Art and Literature

പേരുകൾ

ഡി യേശുദാസ്

നാടായ നാടിനൊക്കെ

ഈ പേരായ പേരൊക്കെ

വിളിച്ചുപോയവർ ആരാണ്?

പേരു ചൊല്ലി ഒരിടത്തെ

ആദ്യം സ്നേഹിച്ചതാരാവും?

ആദ്യം കാമിച്ചതാരാവും?

ആദ്യം പേടിച്ചതാരാവും?

ആരായാലുമപ്പേരുകൾ

കവിതയുടെ പിറപ്പുകൾ

പേരുകൾ ചവുട്ടിച്ചവുട്ടി പോകെ

ആരാവും ആദ്യം

തിരുത്തിയിട്ടുണ്ടാവുക പേരുകൾ?

പോരുകൾ കൂടിയിട്ടുണ്ടാവുക?

ചോര ചാലിച്ചിട്ടുണ്ടാവുക?

അതിൻ അറിവുകൾ ബദലുകൾ

എന്തേതെവിടെങ്ങനെയതിൻ

സൂര്യൻ ഉദിച്ചസ്തമിച്ചൂ?

നിഴലുകൾ, നൂറ്റാണ്ടുകൾ പറന്നു ?

വെന്നും കൊന്നും

പേരുകൾ ഊരുകൾ താണ്ടി?

നേരുകൾ നുണകൾ ഭരിച്ചു?

തലകളുരുണ്ടൂ പേരുകളിൽ?

പ്രണയത്തിനാദ്യം പേർ വിളിച്ചപോൽ

കല്ലിൽ കൊത്തി ലോകത്തെ കാട്ടിയപോൽ

കഥകൾ ചമച്ചപോൽ നാമറിയും

ആദ്യത്തെ വേദനയെന്ത്? സുഖമെന്ത്?

അതിൻ കാംക്ഷകളെന്ത്?

അതിനെ ഒളിച്ചതും വിളിച്ചതുമെന്ത്?

ആദ്യകഥയിൽ

ഒടുക്കം എഴുതിയ ആദ്യദുഃഖമേ

ആ കവിതയുടെ ചോട്ടിലലയുന്നു ഞാൻ.