Analysis

അമേരിക്കൻ എണ്ണക്കമ്പനിയിലെ റിലയൻസിന്റെ നിഗൂഢനിക്ഷേപം ട്രംപ് ജൂനിയര്‍- അംബാനി ജൂനിയര്‍ കൂടിക്കാഴ്ചയുടെ പ്രതിഫലനം? വെളിപ്പെടുത്തൽ

ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരക്കരാര്‍ ഒപ്പിടുകയും താരിഫുകള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. റിലയന്‍സിന് വെനിസ്വേലയില്‍നിന്ന് എണ്ണ വാങ്ങാനുള്ള ലൈസന്‍സും റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഉപരോധ ഇളവും അമേരിക്ക അനുവദിച്ചു നല്‍കി

Madism Studio

ഭൗമരാഷ്ട്രീയതന്ത്രങ്ങളും കോടീശ്വരന്മാരുടെ ബിസിനസ് സാമ്രാജ്യങ്ങളും തമ്മില്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന നിഗൂഢമായ ഒരു അന്താരാഷ്ട്ര ഇടപാടിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുഎസ് പ്രസിഡന്റിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയും തമ്മില്‍ ഗുജറാത്തിലെ ജാംനഗറില്‍ നടത്തിയ ഒരു കൂടിക്കാഴ്ച, അമേരിക്കയുടെ ആഭ്യന്തര-വിദേശ നയങ്ങളെപ്പോലും സ്വാധീനിച്ച ഒരു വന്‍ നിക്ഷേപത്തിന് വഴിയൊരുക്കിയതായി പ്രമുഖ അന്വേഷണാത്മക മാധ്യമമായ 'പ്രൊപബ്ലിക്ക' വെളിപ്പെടുത്തുന്നു.

തന്ത്രപരമായ വാണിജ്യ നിക്ഷേപം മാത്രമാണെന്നും യുഎസ് നയങ്ങളുമായി ഇതിന് ബന്ധമില്ലെന്നുമാണ് റിലയന്‍സിന്റെ വാദം

പശ്ചാത്തലം: പ്രതിസന്ധിയും പെട്ടെന്നുള്ള മാറ്റവും

2025-ന്റെ മധ്യത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കടുത്ത പ്രതിസന്ധിയിലായിരുന്നു. റഷ്യയില്‍നിന്ന് വന്‍തോതില്‍ വിലകുറഞ്ഞ ക്രൂഡ് ഓയില്‍ വാങ്ങിയതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെയുള്ള താരിഫുകള്‍ 50 ശതമാനമായി ഉയര്‍ത്തി. റിലയന്‍സ് റഷ്യന്‍ എണ്ണ വാങ്ങുന്നത് വഴി വ്‌ളാഡിമിര്‍ പുടിന്റെ യുദ്ധ ഫണ്ടിനെ സഹായിക്കുകയാണെന്ന് വൈറ്റ് ഹൗസ് ട്രേഡ് അഡ്വൈസര്‍ പീറ്റര്‍ നവാരോ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍, നവംബറില്‍ ട്രംപ് ജൂനിയര്‍ ജാംനഗര്‍ സന്ദര്‍ശിക്കുകയും അനന്ത് അംബാനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെ ചിത്രമാകെ മാറി. അതിനുശേഷം യുഎസ്-ഇന്ത്യ നയങ്ങളില്‍ അവിശ്വസനീയമായ മാറ്റങ്ങളാണ് പ്രകടമായത്. ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരക്കരാര്‍ ഒപ്പിടുകയും താരിഫുകള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. റിലയന്‍സിന് വെനിസ്വേലയില്‍നിന്ന് എണ്ണ വാങ്ങാനുള്ള ലൈസന്‍സും റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഉപരോധ ഇളവും അമേരിക്ക അനുവദിച്ചു നല്‍കി.

രഹസ്യ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍

ഈ നയതന്ത്രപരമായ മഞ്ഞുരുകലിന് തൊട്ടുപിന്നാലെയാണ്, ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'അമേരിക്ക ഫസ്റ്റ് റിഫൈനിങ്'എന്ന എണ്ണക്കമ്പനിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒമ്പത് അക്ക സംഖ്യയുടെ (നൂറ് ദശലക്ഷത്തിലധികം ഡോളര്‍) നിക്ഷേപം പ്രഖ്യാപിക്കുന്നത്. നൂറു കോടി ഡോളര്‍ മൂല്യം കണക്കാക്കിയായിരുന്നു ഈ നിക്ഷേപം.

അമേരിക്കയില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ആദ്യത്തെ വലിയ എണ്ണ ശുദ്ധീകരണ ശാല സ്ഥാപിക്കുകയെന്നതാണ് ഈ കമ്പനിയുടെ ലക്ഷ്യം. എന്നാല്‍, സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ കനത്ത ചെലവും (300-400 കോടി ഡോളര്‍ വരെ) കുറഞ്ഞ ലാഭസാധ്യതയും ഉള്ളതിനാല്‍ വാള്‍സ്ട്രീറ്റിലെ പ്രമുഖ നിക്ഷേപകരൊന്നും പണം ഇറക്കാന്‍ തയ്യാറാകാത്ത ഒരു പദ്ധതിയായിരുന്നു ഇത്. മാത്രമല്ല, ജീവനക്കാരെ പിരിച്ചുവിടേണ്ടി വരികയും നിര്‍മാണം പാതിവഴിയിലാവുകയും ചെയ്തതിനെത്തുടര്‍ന്ന് ടെക്‌സാസിലെ പോര്‍ട്ട് ഓഫ് ബ്രൗണ്‍സ്വില്ലെ അധികൃതര്‍ ഈ പ്രോജക്റ്റ് ഉപേക്ഷിക്കപ്പെട്ട മട്ടിലാണ് കണക്കാക്കിയിരുന്നത്.

ട്രംപ് ജൂനിയറിന്റെ സാന്നിധ്യവും പദവി ദുരുപയോഗവും

പ്രൊപബ്ലിക്കയുടെ അന്വേഷണം പുറത്തുകൊണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുത, ഈ പരാജയപ്പെട്ട സ്റ്റാര്‍ട്ടപ്പില്‍ ട്രംപ് ജൂനിയറിന് രഹസ്യമായി ഓഹരി പങ്കാളിത്തമുണ്ട് എന്നതാണ്. ട്രംപ് ജൂനിയറിന്റെ വ്യക്തിഗത അഭിഭാഷകനായ ജോണ്‍ വൈല്‍ഡിങ്, ഈ ഇടപാടില്‍ തനിക്കു പങ്കുണ്ടെന്ന് വ്യക്തമാക്കുകയും വൈൽഡിങ് ഒപ്പിട്ട രേഖകളില്‍ ട്രംപ് ജൂനിയറിന്റെ ഫ്‌ളോറിഡയിലെ വിലാസത്തില്‍ പുതിയൊരു ബിസിനസ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കമ്പനി ട്രംപ് കുടുംബത്തിന്റെ പേര് പരസ്യമായി ഉപയോഗിച്ചിരുന്നു. സൗദി അറേബ്യയില്‍നിന്നുള്ള നിക്ഷേപകരുമായി ഫ്‌ലോറിഡയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ട്രംപ് ജൂനിയര്‍ പങ്കെടുത്തതായും ഈ കമ്പനിയില്‍ നിക്ഷേപിക്കുന്നത് വഴി വൈറ്റ് ഹൗസിലേക്ക് എളുപ്പത്തില്‍ പ്രവേശനവും സ്വാധീനവും ഉറപ്പാക്കാമെന്ന് കമ്പനി അധികൃതര്‍ വിദേശ ഉദ്യോഗസ്ഥര്‍ക്ക് വാഗ്ദാനം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ, കൊമേഴ്സ് സെക്രട്ടറി ഹോവാര്‍ഡ് ലൂട്‌നിക്കിന്റെ ഉടമസ്ഥതയിലുള്ള 'കാന്റര്‍ ഫിറ്റ്സ്‌ജെറാള്‍ഡ്' എന്ന സ്ഥാപനമാണ് ഈ ഡീലിന്റെ ഫിനാന്‍ഷ്യല്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചത്. വൈറ്റ് ഹൗസിന്റെ നേരിട്ടുള്ള പിന്തുണയോടെയാണ് വിദേശ നിക്ഷേപകരെ കണ്ടെത്തിയതെന്ന് കമ്പനി സിഇഒ ജോണ്‍ കാല്‍സെ തന്നെ സമ്മതിച്ചിട്ടുണ്ട്.

പശ്ചാത്തലവും വ്യാജ അവകാശവാദങ്ങളും

കമ്പനിയുടെ സിഇഒ ആയ ജോണ്‍ കാല്‍സെയുടെ പശ്ചാത്തലവും വന്‍ വിവാദങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മുന്‍പ് പലതവണ പാപ്പരത്ത ഹര്‍ജി നല്‍കിയ ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് എട്ടോളം കമ്പനികള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കാല്‍സെയുടെ മറ്റൊരു കമ്പനിയായ 'ബ്രൗണ്‍സ്വില്ലെ എനര്‍ജി സ്റ്റോറേജ് ടെര്‍മിനല്‍സ്' എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. നെതര്‍ലാന്‍ഡ്സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓയില്‍ ടെര്‍മിനലുകള്‍ ഉണ്ടെന്നും 850 ജീവനക്കാരുണ്ടെന്നും അവകാശപ്പെടുന്ന ഈ വെബ്സൈറ്റിലെ ഫോണ്‍ നമ്പറുകള്‍ ഒരു ടാക്‌സി സര്‍വീസിന്റെയും കാറ്ററിംഗ് സ്ഥാപനത്തിന്റെയും ഗൈനക്കോളജിസ്റ്റിന്റെയും പേരിലുള്ള ചത്ത നമ്പറുകളാണ്. ഇതിലെ എക്‌സിക്യൂട്ടീവുകളുടെ വിവരങ്ങളും വ്യാജമാണ്.

അധികാര സ്വാധീനത്തിന്റെ തെളിവുകള്‍

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ടെക്‌സാസ് സംസ്ഥാന പരിസ്ഥിതി റെഗുലേറ്റര്‍മാരില്‍നിന്ന് അതിവേഗം കമ്പനി അനുമതികള്‍ നേടിയെടുത്തതിന്റെ ഇമെയില്‍ രേഖകളും പുറത്തുവന്നിട്ടുണ്ട്. 'കമ്പനിയുടെ പേര് കണ്ടാല്‍ തന്നെ കാരണം ഊഹിക്കാമല്ലോ, അതുകൊണ്ട് എത്രയും പെട്ടെന്ന് അനുമതി നല്‍കണം' എന്ന് ഉദ്യോഗസ്ഥര്‍ പരസ്പരം അയച്ച ഇമെയിലുകള്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ വ്യക്തമായ തെളിവാണ്. റിലയന്‍സും വൈറ്റ് ഹൗസും ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്.

ഇതൊരു തന്ത്രപരമായ വാണിജ്യ നിക്ഷേപം മാത്രമാണെന്നും യുഎസ് നയങ്ങളുമായി ഇതിന് ബന്ധമില്ലെന്നുമാണ് റിലയന്‍സിന്റെ വാദം. എന്നാല്‍ ട്രംപിന്റെ രണ്ടാം ഭരണകാലത്ത്, ഔദ്യോഗിക പദവികള്‍ ഉപയോഗിച്ച് ട്രംപ് കുടുംബം നടത്തുന്ന വിദേശ ബിസിനസ്സ് ഇടപാടുകളുടെയും കോടിക്കണക്കിന് ഡോളറിന്റെ സ്വത്തുസമ്പാദനത്തിന്റെയും നേര്‍ചിത്രമാണ് ഈ ടെക്‌സാസ് ഓയില്‍ റിഫൈനറി ഇടപാടിലൂടെ പുറത്തുവരുന്നത്. ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ ആസ്തി തെരഞ്ഞെടുപ്പിന് ശേഷം അഞ്ച് കോടി ഡോളറില്‍നിന്ന് 30 കോടി ഡോളറായി ഉയര്‍ന്നതായി ഫോബ്സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പരസ്യമാക്കപ്പെടാത്ത ഇത്തരത്തിലുള്ള രഹസ്യ ഇടപാടുകള്‍ വഴി ട്രംപ് കുടുംബം ഇതിലും വലിയ സാമ്പത്തിക നേട്ടങ്ങളാണ് കൊയ്യുന്നത് എന്ന് ഈ അന്വേഷണം അടിവരയിടുന്നു.

English Summary: A recent investigation by ProPublica alleges that a meeting between Donald Trump Jr. and Anant Ambani in Jamnagar, Gujarat, may have preceded a major investment deal involving Reliance Industries and a Texas-based company called America First Refining.

According to the report, Reliance Industries invested at least $100 million in America First Refining, a company that ProPublica says had undisclosed ties to Donald Trump Jr. The investment reportedly occurred while Reliance was seeking favorable outcomes from the Trump administration on trade, tariffs, and energy-related policies. ProPublica notes that the timing of the investment coincided with several policy developments that benefited Reliance Industries.

However, both Reliance Industries and representatives of Donald Trump Jr. deny any connection between the investment and U.S. government policy decisions. Reliance stated that the investment was made solely on commercial and strategic grounds and that it received no special treatment from the U.S. government.