കേരളം നിയമസഭാ തിരഞ്ഞെടുപ്പ് വിധിയെഴുതി കഴിഞ്ഞിരിക്കുകയാണ്, തുടർഭരണ പ്രതീക്ഷയോടെ ഇടതുപക്ഷവും ഭരണവിരുദ്ധ ട്രെൻഡിൽ കണ്ണുംനട്ട് യുഡിഎഫും അപ്രതീക്ഷിത മുന്നേറ്റം പ്രവചിച്ച് ബിജെപിയും രംഗത്തുവന്നു കഴിഞ്ഞു. ഇനി പരിശോധിക്കാനുള്ളത് സംസ്ഥാനത്ത് പ്രതിഫലിക്കാൻ പോകുന്ന ട്രെൻഡുകളെക്കുറിച്ചാണ്. 2021ലെ തിരഞ്ഞെടുപ്പ് ഫലം മാറ്റിനിർത്തിയാൽ കേരളത്തിലെ ട്രെൻഡ് ഭരണവിരുദ്ധ വികാരം മാത്രമാണ്. കൊവിഡ് മഹാമാരിയിൽ കേരളം സ്വീകരിച്ച അസാമാന്യ പ്രതിരോധ രീതികളും കിറ്റ് സഹായഹസ്തവും ഇടതുപക്ഷ സർക്കാരിന് നൽകിയ പ്രതിച്ഛായ ചെറുതല്ല. 2021ലെ തിരഞ്ഞെടുപ്പിൽ അത് ശക്തമായി ചലനങ്ങളുണ്ടാക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് വാർത്താ സമ്മേളനങ്ങൾ കേരളത്തിന്റെ സ്വീകരണ മുറിയിലുണ്ടാക്കിയ മാറ്റങ്ങളും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്. മുണ്ടക്കൈ ചൂരല്‍മല പോലെ സംസ്ഥാനം ഒന്നിച്ചുനിന്ന ദുരന്തങ്ങള്‍ ഇത്തവണയും ആവർത്തിക്കപ്പെട്ടെങ്കിലും അത് കൊവിഡ് സമയത്തെ ഭരണാനുകൂല തരംഗവുമായി താരതമ്യം ചെയ്യാനാവില്ല.
പോളിങ് ശതമാനം ഇരട്ടിയാക്കുന്ന ഇടത് പ്രതീക്ഷയുടെ വസ്തുതയെന്ത്?
പോളിങ് ശതമാനം വർധിച്ചത് ഇടതുപക്ഷത്തെ പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ടെങ്കിലും മറ്റു തിരഞ്ഞെടുപ്പുകൾ പരിശോധിക്കുമ്പോൾ ഇതൊരു ട്രെൻഡായി വിലയിരുത്തുക സാധ്യമല്ല. 1987ലെ തിരഞ്ഞെടുപ്പിൽ 80.54 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഇകെ നായനാരുടെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ അധികാരം പിടിച്ചിരുന്നു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ 73 ശതമാനം പോളിങോടെ കരുണാകരൻ സർക്കാർ അധികാരം പിടിച്ചു. എന്നാൽ പിന്നീടുവന്ന 1996ലെ തിരഞ്ഞെടുപ്പിൽ വീണ്ടും പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞ് 71.16 ശതമാനത്തിലേക്കെത്തി. ശതമാന കണക്കിലെ വിലയിരുത്തൽ പ്രകാരമാണെങ്കിൽ അന്ന് കരുണാകരൻ സർക്കാരിന് തുടർ ഭരണം ലഭിക്കണം, എന്നാൽ ഫലം മറ്റൊന്നായിരുന്നു. ഭരണവിരുദ്ധ തരംഗമുണ്ടായ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിലേറി. 1957ൽ ഒന്നാം ഇഎംഎസ് സർക്കാരിന് ശേഷം (65.49 ശതമാനം പോളിങ്) ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയാണ് 1996ലേത്.
മൂന്നാമത്തെ കുറഞ്ഞ ശതമാനം പോളിങ് (72.38%) രേഖപ്പെടുത്തിയ 2006ലെ തിരഞ്ഞെടുപ്പിലും ഇടതുപക്ഷമാണ് വിജയിച്ചത്. തൊട്ടുമുൻപത്തെ തിരഞ്ഞെടുപ്പായ 2001ൽ 73.54 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ആന്റണി/ഉമ്മൻചാണ്ടി സർക്കാരാണ് ഭരിച്ചത്. ചുരുക്കത്തിൽ ചരിത്രം പരിശോധിക്കുമ്പോൾ പോളിങ് വർധിക്കുന്നത് ഏതെങ്കിലും മുന്നണിക്ക് ഗുണകരമാണെന്ന് വാദിക്കാൻ സാധിക്കില്ലെന്ന് പറയാം.
കനഗൊലു VS എംവി നികേഷ് കുമാർ
സിപിഐഎമ്മിന്റെ സോഷ്യൽ മീഡിയാ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി മാധ്യമപ്രവർത്തനത്തിൽനിന്നും വിരമിച്ച എംവി നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈകാര്യം ചെയ്തത്. പാർട്ടി കേഡറുകളിൽ വോട്ട് ഉറപ്പിക്കുന്നത് പ്രാദേശിക നീക്കുപോക്കുകളാണെങ്കിൽ യുവാക്കളുടെ നിഷ്പക്ഷ വോട്ടുകളും സ്വിങ് വോട്ടുകളും പെട്ടിയിലാക്കുന്നത് അതത് കാലത്ത് നടക്കുന്ന ചാനല്‍/സോഷ്യൽ മീഡിയാ ചർച്ചകളാണ്. ഇടത് സർക്കാരിന്‍റെ 10 വർഷത്തെ വികസനവും തുടർഭരണ നേട്ടങ്ങളും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയാ ക്യാംപെയ്നുകളിലൂടെ യുവജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ നികേഷ് കുമാറിന് സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് നികേഷ് കുമാറിന്റെ നേതൃമികവിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനങ്ങളുണ്ടായിരുന്നുവെന്ന വാർത്തകൾ പൂർണമായും തള്ളിക്കളയുന്ന പ്രവർത്തനരീതികളാണ് വോട്ടെടുപ്പ് തിയതി പ്രഖ്യാപിക്കപ്പെട്ട ശേഷം കണ്ടത്. ചാനൽ ചർച്ചകളെ മുൻനിർത്തി മാത്രം പൊതുവെ നടന്നിരുന്ന ഗൗരവമേറിയ ചർച്ചകൾ സിപിഐഎം സോഷ്യൽ മീഡിയയിലേക്ക് വ്യാപിച്ചു. ഇതിൽ പ്രധാനമായും ഫലംകണ്ടത് മുണ്ടക്കൈ ചൂരൽമല ഫണ്ട് പിരിവുമായി ബന്ധപ്പെട്ട ആരോപണങ്ങളായിരുന്നു.
പ്രഖ്യാപിക്കപ്പെട്ട വീടുകൾ നിർമ്മിച്ചു നൽകാൻ കോൺഗ്രസിന് സാധിക്കാതെ വന്നതോടെയാണ് ഇടതുപക്ഷം വിഷയം ചർച്ചയാക്കുന്നത്. മറുവശത്ത് സിപിഐഎമ്മിന് ചൂണ്ടിക്കാണിക്കാൻ സർക്കാർ നിർമ്മിച്ച വീടുകൾ കൂടെയുണ്ടായതോടെ പ്രതിപക്ഷം വിയർത്തു. വിദേശത്തുള്ള ബാങ്ക് അക്കൗണ്ടിലേക്ക് കോടികൾ ഒഴുകിയെന്ന വാദവും നികേഷ് കുമാർ ഇതിനൊപ്പം ഉന്നയിച്ചു. ഒടുവിൽ സണ്ണി ജോസഫ് പുറത്തുവിട്ട കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും ആരോപണങ്ങളുയർന്നു. രേവന്ത് റെഡ്ഡി വിവാദത്തില്‍ പിണറായി വിജയൻ നടത്തിയ മറു പ്രസ്താവനയും കൃത്യമായി പ്രതിരോധിക്കാൻ നികേഷിനും സംഘത്തിനും സാധിച്ചു. കോൺഗ്രസ് പാർട്ടിയുടെ 'എ.ടി.എം' ആണ് രേവന്ത് റെഡ്ഢിയെന്നും കേരളത്തിലെ കോൺഗ്രസ് പ്രചാരണത്തിന് ലാവിഷ് ആയി പണം ഇറക്കിയത് ഇയാളാണെന്നും, ഇത് അഴിമതിപ്പണമാണെന്നും ഒരുഘട്ടത്തിൽ നികേഷ് കടന്നാക്രമിച്ചു. ഡീൽ ആരോപണത്തെ പ്രതിരോധിക്കാനും സൈബർ സിന്‍ഡിക്കേറ്റിന് ഒരു പരിധിവരെ സാധിച്ചുവെന്ന് പറയാം.
തിരഞ്ഞെടുപ്പ് സ്ട്രാറ്റജിസ്റ്റ് സുനിൽ കനഗൊലുവിന്റെ നേതൃത്വത്തിലുള്ള ഇൻക്ലൂസീവ് മൈൻഡ് എന്ന സ്ഥാപനമാണ് കേരളത്തിലെ കോൺഗ്രസിന്റെ തന്ത്രങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കോൺഗ്രസ് ആരോപിക്കുന്ന ഭരണവിരുദ്ധ വികാരം, ബിജെപി-ഡീൽ എല്ലാം ഒരുപരിധി വരെ വിജയം കാണുകയും ചെയ്തിട്ടുണ്ട്. കെ സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ചില പ്രശ്നങ്ങൾ മാറ്റിനിർത്തിയാൽ മറ്റു പ്രശ്നങ്ങളും ഇത്തവണ കോൺഗ്രസിന് നേരിടേണ്ടി വന്നിട്ടില്ല. കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നിവർ മുന്നിൽനിന്ന് നയിച്ച ക്യാംപെയ്നിൽ ഷാഫി പറമ്പിൽ തുടങ്ങിയ സ്റ്റാർ പ്രചാരകരും കളംപിടിക്കുന്നതും നമ്മൾ കണ്ടു.
അതേസമയം ബിജെപി ഡീൽ മാത്രമാണ് കോൺഗ്രസിന് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ശക്തമായൊരു ആരോപണം രൂപപ്പെടുത്തിയത്. പാലക്കാട് മണ്ഡലത്തിലും തിരുവനന്തപുരത്തും ശക്തമായ സാന്നിധ്യമാകാൻ ഇത്തവണ സാധിക്കുമെന്ന പ്രതീതി സൃഷ്ടിക്കാനും ഈ ക്യാംപെയനുകൾക്ക് സാധിച്ചിട്ടുണ്ട്. രേവന്ത് റെഡ്ഡിയെ ഇറക്കി നടത്തിയ ക്യാംപെയ്നുകളിലെ വിജയവും പ്രധാനമാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തിറങ്ങിയതിനേക്കാൾ തരംഗം രേവന്ത് റെഡ്ഡിക്ക് സൃഷ്ടിക്കാനായി. മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തുവന്ന റെഡ്ഡി പ്രവർത്തകർക്കിടയിൽ ആവേശവുമുണ്ടാക്കി. കനഗൊലുവും സംഘവും 80 സീറ്റു വരെ കേരളത്തിൽ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. തരംഗമുണ്ടായാൽ അത് 100 കടക്കുമെന്നും വിലയിരുത്തലുകളുണ്ട്.
English Summary: Kerala’s post-poll trends show a strategic battle between Congress strategist Sunil Kanugolu and CPI(M)’s Nikesh Kumar, with both camps claiming momentum in a tightly contested election.