സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉത്തർപ്രദേശിനെ ചുറ്റിപ്പറ്റിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിനിർണയം. നെഹ്‌റു മുതൽ മോദി വരെ ഒമ്പത് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഉത്തർപ്രദേശിന് പക്ഷേ ഈ സ്വാധീനം സംസ്ഥാനത്തിന്റെ സാമ്പത്തിക പരിവർത്തനത്തിൽ ചെലുത്താനായില്ലെന്നതാണ് വസ്തുത. എന്തായിരിക്കും ഇതിനു കാരണം?
മാറിവന്ന പാർട്ടികൾക്ക് എല്ലാം തന്നെ ജാതിസഖ്യ-സമവാക്യങ്ങളിൽ ഊന്നിയുള്ള ഭരണത്തിലായിരുന്നു ശ്രദ്ധ. സമമല്ലാത്ത വികസനം, ദുർബലമായ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയൊക്കെയാണ് ഇതിന്റെ അനന്തരഫലങ്ങൾ. ഭൂരിപക്ഷമേഖലകളിൽ പോലും പുരോഗതിയുണ്ടായില്ല. ഡൽഹിയോട് അടുത്ത പ്രദേശങ്ങളായതിനാൽ മാത്രം ലഖ്‌നൗവും ചില പടിഞ്ഞാറൻ മേഖലകളും തലസ്ഥാനത്തിന്റെ പ്രൗഢിയിൽ പെട്ടു.
ഈ സാഹചര്യം മുതലെടുത്താണ് ബിജെപി യുപിയിൽ വേരുറപ്പിക്കുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി നൽകിയ വാഗ്ദാനങ്ങൾ ഇതിനുദാഹരണമാണ്. തടസമില്ലാത്ത വൈദ്യുതി, സഞ്ചാരം സുഗമമാക്കാൻ ദേശീയപാതകൾ എന്നിവയൊക്കെ ജനങ്ങൾക്ക് മോദി ഉറപ്പുനൽകി. വൈദ്യുതി മുടക്കവും തകർന്ന റോഡുകളും വളരെക്കാലമായി ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു ജനതയ്ക്ക് അതൊക്കെയും വിദൂരസ്വപ്‌നങ്ങളായിരുന്നെങ്കിൽ കൂടിയും അവർ ബിജെപിയിൽ പ്രതീക്ഷയർപ്പിച്ചു. ബിജെപിയായവട്ടെ ഗുജറാത്തിൽനിന്ന് ഡൽഹിയിലേക്ക് വളർന്ന മോദിയുടെ പ്രതിച്ഛായ ഉപയോഗപ്പെടുത്തുകയും ചെയ്തു.
പക്ഷേ ആ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കരുത്തായത് വികസനമുദ്രാവാക്യങ്ങൾ മാത്രമായിരുന്നില്ല. 2013ലെ മുസാഫർനഗർ കലാപം പാർട്ടിയുടെ വിജയത്തിൽ നിർണായകഘടകമായിരുന്നു. ജാട്ട്-മുസ്ലിം സമൂഹങ്ങളുടെ സംയുക്ത വോട്ടുശക്തിയാണ് കോൺഗ്രസ്, രാഷ്ട്രിയ ലോക്ദൾ (ആർഎൽഡി), സമാജ്‌വാദി പാർട്ടി എന്നിവ ഉൾപ്പെടുന്ന പ്രതിപക്ഷ കക്ഷികളുടെ ജാതി-സമുദായ സഖ്യത്തെ ശക്തിപ്പെടുത്തിയിരുന്നത്. മുസാഫർനഗർ കലാപത്തെ തുടർന്ന് വർഗീയ ധ്രുവീകരണം മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം താങ്ങിനിർത്തിയിരുന്ന വോട്ട്ബാങ്ക് സഖ്യത്തിന്റെ പിളർപ്പും സംഭവിച്ചു.
പടിഞ്ഞാറൻ യുപിയിൽ ആർഎൽഡിയുടെ വോട്ടുബാങ്ക് ഒരു വർഷത്തിനുള്ളിൽ നഷ്ടപ്പെട്ടു. ഇത്, മത്സരിച്ച എട്ട് സീറ്റിലും ആർഎൽഡിയുടെ വൻ പരാജയത്തിന് കാരണമായി. ആറെണ്ണത്തിൽ കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.ആർഎൽഡിയുടെ പ്രധാനനേതാക്കളായ അജിത് സിങ്, ജയന്ത് ചൗധരി എന്നിവർക്ക് പോലും രക്ഷയുണ്ടായില്ല. ബാഗ്പതും മഥുരയുമടക്കം ബിജെപി തൂത്തുവാരി.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 80ൽ 73 സീറ്റും ബിജെപി നേടി. പതിറ്റാണ്ടുകൾക്കുശേഷം സംസ്ഥാനത്ത് ഏതൊരു പാർട്ടിയും നേടുന്ന ഏറ്റവും വലിയ ഈ വിജയം ബിജെപിയുടെ ദേശീയ ആധിപത്യത്തിന് അടിത്തറ പാകി. 2024-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, ജയന്ത് ചൗധരിയുടെ ആർഎൽഡി ഇന്ത്യാ ബ്ലോക്ക് വിട്ട് എൻഡിഎയിൽ ചേർന്നു. ഇതോടെ മത്സരിച്ച രണ്ട് ലോക്‌സഭാ സീറ്റുകളും ആർഎൽഡി നേടി.
മണ്ഡല്‍ കാലഘട്ട രാഷ്ട്രീയത്തെ നിലനിർത്തിയ ജാതി സഖ്യത്തെ ബിജെപി എങ്ങനെ തകർത്തുവെന്നതിന് മറ്റൊരു ഉദാഹരണം പരിശോധിക്കാം. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ്, അതായത് 2016 ഫെബ്രുവരിയിൽ, അന്ന് ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷാ ബഹ്‌റൈച്ചിലെത്തി. പതിനൊന്നാം നൂറ്റാണ്ടിലെ പ്രദേശത്തെ ഭരണാധികാരിയായിരുന്ന മഹാരാജ സുഹെൽദേവിന്റെ പ്രതിമയിൽ ഹാരമണിയിക്കാനുള്ള ഈ വരവ് സുപ്രധാന രാഷ്ട്രീയനീക്കമായിരുന്നു. ഏതാനും മാസങ്ങൾക്കുശേഷം അദ്ദേഹം ഷാ സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‌ബിഎസ്‌പി) സ്ഥാപകൻ ഓം പ്രകാശ് രാജ്ഭറിനെ കാണുകയും എസ്‌ബിഎസ്‌പിയുമായുള്ള ബിജെപി സഖ്യം പ്രഖ്യാപിക്കുകയും ചെയ്തു.
കിഴക്കൻ ഉത്തർപ്രദേശിലെ നിർണായകമായ ഒബിസി ജാതിയാണ് രാജ്ഭർ. പൂർവാഞ്ചലിലെ ഗാസിപൂർ, മൗ, ബല്ലിയ, അസംഗഡ്, വാരണാസി, ജൗൻപൂർ ജില്ലകളിലെ 12-18 ശതമാനം ജനസംഖ്യ വരുന്ന ഈ വിഭാഗം 70-90 നിയമസഭാ സീറ്റുകളിൽ നിർണായകമാണ്. 2002 വരെ രാജ്ഭറുകൾ ബഹുജൻ ബിഎസ്‌പിക്കാണ് വോട്ട് ചെയ്തിരുന്നത്. ബിഎസ്‌പി പ്രസിഡന്റായിരുന്ന ഓം പ്രകാശ് രാജ്ഭറിന് പാർട്ടി ടിക്കറ്റ് നിഷേധിച്ചതോടെയാണ് അദ്ദേഹം 2002 ൽ എസ്ബിഎസ്‌പി രൂപീകരിച്ചത്.
2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി എസ്ബിഎസ്പിക്ക് എട്ട് സീറ്റ് നൽകി. അതിൽ നാലെണ്ണത്തിൽ അവർ വിജയിച്ചു.യോഗി ആദിത്യനാഥ് സർക്കാരിൽ ഓം പ്രകാശ് രാജ്ഭർ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് ചുമതലുള്ള കാബിനറ്റ് മന്ത്രിയുമായി. ഒരു രാജ്ഭർ നേതാവ് മന്ത്രിയാക്കുന്നത് യുപിയുടെ ചരിത്രത്തിലാദ്യമായിരുന്നു. രാജ്ഭർ സമുദായത്തിന് പട്ടികജാതി പദവി നൽകണമെന്ന ഓംപ്രകാശിന്റെ ആവശ്യം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് യോഗി സർക്കാർ. ഇതു നടപ്പിലാവുന്നതോടെ ബിഎസ്‌പി, എസ് പി ഭാവി ഒന്നുകൂടി അവതാളത്തിലാവും.
ഒരു പതിറ്റാണ്ടിലേറെയെടുത്താണ് ബിജെപിയും അതിന്റെ പ്രത്യയശാസ്ത്ര രക്ഷിതാവായ ആർ.എസ്.എസും ചേർന്ന് ബി.എസ്.പിയുടെ ജാതി സഖ്യത്തെ തകർത്തത്. കാൻഷി റാമിൽനിന്ന് വളർന്നവരും ബിഎസ്പിയിൽനിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ചവരുമായ മിക്കവാറും എല്ലാ ഒബിസി നേതാക്കളുമായും ബിജെപി അടുപ്പം സ്ഥാപിച്ചുകഴിഞ്ഞു. രാജ്ഭർ ജാതിനേതാവായ ഓം പ്രകാശിന്റെ കാര്യം തൊട്ടുമുൻപ് പറഞ്ഞുകഴിഞ്ഞു. ഒബിസി നേതാവായ സ്വാമി പ്രസാദ് മൗര്യ, മായാവതി പ്രതിനിധാനം ചെയ്യുന്ന ജാതവ് സമുദായത്തിനുശേഷം യുപിയിലെ രണ്ടാമത്തെ വലിയ ദളിത് ജാതിയായ പാസിയെ പ്രതിനിധീകരിക്കുന്ന ആർകെ ചൗധരി എന്നിവരും ഈ നിരയിലേക്കു വരുന്നു.
മറുഭാഗത്ത് അധികാരത്തിനായി മുസ്ലിം-യാദവ് സഖ്യത്തെ ആശ്രയിച്ചിരുന്ന സമാജ്‌വാദി പാർട്ടിക്ക് തിരിച്ചടി നേരിട്ടത്, നിരവധി തന്ത്രങ്ങളിലൂടെ ബിജെപി തങ്ങളുടെ പ്രധാന വോട്ട് ബാങ്ക് നേടാൻ തുടങ്ങിയപ്പോഴാണ്. ഹിന്ദുത്വ ആകർഷണം, ക്ഷേമ പദ്ധതികൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നോക്ക നേതാവായി ഉയർത്തിക്കാട്ടൽ എന്നിവ ഉൾപ്പെട്ട 'സംയുക്ത പാക്കേജി'ലൂടെ യാദവ വോട്ടർമാരെ ആകർഷിക്കുന്നതിൽ ബിജെപി ക്രമേണ വിജയിച്ചു. 2014 ലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഏകദേശം 20-25 ശതമാനം യാദവ വോട്ടർമാർ ബിജെപിയെ പിന്തുണച്ചു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും യാദവ വോട്ടുകളുടെ ഏകദേശം അഞ്ചിലൊന്ന് നേടാൻ ബിജെപിക്ക് കഴിഞ്ഞു.
English Summary: Every party that came to power in Uttar Pradesh found itself navigating complex layers of caste coalitions and social compulsions—forces that shaped governance as much as they influenced elections. The result was uneven development, weak infrastructure, and a state where large regions continued to lag behind. It was in this context that the BJP identified its opportunity, gradually consolidating a stronghold across the Hindi heartland.