Art and Literature

81-ാം വയസ്സിൽ ബുക്കർ പുരസ്കാരം സ്വന്തമാക്കി എം ജോൺ ഹാരിസൺ; മാർഗരറ്റ് അറ്റ്‌വുഡിന്റെ റെക്കോർഡ് തിരുത്തിക്കുറിച്ച ചരിത്രനേട്ടം

ദി എൻഡ് ഓഫ് എവരിതിങ് എന്ന പോസ്റ്റ് അപ്പോക്കലിപ്റ്റിക് നോവലിനാണ് അം​ഗീകാരം.

Madism Desk

2026ലെ ബുക്കർ പുരസ്കാരം പ്രമുഖ സയൻസ് ഫിക്ഷൻ എഴുത്തുകാരൻ എം ജോൺ ഹാരിസണിന്. ദി എൻഡ് ഓഫ് എവരിതിങ് എന്ന പോസ്റ്റ് അപ്പോക്കലിപ്റ്റിക് നോവലിനാണ് അം​ഗീകാരം. 81-ാമത്തെ വയസ്സിൽ ഈ പുരസ്കാരം നേടുന്നതോടെ, ബുക്കർ ചരിത്രത്തിൽ ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. ലണ്ടനിലെ ഓൾഡ് ബില്ലിങ്സ്ഗേറ്റിൽ നടന്ന ഗംഭീര ചടങ്ങിലായിരുന്നു പുരസ്കാര ദാനം.

2019-ൽ 'ദി ടെസ്റ്റമെന്റ്‌സ്' (The Testaments) എന്ന കൃതിയിലൂടെ തന്റെ 79-ാം വയസ്സിൽ പുരസ്‌കാരം നേടിയ മാർഗരറ്റ് അറ്റ്‌വുഡിനെയാണ് ഹാരിസൺ പിന്നിലാക്കിയത്.

കൃത്യമായി വിശദീകരിക്കാനാവാത്ത ഒരു മഹാദുരന്തത്തിന് വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് സമൂഹം പൂർണ്ണമായും തകർന്നടിയുന്നതാണ് നോവലിന്റെ ഇതിവൃത്തം. സമീപഭാവിയിലെ കെന്റ് തീരത്തായി നടക്കുന്ന കഥയിൽ, ഫിലിപ്പ് ടെന്നന്റും പ്രായമായ അമ്മായി മാർണിയും അതിജീവിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ആവിഷ്കരിക്കുന്നത്. ഒപ്പം, 'ഐഗെറ്റി' (iGhetti) എന്ന നിഗൂഢ ജീവിവർഗ്ഗത്തിന്റെ ഭീഷണിയും അവർ നേരിടുന്നു. രൂപം മാറാൻ കഴിവുള്ള, ഭീമാകാരമായ ഈ ജീവികളുടെ ഉത്ഭവത്തെക്കുറിച്ചോ ഉദ്ദേശ്യങ്ങളെക്കുറിച്ചോ യാതൊരു വിവരവുമില്ല. വെറും 198 പേജുകൾ മാത്രമുള്ള ഈ കൃതി, ഇത്തവണ അന്തിമ പട്ടികയിലുണ്ടായിരുന്ന പുസ്തകങ്ങളിൽ ഏറ്റവും ചെറുതാണ്.

മുൻപ് പുരസ്കാരം നേടിയ പലരും സയൻസ് ഫിക്ഷൻ മേഖലയിൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും യഥാർത്ഥ സയൻസ് ഫിക്ഷൻ ലോകത്ത് നിന്ന് ഉയർന്നുവന്ന ആദ്യത്തെ ബുക്കർ ജേതാവ് ഹാരിസൺ ആണെന്ന് ബുക്കർ പ്രൈസ് ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ​ഗാബി വുഡ് വ്യക്തമാക്കി. ദശകങ്ങളായുള്ള തന്റെ സാഹിത്യജീവിതത്തിന്റെ അനുഭവസമ്പത്ത് ഓരോ പേജിലും അനായാസം പ്രതിഫലിപ്പിക്കുന്ന ഒരു എഴുത്തുകാരന്റെ ചരിത്രപരമായ നേട്ടമാണിത് എന്നും അവർ കൂട്ടിച്ചേർത്തു.

നിർമ്മിത ബുദ്ധിയുടെ കാലത്ത് ഏറെ പ്രസക്തമാകുന്നതാണ് ഈ പുസ്തകമെന്നും ലാർജ് ലാം​ഗ്വേജ് മോഡലുകളുടെ സ്വാധീനം നോവലിലെ ലോകത്തുണ്ടെന്നും ജൂറി വിലയിരുത്തിയിരുന്നു. 1945ൽ വാർവിക്ഷെയറിലെ റ​ഗ്ബിയിൽ ജനിച്ച ഹാരിസൺ 1965ലാണ് തന്റെ ആദ്യത്തെ കഥ വിൽക്കുന്നത്. 1970കളിൽ ന്യൂ വേൾഡ്സ് എന്ന സ്പെക്യുലേറ്റീവ് ഫിക്ഷൻ മാസികയിൽ അദ്ദേഹം സജീവമായി എഴുതിയിരുന്നു. നോവലുകൾക്ക് പുറമെ അഞ്ച് ചെറുകഥാ സമാഹാരങ്ങളും, 2023ൽ വിഷ് ഐ വാസ് ഹിയർ എന്ന ആന്റി-മെമ്മോയറും അദ്ദേഹം രചിച്ചിട്ടുണ്ട്. മികച്ചൊരു പർവതാരോഹകനും ഫെൽ റണ്ണറുമായിരുന്ന അദ്ദേഹം പർവത സാഹിത്യത്തിനുള്ള ബോർഡ്മാൻ ടാസ്കർ പുരസ്കാരം (1989 - ക്ലൈംബേഴ്‌സ്), ആർതർ സി ക്ലാർക്ക് അവാർഡ് (2007 - നോവ സ്വിങ്), ഗോൾഡ്സ്മിത്ത്സ് പുരസ്കാരം (2020 - ദി സൺകെൻ ലാൻഡ് ബിഗിൻസ് ടു റൈസ് എഗെയ്ൻ) എന്നീ ബഹുമതികളും നേടിയിട്ടുണ്ട്. ശ്രദ്ധേയമായ മറ്റൊരു കാര്യം, 2022-ലെ ബുക്കർ പുരസ്കാര നിർണ്ണയ സമിതിയിൽ (ജഡ്ജിങ് പാനൽ) അദ്ദേഹം അംഗമായിരുന്നു എന്നതാണ്.

പുരസ്കാരം താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആവേശഭരിതരായ സദസ്സിനോട് ഹാരിസൺ പ്രതികരിച്ചു. "ഒടുവിൽ ഞാനൊരു യഥാർത്ഥ എഴുത്തുകാരനായെന്ന് എനിക്ക് തോന്നുന്നു, എങ്കിലും തീരെ ആത്മവിശ്വാസമില്ല," അദ്ദേഹം പറഞ്ഞു. സ്വതന്ത്ര പ്രസാധകരായ 'സെർപെന്റ്സ് ടെയിലിന്' (Serpent’s Tail) ലഭിക്കുന്ന ആദ്യ ബുക്കർ പുരസ്കാരം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ബുക്കർ പുരസ്കാരത്തിനായി ഇത്തവണ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടവരിൽ മുൻ ജേതാക്കളായ രണ്ടുപേർ ഉൾപ്പെട്ടിരുന്നു. പുരസ്കാരം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന മർലോൺ ജെയിംസ് ('ദി ഡിസപ്പിയേഴ്‌സ്'), ഡഗ്ലസ് സ്റ്റുവർട്ട് ('ജോൺ ഓഫ് ജോൺ') എന്നിവരെയാണ് ഹാരിസൺ പിന്തള്ളിയത്. എലിസബത്ത് സ്ട്രൗട്ടിന്റെ 'ദി തിംഗ്‌സ് വി നെവർ സേ', ലൂക്ക് കെന്നാർഡിന്റെ 'ബ്ലാക്ക് ബാഗ്', റെബേക്ക പെറിയുടെ കന്നി നോവൽ 'മെയ് വി ഫീഡ് ദി കിംഗ്' എന്നിവയായിരുന്നു അന്തിമ പട്ടികയിലുണ്ടായിരുന്ന മറ്റ് കൃതികൾ. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഈ എഴുത്തുകാർക്ക് 2,500 പൗണ്ട് വീതം ലഭിക്കും.

M. John Harrison has won the 2026 Booker Prize for his post-apocalyptic sci-fi novel, 'The End of Everything.' At 81, he makes history as the oldest recipient of the prestigious award, breaking Margaret Atwood's previous record. The 198-page book, which explores a collapsed British society threatened by mysterious creatures, also marks the first time a bona fide science fiction novel has won the Booker Prize.