ഗുജറാത്തിലെ മൊര്‍ബി ജില്ലയിലെ ജെറ്റ്പാര്‍ ഗ്രാമം സാക്ഷ്യം വഹിക്കുന്നതു കേവലമൊരു സമരത്തിനപ്പുറം, കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കു മുന്നില്‍ അടിയറവ് പറയാന്‍ വിസമ്മതിക്കുന്ന ഒരു ജനതയുടെ അതിജീവന പോരാട്ടത്തിനാണ്. അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് നടപ്പിലാക്കുന്ന ഹൈ-ടെന്‍ഷന്‍ പവര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍, അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന നിരാഹാര സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍ നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതൊരു താല്‍ക്കാലിക തന്ത്രം മാത്രമാണെന്ന് ആരോപിച്ച് കര്‍ഷകര്‍ സമരം ശക്തമായി തുടരുകയാണ്. മൊര്‍ബിയിലെ കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം വിപണി വിലയുടെ നാല് മടങ്ങ് നഷ്ടപരിഹാരമാണ്.
നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാര പാക്കേജ് 'വിപണി വിലയുടെ ഇരട്ടി' ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ തന്നെ നിശ്ചയിക്കുന്ന 'ജന്ത്രി' നിരക്കിലെ അപാകതകള്‍ പരിഹരിക്കാതെയും, വിപണി മൂല്യത്തെ ശരിയായ രീതിയില്‍ വിലയിരുത്താതെയും നല്‍കുന്ന ഈ പാക്കേജ് തങ്ങളുടെ നഷ്ടത്തിനു തുല്യമാകില്ലെന്നു കര്‍ഷകര്‍ ഉറപ്പിച്ചുപറയുന്നു. ഘട്ടംഘട്ടമായുള്ള പണമിടപാടുകള്‍ മാറ്റി മുഴുവന്‍ തുകയും ഒന്നിച്ചു നല്‍കുമെന്ന വാഗ്ദാനം നല്‍കിയെങ്കിലും കര്‍ഷകര്‍ക്ക് അതില്‍ വിശ്വാസമില്ല.
അദാനി ഗ്രൂപ്പിന്റെ ടവറുകളും ഹൈ-ടെന്‍ഷന്‍ ലൈനുകളും സ്ഥാപിക്കുന്നതിനായി കര്‍ഷകരുടെ സമ്മതമില്ലാതെ ഭൂമിയില്‍ പ്രവേശിക്കുന്നുവെന്നത് ഗുരുതരമായ ആരോപണമാണ്. എതിര്‍ക്കുന്ന കര്‍ഷകരെ പൊലീസ് ഭീഷണിപ്പെടുത്തുന്നതും, സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് പദ്ധതി നിര്‍മാണം വേഗത്തിലാക്കാന്‍ ശ്രമിക്കുന്നതും ജനാധിപത്യപരമായ രീതികളല്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ''ഞാന്‍ ഒരു പൈസ പോലും നഷ്ടപരിഹാരമായി കൈപ്പറ്റിയിട്ടില്ല. എന്നിട്ടും പൊലീസ് സുരക്ഷയിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതൊരു ഏകാധിപത്യമല്ലാതെ മറ്റെന്താണ്?'' സുരേന്ദ്രനഗറിലെ കര്‍ഷകനായ അജീത് ചൗഹാന്‍ ചോദിക്കുന്നു.
വാക്കാലുള്ള പ്രഖ്യാപനങ്ങള്‍ക്കപ്പുറം, സര്‍ക്കാര്‍ ഒരു ഔദ്യോഗിക ഉത്തരവ് ഇറക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ജൂലൈ നാലിനു സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങളെ അവിശ്വാസത്തോടെയാണ് കര്‍ഷകര്‍ കാണുന്നത്. മുന്‍കാലങ്ങളില്‍ ഇത്തരം വാഗ്ദാനങ്ങള്‍ വെറും വാക്കായി മാറിയ അനുഭവങ്ങള്‍ അവര്‍ക്കുണ്ട്. അതിനാല്‍, രേഖാമൂലമുള്ള ഉറപ്പും നാല് മടങ്ങ് നഷ്ടപരിഹാരവും ഉറപ്പാക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരപ്പന്തലിലെ കര്‍ഷകര്‍.
പതിനേഴ് കര്‍ഷകര്‍ തല മുണ്ഡനം ചെയ്ത് നടത്തിയ പ്രതിഷേധം ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സമാധാനപരമായ ഗാന്ധിയന്‍ സത്യഗ്രഹത്തിലൂടെ ആരംഭിച്ച സമരം, സര്‍ക്കാര്‍ നടപടികള്‍ കര്‍ക്കശമാകുമ്പോള്‍ കൂടുതല്‍ തീവ്രമായ പ്രതിഷേധങ്ങളിലേക്കു വഴിമാറുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഭരിക്കുന്നവര്‍ ശ്രമിക്കുമ്പോള്‍, മണ്ണില്‍ പണിയെടുക്കുന്ന സാധാരണക്കാരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നത് ഇന്ത്യയിലെ കാര്‍ഷിക വികസനത്തിന്റെ ഇരുണ്ട വശങ്ങളെയാണ് വെളിപ്പെടുത്തുന്നത്. കര്‍ഷകരുടെ ഈ പോരാട്ടം വിജയം കാണുമോ അതോ ഭരണകൂടം തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും.
പൊലീസ് സംരക്ഷണത്തോടെ അദാനി പോലുള്ള വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ ഭൂമിയില്‍ കടന്നുകയറുന്നത് ജനാധിപത്യപരമായ മര്യാദകളെ ചോദ്യം ചെയ്യുന്നതാണെന്ന വിമർശനം ശക്തമാണ്. കര്‍ഷകര്‍ വികസനത്തിന് എതിരല്ല, മറിച്ച് വികസനത്തിന്റെ പേരില്‍ കര്‍ഷകനെ ദരിദ്രനാക്കുന്ന സംവിധാനത്തെയാണ് അവര്‍ എതിര്‍ക്കുന്നത്. ഭരണകൂടവും കോര്‍പ്പറേറ്റുകളും ചേര്‍ന്ന് കര്‍ഷകരുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, ജെറ്റ്പാറിലെ കര്‍ഷകരുടെ ഈ പോരാട്ടം ഇന്ത്യയിലെ കാര്‍ഷിക മേഖല നേരിടുന്ന വലിയൊരു പ്രതിസന്ധിയുടെ നേര്‍ചിത്രമായി മാറുകയാണ്. നീതി ലഭിക്കും വരെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഈ കര്‍ഷകര്‍.
Jetpar village in Gujarat's Morbi district is witnessing more than just a protest—it's a struggle for survival by people refusing to surrender to corporate interests. Farmers' indefinite hunger strike demanding fair compensation for land acquired for a high-tension power line project by Adani Energy Solutions Limited has entered its 18th day.
Although the government has announced an increase in compensation, the farmers allege it is only a temporary tactic and have intensified their protest. Their key demand is compensation equal to four times the market value of their land.