എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് മുഖ്യമന്ത്രി പോരിൽ ജനപിന്തുണ ഉറപ്പാക്കിയിരിക്കുകയാണ് വി.ഡി സതീശൻ. കെ സുധാകരൻ നയിച്ച വി.ഡി വിരുദ്ധ പ്രചരാണം ഇതോടെ അപ്രതക്തമാവുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന് സൈബറിടത്തിലെ പ്രചാരണത്തിനും എക്സിറ്റ് പോൾ ഫലങ്ങൾ കനത്ത തിരിച്ചടിയാവും. ഇക്കാര്യത്തിൽ എന്തെങ്കിലും നീക്കുപോക്കുകൾ സാധ്യമാകണമെങ്കിൽ കെ.സി വേണുഗോപാൽ പരസ്യമായി മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ചരടുവലിക്കേണ്ടിവരും. പുതിയ സാഹചര്യത്തിൽ ഇതും ശ്രമകരമാണ്.
യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗും മുഖ്യമന്ത്രി പിന്തുണയിൽ കൃത്യമായ നിലപാട് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലഭിക്കുന്ന പിന്തുണ ജനവികാരമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ ജനവികാരം പരിഗണിച്ചാകും യുഡിഎഫ് അന്തിമ തീരുമാനമെടുക്കുകയെന്നും കോൺഗ്രസ് ഹൈക്കമാൻഡും ജനങ്ങളുടെ ആഗ്രഹം മാനിക്കുമെന്നും തങ്ങൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻഡ് തീരുമാനങ്ങൾ ജനവിരുദ്ധമാകരുതെന്ന് സമ്മർദ്ദ തന്ത്രമാണ് ലീഗ് വിനിയോഗിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിൽ ലീഗ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളും സമ്മർദ്ദത്തിന് കരുത്ത് പകരുന്നുണ്ട്.
സുപ്രധാന പദവികളിലേക്ക് ലീഗ് മന്ത്രിമാർ പരിഗണിക്കപ്പെടേണ്ടത് പാണക്കാട്ടെ നിലനിൽപ്പിന്റെ ആവശ്യം കൂടിയാണ്. ഐക്യമുന്നണിയിലെ പ്രബലരെന്ന 'പ്രിവിലൈജ്' ഇത്തവണ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും ലീഗിൽ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തങ്ങൾ പരിഗണിക്കുന്നയാൾ വന്നാൽ ലീഗിന് മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തിൽ അമിത സമ്മർദ്ദങ്ങൾ ഒഴിവാക്കാനും സാധിക്കും. പികെ കുഞ്ഞാലിക്കുട്ടിക്ക് ധമന്ത്രി പദവി മുതൽ നിർണായ സ്ഥാനം ലഭിക്കണമെന്ന ആവശ്യം അണികൾക്കിടയിലുമുണ്ട്. കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര നിയോജക മണ്ഡലങ്ങളിൽ ലീഗിന്റെ സാന്നിധ്യവും, സ്വാധീനവും ഐക്യമുന്നണിയെ വിജയത്തിലെത്തിച്ചാൽ ലീഗിന് തലഉയർത്തി താക്കോല്‍ സ്ഥാനങ്ങള്‍ക്കായി അവകാശമുന്നയിക്കാം. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെ തോൽപ്പിക്കാന്‍ സാധിച്ചാല്‍ സാധ്യതകള്‍ ഇരട്ടിയാകും.
കെ.സിയെ ലീഗ് ചൊടിപ്പിച്ചോ?
സൈബറിടത്തിൽ മറ്റാരെക്കാളും മുൻപ് കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാവണമെന്ന പ്രചാരണം നടക്കുന്നുണ്ട്. ദേശീയ ചുമതലുള്ള നേതാവ് ഒരു സംസ്ഥാനത്തേക്ക് മാത്രം ചുരുങ്ങുന്ന കാര്യത്തിൽ ഹൈക്കമാൻഡ് അനുകൂല തീരുമാനമെടുക്കാൻ സാധ്യതയില്ലെങ്കിലും അനൗദ്യോഗിക പ്രചരണങ്ങൾ ശക്തമായിരുന്നു. കെ. സുധാകരൻ കെ.സിയെ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെക്കുകയും ഡൽഹിയിൽ നേരിട്ടെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തതോടെ കെ.സി പക്ഷം പ്രചരണം കടുപ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തിലൊന്നും മുസ്ലിം ലീഗോ മറ്റു സംഘടനകളോ മുഖ്യമന്ത്രി ചക്കളത്തിപ്പോരിൽ അഭിപ്രായം രേഖപ്പെടുത്തിയിരുന്നില്ല.
എന്നാൽ എക്സിറ്റ് പോൾ ഫലം വന്നതോടെ ചിത്രം മാറി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണെന്ന് കെ.സി ആവർത്തിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയാവാൻ താനുണ്ടാകില്ലെന്ന് ഉറപ്പിച്ച് പ്രഖ്യാപിച്ചിരുന്നില്ല. ലീഗ് നിലപാട് പുറത്തുവന്നതോടെ കെ.സിക്ക് മേൽ സമ്മർദ്ദങ്ങളേറും. ഘടകക്ഷികൾ പ്രത്യേകിച്ച് ലിഗ് ചെലുത്തുന്നു സമ്മർദ്ദങ്ങൾക്ക് കോൺഗ്രസിന് വഴങ്ങേണ്ടിവരുമെന്ന സൂചനയാണ് എക്സിറ്റ് പോൾ ഫലം നൽകുന്നത്. സംസ്ഥാനത്തെ ഇഞ്ചോടിഞ്ച് പോരിൽ ഓരോ സീറ്റും ഇരുകക്ഷികൾക്കും പ്രധാനപ്പെട്ടതാണ്. ലീഗിനെ പിണക്കി ഒറ്റയ്ക്ക് ഭരിക്കാനുള്ള കരുത്തും കോൺഗ്രസിന് ഇത്തവണ ഉണ്ടാകുമോയെന്ന് പ്രവചിക്കുക സാധ്യമല്ല. അതുകൊണ്ടുതന്നെ കെ.സിയെ പോലൊരു നേതാവിന്റെ അനിഷ്ടം പിടിച്ചുപറ്റുമെന്നല്ലാതെ ലീഗിന് പരസ്യ അഭിപ്രായ പ്രകടനത്തിൽ മറ്റു ആഘാതങ്ങളൊന്നുമുണ്ടാവില്ല.
വി.ഡി സതീശന് ആശ്വാസം
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നത് ഉൾപ്പെടെ നിരവധി 'റിസ്കുള്ള' പ്രഖ്യാപനങ്ങളോടെയാണ് വി.ഡി സതീശൻ ഇത്തവണ യുഡിഎഫ് പ്രചരണങ്ങളെ നയിച്ചത്. സുനിൽ കനഗൊലു ഉൾപ്പെടെയുള്ളവരുടെ വിയോജനത്തിലും ഒറ്റ നേതാവിനെ മുൻനിർത്തി പ്രചരണം അണികൾ കൊഴുപ്പിച്ചതും വി.ഡി സതീശന് സമ്മർദ്ദങ്ങൾ വർധിപ്പിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലേറിയാൽ ആ ക്രെഡിറ്റ് പൂർണമായും ലഭിക്കുമെന്ന വി.ഡിയുടെ വിലയിരുത്തലാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ, പക്ഷേ വോട്ടെടുപ്പ് കഴിഞ്ഞതോടെ കെ.സുധാകരൻ നടത്തിയ നീക്കങ്ങൾ പ്രതിപക്ഷ നേതാവിന്റെ പാർട്ടിക്കുള്ളിലെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. എന്നാൽ ഇതൊക്കെ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ ഇല്ലാതാവുകയാണ്. പ്രവചനങ്ങളെല്ലാം വിജയിച്ചാൽ ഇത്തവണ മുഖ്യമന്ത്രി കസേരയിൽ വി.ഡിക്ക് എതിരാളികളുണ്ടാവില്ല.
English Summary: V. D. Satheesan has emerged as the frontrunner in the Congress chief ministerial race following exit poll trends. Support from Indian Union Muslim League has strengthened his position, while increasing pressure on K. C. Venugopal and other contenders. The developments indicate a shifting power dynamic within the Indian National Congress in Kerala.