Mamata Banerjee 
Analysis

വംഗനാട്ടിന്റെ ഹൃദയത്തിൽ തൊട്ട 'മാ, മാതി, മാനുഷ്', ദീദിയുഗം ബിജെപിക്കു വഴിമാറുന്നുവോ? അവസാന മണിക്കൂറുകളിലും പോരാട്ടവീര്യം കൈവിടാതെ മമത

ബംഗാളിലെ ബിജെപിയുടെ കുതിപ്പും തൃണമുല്‍ നേരിടുന്ന വെല്ലുവിളികളും പ്രകടമാക്കുന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ

Political Desk

വംഗനാട്ടില്‍ രാഷ്ട്രീയ അട്ടിമറി പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാള്‍ രാഷ്ട്രീയം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമാവുകയാണ്. ഭൂരിഭാഗം സര്‍വ്വേകളും ബിജെപി ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമെന്ന് പ്രവചിക്കുന്നു. പ്രമുഖ ഏജന്‍സികള്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍, മമത ബാനര്‍ജിയുടെ തൃണമുല്‍ കോണ്‍ഗ്രസ് വലിയ തകര്‍ച്ച നേരിടുമെന്നാണ് അഭിപ്രായപ്പെടുന്നത്.

എന്നാല്‍, സര്‍വേ ഫലങ്ങള്‍ പാടെ തള്ളുകയാണ് മമത. വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ഉയര്‍ത്തുന്നത്. ഗോഡി മീഡിയ എന്ന പരിഹാസം ഉയര്‍ത്തിയാണ് മമത എക്‌സിറ്റ് പോളുകളെ തള്ളുന്നത്. എക്‌സിറ്റ് പോളുകള്‍ വെറും മാധ്യമ നാടകമാണെന്നും പരിഹസിച്ചു.

ഇതിനൊപ്പമാണ് ഇവിഎമ്മുകളില്‍ അട്ടിമറി നടത്താന്‍ നീക്കം നടന്നതായി വിവരമുണ്ടെന്ന മമതയുടെ ആരോപണം. ബാലറ്റ് ബോക്‌സുകള്‍ രാത്രിയില്‍ തുറക്കാന്‍ ശ്രമം നടന്നതായും അവര്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വോട്ടെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിയായ തന്നെപ്പോലും കേന്ദ്രസേന തടയുന്ന സാഹചര്യമുണ്ടായെന്ന് മമത ചൂണ്ടിക്കാട്ടുന്നു.

ബംഗാളില്‍ ഇടതു കോട്ട തകര്‍ത്ത് സ്വന്തം സാമ്രാജ്യം പണിത മമത ബാനര്‍ജിക്ക് ഇടതു പക്ഷത്തിന്റെ അതേ ഗതിയാണോ കാത്തിരിക്കുന്നത് എന്ന നിലയില്‍ ആണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മൂന്നരപ്പതിറ്റാണ്ട് നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ചാണ് മമത ബാനര്‍ജി എന്ന 'ഒറ്റയാള്‍ പട്ടാളം' അധികാരത്തിലെത്തിയത്. 1998-ല്‍ കോണ്‍ഗ്രസ് വിട്ട് തൃണമുല്‍ കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ ബംഗാളിലെ സിപിഎം ഭരണത്തിന് അന്ത്യം കുറിക്കുക എന്നതായിരുന്നു മമതയുടെ ലക്ഷ്യം.

'മാ, മാതി, മാനുഷ്' (അമ്മ, മണ്ണ്, മനുഷ്യന്‍) എന്ന മുദ്രാവാക്യം സാധാരണക്കാരുടെ ഹൃദയത്തില്‍ തൊട്ടു. സിംഗൂരിലെയും നന്ദിഗ്രാമിലെയും ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ മമതയെ ജനകീയ നേതാവാക്കി മാറ്റി. 2011-ല്‍ ചരിത്രപരമായ വിജയത്തോടെ അവര്‍ അധികാരത്തിലെത്തി. എന്നാല്‍, ഇടതു പക്ഷത്തെ ജനങ്ങളില്‍ നിന്ന് അകറ്റിയ ഭരണത്തിലെ വെല്ലുവിളികളും വീഴ്ചകളും തന്നെയാണ് ഇന്ന് തൃണമൂലിനെ പ്രതിരോധത്തിലാക്കുന്നത്.

ശാരദ, നാരദ കേസുകള്‍ മുതല്‍ സമീപകാലത്തെ നിയമന അഴിമതിക്കേസുകള്‍ വരെ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും മറ്റും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമങ്ങള്‍, ഇടതുപക്ഷത്തിന്റെ കാലത്തെ 'കേഡര്‍ വാഴ്ച'യുടെ മറ്റൊരു രൂപമാണെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കി. ഇത് ഗ്രാമീണ മേഖലയിലെ വോട്ടര്‍മാരെ തൃണമുലില്‍ നിന്ന് അകറ്റാന്‍ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു

ബിജെപിയുടെ വളര്‍ച്ച

ബിജെപിയുടെ കടന്നുകയറ്റം തൃണമുലിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. 2014-ല്‍ കേവലം രണ്ട് സീറ്റുകളുണ്ടായിരുന്ന ബിജെപി, ഇന്ന് തൃണമുലിന്റെ പ്രധാന എതിരാളിയായി മാറിയത് അവരുടെ സംഘടനാ സംവിധാനത്തിന്റെ കരുത്തിലാണ്. ബിജെപി ഉയര്‍ത്തുന്ന തീവ്രമായ പ്രചാരണ രീതികള്‍ വോട്ടര്‍മാരുടെ ധ്രുവീകരണത്തിന് വഴിതെളിച്ചു. മമതയുടെ നിലപാടുകള്‍ വോട്ട് ബാങ്ക് രാഷ്ട്രീയമായി ചിത്രീകരിക്കപ്പെട്ടതും ഭരണവിരുദ്ധ വികാരത്തോടൊപ്പം ചേര്‍ന്നപ്പോള്‍ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം ഒരുങ്ങി. പ്രധാനമന്ത്രി മോദി മുതല്‍ രാഷ്ട്രീയ ചാണക്യന്‍ എന്ന വിശേഷണമുള്ള അമിത് ഷാ വരെ കളം നിറഞ്ഞാടിയത് ബംഗാള്‍ ബിജെപിക്ക് എത്രത്തോളം പ്രധാനമാണെന്ന് പറയാതെ പറയുന്നു. മമതയെ ഒരിക്കല്‍ വീഴ്ത്തിയാല്‍ പിന്നെ എന്നന്നേക്കുമായി തടയിടാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

മമതയ്ക്ക് ശേഷം ആര് എന്ന ചോദ്യം തൃണമുലിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. തമിഴ്നാട്ടില്‍ എഐഎഡിഎംകെ നേരിട്ട പ്രതിസന്ധിക്ക് സമാനമായ ഒരു സാഹചര്യം തൃണമുലിലും നിലനില്‍ക്കുന്നുണ്ട്. അഭിഷേക് ബാനര്‍ജി പാര്‍ട്ടിയുടെ രണ്ടാം നിരയിലേക്ക് വരുന്നുണ്ടെങ്കിലും പഴയകാല നേതാക്കള്‍ക്കിടയില്‍ അത് പൂര്‍ണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ല.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയും ബിജെപി അധികാരം പിടിക്കുകയും ചെയ്താല്‍ ഓപ്പറേഷന്‍ ലോട്ടസിന്റെ അലയൊലികള്‍ തൃണമുലിലേക്കും എത്താനുള്ള സാധ്യതകള്‍ എഴുതിതള്ളാനാകില്ല. മമത ബാനര്‍ജി എന്ന വ്യക്തിയുടെ പോരാട്ടവീര്യത്തിലാണ് തൃണമുല്‍ ഇതുവരെ പിടിച്ചുനിന്നത്. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കുക എത്രത്തോളം ദുര്‍ഘടമാണെന്ന് മമതയോളം തിരിച്ചറിഞ്ഞവര്‍ വേറെയില്ല. സംസ്ഥാന ഭരണം കൂടി കൈവിട്ടു പോകുകയാണെങ്കില്‍ അണികളെ കൂടെ നിര്‍ത്തുകയെന്ന ലിറ്റ്മസ് ടെസ്റ്റ് മമതക്ക് ബാലികേറാമലയാകും .

ബംഗാളിലെ വോട്ടര്‍മാര്‍ ഭരണമാറ്റമാണ് ആഗ്രഹിക്കുന്നതെങ്കില്‍, അത് ഒരു പാര്‍ട്ടിയുടെ മാത്രം വീഴ്ചയല്ല, മറിച്ച് ജനാധിപത്യ പ്രക്രിയയിലെ സ്വാഭാവികമായ തിരുത്തല്‍ കൂടിയായിട്ടാകും വിലയിരുത്തപ്പെടുക.

English summary: Mamata Banerjee’s hold on West Bengal faces a serious challenge, with exit polls indicating a possible win for the BJP due to anti-incumbency, corruption allegations, and governance concerns. Despite BJP’s strong campaign and growth, Mamata retains significant grassroots support and has rejected the polls. The final outcome will depend on the actual vote count.