Analysis

ക്ലാസ്മുറി ഉപേക്ഷിക്കുന്ന അധ്യാപകര്‍

കോണ്‍ട്രാക്ട് സമ്പ്രദായവും അമിത ജോലിഭാരവും ക്ലറിക്കല്‍ ജോലികളുടെ ആധിക്യവും മള്‍ട്ടി ടാസ്‌കിങും ലോകത്തെല്ലായിടത്തും അധ്യാപനത്തെ ആകര്‍ഷണീയമല്ലാത്ത പ്രൊഫഷനുകളിലൊന്നാക്കി മാറ്റുന്നു

കെ.വി മനോജ്

നമ്മുടെ അധ്യാപകര്‍ ക്ലാസ് മുറികളുപേക്ഷിച്ച് എവിടേക്കു പോകുന്നുവെന്ന് കുറച്ചുനാള്‍ മുമ്പ് ഒരു ലേഖനത്തില്‍ ഇന്ത്യയിലെ അറിയപ്പെടുന്ന അക്കാദമിക വിദഗ്ധരിലൊരാളായ കെ.കെ കൃഷ്ണകുമാര്‍ സംശയമുന്നയിച്ചിരുന്നു. ചെറുപ്പക്കാര്‍ അധ്യാപന മേഖല തെരഞ്ഞെടുക്കാന്‍ മടിക്കുന്നുവെന്നു മാത്രമല്ല, ജോലി കിട്ടിയവര്‍ അത് പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. നമ്മുടെ അധ്യാപകര്‍ എവിടേക്കു പോകുന്നു എന്നൊരു തലക്കെട്ടില്‍ യുനസ്‌ക്കോയും കുറെ മുമ്പ് അവരുടെ ഔദ്യോഗിക പോര്‍ട്ടലായ പ്രൊസ്‌പെക്ടസില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആഗോള തലത്തില്‍ നടത്തിയ സര്‍വേയില്‍, ആയിരക്കണക്കിന് ചെറുപ്പക്കാര്‍ അധ്യാപക ജോലി ഉപേക്ഷിക്കുന്നുവെന്നാണ് കണ്ടെത്തിയത്.

ഓരോയിടത്തും വ്യത്യസ്ത കാരണങ്ങളാണ് അധ്യാപകരെ തൊഴിലുപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. മാറുന്ന സ്‌കൂള്‍, ക്ലാസ് റൂം സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ചിലര്‍ക്കു കഴിയുന്നില്ല. കുട്ടികളുടെ പെരുമാറ്റ രീതികളും തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദവും അതിജീവിക്കാന്‍ മറ്റു ചിലര്‍ക്കാവുന്നില്ല. കോണ്‍ട്രാക്ട് സമ്പ്രദായവും അമിത ജോലിഭാരവും ക്ലറിക്കല്‍ ജോലികളുടെ ആധിക്യവും മള്‍ട്ടി ടാസ്‌കിങും ലോകത്തെല്ലായിടത്തും അധ്യാപനത്തെ ആകര്‍ഷണീയമല്ലാത്ത പ്രൊഫഷനുകളിലൊന്നാക്കി മാറ്റുന്നു.

ഇന്ത്യയിലും പത്തു ലക്ഷത്തോളം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ തന്നെ കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയവര്‍ ക്ലാസ് മുറികള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പോകുന്നു. ജോലി ഉപേക്ഷിക്കുന്നവര്‍ക്കൊപ്പം അര്‍ഹമായ എച്ച് എം/ പ്രിന്‍സിപ്പാള്‍ തസ്തിക വേണ്ടെന്ന് വയ്ക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. അധ്യാപക ജോലി സങ്കീര്‍ണ്ണമായ ഒന്നായി മാറുന്നുവെന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അധ്യാപനത്തിനും അധ്യാപകര്‍ക്കും ചാര്‍ത്തിക്കൊടുക്കുന്ന മഹത്വവത്ക്കരണത്തിന്റെ 'ഹാലോ' യില്‍ പൊതുസമൂഹം ഇതറിയാതെ പോകുന്നു.

മാഷേ, താങ്കള്‍ എവിടെയാണുള്ളത്?

നാട്ടിലോ വീട്ടിലോ കൂട്ടത്തിലോ കാണാനില്ലാത്ത, നാടിന്റെയും സമൂഹത്തിന്റെയും സജീവമായ ഇടങ്ങളില്‍ നിന്നെല്ലാം അപ്രത്യക്ഷനായ യുവാവിനെക്കുറിച്ച് ആകുലപ്പെടുന്ന സോമന്‍ കടലൂരിന്റെ കവിത യുവതീ യുവാക്കള്‍ക്ക് മാത്രമല്ല പുതിയ കാലത്ത് അധ്യാപര്‍ക്കും ചേരും. ഉത്സവ പറമ്പുകളില്‍, വായനശാലയില്‍, നാടകക്കൂട്ടങ്ങളില്‍, നാട്ടരങ്ങുകളില്‍, മരണവീടുകളില്‍, നാട്ടുവര്‍ത്തമാനക്കൂട്ടങ്ങളില്‍, പ്രതിഷേധ, പ്രതികരണ വേദികളില്‍ അങ്ങനെ നാലാള്‍ കൂടുന്നിടത്തൊക്കെ നിറ സാന്നിധ്യമായിരുന്ന മാഷേ/ടീച്ചറേ നിങ്ങള്‍ എവിടെയാണ് ഇപ്പോള്‍ ഒളിച്ചിരിക്കുന്നത്?. നാട്ടു പരിസരങ്ങളില്‍ നിന്ന് നിങ്ങള്‍ എവിടേയ്ക്കാണ് മാഞ്ഞും മറഞ്ഞും പോയത്. നാട്ടുകാര്‍ക്ക് എല്ലാം നിങ്ങളായിരുന്നല്ലോ? പട്ടാളത്തിലുള്ള മകന്‍ അമ്മയ്ക്കയക്കുന്ന ടെലഗ്രാം വായിക്കാന്‍, പഞ്ചായത്തിലേക്കുള്ള അപേക്ഷ പൂരിപ്പിക്കാന്‍, ക്ലബ്ബിന്റെ പരിപാടിയുടെ നോട്ടീസ് തയാറാക്കാന്‍, സാംസ്‌കാരിക പരിപാടികളുടെ സംഘാടകനാവാന്‍, കുടുംബ കലഹങ്ങളിലെ മധ്യസ്ഥനാവാന്‍, പലവിധ വിഷയങ്ങളില്‍ നാട്ടുകാര്‍ക്ക് വിദഗ്ധോപദേശം നല്‍കാന്‍ മാഷ് വേണമായിരുന്നു. കാരൂരിന്റെ കഥകളിലെ സങ്കടജീവിതമായിരുന്നു അയാളുടേതെങ്കിലും കാറും പത്രാസുമൊന്നുമുണ്ടായിരുന്നില്ലെങ്കിലും അയാള്‍ കാതലുള്ള ഒരു നാട്ടുമരമായി തണല്‍ വീശിയും തണുപ്പേകിയും നിന്നു.

കാരൂരില്‍ നിന്ന് ചെറുകാടിന്റെ കഥകളിലേയ്‌ക്കെത്തുമ്പോള്‍ അയാള്‍ മുഷ്ടി ചുരുട്ടാനും പ്രതികരിക്കാനും പ്രതിഷേധിക്കാനും പഠിച്ചു. അധ്യാപകരാല്‍ ഒരു പുതിയ ജനാധിപത്യ, മതേതര, ബഹുസ്വര കേരളം നിര്‍മ്മിക്കപ്പെട്ടു. പില്‍ക്കാലത്ത് അധ്യാപകര്‍ നല്ല സാമൂഹ്യ പദവിയും സാമ്പത്തിക ഭദ്രതയും ഉള്ളവരായി. കുട്ടിയുടെ പൊതിച്ചോറ് കട്ടെടുത്ത് കഴിച്ചിരുന്ന ദരിദ്രവാസിയായ അധ്യാപകനില്‍ നിന്നുള്ള വലിയ മാറ്റം. സാമൂഹികവും സാമ്പത്തികവുമായി അധ്യാപകര്‍ക്കുണ്ടായ പുരോഗതി അവരെ സാമൂഹ്യ ജീവിതത്തോടും പൊതു സമൂഹത്തോടും പ്രതിബദ്ധരാക്കുകയല്ല ചെയ്തത് എന്ന സംശയം പലരും ഉന്നയിക്കുന്നു. അക്ബര്‍ കക്കട്ടിലിന്റെ കഥകളില്‍ കുശുമ്പിന്റെ, കുന്നായ്മയുടെ, അസൂയയുടെ, സ്വാര്‍ത്ഥതയുടെ, സ്‌കൂള്‍ സ്റ്റാഫ് റൂമുകള്‍ കാണാം. സന്തോഷത്തിനും സംതൃപ്തിയ്ക്കും പകരം സദാ പരാതിപ്പെടുന്ന, ആകുലപ്പെടുന്ന, അസ്വസ്ഥനാവുന്ന മാഷുടെ പിറവി എങ്ങനെയാണുണ്ടായതെന്ന് സാമൂഹ്യ ശാസ്ത്ര വിദ്യാര്‍ഥികള്‍ പഠിക്കണം, ഒപ്പം മാഷ്ടെ/ടീച്ചറുടെ ക്ലാസ് മുറികളില്‍ നിന്നും ജീവിതത്തില്‍ നിന്നും നാടും, നാട്ടുകാരും ഇറങ്ങിപ്പോയതെങ്ങനെയെന്നും.

കുട്ടികളുപേക്ഷിക്കുന്ന സ്‌കൂളുകള്‍

കുട്ടികളുപേക്ഷിച്ചു പോകുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങള്‍ മാറുകയാണോ? ഇവാന്‍ ഇലിച്ച് എഴുതിയതുപോലെ ഒരു ഡിസ്‌കൂളിങ് സൊസൈറ്റിയിലേയ്ക്കുള്ള യാത്രയിലാണോ നമ്മള്‍? വൈജ്ഞാനിക കേന്ദ്രമെന്ന നിലയിലുള്ള സ്‌കൂളിന്റെ റോളിന് വന്ന മാറ്റങ്ങള്‍ നാം ഇനിയും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. ജെന്‍ സി, ജെന്‍ ആല്‍ഫകളുടെ അഭിരുചികളില്‍ വന്ന വ്യത്യാസങ്ങള്‍ കരിക്കുലമിനിയും ഉള്‍ക്കൊണ്ടിട്ടില്ല. ഒട്ടും സമകാലികമല്ലാത്ത നൊസ്റ്റാള്‍ജിയകളുടെ തടവുകാരായി അധ്യാപകരുള്‍പ്പെടെ മാറുമ്പോള്‍ കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള മാംഗാസീരീസുകളിലേക്ക് ഊളിയിടും. ക്ലാസ് മുറികള്‍ സച്ചിദാനന്ദന്‍ എഴുതിയതുപോലെ നന്നങ്ങാടികളുടെ മുഖച്ഛായയുള്ളവയായി തുടരും. പക്ഷേ, അപ്പോഴും സുരക്ഷിത സാമൂഹിക കേന്ദ്രമെന്ന നിലയില്‍ സ്‌കൂളുകള്‍ നിലകൊള്ളേണ്ടത് സാമൂഹികമായ ആവശ്യകതയാണ്. ചേര്‍ത്തുപിടിക്കലിന്റെ, ഉള്‍ക്കൊള്ളലിന്റെ, സംസ്‌കാരിക വൈവിധ്യങ്ങളുടെ സ്‌പേയ്സെന്ന നിലയില്‍ സ്‌കൂളുകള്‍ക്ക് ഇപ്പോഴും ബഹുമുഖമായ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. ലേണിങ് ആപ്പുകള്‍ക്കോ, ചാറ്റ് ജി.പി.ടിയ്‌ക്കോ, ജമിനിക്കോ നിര്‍വഹിക്കാനാവാത്ത സാമൂഹിക, സാംസ്‌കാരിക, നവോത്ഥാന ദൗത്യമാണത്.

സി.വി രാമന്‍ ഓര്‍മ്മിപ്പിക്കുന്നത്

സി.വി രാമനെക്കുറിച്ചുള്ള ഒരു അനുഭവമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഭാരതരത്ന ജേതാക്കളില്‍ പ്രഗത്ഭ ശാസ്ത്രജ്ഞനായ സി.വി രാമനുമുണ്ടായിരുന്നു. ഭാരതരത്ന ജേതാക്കള്‍ക്കായി അന്നത്തെ രാഷ്ട്രപതി ഡോ: രാജേന്ദ്രപ്രസാദ് ഒരു വിരുന്നൊരുക്കി. എന്നാല്‍ ആ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു കൊണ്ട് മഹാനായ ആ അധ്യാപകന്‍ രാഷ്ട്രപതിയ്ക്ക് കത്തെഴുതി. തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ഥിയുടെ പ്രബന്ധാവതരണം നടക്കുന്നതിനാല്‍ വിരുന്നില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് കത്തിലൂടെ അദ്ദേഹം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. തന്റെ വിദ്യാര്‍ഥിയോടുള്ള കടമയും ഉത്തരവാദിത്തമാണ് വ്യക്തിപരമായി ഏറെ അഭിമാനാര്‍ഹമായ ആ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചതിനു കാരണം. അധ്യാപക ദിനം ഇത്തരം ചില ഓര്‍മ്മപ്പെടുത്തലുകളും ഉള്ളിലേക്കുള്ള നോട്ടങ്ങളും കൂടിയാണ്.

The article examines the growing tendency of teachers to leave classrooms and the changing relationship between teachers, schools and society. Despite nearly a million teaching vacancies in India, many qualified teachers are either leaving the profession or declining eligible HM and principal positions. Globally, teachers are also leaving due to excessive workloads, contractual employment, administrative duties, workplace stress and difficulties adapting to changing classroom environments. The article also questions whether teachers have become increasingly disconnected from community life. It recalls an era when teachers were active participants in local cultural, social and democratic spaces, helping communities with everything from official applications to cultural programmes and social disputes.