1973 ല്‍ മരിക്കും മുന്‍പ് എഴുതി മുഴുമിച്ച കുറുംകവിതകളുടെ സമാഹാരമാണ് നെരൂദയുടെ 'ചോദ്യങ്ങളുടെ പുസ്തകം'. ചോദ്യങ്ങളെന്നതിനേക്കാള്‍ ഉത്തരം കിട്ടാക്കടംകഥകളാണ് ഈ പുസ്തകത്തില്‍ നിറയെ. പ്രകൃതിയോടും പ്രപഞ്ചത്തോടും മനുഷ്യാവസ്ഥയോടുമുള്ള ചോദ്യങ്ങളാണ് അവ. ഒരോ ചോദ്യവും ഒരു വിഷമപ്രശ്‌നമവതരിപ്പിക്കുകയും ഒരു ദുരൂഹതയുടെയോ സങ്കീര്‍ണ്ണതയുടെയോ മുന്നില്‍ നമ്മെ അത്ഭുതാഹ്‌ളാദപരതന്ത്രരായി, ഒരു മാത്രയെങ്കിലും, നില്‍ക്കാനനുവദിക്കുകയും ചെയ്യുന്നു. ശൈശവനിഷ്‌കളങ്കതയെ മുതിര്‍ന്നവരുടെ അനുഭവലോകവുമായി ചേര്‍ത്തുവയ്ക്കുന്ന, തത്ത്വജിജ്ഞാസയുടെയും ഭാവനാപരതയുടെയും വിചിത്രസങ്കരമാണ് ഈ ചോദ്യങ്ങള്‍.
ചില മാതൃകകള്‍ ഇങ്ങനെ -
'Where is the child I was,
Still inside me or gone?'
(ഒരിക്കല്‍ കുട്ടിയായിരുന്ന ഞാന്‍ എങ്ങോട്ടു പോയി,
ഇപ്പോഴും എന്റെയുള്ളില്‍ത്തന്നെ ഉണ്ടോ
അതോ
പുറത്തുപോയോ?)
'When Baudelaire used to weep
Did he weep black tears?'
(ബോദലേര്‍ കരയാറുള്ളത്
കരിങ്കണ്ണീരോ?)
'How many churches are in heaven?'
(പറുദീസയിലെത്ര പള്ളിയുണ്ട്?)
'Which yellow bird fills its nest with lemons?'
(കൂട്ടില്‍ ചെറുനാരങ്ങകള്‍ നിറയ്ക്കുന്ന ആ മഞ്ഞക്കിളിയേത്?)
വിതാനഭേദത്തോടു കൂടിയ ചോദ്യങ്ങളാണ് ഇവയോരോന്നും. ഒരു മുതിര്‍ന്ന മനുഷ്യന്റെ/മനസ്സിന്റെ ചോദ്യങ്ങള്‍ തന്നെ. ബോദലേറെയും നഷ്ടബാല്യത്തെയും പള്ളികളും അവ വാഗ്ദാനം ചെയ്യുന്ന പറുദീസയും തമ്മിലുള്ള ബന്ധത്തെയും മഞ്ഞക്കിളിയും ചെറുനാരങ്ങയും തമ്മിലുള്ള വര്‍ണ്ണസാമ്യത്തെയും മുന്‍നിര്‍ത്തിയാണ് ചോദ്യങ്ങള്‍. ഒരു കുട്ടിയും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കില്ല എന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ പൂര്‍ണ്ണമായും കുട്ടിയും കുട്ടിത്തവും ഒഴിഞ്ഞു പോയ ഒരാളില്‍ നിന്നും പ്രതീക്ഷിക്കാവുന്നവയുമല്ല ഈ ചോദ്യങ്ങള്‍. അതിനാല്‍ ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെയുമാവാം -
'ആ കുട്ടി എങ്ങും പോയിട്ടില്ല, പോവുകയുമില്ല;
അയാള്‍ കവിയാണെങ്കില്‍!'. കാരണം കവിത്വത്തോട് കുട്ടിത്തം കൂടിച്ചേരുമ്പോഴാണ് ഇത്തരം ചോദ്യങ്ങള്‍.
മഞ്ഞക്കിളിയുടെ കൂട്ടിലെ മഞ്ഞനാരങ്ങകളും സ്വര്‍ഗ്ഗത്തിലെ പള്ളികളും കറുത്ത കണ്ണീരും കാണുന്ന കണ്ണുകള്‍ കുട്ടിയുടേതാണ്. എന്നാല്‍ മതത്തിന്റെ അര്‍ത്ഥരാഹിത്യവും ബോദലേറുടെ ഇരുണ്ട ഭാവുകത്വവും മഞ്ഞയുടെ പാരസ്പര്യവും തിരിച്ചറിയുന്ന, മുതിര്‍ന്ന ഒരാളുടെ കണ്ണുകള്‍ കൂടിയാണത്. സ്വര്‍ഗ്ഗത്തില്‍ പള്ളിയോ പള്ളിയില്‍ സ്വര്‍ഗ്ഗമോ ഇല്ല എന്നും ബോദലേര്‍ പാപിയുടെ കരിങ്കണ്ണീര്‍ വാര്‍ക്കുന്നു എന്നും അയാളാണ് തിരിച്ചറിയുന്നത്. ചോദ്യങ്ങള്‍ കുട്ടിത്തത്തില്‍ നിന്നു വരുന്നു. ഉത്തരം മുട്ടുന്ന ഒരു മുതിര്‍ന്ന മനുഷ്യനെയാണവ ലക്ഷ്യമിടുന്നത്. ഉത്തരമില്ലാത്ത, ഉത്തരമേ ആഗ്രഹിക്കാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു മുതിര്‍ന്ന കുട്ടി ഈ കവിതകളുടെ പിന്നില്‍ ഉണര്‍ന്നിരിക്കുന്നു എന്നു പറയാം. വോഡ്കയും മിന്നലും ചേര്‍ന്ന കോക്ടെയിലിന്റെ പേരെന്താണെന്നു ചോദിക്കുന്നത് അയാളാണ്; ഒരു പൂച്ചയ്ക്ക് എത്ര ചോദ്യങ്ങളുണ്ട് എന്നു ചോദിക്കുന്നതും.
നെരൂദയുടെ കാവ്യജീവിതത്തില്‍, ലോകസാഹിത്യത്തില്‍ തന്നെയും, മറ്റ് സമാനതകളില്ലാത്ത ഈ കവിതകളാണ് കവിയും വിവര്‍ത്തകനുമായ എന്‍.പി. ചന്ദ്രശേഖരന്‍ മൊഴിമാറ്റുന്നത്. ചടുലവും ലളിതവുമായ പദ്യത്തില്‍, ഈരടികളായി അവയെ മലയാളിവായനക്കാരുടെ മുന്നിലേയ്‌ക്കെത്തിക്കാനാണ് ശ്രമം. ഇതിനു മുന്‍പ് നെരൂദയുടെ ഈ പുസ്തകം, പൂര്‍ണ്ണമായി, ആരും പരിഭാഷപ്പെടുത്തി കണ്ടിട്ടില്ല. നെരൂദാവിവര്‍ത്തനങ്ങളുടെ പ്രളയം സ്പര്‍ശിക്കാതെ പോയ ഏകാന്തമായ ആ തുരുത്തിനെയാണ് ശ്രീ. ചന്ദ്രശേഖരന്‍ മലയാളപ്പെടുത്തുന്നത് എന്ന പുതുമയും പ്രാധാന്യവും, അതിനാല്‍, ഈ വിവര്‍ത്തനത്തിനുണ്ട്. നെരൂദയുടെ രചനാസാരള്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ അദ്ദേഹം അങ്ങനെ ചെയ്യുന്നു.
ഇതാ, ചില ഉദാഹരണങ്ങള്‍ -
'ദിവസത്തിലാഴ്ച്ചകളെത്രയുണ്ട്?
മാസത്തിലെത്രയുണ്ടാ ണ്ടുകളും?'
'പറയുകെന്നോട്, നഗ്‌നയോ ചെമ്പനീര്‍?
അല്ല,തവളുടെ ഒറ്റയുടയാടയോ?'
'മഴയില്‍ നില്‍ക്കുന്ന തീവണ്ടിയേക്കാള്‍
വലിയ സങ്കടമേതുണ്ടു ഭൂമിയില്‍?'
വോഡ്കയും മിന്നലും ചേരുന്ന ആ അസാധ്യ കോക്ടെയില്‍ പോലെയാണ് ഈ വിവര്‍ത്തനങ്ങള്‍ എന്നു പറയാം; നെരൂദയും മലയാളവും ചേരുന്ന മിശ്രലഹരി. ഈ ലഹരിക്ക് നാം എന്‍.പി. ചന്ദ്രശേഖരന്‍ എന്ന കവിയോടും വിവര്‍ത്തകനോടും കടപ്പെട്ടിരിക്കുന്നു.
Bookosphere, a new book appreciation column by Sajay K. V., will be available on Madism Digital from October 1. The column will explore books and their literary significance, offering readers engaging perspectives and insights into notable works of literature.