നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക് കടക്കുകയാണ് കേരളം. തുടര്‍ഭരണം പ്രതീക്ഷിച്ച് ഇടതുമുന്നണിയും ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാന്‍ യുഡിഎഫും അപ്രതീക്ഷിത മുന്നേറ്റം സ്വപ്‌നം കണ്ട് ബിജെപിയും അവസാന ലാപ്പിലെ രാഷ്ട്രീയ ട്രെന്‍ഡ് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തിലെ പ്രമുഖ ചാനലുകളും ഇതര പ്ലാറ്റ്‌ഫോമുകളും നടത്തിയ പ്രീ പോല്‍ സര്‍വ്വേകള്‍ ഇഞ്ചോടിഞ്ച് മത്സരമാണ് ഇത്തവണ പ്രവചിച്ചിരിക്കുന്നത്. നേരിയ മുന്‍തൂക്കം ഭരണമാറ്റത്തിനാണെങ്കിലും 60ലധികം മണ്ഡലങ്ങളില്‍ അതിശക്തമായ മത്സരമുണ്ടാകുമെന്നതില്‍ സംശയമില്ല. BJP-യുടെ വോട്ട് 8-10 സീറ്റുകളിൽ ഗെയിം ചേഞ്ചറാകാനും സാധ്യതയുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മിക്ക സര്‍വ്വേകളും പിണറായി വിജയനെ ഉയര്‍ത്തി കാണിക്കുന്നുണ്ടെങ്കിലും ഭരണ തുടര്‍ച്ച 50 ശതമാനത്തിലേറെ പേരും ആഗ്രഹിക്കുന്നില്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സര്‍വ്വേകളെ അടിസ്ഥാനമാക്കി സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഏതാണ്ട് എല്ലാ പ്രവചനങ്ങളും പരാജയപ്പെട്ടിട്ടുണ്ടെന്ന വസ്തുത മറുവശത്തുണ്ട്. ഇടത്-കോണ്‍ഗ്രസ് മുന്നണികള്‍ പരസ്പരം ആരോപിക്കുന്ന ഡീല്‍ മുതല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയും ഭരണപക്ഷ വിരുദ്ധ വികാരവും വികസനവുമെല്ലാം ചര്‍ച്ചയാകുമെങ്കിലും അവസാന ട്രെന്‍ഡ് നിര്‍ണയിക്കുന്ന പ്രാദേശിക വിവാദങ്ങളും സമുദായിക വോട്ടുകളുമൊക്കെയാണ്. സംസ്ഥാന തലത്തിലെ ചര്‍ച്ചകളില്‍ നിന്ന് മാറി, പ്രദേശത്തെ സാമുദായിക ശക്തികളുമൊന്നിച്ചുള്ള ഡീലായിരിക്കും ഇതില്‍ ഏറ്റവും നിര്‍ണായകം. ഇതുവരെ പിന്തുണ പ്രഖ്യാപിക്കാത്ത എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയും സമസ്തയുമെല്ലാം ഇക്കാര്യത്തില്‍ നിര്‍ണായക റോള്‍ വഹിക്കാറുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തിലും വ്യക്തത കൈവരും.
കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തില്‍ കോട്ടകളും ആധിപത്യ മണ്ഡലങ്ങളും മാത്രമായിരിക്കില്ല അധികാര കേന്ദ്രത്തെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകം. ഇടയ്ക്കിടെ മാറിമറിയുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം രാഷ്ട്രീയവും മാറ്റുന്ന സ്വിങ് സീറ്റുകളാവും ഇത്തവണയും നിയമസഭയുടെ ഭാവിയെ തീരുമാനിക്കുക. 140 മണ്ഡലങ്ങളില്‍ ഏകദേശം 27 സ്വിങ് സീറ്റുകളാണുള്ളത്. ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടുള്ള സ്വിങ് മണ്ഡലങ്ങളുട പട്ടികയില്‍ കൂടുതലും മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലുമാണ്. വയനാട്ടിലും കാസര്‍ഗോഡും കോഴിക്കോടും ശക്തമായ മത്സരമുണ്ടാകുമെങ്കിലും സ്വിങ് സ്വഭാവത്തിലേക്ക് ജില്ലകളിലെ സീറ്റുകള്‍ പൂര്‍ണമായും മാറില്ലെന്നാണ് വിലയിരുത്തല്‍.
കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം, വയനാട് ജില്ലയിലെ കല്‍പ്പറ്റ, മാനന്തവാടി കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടം ഇത്തവണ പ്രതീക്ഷിക്കാം. കളമശ്ശേരി, തൃപ്പൂണിത്തുറ, കോന്നി, ചാലക്കുടി, പാലാ, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാവും. ഈ മണ്ഡലങ്ങളില്‍ ചില സീറ്റുകളില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ട്രെന്‍ഡുകള്‍ വ്യക്തമാക്കുന്നുണ്ട്. ജില്ലാ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ വയനാട്, കോട്ടയം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് സ്വിങ് സീറ്റുകളില്‍ ഭൂരിഭാഗവുമുള്ളത്.
കളമശ്ശേരി, തൃപ്പൂണിത്തുറ (എറണാകുളം) — ഇഞ്ചോടിഞ്ച് മത്സരം പതിവ്.
(എറണാകുളം) — LDF-യും UDF-യും മാറി മാറി വിജയം.
കോന്നി (പത്തനംതിട്ട) — 2016, 2021-ൽ LDF, പക്ഷേ നേരിയ മാർജിൻ.
ചാലക്കുടി (തൃശൂർ) — സ്വിങ് സ്വഭാവം ശക്തം.
പാലാ (കോട്ടയം) — ക്രിസ്ത്യൻ വോട്ട് സ്വാധീനം, മാറിമറിയൽ.
വട്ടിയൂർക്കാവ് (തിരുവനന്തപുരം) — BJP-യുടെ സാന്നിധ്യം കൂടുതൽ.
മഞ്ചേശ്വരം (കാസർഗോഡ്) — UDF (ലീഗ്) vs LDF vs BJP ത്രികോണ മത്സരം.
കല്പറ്റ, മാനന്തവാടി (വയനാട്) — LDF-യും UDF-യും മാറിമാറി.
വടകര, കുറ്റ്യാടി, നാദാപുരം (കോഴിക്കോട്) — ശക്തമായ പോരാട്ടം.
പാലക്കാട്, മഞ്ചേശ്വരം, നേമം തുടങ്ങിയ BJP സ്വാധീനം വർധിക്കുന്ന സീറ്റുകൾ.
അതിശക്തമായ സിപിഐഎം വേരോട്ടമുള്ള 39 നിയമസഭാ സീറ്റുകളുണ്ടെന്നാണ് 2011, 2016, 2021 തിരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുന്നത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും 39 മണ്ഡലങ്ങളില്‍ തുടര്‍ച്ചയായി വിജയിച്ച സിപിഐഎമ്മിന് ഇത്തവണയും വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. കൂടാതെ മുന്നണിയുടെ ഭാഗമായ സിപിഐ 12 ഇടങ്ങളില്‍ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ രണ്ട് തവണ വിജയിച്ച 18 മണ്ഡലങ്ങളില്‍ സിപിഐഎമ്മിന് ശക്തമായ ആത്മവിശ്വാസമുണ്ട്. സമാനമായി സിപിഐക്ക് മുന്‍തൂക്കമുള്ള ആറ് സീറ്റുകളുമുണ്ട്. അതിശക്തം എന്ന് പറയാനാവുന്ന 51 മണ്ഡലങ്ങളും ശക്തമായ സാന്നിധ്യമെന്ന് പറയാനാവുന്ന 20 മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പമുണ്ട്.
അതേസമയം കോട്ടകളില്‍ വിള്ളലുണ്ടാക്കാനുള്ള യുഡിഎഫിന്റെ പ്രചരണ പരിപാടികള്‍ വിജയം കണ്ടാല്‍ ഇടത് ആത്മവിശ്വാസത്തിന് പോറലേല്‍ക്കും. പേരാമ്പ്ര പോലുള്ള ഇടത് കോട്ടകളില്‍ പ്രാദേശിക സമാവയങ്ങളും സാമുദായിക സമവാക്യങ്ങളുമുയര്‍ത്തി യുഡിഎഫ് നടത്തുന്ന പ്രചരണങ്ങളും കോന്നി പോലുള്ള നേരിയ ഭൂരിപക്ഷത്തില്‍ ഘടക കക്ഷികള്‍ വിജയിച്ചിരുന്ന മണ്ഡലങ്ങളിലും തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ ബിജെപി വളര്‍ച്ചയും പ്രതികൂല സാഹചര്യം സൃഷ്ടിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ വെറും 12 ഇടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിച്ചു കയറാനായത്. മറുവശത്ത് യുഡിഎഫ് ഘടകക്ഷിയായ ലീഗിനാകട്ടെ 14 മണ്ഡലങ്ങളില്‍ കുത്തക വിജയമുറപ്പാണ്. 2011, 2016, 2021 തിരഞ്ഞെടുപ്പുകളില്‍ രണ്ട് തവണ മാത്രം വിജയം നേടിയ 12 സീറ്റുകളിലും ഇത്തവണ തിരികെയെത്താനാവുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം വി.ടി ബല്‍റാമിന് വീണ്ടും അവസരം നല്‍കിയ തൃത്താല ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഭരണവിരുദ്ധ വികാരം പ്രകടമാവുമെന്നും പാലക്കാട് പോലുള്ള ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റവുമാണ് യുഡിഎഫ് പാളയത്തിന്റെ ആത്മവിശ്വാസം.
അതിശക്തമായ 12 മണ്ഡലങ്ങളും ശക്തമായ 12 മണ്ഡലങ്ങളും കോണ്‍ഗ്രസിനൊപ്പമുണ്ട്. ഘടകക്ഷിയായ ലീഗിന് 14 മണ്ഡലങ്ങളില്‍ ആധിപത്യ മുന്നേറ്റവും 4 മണ്ഡലങ്ങളില്‍ പ്രബലമായ സ്ഥാനവുമുണ്ട്. എല്ലാം ഘടകങ്ങളും ഒന്നിച്ചെത്തിയാല്‍ 42 മണ്ഡലങ്ങളില്‍ യുഡിഎഫിന് പിടിച്ചെടുക്കാനാവും. വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള ചെറുപാര്‍ട്ടികളുടെ പിന്തുണയും നേരിയ മുന്‍തൂക്കം യുഡിഎഫിന് നല്‍കും. അതേസമയം ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെങ്കില്‍ ഈ മണ്ഡലങ്ങളിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ല.
പിണറായി വിജയന്റെ 9 വര്‍ഷത്തെ ഭരണത്തെ വിലയിരുത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട തദ്ദേശ തിരഞ്ഞെടുപ്പാണ് 2025ല്‍ നടന്നത്. പ്രവചിക്കപ്പെട്ടത് പോലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും വലിയ മുന്നേറ്റമുണ്ടാക്കുകയും സിപിഐഎമ്മിന് വലിയ തിരിച്ചടി നേരിടുകയും ചെയ്തു. ബിജെപിക്ക് തിരുവനന്തപുരം ജില്ലയില്‍ വലിയ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കിയത്. നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം മേഖലകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ഇത് വെറും പ്രാദേശിക ട്രെന്‍ഡായി മാത്രം ഒതുങ്ങുമോയെന്നാണ് ഇനി വ്യക്തമാവാനുള്ളത്. കോണ്‍ഗ്രസിനും വലിയ മുന്നേറ്റം നടത്താനായ തിരഞ്ഞെടുപ്പില്‍ മിക്കയിടങ്ങളിലും അട്ടിമറി വിജയവും യുഡിഎഫ് സ്വന്തമാക്കിയിരുന്നു.
അതേസമയം ചരിത്രത്തിലെ തന്നെ മിന്നും വിജയം സ്വന്തമാക്കിയ 2010 തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ വന്ന നിയമസഭാ യുദ്ധത്തില്‍ ഐക്യജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചിരുന്നില്ലെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. 582 പഞ്ചായത്തുകളിലും 3 കോര്‍പ്പറേഷനിലും യുഡിഎഫ് അന്ന് സ്വന്തമാക്കിയിരുന്നു. എന്നാല്‍ നിയമസഭയിലേക്ക് എത്തിയപ്പോള്‍ കേവലം രണ്ട് സീറ്റുകളുടെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് നേടാനായത്. അതുകൊണ്ടു തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച ഭരണവിരുദ്ധ വികാരം ആവര്‍ത്തിക്കപ്പെടുമെന്ന് വിലയിരുത്തുക സാധ്യമല്ല. മാത്രവുമല്ല തദ്ദേശ ട്രെന്‍ഡുകളില്‍ നിന്ന് വ്യത്യസ്ഥമായിട്ടാണ് എല്‍ഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടുള്ള, ഇതിന് വ്യക്തമായ ഉദാഹരണമാണ് 2011ലെ തിരഞ്ഞെടുപ്പ് ഫലം.
English Summary: As Kerala Legislative Assembly Election approaches its final phase, surveys suggest a tight contest between Left Democratic Front and United Democratic Front. Swing seats and strongholds will be crucial in deciding whether the ruling front retains power.