Art and Literature

മലമുകളിലെ സ്കൂൾ

ക്ഷേമ കെ തോമസ്

മലമുകളിലെ സ്കൂളിൽ

മഴ പെയ്തു തുടങ്ങിയിരുന്നു.

മഴയോടൊപ്പം മത്സരിച്ച്

ചിതറിയോടുന്ന കുട്ടികൾ .

ചോർന്നു തുടങ്ങിയ മഴയിൽ

സ്കൂൾ തനിച്ചായി.

പകൽ കേട്ടു പഠിച്ച പാഠങ്ങളോരൊന്നും

രാവിൽ നക്ഷത്രങ്ങളോടൊപ്പം

ഉരുവിട്ട് സ്കൂൾ .

മിന്നൽ ചൂരലിൽ പുളഞ്ഞ്

പിന്നെയും പിന്നെയുമുരുവിട്ട്

ആകാശത്തോളം വളർന്ന് സ്കൂൾ.

പിറ്റേന്ന് മേൽക്കൂരയില്ലാത്ത സ്കൂളിൽ

മഴയ്ക്കും കാറ്റിനും വെയിലിനുമൊപ്പം

ഒരേ ക്ലാസിൽ ഒരുമിച്ച് പഠിച്ച്

ആകാശത്തോളം വളർന്ന് കുട്ടികളും .