Analysis

കിങ് മേക്കർ കെ.സി? അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിക്ക് സാധ്യത; 'മുഖ്യമന്ത്രി വോട്ടെടുപ്പിന്' മുന്നിട്ടിറിങ്ങി കെ.എസ്

കെ.സി പക്ഷവും വി.ഡി സതീശന്‍ പക്ഷവും തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ശീതയുദ്ധം ആരംഭിച്ചിട്ടുണ്ട്

Madism Desk

കേരളത്തില്‍ അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസിനുള്ളില്‍ വന്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്ന സൂചനകള്‍ ശക്തിപ്രാപിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പക്ഷവും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പക്ഷവും തമ്മില്‍ ശക്തമായ ചേരിതിരിവുണ്ടാകുമെന്നും മുഖ്യമന്ത്രി കസേര സ്വന്തമാക്കാന്‍ ഇരുവിഭാഗവും നിര്‍ണായക നീക്കങ്ങള്‍ നടത്തുമെന്നുമാണ് അഭ്യൂഹങ്ങള്‍. നേരിയ സീറ്റുകളുടെ പിന്‍ബലത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. വിലയിരുത്തല്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള ചരടുവലികളും പലകോണുകളില്‍നിന്ന് ശക്തിപ്രാപിച്ചിട്ടുണ്ട്.

വരാന്‍ പോകുന്ന പ്രതിസന്ധിയുടെ സൂചന നല്‍കി ആദ്യ വെടിപൊട്ടിച്ചത് കെ. സുധാകരനാണ്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രമേശ് ചെന്നിത്തലയുടെ സിനീയോരിറ്റിയെ പുകഴ്ത്തിയ സുധാകരന്‍ വി.ഡി സതീശന്‍ വിരുദ്ധ വികാരത്തിന് തിരികൊളുത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കെ.സി വേണുഗോപാലിനെ പുകഴ്ത്തി ദീര്‍ഘമായൊരു കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു കെ.സി തൻറെ പടപ്പുറപ്പാടിന് അടിവരയിട്ടു. കെപിസിസി പ്രസിഡന്റായിരിക്കെ സതീശനുമായിട്ടുണ്ടായ പടലപിണക്കങ്ങള്‍ ഇരുവര്‍ക്കുമിടയിലെ ബന്ധത്തില്‍ കാര്യമായ ഉലച്ചിലുണ്ടായെന്ന് പറയാതെ പറയുന്നതായിരുന്നു ഉന്നംവച്ചുള്ള ഈ കരുനീക്കങ്ങള്‍.

സുധാകരനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാതിരിക്കാന്‍ ചരടുവലിച്ചത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമാണെന്ന് കെഎസ് പക്ഷം ഉറച്ചുവിശ്വസിക്കുന്നുണ്ട്. കണ്ണൂരില്‍ ജയന്തിന് പിന്തുണച്ച കെഎസ് ,പക്ഷേ ഈ നീക്കങ്ങള്‍ക്ക് ബദലായി പാര്‍ട്ടി പിളര്‍ത്തിയില്ലെന്നത് അദ്ഭുതത്തോടെയാണ് പലരും നോക്കികണ്ടത്. ഭരണം കിട്ടിയാല്‍ ജയന്തിനെ സുപ്രധാന പദവി നല്‍കാനും കെഎസ് സമ്മര്‍ദ്ദം ചെലുത്തും. ആഭ്യന്തരം മുതല്‍ ധനകാര്യം വരെ നിര്‍ണായക വകുപ്പുകളാണ് കെഎസ് നോട്ടമിട്ടിരിക്കുന്നതെന്നും സൂചനയുണ്ട്.

വി.ഡി സതീശന്‍ മുഖ്യമന്ത്രി കസേരയിലെത്തിയാല്‍ ഇത്തരം ആവശ്യങ്ങള്‍ തന്ത്രപരമായി വെട്ടിനിരത്തപ്പെടുമെന്നും സുധാകര പക്ഷത്തിന് അറിയാം. രമേശ് ചെന്നിത്തലയോ കെ.സി വേണുഗോപാലോ മുഖ്യമന്ത്രിയായി വന്നാല്‍ സുധാകരനെ സംബന്ധിച്ചിടത്തോളം കരുക്കൽ താരതമ്യേന അനായാസകരമാകും. ഇത് മുന്നില്‍കണ്ടാണ് ഇപ്പോള്‍ നടക്കുന്ന പരസ്യ മുഖ്യമന്ത്രി വോട്ടെടുപ്പ്. തന്റെ വിശ്വസ്തനായിരുന്ന സണ്ണി ജോസഫ് എതിര്‍ പാളയത്തിലേക്ക് ചേക്കേറിയതും കെഎസ്സിനെ ചൊടിപ്പിച്ചിട്ടുണ്ട്, ഇതിനൊരു മറുപടി കൂടിയാവും ജയന്തിന്റെ മന്ത്രിസ്ഥാനം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച സുനില്‍ കനഗോലുവിനെ നേരിട്ട് നിയന്ത്രിച്ചത് കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന ദീപാ ദാസ് മുന്‍ഷിയാണ്. കനഗോലു തന്ത്രങ്ങള്‍ കൃത്യമായി ഇവിടെ നടപ്പിലാക്കപ്പെടുകയും ചെയ്തു. ഏതെങ്കിലും നേതാവിന് ഉയർത്തി പ്രചരണത്തിന് വരേണ്ടതില്ലെന്ന നിലപാട് കനഗോലു ടീം വ്യക്തമാക്കിയതായിരുന്നു. പക്ഷേ പലയിടത്തും ഇത് പാലിക്കപ്പെട്ടില്ലെന്ന് മാത്രം. കനഗൊലുവിനെ കൂടാതെ കൊച്ചിയില്‍ മറ്റൊരു പിആർ സംഘവും, തെക്കന്‍ ജില്ലയില്‍ മറ്റൊരു സംഘവും രണ്ട് നേതാക്കള്‍ക്ക് മാത്രമായി വേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെന്ന അഭ്യൂഹങ്ങളും പാർട്ടിക്കുള്ളിലുണ്ട്. നിലവില്‍ ആഭ്യന്തര ശീതയുദ്ധം നടക്കുമ്പോഴും ഈ രണ്ട് സംഘങ്ങളും അണിയറയിൽ സജീവമാണ്. കോണ്‍ഗ്രസിൻറെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നവരെ വരെ നിര്‍ണായക നേതൃപദവി വഹിക്കുന്ന രണ്ട് നേതാക്കള്‍ നയിക്കുന്ന ഈ സംഘങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടരും. അതേസമയം ഇവരെ നിയന്ത്രിക്കുന്ന ഉന്നതരായ നേതാക്കള്‍ ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വ്യക്തതയുണ്ടെങ്കിലും, ഇരുവരുടെയും പേരുകള്‍ പുറത്തുവന്നിട്ടില്ല.

യുഡിഎഫ് പ്രകടന പത്രിക രേവന്ത് റെഡ്ഡി പുറത്തിക്കുന്നു

സതീശന്‍ മുഖ്യമന്ത്രിയാകുമോ?

വി.ഡി സതീശന്‍ തന്നെയാണ് നിലവില്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരയിലെത്താന്‍ 60 ശതമാനത്തിലേറെ സാധ്യതയുള്ള നേതാവ്. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ കാലഘട്ടത്തില്‍നിന്ന് വിഭിന്നമായി വ്യക്തി കേന്ദ്രീകൃത ഗ്രൂപ്പുകള്‍ നയിക്കുന്ന പാര്‍ട്ടിയാണിന്ന് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കാതിരിക്കാന്‍ പറ്റില്ല. രണ്ടര വര്‍ഷത്തെ ടേം വി.ഡി സതീശന് നല്‍കിയ ശേഷം അദ്ദേഹത്തെ മാറ്റിനിര്‍ത്താനുള്ള സാധ്യതകളും തള്ളികളയാനാവില്ല.

പ്രതിപക്ഷ നേതാവിനെ മാത്രം മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് പ്രചരണ യാത്ര നടത്തിയതില്‍ സംസ്ഥാനത്തെ നേതൃനിരയില്‍നിന്ന് വിയോജിപ്പുകള്‍ ഹൈക്കമാന്‍ഡ് വരെയെത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിക്കാന്‍ വി.ഡി പക്ഷത്തിന് തിരഞ്ഞെടുപ്പ് പ്രചരണ യാത്രയിലൂടെ സാധിച്ചത് പലകോണുകളെയും അസംതൃപ്തരാക്കിയതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് വരെ ചർച്ച എത്തിയത്. പാലക്കാടും വടക്കന്‍ കേരളത്തിലും സ്റ്റാര്‍ പ്രചാരകനായ ഷാഫി പറമ്പില്‍ നയിക്കുന്ന നിരയും വി.ഡി പക്ഷത്തിനൊപ്പമാണെന്ന നിരീക്ഷണവും ഇതിനൊപ്പം പുറത്തുവന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് കെ.സി വേണുഗോപാല്‍ പക്ഷത്തിന് വലിയ മേല്‍കൈ ലഭിച്ചതാണ് വിഡി സതീശന് മുന്നിലുള്ള മറ്റൊരു വലിയ കടമ്പ. മുന്നിലുള്ള പ്രതിസന്ധിയുടെ ആഴം ഫലപ്രഖ്യാപന വേളയില്‍ മാത്രമാവും വി.ഡിക്കും മനസിലാവുക. ചെന്നിത്തലയ്ക്കും കെസിക്കുമിടയില്‍ സമവായമുണ്ടായാല്‍ വി.ഡി പക്ഷത്തിന്റെ എതിര്‍പ്പ് പുറംലോകം കാണാതെയാവും. വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ സ്ഥാനാര്‍ത്ഥികളില്‍ കൂടുതലും കെ.സി പാളയത്തില്‍നിന്നാണെങ്കിലും ഫലപ്രഖ്യാപന വേളയിലുണ്ടാകുന്ന അട്ടിമറികള്‍ ഇത് പ്രവചനാതീതമാക്കും.

അതേസമയം മുസ്ലിം ലീഗ് പോലുള്ള സഖ്യകക്ഷികളും കെ.സിക്ക് ഒപ്പം നിലകൊള്ളാനാണ് സാധ്യത. പികെ കുഞ്ഞാലിക്കുട്ടി ഇത്തവണ നിര്‍ണായക വകുപ്പുകള്‍ ചോദിക്കാനുള്ള സാധ്യതയുണ്ട്. ലീഗിന് കൂടുതല്‍ മന്ത്രിസ്ഥാനം നല്‍കാന്‍ ആര് പിന്തുണയ്ക്കുമോ, അയാളെയാവും കുഞ്ഞാലിക്കുട്ടി നോമിനേറ്റ് ചെയ്യുക. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം നിലവിലുള്ളതെങ്കിലും ലീഗിൻറെ കൂടി മനമറിഞ്ഞ ശേഷമാകും മുഖ്യമന്ത്രിയുടെ കാര്യത്തിലൊരു അന്തിമ തീരുമാനമുണ്ടാകുക എന്നാണ് പൊതുവായ നിരീക്ഷണം. ലീഗ് നേതൃത്വത്തിനും ഇതിൽ മറിച്ചൊരു ചിന്തയില്ല. മുഖ്യമന്ത്രിക്കായുള്ള ചക്കളത്തിപ്പോരിലെ തന്ത്രപരമായ മൌനത്തിലൂടെ ലീഗ് നൽകുന്ന സൂചനയും മറ്റൊന്നല്ല.

Short English Summary: A leadership tussle is reportedly brewing within the Congress in Kerala over the Chief Minister post if the party comes to power. Factions aligned with V.D. Satheesan and K.C. Venugopal are said to be making strategic moves, with K. Sudhakaran and other senior leaders adding to the political speculation. Internal equations, alliance pressures, and ministerial ambitions could shape the final leadership decision.