപനപരമാണ്. പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സംവിധാനമോ തര്‍ക്കപരിഹാര ചട്ടക്കൂടോ പൊതുവായ സീറ്റ് വിഭജന നയമോ, അത് നടപ്പാക്കാനുള്ള ശേഷിയോ സഖ്യത്തിനില്ല. കാരണം ഇതൊരു ഭരണഘടനയില്ലാത്ത മുന്നണിയാണ്.

English Summary: The latest meeting of the INDIA opposition alliance has once again highlighted the coalition's internal contradictions and growing tensions among its constituent parties. While the alliance was formed to present a united challenge to the BJP, disagreements over leadership, seat-sharing arrangements, and political strategy continue to undermine its effectiveness.