കുടിക്കല്ലിനരികിൽ ഇരിക്കുമ്പോൾ
കുടക്കലിൻ്റെയരികിലെ
ആലിലകൾ മന്ത്രിക്കുന്നുണ്ട്
മരിച്ചു പോയ പിതാമഹർ
പറയാതെ പോയ കഥകൾ
പറയാതെ പോയ കഥകളുടെയും
ഓർമ്മകളുടെയും
സാക്ഷ്യമാണ് ഈ കുടക്കല്ലുകൾ
ഒരു വാക്ക് പോലും
നേരിടാനാവാതെ ഒറ്റപ്പെട്ടു നിൽക്കുന്നു ഞാൻ
അതിൻ്റെ അരികിൽ
എനിക്ക് നഷ്ടപ്പെട്ട പ്രണയം പോലെ
ഹ്യദയം നിശബ്ദത
പാലിക്കാൻ പറയുന്നു.
ഉള്ളിൽ ഒരു നിലവിളി ഒളിഞ്ഞിരിപ്പുണ്ട്
കാലത്തിന് തകർക്കാനാവാത്ത
നിലവിളി
കുടക്കല്ലിനടിയിൽ ഉറങ്ങുന്നത്
അപൂർണ്ണമായ ഗീതമാണ്
പ്രണയത്തിൻ്റെ ചൂടുള്ള കൈവിരലുകൾ
മണ്ണടിഞ്ഞപ്പോൾ ഉറഞ്ഞ് പോയൊരാത്മാവു പൊലെ
കാറ്റ് വീശുമ്പോൾ ഈ മണ്ണിൽ
നിൻ്റെ സംസാരത്തിൻ്റെ
നേരിയ അലയൊലികൾ.
ഈ ശവകുടീരത്തിൻ്റെ തണുപ്പിൽ
നിൻ്റെ ഗന്ധം മാത്രം ബാക്കി.
പറയാതെ പോയ വാക്കുകൾ
ഈ കല്ലുകൾക്കിടയിലെ വിള്ളലിൽ ഒളിപ്പിച്ച്
കുടക്കല്ലിൽ
ഞാൻ എൻ്റെ പ്രാർത്ഥനകൾ കൊത്തിവെക്കുന്നു
ഇനി വരാനിരിക്കുന്ന വസന്തങ്ങളിലും
ഈ കുടക്കല്ലുകൾ സാക്ഷിയായിരിക്കും
പ്രണയം മരിച്ചാലും
അതിൻ്റെ നീറ്റൽ
ഈ മണ്ണിൽ എക്കാലവും അവശേഷിക്കും.