കേരളം ഒറ്റുനോക്കിയ വട്ടിയൂർക്കാവ് പോരാട്ടത്തിൽ അന്തിമ വിജയം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് മുതിർന്ന നേതാവ് കെ. മുരളീധരൻ. 48338 വോട്ടുകളാണ് മുരളീധരൻ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിങ് എംഎൽഎ വി.കെ. പ്രശാന്ത് 42913 വോട്ടുകളും ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ 37213 വോട്ടുകളും നേടി. 37.25, 33.07, 28.68 ശതമാനം വോട്ടുകൾ വീതമാണ് യഥാക്രമം യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ നേടിയത്. വട്ടിയൂർക്കാവിലെ വിജയം കേരളാ രാഷ്ട്രീയത്തിലേക്കുള്ള കെ. മുരളീധരന്റെ അതിശക്തമായ തിരിച്ചുവരവ് കൂടിയാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് ഏൽപ്പിച്ച വടകര ദൗത്യം ഏറ്റെടുത്ത ലീഡറുടെ മകൻ മിന്നും വിജയം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വട്ടിയൂർക്കാവിൽ കോൺഗ്രസിന്റെ പതനം ആരംഭിക്കുന്നത്.
മുരളീധരൻ വടകരയിൽ വിജയിച്ചതോടെ ഉപതിരഞ്ഞെടുപ്പുണ്ടായി, തിരുവനന്തപുരം മേയറായിരുന്നു വികെ പ്രശാന്തെന്ന യുവരക്തത്തെ ഇറക്കിയ സിപിഐഎം അപ്രതീക്ഷിത മുന്നേറ്റം നടത്തി മണ്ഡലം പിടിച്ചെടുത്തു. അന്ന് 61,000ത്തിലധികം വോട്ടുകളാണ് വി കെ പ്രശാന്ത് സ്വന്തമാക്കിയത്. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ സാന്നിധ്യം നൽകി ശക്തി അടിവരയിടുന്നതായിരുന്നു സിപിഐഎമ്മിന്റെ സർജിക്കൽ സ്ട്രൈക്. മുരളീധരനല്ലാതെ മറ്റാരെ നിർത്തിയാലും വട്ടിയൂർക്കാവിൽ ആധിപത്യം സ്ഥാപിക്കാൻ സാധിക്കില്ലെന്ന സത്യവും ഇതോടെ കോൺഗ്രസ് നേതൃത്വത്തിന് ബോധ്യപ്പെട്ടു. 2016ൽ മൂന്നാം സ്ഥാനത്തായ എൽഡിഎഫിനെയാണ് വി.കെ പ്രശാന്ത് ഒന്നാം സ്ഥാനത്ത് എത്തിച്ചതെന്നും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വികെ പ്രശാന്ത് സീറ്റ് നിലനിർത്തി, അന്ന് 21,515 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഇടത് സ്ഥാനാർത്ഥിയുടെ വിജയം. 2021ൽ എൻഡിഎ സ്ഥാനാർത്ഥി വി വി രാജേഷ് 39,000ത്തിലധികം വോട്ടുകൾ പിടിച്ച് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയപ്പോൾ വട്ടിയൂർക്കാവ് ത്രികോണ മണ്ഡലത്തിന്റെ പട്ടികയിലേക്കും കടന്നുകയറി.
വടകര എംപിയായിരിക്കെ 2021ൽ വട്ടിയൂർക്കാവിൽ പരിഗണിക്കുന്നതിന് പകരം നേമത്ത് മുരളീധരന് സീറ്റ് നൽകി. ബിജെപി ശക്തമായ സാന്നിധ്യമായിരുന്ന നേമത്ത് കോൺഗ്രസിന്റെ പാർട്ടി അടിത്തറ ദയനീയമായിരുന്നു. എന്നാൽ നിരീക്ഷകരെ അദ്ഭുതപ്പെടുത്തി മുരളീധരൻ ദൗത്യമേറ്റെടുത്തു. പക്ഷേ വി. ശിവൻകുട്ടി അന്ന് ഉയർത്തിയ വെല്ലുവിളിക്ക് മുന്നിൽ ഒന്നും ചെയ്യാൻ മുരളീധരന് സാധിച്ചില്ല. അന്ന് വട്ടിയൂർക്കാവിൽ മത്സരിച്ചിരുന്നെങ്കിൽ വിജയസാധ്യത ഇരട്ടിക്കുമായിരുന്നു, എന്നാൽ അതുണ്ടായില്ല. വീണാ നായർ 2021ൽ ദയനീയമായി മൂന്നാം സ്ഥാനത്ത് വട്ടിയൂർക്കാവിൽ ഫിനിഷ് ചെയ്തതോടെ കോൺഗ്രസിന് മണ്ഡലത്തിലുള്ള എല്ലാ സ്വാധീനവും നഷ്ടപ്പെട്ടുവെന്ന വിലയിരുത്തലാണുണ്ടായത്.
പത്മജയുടെ കൂടുമാറ്റവും തൃശ്ശൂരിലെ തോൽവിയും
കെ. മുരളീധരൻ വടകരയിൽ പാർട്ടിയുടെ ശക്തമായ അടിത്തറ പാകിയ സമയത്താണ് മണ്ഡലത്തിലെ രണ്ടാമൂഴത്തിൽ ട്വിസ്റ്റുണ്ടാകുന്നത്. തൃശ്ശൂരിൽ ബിജെപി നടത്തിയ കരുനീക്കങ്ങളുടെ ഭാഗമായി കരുണാകര കുടുംബത്തിൽനിന്നും പത്മജ വേണുഗോപാൽ താമരത്തണൽ തേടിപ്പോയി. ഇതോടെ സമ്മർദ്ദത്തിലായത് മുരളീധരനാണ്. പാർട്ടിയിൽനിന്നുള്ള ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിൽ തൃശ്ശൂരിൽ സുരേഷ് ഗോപിയെ വീഴ്ത്താൻ മുരളീധരനെത്തി. എന്നാൽ അതി ദയനീമായി പരാജയപ്പെട്ടു. വടകരയിലാവട്ടെ ഷാഫി പറമ്പിൽ വൻ വിജയം സ്വന്തമാക്കുകയും ചെയ്തു. തൃശ്ശൂരിൽ പരാജയപ്പെട്ടുവെന്നതിനേക്കാൾ ഉപരി പാർട്ടിയിൽ ലീഡറുടെ മകന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്നതാണ് പ്രധാനം. കോൺഗ്രസിനുള്ളിൽനിന്ന് മുരളീധരനെതിരെ നീക്കങ്ങൾ നടന്നുവെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പത്മജ ഉൾപ്പെടെ സഹതാവും പരിഹാസ വാക്കുകളും മുരളീധരന് നേരെ ഉയർന്നപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യമുനയിലായിരുന്നു.
തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ വട്ടിയൂർക്കാവ് കേന്ദ്രീകരിച്ചാണ് മുരളീധരൻ പ്രവർത്തിക്കുന്നത്. പൂർണ സമയവും മണ്ഡലത്തിൽ തന്നെ നിൽക്കാൻ അദ്ദേഹം ശ്രമിച്ചു. 2016 ഉപതിരഞ്ഞെടുപ്പ് വരെയുണ്ടായിരുന്ന വ്യക്തിപ്രഭാവം വീണ്ടെടുത്തു. പാർട്ടിയുടെ സംഘടനാ സംവിധാനം തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പുനരുജ്ജീവിപ്പിച്ചു. വട്ടിയൂർക്കാവ് തിരിച്ചുപിടിക്കുമെന്നുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന് മുന്നിൽ സീറ്റ് നൽകാൻ ഹൈക്കമാൻഡും തയ്യാറായി. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, വിഡി സതീശൻ, കെ.സി വേണുഗോപാൽ എന്നിങ്ങനെ വിവിധ താൽപ്പര്യങ്ങളുള്ള പാർട്ടിക്കുള്ളിലെ എല്ലാ നേതാക്കളും ഒരേ സ്വരത്തിൽ മുരളീധരന്റെ ആവശ്യത്തിന് സമ്മതം മൂളിയിരുന്നുവെന്നാണ് വിവരം. ത്രികോണ പോരിൽ ബിജെപിയെ മൂന്നാമതെത്തിക്കുകയായിരുന്നു വട്ടിയൂർക്കാവിൽ ലീഡറുടെ മകന്റെ ലക്ഷ്യം അത് ഭംഗിയായി നിറവേറ്റാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. ഇനി അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കുമോയെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
English Summary: K. Muraleedharan’s victory in Vattiyoorkavu represents more than a constituency win—it signals a calculated political comeback after recent setbacks. By reclaiming lost ground and reorganizing the party’s grassroots network, he effectively neutralized both the incumbent Left Democratic Front challenge and the rising Bharatiya Janata Party presence in a traditionally competitive seat. The result highlights the continued relevance of personal political capital in Kerala’s electoral landscape, while also reinforcing UDF’s broader resurgence. Strategically, the win repositions Muraleedharan within the Congress power structure and strengthens his case for a significant role in the post-election political setup.