“യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ...“ ബെത്ലഹേം കുടുംബ യുണിറ്റ് കണ്ട് ഈ ഗാനത്തിന്റെ നൊസ്റ്റാൾജിയ തലക്ക് പിടിച്ചു കേംബ്രിഡ്ജ് ചർച്ചിലെ മലയാളം കുർബാന കൂടാൻ തീരുമാനിക്കുന്നത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. ഞങ്ങളുടെ വീടിനടുത്തുള്ള പള്ളിയാണെങ്കിലോ കണ്ടാൽ ചില വിന്റേജ് ഇംഗ്ലീഷ് പ്രേതസിനിമകളിലേത് പോലുള്ള ഗോത്തിക്ക് സ്റ്റൈൽ തനി ബ്രിട്ടീഷ് പള്ളി.
സെന്റ് ആൻഡ്രൂസ് ചർച്ച്!
ചരിത്രപരമായി ഗ്രേഡ് 1 പട്ടികയിൽ പെടുന്ന അതിപുരാതനമായ പള്ളികളിൽ ഒന്നാണിത്. 900 വർഷങ്ങൾക്ക് മുൻപ് 1209 ലായി നിർമ്മിച്ച പള്ളി. പള്ളിയുടെ പുരാതനഭാഗങ്ങൾ സാക്ഷാൽ നോർമൻ കാലഘട്ടത്തിൽ പണിതവയാണ്. മലയാളം കുർബാനയുണ്ടാകുമെന്ന് പറഞ്ഞ ദിവസം വെള്ളഷാൾ തലയിലിട്ട്, ഉള്ളിൽ ശലമോന്റെ ഉത്തമഗീതത്തിലെ വരികൾ ഓർത്തു കൊണ്ട് നേരെ പള്ളിയിലേക്ക് വച്ചു പിടിച്ചു. ലാൻസെറ്റ് ജാലകളിലൂടെ അരിച്ചിറങ്ങുന്ന വേനൽ വെളിച്ചം തിങ്ങിയ ഹാൾ. ആഷ്ലാർ മുഖമുള്ള ചാൻസൽ. ചുറ്റും ആർക്കേഡ് കമാനങ്ങൾ. പതിവ് പോലെ താമസിച്ചു ചെന്ന കൊണ്ട് തിരുകർമ്മങ്ങൾ തുടങ്ങിയിരുന്നു. അടുത്ത് നിൽക്കുന്നത് ഒരു മലയാളി കുടുംബമാണ്. പത്ത് പന്ത്രണ്ട് വയസ്സ് വരുന്ന രണ്ട് പെൺകുട്ടികൾ കൈയിലോരോ ചെറുപുസ്തകങ്ങളും പിടിച്ചുറക്കെ വായിക്കുന്നുണ്ട്. പള്ളിവരെ വന്നതല്ലേ അനുസരണയോടെ കുർബാന കൈക്കൊള്ളാം എന്ന് കരുതി അടുത്തുള്ള കുട്ടിയുടെ പുസ്തകത്തിലേക്ക് ഏന്തി വലിഞ്ഞു നോക്കി. ഒരു നിമിഷം വേണ്ടി വന്നു തലച്ചോറിന് അസ്വാഭാവികമായ ഒന്ന് കണ്ടെടുത്ത് ഞെട്ടലിലേക്ക് വീഴാൻ!!!
“swargasthanaya njangalude pithave
angayude namam poojithamaakename
angayude rajyam varename…”
ഞാൻ പിന്നിലേക്കും മുന്നിലേക്കും നോക്കി. അതെ.. കുട്ടികളുടെ കൈയിലെല്ലാം ട്രാൻസ്-ലിറ്ററേറ്റഡ്ഡ് “transliterated ” മലയാളം കുർബാനക്രമങ്ങളാണ്. കണ്ണടച്ച് കേട്ടാൽ അല്പം ആക്സെന്റ് വ്യത്യാസം അവിടെയിവിടെയായി മുഴങ്ങുന്നുണ്ടെന്നല്ലാതെ കേൾവിയിലൊരു തനിമലയാളം കുർബാന. പക്ഷെ അൽമായ ജനത്തിൽ മുപ്പതിന് താഴേയുള്ള ബഹുഭൂരിപക്ഷവും മംഗ്ലീഷിലാണ് കുർബാന കൈ കൊണ്ടിരിക്കുന്നത്. ഇതിപ്പോൾ പ്രാഞ്ചിയേട്ടൻ ചോദിച്ച പോലെ യേശു എന്നൊരു പേരുള്ള വിവരം ജീസസ്സിന് അറിയാമോ എന്ന നിലയായി. മംഗ്ലീഷ് കുർബാന കഴിഞ്ഞു വെളിയിലിറങ്ങിയതും കൂട്ടുകാരിയുടെ മെസ്സേജ് : “Eppo varum?”
അല്പം മുൻപായി “swargasthane” കണ്ടിട്ടും ആദ്യം അസ്വാഭാവികത ഒന്നും തോന്നാതിരുന്നതിന്റെ കാരണം പിടി കിട്ടി. ലിപ്യന്തരണം എന്ന ഈ പ്രക്രിയക്ക് നമ്മുടെ തലമുറയുടെ തലച്ചോറ് വല്ലാതെ പാകപെട്ട് കഴിഞ്ഞു. യുകെയിൽ തന്നെ ജനിച്ചു വളർന്ന കുട്ടികളെ മലയാളം ലിപി പഠിപ്പിക്കുക പ്രയാസമാണെന്നിരിക്കെ ട്രാൻസ് ലിറ്ററേറ്റഡായിട്ടാണെങ്കിലും അവർ മലയാളത്തിലുള്ള പ്രാർത്ഥനകൾ ചൊല്ലാൻ ശ്രമിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ട ഒന്ന് തന്നെയാണ്. പക്ഷെ അത് ഒരു നിമിഷത്തേക്ക് സ്വാഭാവികമെന്ന് തോന്നിച്ച എന്റെ തലച്ചോറിന്റെ അവസ്ഥ ഒട്ടും ആശാവഹമല്ല.
മാസങ്ങൾക്ക് മുൻപ് നേരിട്ട ഒരു അനുഭവത്തെ ഈ പള്ളിയനുഭവവുമായി ചേർത്ത് വായിക്കാൻ ഒരു ശ്രമം നടത്തയായിരുന്നു ഞാൻ പള്ളിയിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ. ആ സംഗതി നടക്കുന്നത് മൂന്നു മാസങ്ങൾക്ക് മുൻപാണ്. ഞാൻ നൈറ്റ് ഡ്യൂട്ടിക്ക് എത്തിയപ്പോൾ പകൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ഒരു ഫിലിപ്പിനോ ഓടി വന്നൊരു കുറിപ്പ് തന്നിട്ട് ‘നാളെ രാവിലെ വരുന്ന മറ്റൊരു ഫിലിപ്പിനോയ്ക്ക് കൊടുക്കണം, അവരുടെ ഫോൺ നമ്പർ അറിയില്ല’ എന്ന് പറഞ്ഞ് കുറിപ്പ് ഏല്പിച്ചു പോയി. നോക്കുമ്പോൾ കുറിപ്പ് ഇംഗ്ലീഷിലാണ്. പക്ഷെ വായിച്ചാൽ മനസിലാകില്ല. പിറ്റേന്ന് മറ്റേ കക്ഷി വന്നു. കുറിപ്പ് വായിച്ചു. ചിരിച്ചു. വിവരം കൈമാറിയ നിരക്ഷരകുക്ഷിയായ എന്റെ കൗതുകം കണ്ടിട്ടാകും സ്വീകർത്താവ് ദയ തോന്നി കാര്യം വിശദീകരിച്ചു.
“താങ്കൾ കടം തന്ന പേനയ്ക്ക് നന്ദി.ഞാൻ റസ്റ്റ് റൂമിൽ വച്ചിട്ടുണ്ട്!!” ഇത്രയും ഫിലിപ്പിനോയിൽ എഴുതിയിരിക്കയാണ്. പക്ഷെ ലിപി ഇംഗ്ലീഷും. ഇതിന്റെ സംഗതി തിരക്കിയപ്പോഴാണ് അറിയുന്നത് വർഷങ്ങൾക്ക് മുൻപേ സ്പാനിഷ്,അമേരിക്കൻ അധിനിവേശങ്ങളോടെ നശിച്ചു പോയതാണത്രേ ഫിലിപ്പിനിയൻസിന്റെ ലിപി. ഇപ്പോൾ അവർ ഇംഗ്ലീഷ് അക്ഷരങ്ങളിലാണ് സ്വന്തം ഭാഷ എഴുതുന്നത്. ഇതേ അവസ്ഥ തന്നെ നൈജീരിയയിലെ നിരവധി ഭാഷകൾക്കുമുണ്ടെന്ന് മറ്റൊരു നൈജീരിയൻ വംശജയും സാക്ഷ്യം പറഞ്ഞു.
ഒരുൾകിടിലത്തോടെ ഞാൻ ഒരു മനുഷ്യൻ കാൽ കയറ്റി കിടക്കുന്ന രൂപമുള്ള “പ” എന്ന അക്ഷരത്തെയും മാക്കാൻ തവള പോലുള്ള “ക” യെയും ഋഷഭമെന്നെഴുതുമ്പോൾ കാളകൊമ്പ് തെളിയുന്ന “ഋ” വും “ആന“ എന്ന വാക്കിന്റെ ആദ്യക്ഷരം ”ആ“ നീണ്ടൊരു തുമ്പികൈയായി തൂങ്ങുന്നതും ഗർഭിണി എന്നെഴുതുമ്പോൾ വയറുന്തിയ “ഭ” എന്ന് പഠിപ്പിച്ച അമ്മയേയും ഓർത്തു.“ങേ…! ”എന്ന ഒറ്റ വാക്ക് കൊണ്ട് കുതിരവട്ടം പപ്പു പകർന്ന അന്താളിപ്പോർത്തു. ഠാ ഠാ മിഠായി എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിതയോർത്തു. ചില്ലും കല്ലും പെറുക്കി അമ്പത്താറക്ഷരം പഠിച്ച കാലത്ത് തലയിൽ വയ്ക്കുന്ന ബോയ്ക്ക് “റ” എന്ന് വിളിച്ചതോർത്തു. ഓർമ്മകൾ പോലും മലയാളത്തിലാണ് തലയിൽ കോഡ് ചെയ്തിരിക്കുന്നത്.ഉച്ചാരണം ആത്മാവാണെങ്കിൽ ലിപി അത് കുടികൊള്ളുന്ന ശരീരമാണ്.രണ്ടും കൂടി കലർന്നാണ് തലച്ചോറിൽ ഒരു സംഗതിയുടെ കോഡ് നിർമ്മിക്കപെട്ടിരിക്കുന്നത്. ഈ നിർമ്മാണ പ്രക്രിയയിലേക്കാണ് മംഗ്ലീഷ് കടന്നു വന്നിരിക്കുന്നത്.
‘ഞണ്ടുകൾ പോലുണ്ട് നിന്റെ ഭാഷയെന്ന്’ പറഞ്ഞു പണ്ടൊരു കന്നഡക്കാരിയോട് കന്നഡ ഗൊത്തില്ല എന്നടിച്ചപ്പോൾ “ഞങ്ങടെ ഭാഷ ഒന്നുമില്ലേലും ഞണ്ടുകൾ പോലൊരു സാമ്യത്തിൽ എളുപ്പം പഠിക്കയെങ്കിലും ചെയ്യാം mallu letters no chance” എന്ന തിരിച്ചടിയാണ് കിട്ടിയത്. അത് സത്യമാണ്. ഭാഷകളിൽ ഇത്രയും ആർട്ടിസ്റ്റിക്കായ ലിപികളുള്ള മറ്റൊരു ഭാഷ ഭൂമിയിൽ വേറെ കാണില്ല.“ക്ഷ” എന്നൊരു അക്ഷരം തന്നെ മികച്ചൊരു ചിത്രം പോലാണിരിക്കുന്നത്.
കഴിഞ്ഞ ജൂണിൽ ഭാഷാപരമായൊരു വലിയ അനുഭവം കേംബ്രിഡ്ജിൽ വച്ചെനിക്കുണ്ടായി.നമ്മുടെ ഭാഷയുടെ ശക്തി അന്നാണ് പിടികിട്ടിയത്. പദ്മരാജന്റെ പേരിലുള്ള യുവസാഹിത്യപുരസ്‌കാരം വാങ്ങാൻ നാട്ടിലേക്ക് പോകാൻ ഏഴു ദിവസത്തേക്ക് അടിയന്തര-അവധി ചോദിക്കണം. അവസാനനിമിഷം ചോദിച്ചാൽ കിട്ടാൻ വലിയ പാടാണ്. അല്ലെങ്കിൽ പിന്നെ വല്ല ചാക്കാലയോ രോഗമോ ആവണം. പദ്മരാജൻ എന്നൊരു വലിയ സിനിമസംവിധായനുണ്ടായിരുന്നു എന്റെ ഭാഷയിൽ. അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡാണ്, കോടികണക്കിന് മലയാളികൾ ആരാധിക്കുന്ന-നിങ്ങൾക്ക് ആന്റണി ഹോപ്കിന്സ് എങ്ങനെയാണോ ഞങ്ങൾക്ക് അത് പോലെയുള്ള ഒരു മഹാനടനായ മോഹൻലാലാണ് അവാർഡ് തരുന്നത്, പോയില്ലെങ്കിൽ ഈ ജന്മം മുഴുവൻ നഷ്ടബോധമാകും എന്നൊക്കെയുള്ള വസ്തുതകൾ ഞാൻ എന്റെ മാനേജറായ ഇംഗ്ലീഷുകാരിയോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.പക്ഷെ എന്റെ ആവേശമൊന്നും വിവർത്തനം ചെയ്യപ്പെട്ട് അവരിലേക്ക് എത്തുന്നില്ല.അവർ നോക്കട്ടെ എന്ന് പറഞ്ഞു പോയി. ലോകം മുഴുവൻ നിശ്ചലമായത് എനിക്കും. ശോ..ലാലേട്ടൻ,പദ്മരാജൻ അവാർഡ് സന്ധ്യ… സഹിക്കാൻ വയ്യ. ആവലാതികളോടെ ഞാൻ കണ്ണിൽ കണ്ട ബോർഡ് അംഗങ്ങൾക്കും ഗ്രൂപ്പുകൾക്കൊക്കെ മെയിൽ അയച്ചു.
“My linguistic necessity to attend a literary event…please grant me leave”
മെയിലുകൾ പറത്തി റിപ്ലൈ ഒന്നും കാണാഞ്ഞു നിരാശയോടെ ഒരു ക്ലാസ്സിന് പോയിരുന്നു. ഇടക്ക് വച്ചു പഠിപ്പിച്ചു കൊണ്ടിരുന്ന ജാനറ്റ് എന്തോ മെസ്സേജ് വന്ന് ക്ലാസ്സ് നിർത്തി. ശേഷം എന്റെ പേര് വിളിച്ച് എന്നോട് ഹെഡ് ഓഫ് ഡിപ്പാർട്മെന്റിനെ കാണാൻ ചെല്ലാൻ പറഞ്ഞു. ഞെട്ടലോടെ ഞാൻ ക്ലാസ്സിന് ശേഷം ബാഗും വായിച്ചു കൊണ്ടിരിന്ന പുസ്തകവുമെടുത്തു ഹെഡിന്റെ മുറിയിലേക്ക് ചെന്നു. ലോറെയിൻ എന്നൊരു ഇംഗ്ലീഷുകാരിയാണ്. അവർ മെല്ലെ പറഞ്ഞു തുടങ്ങി:
“ഗ്രൂപ്പിൽ തന്റെ മെയിൽ വന്ന ശേഷം ഏഴോ എട്ടോ പേരെന്നെ വിളിച്ചു. നിങ്ങളെ അവാർഡ് ചടങ്ങിന് വിടണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട്. എല്ലാം തന്റെ നാട്ടുകാരാണ്”
അവർ അത്ഭുതത്തോടെ എന്റെ ലീവ് റിക്വസ്റ്റ് കയ്യിലെടുത്തു തുടർന്നു.
“Now I catch your excitement.I am sanctioning your leave request beyond the logistics. Just for my curiosity, in which language is your book?”
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ഞാൻ കൈയിലുള്ള പുസ്തകം നീട്ടി കൊണ്ട് പറഞ്ഞു:
“malayalam. my language!!!!”
ഓഷോയുടെ ആത്മകഥയായിരുന്നു കൈയിൽ. പുസ്തകം ഒന്ന് തുറന്നു നോക്കിയ അവർ ചിരിച്ചു:
“sorry I could see only some circles”
കുറെ വൃത്തങ്ങൾ മാത്രമേ അവർക്ക് അതിൽ കാണാൻ സാധിച്ചുള്ളത്രേ. പക്ഷെ ആ വൃത്തങ്ങളിലായി ഒരു ജനതയുടെ പ്രാണനാണ് വിലയം ചെയ്തു കിടക്കുന്നതെന്ന് പറയണമെന്ന് തോന്നി. അവരുടെ മുറിക്ക് പുറത്തിറങ്ങിയതും ബോർഡ് ഓഫ് ഡയറക്ടർസ് പാനലിലെ ഏതൊക്കെയോ മലയാളികൾ സന്ദേശങ്ങൾ അയച്ചിരിക്കുന്നത് കണ്ടു. പദ്മരാജൻ, മോഹൻലാൽ എന്നൊക്കെയുള്ള പേരുകൾ ഒരു ഇംഗ്ലീഷ് ഒഫീഷ്യൽ മെയിലിൽ കണ്ടപ്പോൾ കേംബ്രിഡ്ജിലാണെങ്കിലും തങ്ങളുടെ ഉള്ളിലായി മഴ പൊടിഞ്ഞു എന്ന് അവരിൽ മിക്കവരും പറഞ്ഞു. എന്ത് വന്നാലും ഈ കുട്ടിയെ നാട്ടിലേക്ക് വിടണം എന്ന് അവരെ കൊണ്ട് ഒന്നായി പറയിച്ച ഒന്നുണ്ട്: മലയാള ഭാഷ-ആ ഭാഷ പകർന്ന ഭാവുകത്വം. ഇംഗ്ലണ്ടിന്റെ പ്രവാസജീവിതം എത്രയൊക്കെ തർജ്ജമ ചെയ്യാൻ ശ്രമിച്ചിട്ടും പൂർത്തിയാക്കാതെ പോയ മാതൃഭാഷയുടെ ഗൃഹാതുരസൗന്ദര്യം!!
കഴിഞ്ഞ 100 വർഷങ്ങൾ കൊണ്ട് മാത്രം 137 ലിപികൾ നശിച്ചു പോയി എന്നാണ് കണക്ക്.പോസ്റ്റ് കൊളോണിയൽ മാലിന്യങ്ങൾ കലർന്ന്, ഇംഗ്ലീഷ് ഭാഷ വിഴുങ്ങി കളഞ്ഞതാണ് ഒട്ടുമിക്ക ലിപിവൈവിദ്ധ്യങ്ങളെയും. ലോകത്തിൽ ജൈവവൈവിദ്ധ്യങ്ങളുടെ അഴക് മനുഷ്യനെന്ന ബോറൻ ഇരുകാലികൾ ഇല്ലാതെയാക്കി കൊണ്ടിരിക്കുന്ന കണക്ക് മനുഷ്യശബ്ദങ്ങളിലെ ബഹുസ്വരതയുടെ മനോഹാരിതയെ ഇന്റർനെറ്റ് കാലം സ്മൈലികളും ലിപ്യന്തരങ്ങളുടെ കുറുക്ക് വഴികളും കൊണ്ട് കുറുക്കിയെടുക്കയാണ്. ഓലത്തുമ്പ് കീറാത്തിരിക്കാൻ നാരായം ചരിച്ചു വട്ടെഴുത്തിലുരുട്ടി വൃത്തങ്ങളിലാദ്യമായൊരു ഭാഷയുടെ പേറെടുത്ത മനുഷ്യന്റെ തലയിൽ മുഴങ്ങിയ ആദ്യകരച്ചിലിനൊപ്പിച്ചു പൊക്കിൾ കൊടി മുറിച്ചു ചുറ്റിച്ചു “അ” എന്നെഴുതിയ ആ നിമിഷത്തോടെങ്കിലും നാം കടപ്പെട്ടിട്ടുണ്ട്. നമ്മുടെ മാതാമഹികൾ തലമുറകളെ നാവിലും മണ്ണിലും അരിയിലും സ്ലേറ്റിലുമായി എഴുതിച്ചു കൈമാറിവന്ന “ഹരി ശ്രീ” എന്ന രണ്ട് വാക്കുകളുടെ അഴകൊത്ത ഒടിവുകളിലൂടെ ചൂണ്ട് വിരൽ കൊണ്ടെങ്കിലും മൊബൈൽ സ്‌ക്രീനിൽ നാം പിൻനടക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ മലയാള ഭാഷയെ ഒരു കിളിയിലൂടെ പരനാദപ്രവേശം ചെയ്യിച്ചു ജനകീയമാക്കിയ എഴുത്തച്ഛനെന്ന മഹാപ്രതിഭയോടും അദ്ദേഹത്തിന്റെ നെടുംമ്പാതയിൽ എഴുത്തിന്റെ മഹാപ്രകാശവുമായി കടന്നു വന്ന അനേകായിരം എഴുത്താളരോടും ഒരു മലയാളിയായി പിറന്ന കടം വിട്ടാതെയാവും നമ്മുടെ ജന്മം കടന്നു പോവുക. എന്തിന് ലോകഭാഷകളെ വിഴുങ്ങാൻ നിൽക്കുന്ന ശത്രുപക്ഷത്തുള്ള ആംഗലേയ ഭാഷയോട് ക്ഷമിക്കാൻ പാകത്തിന് പത്തൊൻപതാം നൂറ്റാണ്ടിൽ കോട്ടയത്ത് ആദ്യമായി മലയാളഭാഷയെ അച്ചിൽ വാർത്ത ബെഞ്ചമിൻ ബെയ്‌ലിയോടും ശേഷം പുറത്തു വന്ന കോടി കണക്കിന് മലയാളം പുസ്തകങ്ങളോടുമുള്ള നന്ദി പറയാനാകാതെ നമ്മുടെ ജീവിതം കടന്നു പോകരുത്. ഭാഷയുടെ പ്രകാശം ചിരന്തനമായി നിലനിൽക്കാൻ വരും തലമുറകളുടെ ചുണ്ടാണി വിരലുകൾ പിടിച്ചു മൊബൈൽ സ്‌ക്രീനിലെങ്കിലുമൊരു “ഹരി ശ്രീ” കുറിപ്പിക്കേണ്ടതുണ്ട്.ലിപി നഷ്ടമെന്ന ഭാഷാപരമായ അസ്‌തിത്വദുഃഖം വരുംതലമുറകൾക്ക് നാം വരുത്തി വയ്ക്കരുത്. മറ്റൊരു ഭാഷയിലെ അക്ഷരങ്ങൾ കടമെടുത്ത് നമ്മുടെ ഭാഷയ്ക്ക് വാക്കുകൾ നിരത്തേണ്ട പടുതി നാം വരുത്തി വയ്ക്കരുത്. അതും അൻപത്തിയാറ് അക്ഷരങ്ങളുടെ മഹാസൗന്ദര്യമുള്ള മലയാളത്തിന് ആംഗലേയത്തിന്റെ പരിമിതപ്പെട്ട 26 “ആൽഫബെറ്റ്സിനോടൊരു“ പറ്റു പുസ്തകം തുടങ്ങേണ്ട ആവശ്യം തന്നെയില്ല.
Nirthunnu….
അല്ല നിർത്തുന്നു…!
The writer Aishwarya Kamala describes visiting one of the historically significant Grade I listed churches, believed to have been built in 1209—more than 900 years ago—with its oldest sections dating back to the Norman period. Expecting a Malayalam Mass, the writer arrives wearing a white shawl and enters the ancient church, captivated by its Gothic architecture, including lancet windows, an ashlar-faced chancel and surrounding arcade arches.
The writer notices a Malayali family nearby, including two young girls around 10–12 years old, each holding a small book and reading aloud during the service. Curious, the writer looks at one of the books and is shocked to discover that the Malayalam Mass prayers are written in transliterated Malayalam (Manglish) using English letters.
Although the Mass itself sounds like authentic Malayalam when heard, with only minor differences in accent, the experience highlights a generational shift: among the Malayali congregation, a large majority of those under 30 now participate in the Malayalam Mass using Manglish/transliterated Malayalam, rather than Malayalam script.