വസന്താന്റി വീടും പൂട്ടി അവരുടെ നാട്ടിലേക്കുള്ള വണ്ടി പിടിച്ചപ്പോഴാണ് മേരി തന്റെ പെട്ടിയും പ്രമാണങ്ങളും എടുത്ത് ജീസന്റെ ഫ്‌ളാറ്റിലേക്ക് നടന്നത്. മേരി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന് നേരെ എതിർവശത്താണ് ജീസന്റെ ഫ്ലാറ്റ്. തിരക്കേറിയ ഒരു റോഡിന്റെ അപ്പുറവും ഇപ്പുറവുമാണ് അവരുടെ താമസം. പ്രണയനാളുകളിൽ റോഡ് മേരിക്കൊരു പ്രശ്നമേ അല്ലായിരുന്നു. റോഡ് മുറിച്ചു കടക്കാൻ തീരെ വശമില്ലാത്ത മേരി എങ്ങനെയാണ് ഇത്രയെളുപ്പം അങ്ങേവശത്ത് എത്തിപ്പെടുന്നതെന്നോർത്ത് അന്നാളുകളിൽ അവളുടെ സുഹൃത്തുക്കളും ഇപ്പോൾ ഇടയ്ക്കിടെ മേരിയും അതിശയിക്കാറുണ്ട്. പണ്ട് സുഹൃത്തുക്കളുടെ അതിശയം കാണുമ്പോൾ "ഇതാണ് പ്രണയത്തിന്റെ മാജിക്ക്!" എന്നു പറഞ്ഞ് അതിനെ നിസ്സാര വൽക്കരിച്ച മേരിക്ക് ആ മാജിക്കിന്റെ അൽഗോരിതവും ലോഗരിതവുമൊക്കെ ഇപ്പോഴോർക്കുമ്പോൾ ദേഷ്യം കൊണ്ട് മേലാകെ കുളിർന്നു കേറും. വിവാഹത്തിന്റെ വക്കു വരെ എത്തിയ ആ ബന്ധം അലസിയതോടെയാണ് റോഡ് വീണ്ടും അവൾക്കൊരു പ്രശ്നമായത്. പൊതുവെ നല്ല തിരക്കുള്ള ഒരു റോഡായിരുന്നു അത്! ലോക്ക് ഡൌൺ വാർത്ത വന്നതോടെ ആ തിരക്ക് കൂടി.
"നീഡ് മൈ ഹെൽപ് റ്റു ക്രോസ് ദ റോഡ് മൈഡിയർ കനകദുർഗ്ഗ?"
കുറേ നേരമായി വണ്ടികൾ വരുന്നതും പോകുന്നതും നോക്കി പകച്ചു നിന്ന അവളോട് പാനീപൂരി കഴിക്കാനെത്തിയ വലിയ വയറുള്ള മലയാളി പ്രൊഫസർ ചോദിച്ചു. അയാളുടെ ചോദ്യം കേട്ട് കടക്കാരനായ പളുങ്കു കണ്ണുള്ള വൃദ്ധന്റെ ചുണ്ടിൽ ഒരു ചിരി മിന്നി. പണ്ടായിരുന്നെങ്കിൽ ആ കനകദുർഗ്ഗ വിളി കേട്ട് മേരി മോന്ത ഒരു കൊട്ട കേറ്റി വെച്ച് അയാളെ നോക്കി കൊഞ്ഞനം കുത്തിയേനെ പക്ഷെ കുറച്ചു കാലമായി അമ്മാമ്മയായ തെയ്യാമ്മ ചേടത്തിയെ പോലെ അവളും ആ വിളി ആസ്വദിച്ചു തുടങ്ങിയിരുന്നു.
"നോ ഐ വിൽ ഗോ സർ . "
മേരി അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവിടെനിന്നും അൽപ്പം നീങ്ങി തിരക്കൊഴിയുന്നതും നോക്കി നിന്നു. അപ്പോഴാണ് മമ്മിയുടെ വിളി വീണ്ടും എത്തിയത്.
"എന്നതാ മമ്മി ? "
അവൾ കാൾ അറ്റൻഡ് ചെയ്തു.
"നീ ഒന്നുകൂടി ആലോചിച്ചിട്ട് അങ്ങോട്ട് പോയാ പോരേടീ? അമ്മാമ്മ പറയുന്നതും കേട്ട് ഓരോ പൊല്ലാപ്പിൽ ചെന്ന് ചാടിക്കൊടുത്തോണം കേട്ടോ."
വീണ്ടും ഉപദേശിയെ കൂട്ട് അവർ അതുതന്നെ പറഞ്ഞു.
"ആലോചിച്ചിട്ട് എന്നാ ചെയ്യാനാ? നാട്ടിലോട്ടു വരാൻ വണ്ടിയോ വള്ളമോ ഒണ്ടോ? ഇവടെ പിന്നെ എന്റപ്പനോ കൊച്ചപ്പനോ ഇരിക്കുന്നോ? അപ്പൊ പിന്നെ അകലത്തെ ബന്ധുവിലും നല്ലത് അയലത്തെ ഈ ശത്രു തന്നെയാ. മമ്മി ചുമ്മാ ഇരുന്നിങ്ങനെ ടെൻഷനടിക്കാതെ ആ പശുക്ടാവിന് ഇച്ചരെ പരുത്തിക്കുരു അരച്ചു കൊടുത്തേരെ."
മേരിക്ക് ദേഷ്യം വന്നു.
ലോക്ക് ഡൌൺ പ്രഖ്യാപിക്കും വരെ വസന്താന്റി പിജി അടയ്ക്കുന്ന കാര്യമേ അവിടുത്തെ അന്തേവാസികളോട് പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് അടച്ചിടാനുള്ള തീരുമാനം കേട്ട് മേരി അവരോട് തട്ടിക്കയറിയത്. മേരി മാത്രമേ അവരോട് വഴക്കിനു നിന്നുള്ളൂ മറ്റുള്ളോരൊക്കെ കേട്ട പാതി കേൾക്കാത്ത പാതി തൊട്ടടുത്തുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയുമൊക്കെ വീടുകളിലേക്ക് പോയി. മേരി മാത്രം ഒറ്റ മരത്തിൽ കേറിയ കുരങ്ങനെ കൂട്ട് ഇനിയെന്ത് ചെയ്യണമെന്നോർത്ത് നിന്നു. അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ജീസന്റെ വിളി വരുന്നത്.
"എടീ നീ ഒന്ന് ഇവിടെ വന്നു നിക്കാമോ? ലൈസ ഒരാഴ്‌ചത്തെ കാര്യത്തിന് മുംബൈയിലോട്ട് പോയിരിക്കുവാ. അവളിനി ലോക്ക് ഡൌൺ കഴിയാതെ വരുന്നതെങ്ങനാ? കൊച്ചിനെ നോക്കാൻ വന്നു നിന്ന പെണ്ണുമ്പിള്ളയാണെ നാട്ടിലോട്ട് പോകണമെന്ന് വാശി കൂടി ഇന്നലെ ഞാൻ കേറ്റി വിട്ടു. കൊച്ചാണെ കരച്ചിലോ കരച്ചില്. എനിക്കാണേ തലയ്ക്ക് പ്രാന്ത് പിടിക്കുന്നുണ്ട്. നീയൊന്ന് വന്നു നിന്നാ എനിക്കിച്ചരെ സമാധാനമെങ്കിലും കിട്ടും. ഈ നാട്ടില് എനിക്കിങ്ങനെ വിളിക്കാൻ വേറെ ആരാ ഉള്ളത്?"
ജീസന്റെ ശബ്ദം അതിന്റെ സ്വതവേയുള്ള കടുപ്പമൊക്കെ കുറച്ച് കുറച്ച് യാചകരുടേത് മാതിരിയായിക്കഴിഞ്ഞിരുന്നു. മേരിക്ക് അതുകേട്ടിട്ട് ഒരു താൽപ്പര്യവും തോന്നിയില്ല. അതുകൊണ്ട് തന്നെ നോക്കട്ടേടാ. എന്ന ഒഴുക്കൻ മറുപടിയും കൊടുത്ത് ഇനിയെന്തു വേണ്ടൂ എന്നു തല പുകച്ചിരിക്കുമ്പോഴാണ് അമ്മാമ്മ വിളിക്കുന്നത്.
"നീ എന്തോ ഓർത്തിരിക്കുവാ? കൊറോണ മുമ്പീ കെടന്ന് കോനാന്തരം തുള്ളുന്ന സമയത്താ അവക്കട ഒരു ശത്രുത. നിനക്കിപ്പോ ഇത് തീരും വരെ സുരക്ഷിതമായിട്ട് നിക്കാനൊരിടം വേണം അതും അത്രേം അടുത്ത്. പത്തു പൈസ ചെലവുമില്ല. നീ ചുമ്മാ ചെന്നങ്ങു നില്ലെടി പെണ്ണെ. അങ്ങനെ നിന്നെന്നു വെച്ച് ആ പരനാറിയോടുള്ള വൈരാഗ്യമൊന്നും ഒട്ടും കൊറയ്ക്കണ്ടന്നെ. ഓരോ നിമിഷവും അവനെ ഇഞ്ചിഞ്ചായിട്ട് കൊന്നോണം. ഇനി ചിലപ്പോ ഇതുപോലൊരു അവസരം കിട്ടിയെന്നു വരില്ല. നാണം കെട്ടവൻ!"
അവർ താൻ പറഞ്ഞതിന്റെ അർത്ഥം ആസ്വദിച്ചെന്നോണം ഉറക്കെ ചിരിച്ചു.
"എന്നാലും അമ്മാമ്മേ ഇത്രേം ദിവസം അവന്റെ കൂടെ നിക്കണ്ടെ? "
മേരിക്ക് അതോർത്തിട്ട് ആകെയൊരു വല്ലായ്‌മ തോന്നി. അതുകേട്ട് തെയ്യാമ്മയ്ക്ക് വല്ലാതെ ചൊറിഞ്ഞുകേറി. അവർ അലക്കു കല്ലിന്റെ തുഞ്ചത്തു വെച്ച് മൂർച്ച കൂട്ടിയ കറിക്കത്തി കൊണ്ട് മുറ്റത്തെ വാഴയ്ക്കിട്ട് ഒറ്റ വെട്ടും നീട്ടിയൊരു ആട്ടും.
"ഫ് ഭ...അവക്കടെ ഒരു പുന്നാരം. എടിയെടീ, നേരും നെറിയുമില്ലാത്ത ആണും ചത്ത ശവവും ഒരുപോലാ! രണ്ടിനും പുല്ലു വെല. ആ രീതിക്ക് നീ എടപെട്ടാ മതി. ഹോ ഇങ്ങനൊരു ചങ്കൊറപ്പില്ലാത്ത പെണ്ണ്!"
എന്നും പറഞ്ഞ് അവർ ഠപ്പേന്ന് ഫോൺ കട്ട് ചെയ്തു. അതോടെ മേരിയുടെ ആശങ്ക മാറി. അവൾ അത്യാവശ്യം വേണ്ടുന്നതൊക്കെ എടുത്തു വെച്ച് ആത്മസുഹൃത്തായ വെങ്കിടിയെ വിളിച്ചുകാര്യം പറഞ്ഞു. ജീസന്റെ അടുത്തേക്കാണ് പോകുന്നതെന്നറിഞ്ഞപ്പോൾ അയാൾക്ക് വെപ്രാളമായി.
"എന്തിനാ ഇത്രയ്ക്ക് ടെൻഷൻ ? "
മേരി ചോദിച്ചു. മേരിയുടെ പിജിയ്ക്കടുത്തുള്ള ഒരു ഫ്ളാറ്റിലാണ് വെങ്കിടേഷ് താമസിക്കുന്നത്. മേരി ആ നഗരത്തിൽ എത്തിയ കാലം മുതൽ അവളുടെ അടുത്ത സുഹൃത്താണ് അയാൾ. പ്രശസ്തമായ ഒരു മാധ്യമ സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫായ വെങ്കിടി ജീസനുമായുള്ള മേരിയുടെ പ്രണയത്തിനും പ്രണയ തകർച്ചക്കും ശേഷമുണ്ടായ സകല ഗുലുമാലുകൾക്കും മൂക സാക്ഷിയാണ്! അതുകൊണ്ടു തന്നെ മേരിയുടെ തീരുമാനം കേട്ടപ്പോൾ അയാൾക്ക് പെട്ടെന്ന് ദേഷ്യം വന്നു.
"ഞാൻ മനസ്സിലാക്കിയിടത്തോളം ജീസൻ വലിയ സ്വാർത്ഥനും ദുഷ്ടനുമാണ്. നോക്കിയും കണ്ടും തീരുമാനങ്ങൾ എടുക്കുന്നതാണ് ബുദ്ധി! കഴിഞ്ഞതൊന്നും നീ മറന്നിട്ടില്ലല്ലോ?"
വെങ്കിടിയുടെ ശബ്ദം കനത്തു. അപ്പോൾ അയാളുടെയുള്ളിൽ എന്താണെന്ന് മേരി ഊഹിച്ചു. ജീസനിൽ നിന്നും ഉണ്ടായ അസുഖകരമായ അനുഭവങ്ങളിൽ നിന്നും, നിഴലു പോലെ പിന്തുടർന്ന മരണത്തിന്റെ കാൽപ്പെരുക്കങ്ങളിൽ നിന്നും മേരിയെ തിരികെ ജീവിതത്തിലേക്ക് പിടിച്ചിട്ടത് വെങ്കിടിയാണ്. വെങ്കിടി ഇല്ലായിരുന്നെങ്കിൽ തന്റെ പടമിപ്പോൾ വീട്ടിലെ ഭിത്തിയിൽ ലാമിനേറ്റ് ചെയ്ത് അടിപൊളിയായി തൂങ്ങിക്കിടന്നേനെ എന്ന് മേരി ഓർത്തു! തനിക്കു നേരെ വാ പിളർന്നു നിന്ന ഒരു കത്തിമുനയുടെ ഓർമ്മയിൽ മേരിയുടെ മേലു വിറച്ചു.
"ഓ ഒന്നും മറന്നിട്ടല്ല. ജീസനെ ഓർത്തിട്ടുമല്ല! കൊച്ചിന്റെ കാര്യം കേട്ടപ്പോ ഒരു ഇത്. പിന്നെ ഈ മുഹൂർത്തത്തിൽ ഞാൻ വേറെവിടെ പോയി നിൽക്കാനാ? അതാ."
മേരി പറഞ്ഞു.
"ഇത്രയൊക്കെ അനുഭവിച്ചിട്ടും അവൻ വിളിക്കുമ്പോഴേക്കും ഓടി ചെല്ലാൻ നിനക്കെങ്ങനെ സാധിക്കുന്നു? നിന്നെ ഓർക്കുമ്പോൾ ചിലപ്പോൾ വല്ലാത്ത ആശയക്കുഴപ്പം തോന്നും. ഇത്രയും നാൾ കൊണ്ട് എന്താണ് മനുഷ്യരെ പറ്റി നീ മനസ്സിലാക്കിയിരിക്കുന്നത്?"
വെങ്കിടേഷ് അവളുടെ നിസ്സംഗതയിലേക്ക് പൊടുന്നനെ നൂഴ്ന്നിറങ്ങി. മേരി അതിനു മറുപടി പറയാതെ എന്തോ ഓർത്തെന്നോണം ഫോണും പിടിച്ച് ജനാലയിലൂടെ നിരത്തിലെ തിരക്കിലേക്ക് നോക്കിനിന്നു.
"പറ... ?"
വെങ്കിടേഷ് ചോദ്യം ആവർത്തിച്ചു.
"കുന്തം! നിങ്ങളെ പോലെ ഞാൻ ഫിലോസഫിയൊന്നും പഠിച്ചിട്ടില്ല. ആകെ എനിക്കറിയാവുന്ന കാര്യം ചില മനുഷ്യരെ ഒരിക്കലും മാറ്റാൻ സാധിക്കില്ലെന്നുള്ളതാ. ആ ബോധ്യത്തോടെ അവരോട് ഇടപെടാൻ സാധിച്ചാ ഒള്ള സമാധാനം കളയാതെ ജീവിക്കാം അത്രതന്നെ!"
മേരി തോളുകൾ ഇളക്കിക്കൊണ്ട് അയാളെ നേരിൽ കണ്ടെന്ന പോലെ കുടു കുടെ ചിരിച്ചു.
"ഹോ... എന്തു വലിയ കാഴ്ചപ്പാട്! എങ്കിലിനി ഒട്ടും സമയം കളയാതെ ജീസന്റെ കൂട്ടിലേക്ക് പറന്നോ എന്നിട്ട് കിട്ടുന്നതും മേടിച്ചു വാ."
വെങ്കിടേഷ് ശബ്ദമുയർത്തി.
"എനിക്ക് എന്നാ ചെയ്യണമെന്ന് ഒരു പിടീം ഇല്ല. അമ്മാമ്മ പറഞ്ഞു കുറച്ചു ദിവസം ഒരു ശവത്തിന്റെ കൂടെയാന്നു വിചാരിച്ചു നിക്കാൻ. ഞാൻ എന്തോ വേണം പറ? "
മേരി വീണ്ടും ആശയക്കുഴപ്പത്തിലായി. അതുകേട്ടതോടെ ഫോണിന്റെ അങ്ങേതലയ്ക്കൽ വെങ്കിടിയുടെ ചിരി മുഴങ്ങി.
"അതു കൊള്ളാം അമ്മാമ്മ പറഞ്ഞിട്ടാണെങ്കിൽ നീ പോകണം. അവന് പറ്റിയ ഉപമ എന്താണെന്ന് അവർക്കറിയാം."
വെങ്കിടി പൊട്ടിച്ചിരിയോടെ ആ സംഭാഷണം അവസാനിപ്പിച്ചു. മേരി അതോടെ ചിലതൊക്കെ വാരിക്കെട്ടി പുറത്തിറങ്ങി.
സമയം ആറര കഴിഞ്ഞിരുന്നു. എല്ലാ കടകളിലും സാധനങ്ങളും മറ്റും വാങ്ങിക്കൂട്ടുന്ന ആളുകളുടെ തിരക്ക്. മേരി തിരക്കും വേഗവും പകുത്തെടുത്ത് മുന്നോട്ടുരുളുന്ന ചക്രങ്ങളുടെ നിശ്വാസങ്ങൾക്കിടയിലൂടെ ഓടിയും നടന്നും ഇടയ്ക്കു നിന്നും അപ്പുറം കടന്നു. മൂന്നാം നിലയിലാണ് ജീസന്റെ ഫ്‌ളാറ്റ്. വിവാഹം കഴിഞ്ഞാൽ ഒരുമിച്ചു താമസിക്കാനായി അവനത് തന്റെ അഭിരുചികൾക്കനുസരിച്ച് ഫർണിഷ് ചെയ്യണമെന്നു പറഞ്ഞതും ഇന്റീരിയറിനും മറ്റുമായി തന്റെ അധ്വാനത്തിന്റെ നല്ലൊരു പങ്ക് അവൻ ചോദിക്കാതെ തന്നെ താൻ ചിലവഴിച്ചതുമെല്ലാം മുകളിലേക്ക് കയറുമ്പോൾ മേരി ഓർത്തു. അറ്റാച്ചഡ് ബാത്റൂമുള്ള ആ ത്രീ ബെഡ്‌റൂം ഫ്ലാറ്റിൽ വലിയൊരു ഹാളും മനോഹരമായ കിച്ചണും ചെറിയൊരു ബാൽക്കണിയുമുണ്ട്. ചില സന്ധ്യകളിൽ മേരി ജീസനൊപ്പം ബാൽക്കണിയിലെ ചൂരൽ കസേരയിലിരുന്ന് താഴെ നഗരത്തിന്റെ പഴുത്ത ഞരമ്പുകളിലൂടെ അന്നന്നത്തെ അപ്പവുമായി കൂടണയാനോടുന്ന ഉറുമ്പോളം പോന്ന മനുഷ്യരേയും, മേലെ ചെഞ്ചായം പടർന്ന മുകിൽ അടരുകൾക്കുള്ളിലൂടെ ചേക്കേറാൻ പറക്കുന്ന പക്ഷികളെയും നോക്കിയിരുന്നിട്ടുണ്ട്. മേരി വലിയൊരു ദീർഘ നിശ്വാസത്തോടെ കാളിംഗ് ബെല്ലിൽ വിരൽ അമർത്തി.
ഒച്ച കേൾക്കേണ്ട താമസം അവളെ ഏറെ നേരമായി കാത്തിരിക്കുന്ന മട്ടിൽ ജീസൻ ഓടി വന്ന് വാതിൽ തുറന്നു. വളരെ പ്രിയപ്പെട്ട ഒരാളെ കുറെ നാളുകൾക്കു ശേഷം കാണുന്ന മട്ടിൽ,
"എത്ര നാളായെടീ ഇങ്ങനെ നേർക്കു നേരെ കണ്ടിട്ട്. അതെങ്ങനാ ഇടക്കിങ്ങോട്ടൊക്കെ ഒന്നു വരണമെന്ന് തോന്നിയാലല്ലേ."
എന്ന് ചുമ്മാ പരിഭവം പറഞ്ഞു. മേരി അതിനു മറുപടി പറയാതെ സെറ്റിയിൽ ഇരുന്നു കൊണ്ട് ഉദാസീന ഭാവത്തിൽ ചുറ്റും നോക്കി. ആ വീടകം തീരെ അപരിചിതമാം വിധം അവളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
"ഈ കളർ കോമ്പിനേഷൻ മൊത്തം ലൈസേടെ ഐഡിയകളാണ് കേട്ടോ. അതാണിങ്ങനെ മുറിയാകെ മഞ്ഞച്ചിരിക്കുന്നെ. എനിക്കിതിലൊരു പങ്കുമില്ല. എന്റെ ടേസ്റ്റുകളൊക്കെ നിനക്കറിയാവല്ലോ? "
മേരിയുടെ മുഖത്തെ ചളുങ്ങിയ ഭാവം കണ്ട് ജീസൻ പറഞ്ഞു.
"ങേ ഞാനെങ്ങനാ നിന്റെ ടേസ്റ്റ് അറിയുന്നെ? നീ ഏതു നാട്ടുകാരനാ? ശ്ശെടപാടെ വരുന്നോന്റെം പോണോന്റേം ഒക്കെ ടേസ്റ്റ് നോക്കുന്നതാന്നോ എന്റെ പണി? എന്റെ മുറി ഏതാണെന്ന് പറ?"
മേരി ബാഗുമെടുത്ത് എഴുന്നേറ്റു. അതു കേട്ടതോടെ ജീസനാകെ ചമ്മിപ്പോയി.
"ഹോ! നിനക്കെന്നാ മാറ്റമാടീ"
എന്നും പറഞ്ഞ് ചമ്മിചുളുങ്ങിയ മുഖത്തേക്ക് ഒരു ചിരി വലിച്ചു വാരിയിട്ടു കൊണ്ട് അയാൾ ബാൽക്കണിയോട് ചേർന്നുള്ള ബെഡ്‌റൂമിലേക്ക് നടന്നു.
"ആ എനിക്ക് നല്ല മാറ്റമുണ്ട്! നിനക്കാ ഇല്ലാത്തത്. അല്ലാ നീയൊക്കെ ഇനി എന്നു മാറാനാ അല്ലേ?"
മേരി അർത്ഥം വെച്ച് അവനെ നോക്കി എക്കിളെടുക്കും പോലെ ഒരു പുച്ഛച്ചിരി ചിരിച്ചു. ജീസന്റെ മുഖം പെട്ടെന്ന് മങ്ങി. എങ്കിലും ഒരു ചിരി കൊണ്ട് പെട്ടെന്നത് മറച്ച് അവൻ വേറെന്തെല്ലാമോ പറഞ്ഞു. മേരി അതിനൊക്കെ ചുമ്മാ മൂളിക്കൊടുത്തു കൊണ്ട് മുറിയിൽ സാധനങ്ങൾ ഒതുക്കി വെച്ച ശേഷം സാനിറ്റയ്സർ കൊണ്ട് കൈ വൃത്തിയായി കഴുകി ഫോൺ ചാർജ്ജ് ചെയ്യാൻ വെച്ചു. ജീസൻ അൽപ്പനേരം കൂടി എന്തെങ്കിലും സംസാരിക്കാമെന്നു കരുതി അവിടൊക്കെ ചുറ്റിപറ്റി നിന്നെങ്കിലും അവൾ ഒന്നും മിണ്ടിയില്ല അതോടെ അയാൾ ടിവിയിൽ കോവിഡ് വാർത്തകളും കണ്ടിരുന്നു. മേരി കട്ടിലിൽ ഇരുന്നു കൊണ്ട് ചുമ്മാ ഓരോന്നോർത്തു.
ആറു വർഷം മുമ്പ് വീഗാലാന്റിൽ വെച്ചാണ് മേരിയും ജീസനും തമ്മിൽ ആദ്യമായി കാണുന്നത്. അതും ഭ്രാന്തൻവേഗത്തിൽ കറങ്ങുന്ന ജയന്റ് വീല് ഏറ്റവും തുഞ്ചത്ത് കറക്കവും നിർത്തി ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരുന്ന നേരത്ത്! മേരിയ്ക്ക് താനിപ്പ പേടിച്ചു മുള്ളി താഴോട്ട് വീഴുമെന്ന് തോന്നി ആ നേരത്താണ് തൊട്ടടുത്തിരുന്ന ചേട്ടൻ അവളുടെ കയ്യിൽ പിടിക്കുന്നത്. മേരി പിന്നെ ഒന്നും നോക്കിയില്ല ആ കയ്യേൽ ഇറുക്കിയൊരു പിടുത്തം! ആ പിടുത്തവും വർത്താനവും തീർന്നത് ജയന്റ് വീലീന്ന് നിലം തൊട്ടപ്പോഴാണ്. അങ്ങനെ വള്ളീം പുള്ളീം പറഞ്ഞു വന്നപ്പോഴാണ് ജീസന്റെ വകയിൽ ഒരു ആന്റിയെ കെട്ടിച്ചിരിക്കുന്നത് മേരിയുടെ നാട്ടിലാണെന്നറിയുന്നത്. ആ പരിചയപ്പെടലിന്റെ അന്ന് തന്നെ ജീസൻ മേരിയുമായി വാട്സാപ്പിലും ഫേസ് ബുക്കിലുമൊക്കെ ബന്ധം പുലർത്താൻ തുടങ്ങി.
ആന്റിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് പലവട്ടം മേരിയുടെ നാട്ടിലെത്തി. അവളെ കാണുകയും ചെയ്തു.
"ആരാടി ആ കൊഞ്ഞാണൻ ചെറുക്കൻ? അവനെ കണ്ടിട്ടൊരു വശപ്പെശക് ഉണ്ട് കേട്ടോ."
എന്ന് ഒരിക്കൽ അമ്മാമ്മ അവളെ താക്കീത് ചെയ്തു. അതിന് മേരി "നല്ലവനാ അമ്മാമ്മേ എന്റെ ഫ്രണ്ടാ." എന്നും പറഞ്ഞ് തടിതപ്പിയെങ്കിലും, അമ്മാമ്മ സംഗതി അറിഞ്ഞാൽ ആകെ പൊല്ലാപ്പാകുമെന്ന് പേടിച്ച് ഒരു ലേണിങ് ആപ്പിൽ ജോലി തരപ്പെടുത്തി അവളും ബാംഗ്ലൂർക്ക് വിട്ടു. അങ്ങനെ പ്രണയം മുറുകി മുറുകി വിവാഹത്തിലോട്ട് എത്തിയെന്ന് ഉറപ്പായപ്പോഴാണ് മേരി കാര്യങ്ങളൊക്കെ അമ്മാമ്മയോടും മമ്മിയോടും പറഞ്ഞത് തന്നെ.
"കാണാനൊരു വേട്ടാവളയന്റെ മട്ടും മാതിരിയുമൊക്കെ ഉണ്ടെങ്കിലും നിനക്കതു മതിയെങ്കി ഞങ്ങക്ക് എതിരൊന്നുമില്ല."
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അമ്മാമ്മ പറഞ്ഞു. അമ്മാമ്മയത് പറഞ്ഞപ്പോ അവൾക്ക് വലിയ സന്തോഷമായി. പിന്നീട് പക്ഷെ നടന്നത് മേരി മനസ്സിലോ മാനത്തോ കാണാത്ത സംഗതികളാണ്. വീട്ടിൽ കാര്യമൊക്കെ അവതരിപ്പിച്ച് തിരികെ ബംഗളുരുവിൽ എത്തിയ മേരി കണ്ടത് പുതിയൊരു ജീസനെയാണ്.
"നീ എന്നതാ ഈ പറേന്നെ ജീസാ? ഇത്രേം വരെ കാര്യങ്ങൾ എത്തീട്ട് ഇപ്പം എല്ലാം അവസാനിപ്പിക്കാമെന്നു പറഞ്ഞാ? " മേരിക്ക് തല കറങ്ങുംപോലെ തോന്നി.
"എടി, ഞാൻ കൊറെ അങ്ങോട്ടാലോചിച്ചു, അപ്പഴല്ലേ ഒരു കാര്യം മനസ്സിലായെ... ഈ കല്യാണത്തിലൊന്നും ഒരു കാര്യോം ഇല്ലെടി. നമുക്ക് നല്ല ഫ്രണ്ട്സ് ആയിട്ട് കഴിയാമ്മേലേ? എനിക്കൊരു ഭാര്യേ കിട്ടാനോ നിനക്കൊരു ഭർത്താവിനെ കിട്ടാനോ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേങ്കി ഒരു നല്ല ഫ്രണ്ടിനെ കിട്ടാനൊണ്ടല്ലോ വല്ലിക്കാട്ടെ പാടാ. ഇന്ന് മുതല് നീ എന്റെ ബെസ്റ്റ് ഫ്രണ്ടാ."
ജീസൻ അവൾക്ക് മുഖം കൊടുക്കാതെ നിന്നു പരുങ്ങിക്കൊണ്ട് വീണ്ടും എന്നാണ്ടൊക്കെയോ സുവിശേഷവും പറഞ്ഞുകൊണ്ടിരുന്നു. മേരിക്കൊന്നും മനസ്സിലായില്ല.
"എന്നാ പിണ്ണാക്കാണേലും കാര്യം പറഞ്ഞേച്ച് ഒഴിഞ്ഞു പോകാമ്മേലേടാ മലരെ? "
ഒരുപാട് നിർബന്ധിച്ചതിനു ശേഷവും അവൻ കാര്യം പറയാതെ വളഞ്ഞു മൂക്കിൽ പിടിക്കുന്നത് കണ്ട് മേരിക്ക് ദേഷ്യം മൂത്തു. അന്നേരമാണ് അവൻ പറയുന്നത് .
"മേരീ, ഈ ബന്ധത്തിന് എന്റെ വീട്ടിലാർക്കും താൽപ്പര്യമില്ല. അമ്മാമ്മയെ പറ്റിയും നിന്നെപ്പറ്റിയും അത്ര നല്ലതൊന്നുമല്ല അവർക്ക് കിട്ടിയ വിവരം. പിന്നെ നിന്റെ അപ്പാപ്പനും പപ്പയുമൊക്കെ എടിപിടീന്നാണല്ലോ മരിച്ചത്?"
അവൻ വാക്കുകൾ പുറത്തേക്കുന്താൻ വല്ലാതെ ക്ലേശിച്ചു.
"എടാ ആരെന്തു പറഞ്ഞാലും നിനക്കെന്നെ അറിയാലോ. അതവരോട് പറയാൻ മേലേ? "
മേരി അവനെ തുറിച്ചു നോക്കി.
"നിങ്ങടെ രണ്ടാൾടേം ആ കനകദുർഗ്ഗയെ കൂട്ടുള്ള എടുപ്പും നടപ്പും ഒക്കെയാ പ്രശ്നം. നിന്റെ ഫോട്ടോ കാണിച്ചപ്പം തന്നെ വല്ലാത്തൊരു ഭാവമാ എന്നും പറഞ്ഞ് മമ്മി ആകെ ഒച്ചപ്പാടും ബഹളവും. കാശില്ലേലും വേണ്ടില്ല കൊച്ചും കുടുംബവും നന്നായിരിക്കണം എന്നാ അവർക്കടെ ഡിമാൻഡ്! അവരെ എതിർത്ത് ഒന്നിനും എനിക്ക് മേല."
ജീസന്റെ മുഖം പെട്ടെന്ന് മറ്റാരുടേതോ പോലെ മാറി മറിഞ്ഞു. മേരി അന്ധാളിപ്പോടെ നെഞ്ചിൽ കൈവെച്ചു. പിന്നെ ചുവരിൽ തൂക്കിയിട്ടിരുന്ന കർത്താവിന്റെ അന്ത്യ അത്താഴത്തിന്റെ ഫോട്ടോയും ചൂണ്ടി ചങ്കു പൊട്ടും പോലെ ആണയിട്ടു.
"എടാ, ജീസാ... ലെ ഇരിക്കണ കർത്താവിനാണെ ഇതൊന്നും സത്യമല്ല. നീ എന്റെ നാട്ടിലെ ആരോട് വേണേലും അന്വേഷിച്ചോ. ആൺ തൊണ ഇല്ലേലും നല്ല അന്തസ്സായിട്ടാ ഞങ്ങള് ജീവിക്കുന്നെ. പിന്നെ എന്റെ അപ്പാപ്പൻ അറ്റാക്ക് വന്നും പപ്പ ഇലക്ട്രിക് കമ്പിയേല് ഇരുമ്പു തോട്ടി മുട്ടിയുമാ മരിച്ചെ. വല്ലോരും വല്ല പെഴപ്പും പറഞ്ഞെന്നു വെച്ച് നീ ഞങ്ങളെ ഛെ! പിന്നെ എന്റെ ഈ കണ്ണും നുണക്കുഴിയുമൊക്കെ കണ്ടിട്ട് ഏതോ വിശുദ്ധയെ കൂട്ടുണ്ടെന്ന് പറഞ്ഞ നീയാ ഇപ്പം... എന്റെ അമ്മാമ്മ ഇത് കേട്ടാലൊണ്ടല്ലോ ആ അരിവാളിന് നിന്റെ തല വീശും."
മേരി നിന്നു പുകഞ്ഞു.
"എടീ അതൊക്കെ എനിക്കറിയാം പക്ഷെ എന്റെ ഡാഡിയെം മമ്മിയേം എങ്ങനെ വിശ്വസിപ്പിക്കും? അതും അത്രക്ക് വേണ്ടപ്പെട്ട ഒരാള് പറയുമ്പം?"
"ആരാ ജീസാ ഈ വേണ്ടപ്പെട്ടൊരാള്? നിന്റെ ആന്റിയാന്നോ?"
മേരിയുടെ ഒച്ച മുറുകി.
"അതു പിന്നെ..."
ജീസൻ വല്ലാതെ വിക്കി.
"നീ സത്യം പറ."
"ആന്റിയല്ല, പീറ്ററു ചാച്ചനാ! ആ നാട്ടീ ജനിച്ചു വളർന്ന ചാച്ചൻ പറഞ്ഞാ മമ്മീം ഡാഡീം വിശ്വസിക്കാതിരിക്കുന്നതെങ്ങനാ! അതു പോട്ടെ നീയിനി ഇതൊന്നും വീട്ടിലറിയിക്കണ്ട. അതു കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു. പക്ഷെ നിനക്ക് ഞാനൊരു വാക്ക് തരും അതെന്താണെന്ന് വെച്ചാ ഞാൻ കെട്ടിയാലും നമ്മളിതു പോലെ നല്ല ഫ്രണ്ട്സായിരിക്കും അതുപോരെ?"
ജീസൻ വിക്കി.
"ഓഹോ അപ്പം അങ്ങേരാണ് വില്ലൻ അല്ലേ? അയാക്ക് ഞാൻ വെച്ചിട്ടുണ്ട്. നമ്മളിനി ആരാ? ഫ്രണ്ട്സ്! അല്ലേടാ?"
ദേഷ്യം കൊണ്ട് മേരിയുടെ പല്ലുകൾ കൂട്ടി വിറച്ചു.
"അല്ലാതെന്ത് ചെയ്യാനാ? ഫ്രണ്ടോ പെങ്ങളോ? ഏതു വേണം? എനിക്കൊരു തടസോം ഇല്ല"
ജീസൻ ബാൽക്കണിയിലെ മൺചട്ടിയിൽ മേരി വളർത്തുന്ന ഒറിഗാനോയുടെ ഇല നുള്ളി എറിഞ്ഞു കൊണ്ട് ശബ്ദത്തിന്റെ കടുപ്പം വല്ലാതെ കൂട്ടി.
"ആ, നീയിതിപ്പം പറഞ്ഞത് കൊണ്ട് കുഴപ്പമില്ലെടാ. രണ്ടു പിള്ളേരുണ്ടായി കഴിഞ്ഞിട്ടാ നീയെന്നെ പെങ്ങളാക്കുന്നതെങ്കി ഞാൻ ഒസ്തിയേനെ."
മേരി ഒറിഗാനോയുടെ പതുപതുപ്പുള്ള ഇലയിൽ നിന്നും തന്റെ കടും പച്ച ച്യുരിദാറിലേക്ക് ചാടിയ ഒരു പുൽപ്പോന്തിനെ തിരികെ ഇലകളിലേയ്ക്ക് വെച്ച് പെട്ടെന്ന് അവിടെ നിന്നിറങ്ങി. നിയന്ത്രിച്ചിട്ടും നിയന്ത്രിക്കാനാവാതെ കുറേ വേദനകളും വെറുപ്പും കനകദുർഗ്ഗയുടേയും അമ്മാമ്മയുടേയും തന്റേയും കോലത്തിൽ അവളെ ഞെരുക്കി.
മേരി അന്നു തന്നെ നാട്ടിലോട്ടു വിട്ടു. കരഞ്ഞു തളർന്നു വാടികൊഞ്ചി പെലകാലയ്ക്ക് എത്തിയ അവളെ കണ്ട് തെയ്യാമ്മചേടത്തിയുടെയും മേഴ്സിയുടെയും ചങ്കു കലങ്ങി.
കാണാൻ നല്ല കപ്പളങ്ങ പഴം കണക്കെ ഇരിക്കുന്ന തെയ്യാമ്മയുടെ ഞെരിപ്പൻ പ്രായത്തിലാണ് ആൺപിറന്നോന്റെ മരണം. പിന്നീട് ഒരു ആൺകൂട്ടിനു ശ്രമിക്കാതെ തെയ്യാമ്മ ജീവിച്ചത് മകൾ മേഴ്സിക്കു വേണ്ടിയാണ്. രാത്രികളിൽ ഒരരികത്ത് മകളേയും, മറ്റേ അരികത്ത് എന്നും തേച്ച് മൂർച്ച കൂട്ടിയ അരിവാളും വെച്ച് പുറമെ നിന്നും ഉയരുന്ന കരിയിലകളുടെ ചെറിയ കലപിലകൾക്കു പോലും കാതോർത്തു കൊണ്ട് അവർ കിടന്നത് ഒന്നും രണ്ടുമല്ല പതിനെട്ടു വർഷം! മേഴ്സി വിവാഹം കഴിച്ചതിനു ശേഷമാണ് അവർ പിന്നീട് സ്വസ്ഥമായൊന്ന് ഉറങ്ങുന്നത്.
മേരി ജനിച്ചതോടെയാണ് പണ്ടെന്നോ അടഞ്ഞു കൂമ്പിപ്പോയ തന്റെ നുണക്കുഴികൾ അവർക്ക് വീണ്ടെടുക്കാനായത്. ആ തെളിച്ചവും പൊടുന്നനെയാണ് കെട്ടത്. ഉറക്കമില്ലാത്ത രാത്രികൾക്ക് രണ്ടു വിധവകളെ കൂടി സമ്മാനിച്ചുകൊണ്ട് കാലം പിന്നെയും അവരോട് ക്രൂരത കാട്ടി. അങ്ങനെ വല്ലാത്തൊരു ഉന്തലും തള്ളലിലും ജീവിതം ഉരുണ്ടു മറിഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് യാതൊരു അറിയിപ്പുമില്ലാതെ മേരി വീട്ടിലെത്തുന്നത്.
"എന്നതാ പെണ്ണെ നീയിത്ര എടിപിടീന്ന്?"
തെയ്യാമ്മയും മേഴ്‌സിയും ഒരുമിച്ച് ചോദിച്ചു. അതിനുള്ള മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്ന. ആദ്യമായാണ് മേരിയങ്ങനെ വാപിളർന്നു കരയുന്നത്. കുഞ്ഞിലേ തൊട്ടേ വികാരങ്ങളെ ആവുന്നതും ഉള്ളിൽ തന്നെയിട്ട് മെരുക്കി മെരുക്കിയെടുക്കാനാണ് അമ്മാമ്മ അവളെ ശീലിപ്പിച്ചിട്ടുള്ളത്!
"നിന്റെ വേദനേം വിഷമോം ഒന്നും പുറത്താരേം കാണിക്കണ്ട. എന്തോ വന്നാലും കരിമ്പാറ കണക്കെ ഒറച്ചു നിന്നോണം. നിന്റെ ഉള്ളിലെന്തുവാണെന്ന് മുഖം നോക്കി ആർക്കും കണ്ടുപിടിക്കാൻ ഒക്കരുത്."
അമ്മാമ്മ പറയുമ്പോലെ ആവാൻ മേരി പരമാവധി ശ്രമിച്ചിട്ടും പൂർണ്ണമായും അതിനവൾക്ക് സാധിച്ചിട്ടില്ല. ഒരുപാട് നിർബന്ധിച്ച ശേഷമാണ് മേരി കാര്യം പറഞ്ഞത്. അതു കേട്ടതോടെ പനിക്കൂർക്കയുടെ തടത്തിലെ പുല്ലുപറിച്ചോണ്ടിരിക്കുകയായിരുന്ന തെയ്യാമ്മ ചേടത്തിക്ക് തന്റെ ദേഹമാകെ പനിച്ചൂട് പൊന്തുന്നതായി തോന്നി. ആ ചൂടോടെ അവർ ചാടിയെണീറ്റ് അകത്തേക്കോടി കട്ടിലിനു കീഴെ മൂർച്ച കൂട്ടി വെച്ചിരുന്ന അരിവാളുമെടുത്ത് മുറ്റത്തോട്ട് ചാടി.
"ഇന്നാ പെഴപെട്ടവന്റെ അന്ത്യമാ. മാനമായിട്ട് ജീവിക്കുന്ന പെണ്ണുങ്ങളെ പറ്റി അവരാതം പറഞ്ഞിട്ട്...."
അവർ ഓട്ടത്തിനിടെ അലറി.
"അയ്യോ വേണ്ടമ്മാമ്മേ..."
മേരി അവരുടെ പുറകെ ഓടി. രണ്ടു പറമ്പ് അപ്പുറത്തു വെച്ചാണ് മേരിക്ക് അമ്മാമ്മയെ പിടികിട്ടിയത്.
"അയാളെ കൊന്ന് അമ്മാമ്മ ജയിലീ പോയാ ഞങ്ങക്ക് ആരാ ഒള്ളത്?"
മേരി അവരുടെ കാലുപിടിച്ചു കരഞ്ഞു. ഏറെ നേരത്തെ പിടിവലിയ്ക്ക് ശേഷമാണ് അവർ അടങ്ങിയത്.
അധികം വൈകാതെ മേരി ബംഗളുരുവിലേക്ക് തിരിച്ചു പോയി. ജീസൻ കല്യാണമൊക്കെ കഴിച്ച് മേരിയുടെ എതിരെ ഫ്ലാറ്റിൽ ആർഭാടമായി മധുവിധു ആഘോഷം തുടങ്ങി. മേരി ആ വേദനയിൽ ജോലിക്ക് പോകാതെ സ്വന്തം മുറിയിൽ അടച്ചിട്ടിരുന്നു. വേദന കൂടുമ്പോഴെല്ലാം അവൾ ഫെയിസ് ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒക്കെ കേറി ലൈവ് വിഡീയോ ഇട്ട് സ്വയം ആശ്വാസം കണ്ടെത്തി. അവിടെ അങ്ങനെ കാര്യങ്ങൾ ഒരുവിധം ശാന്തമായെങ്കിലും മേരിയുടെ നാട്ടിൽ ജീസൻ അഴിച്ചുവിട്ട കൊടുങ്കാറ്റിന്റെ ഭീകരത കുടിക്കൂടിവരികയായിരുന്നു.
മേരി ബംഗളുരുവിലേക്ക് വണ്ടി കയറിയതും അമ്മാമ്മ തന്റെ കട്ടിലിനു കീഴെ വെച്ചിരുന്ന കാച്ചിച്ച അരിവാളുമെടുത്ത് പീറ്ററിനെ കാണാനിറങ്ങി. "ഹോ..." ആ സംഭവം ഓർത്തതോടെ മേരിയുടെ കയ്യിലെ നനുത്ത നീല രോമങ്ങൾ എഴുന്നു നിന്നു! അതൊരു ഓണക്കാലമായിരുന്നു. പറമ്പിൽ ഉണ്ടായ പച്ചക്കറിയൊക്കെ പറിച്ച് മാർക്കറ്റിലോട്ട് കേറ്റി വിട്ട് പണിക്കാർക്ക് കാശും കൊടുത്ത് വീട്ടിലേക്ക് പോരുകയായിരുന്നു പീറ്റർ. അപ്പോഴാണ് ഇടതുവശത്തെ പറമ്പിൽ നിന്നും തന്റെ അടുത്തേക്ക് ഓടിവരുന്ന തെയ്യാമ്മചേടത്തിയെ അയാൾ കാണുന്നത്. അവരുടെ ആ വരവ് കണ്ട് പീറ്ററിന്റെ തടിച്ച ചുണ്ടിന്റെ കോണോട് കോണൊപ്പിച്ച് ഒരു ചിരി വിരിഞ്ഞു. അയാൾ തന്റെ രണ്ടായിരത്തി നാലു മോഡൽ ബജാജ് കാലിബർ റോഡരികത്ത് ഒതുക്കി അവരെത്തുന്നതും കാത്ത് നിന്നു. വയസ്സ് പത്തറുപത്തഞ്ചായെങ്കിലും ഇപ്പോഴും തെയ്യാമ്മ ചേടത്തിയെ കാണാൻ മുറ്റാണ്! പണ്ടത്തെ മാദകനടി കനക ദുർഗ്ഗയുടെ അതേ ശരീരവും ഛായയുമാണ് അവർക്കുള്ളത്! അതുകൊണ്ടു തന്നെ അവരെ നോക്കി വെള്ളമിറക്കാത്ത ഒരാണും അന്നാട്ടിലോ അയൽനാട്ടിലോ ഉണ്ടായിരുന്നില്ല പക്ഷെ ആ കൊതിയും കൊണ്ട് അടുക്കാൻ ചെന്ന ശാന്തൻ ചട്ടമ്പിയുടെ അവസ്ഥ അറിയാവുന്നതു കൊണ്ട് പിന്നീടാർക്കും അതിനുള്ള ധൈര്യം ഉണ്ടായിട്ടുമില്ല.
ശാന്തൻചട്ടമ്പി അന്നാട്ടിലെ ഇറക്കുമതി ഗുണ്ടയും എമ്പിടി ക്രിമിനൽ കേസുകളിലെ പ്രതിയും പെണ്ണു കേസിൽ 'നിനൈത്തതെ മുടിപ്പവൻ' എന്ന ഖ്യാതിയ്ക്ക് അർഹനുമായിരുന്നു. ശാന്തന്റെ വരവോടെ അന്നാട്ടിലെ പെണ്ണുങ്ങളുടെ ഊണും ഉറക്കവുമൊക്കെ പോയി. ആ കാലത്താണ് 'നെല്ല് ' സിനിമ നാട്ടിലെ കൊട്ടകയിൽ കളിക്കുന്നത് സാധാരണയായി റാക്കും മോന്തി അടിപിടിയും മാടം പൊക്കലുമായി പുറമെ കഴിഞ്ഞിരുന്ന ശാന്തൻ 'നെല്ല് ' വന്നതോടെ തന്റെ ആർമ്മാദമെല്ലാം കൊട്ടകയ്ക്കകത്താക്കി.
"കാട് കുളിരണു... കൂട് കുളിരണ് മാറിൽ ഒരു പിടി ചൂടുണ്ടോ?"എന്നു പാടിക്കൊണ്ട് കനകദുർഗ്ഗ സ്‌ക്രീനിലും ശാന്തൻ കൊട്ടകയ്ക്കകത്തും നിറഞ്ഞാടി! തന്റെ ആയുസ്സിൽ അതുപോലെ കൊതിപ്പിച്ച മറ്റൊരു പെണ്ണിനെ ശാന്തൻ കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ആ മാദകത്വം കണ്ടിട്ടും കണ്ടിട്ടും മതിയാകാത്ത അയാൾ തന്റെ തീറ്റയും കുടിയുമൊക്കെ കൊട്ടകയിലാക്കി. കൊട്ടകയിൽ ശാന്തനു വേണ്ടി 'നെല്ല് 'നിർത്താതെ കളിച്ചു കൊണ്ടിരുന്നു. അക്കളി തുടർന്നതോടെ കൊട്ടകയിലെ ഓപറേറ്ററും, മുതലാളിയും, "കാട് കുളിരണു..."പാടിയാടി കനകദുർഗ്ഗയും വശം കെട്ടു.
"ഈ മുടിഞ്ഞവനെ ഇനി എങ്ങനെ പുറത്തോട്ട് കെട്ടിയെടുക്കും? പോലീസിനോട് പറഞ്ഞാ അവൻ നമ്മടെ തല തല്ലി പൊളിക്കും. ഹോ ഇവനെ പുറത്തിറക്കാൻ ഒരു വഴിയും കാണുന്നില്ലല്ലോ എന്റെ ചൊറിച്ചികാവ് ഭഗവതീ..."
കൊട്ടക മുതലാളി നെഞ്ചിൽ തല്ലി. അപ്പോഴാണ് ഭഗവതി കൊണ്ടു കൊടുത്ത പോലെ കനകദുർഗ്ഗയുടേത് മാതിരി മുഖവും മുടിയും നുണക്കുഴികളുമുള്ള തെയ്യാമ്മയുടെ മുഖം അയാളുടെ ഉള്ളിൽ വരുന്നത്. ഒരു വിധവയ്‌ക്കിട്ട് അങ്ങനൊരു പണി കൊടുക്കുന്നത് തന്തയ്ക്കു പിറക്കായ്കയാണെന്ന് അറിയാമായിരുന്നിട്ടും ശാന്തനെ ഇറക്കി വിടാൻ ഒടുവിൽ അതുതന്നെ മാർഗ്ഗം എന്ന് ഉറപ്പിച്ചു കൊണ്ട് അയാൾ കൊട്ടകയ്ക്കുള്ളിലേക്ക് ഓടി. അതിനകത്തപ്പോൾ ശാന്തൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാൾക്ക് ചുറ്റിലും ഒഴിഞ്ഞ മദ്യ കുപ്പികളും തീറ്റ സാധനങ്ങളുടെ അവശിഷ്ടവും സമൃദ്ധമായി ബീഡിക്കുറ്റികളും മൂത്രത്തിന്റെ അതിരൂക്ഷമായ ഗന്ധവും ഉണ്ടായിരുന്നു. ശാന്തന്റെ ശ്രദ്ധ മുഴുവൻ സ്‌ക്രീനിലാണ്. സ്‌ക്രീനിലാണെങ്കിൽ കുറുമാട്ടിയും മല്ലനും തമ്മിൽ ഏറുമാടത്തിൽ വെച്ചുള്ള വികാര നിർഭരമായ സീനാണ്! ശാന്തൻ അതും നോക്കി കണ്ണും മിഴിച്ച് വായും തുറന്ന് ഇരിക്കുകയാണ്. ഒരുപാട് നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് ശാന്തനെ സ്‌ക്രീനിൽ നിന്നും ഇറക്കി കൊണ്ടുവരാൻ മുതലാളിക്ക് കഴിഞ്ഞത്.
"അല്ലാ... ശാന്തന് ഇത് എന്നാ പറ്റി? ഇക്കാര്യത്തില് ഒരു പഞ്ഞവുമില്ലാത്ത ആളാന്നല്ലോ എന്നിട്ടിപ്പ ഇങ്ങനെ ഈ സ്ക്രീനേലും നോക്കി? "
അയാൾ ശാന്തനെ ആ അന്തംവിട്ട ഇരിപ്പിൽ നിന്നും ഭയ ഭക്തി ബഹുമാനത്തോടെ പതിയെ കുലുക്കി ഉണർത്തിക്കൊണ്ട് ചോദിച്ചു.
"എന്നതാടാ... മോനേ?"
എന്നും ചോദിച്ച് ഇപ്പ അടി വീഴും എന്ന് അയാൾ കരുതിയെങ്കിലും
"വിശപ്പിന്ന് വിഭവങ്ങൾ വെറുപ്പോളമശിച്ചാലും വിശിഷ്ട ഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും!"
എന്ന ആശാൻ വരികൾ ചൊല്ലിക്കൊണ്ട് ശാന്തൻ വീണ്ടും സ്ക്രീനിലേക്ക് തിരിഞ്ഞു. അതോടെ കൊട്ടകയുടെ മുതലാളിക്ക് ആശ്വാസമായി. അയാൾ കൗശലത്തോടെ അടുത്ത ഘട്ടത്തിലോട്ട് കടന്നു.
"ഇന്നാട്ടില് ഇതേ ശേലിൽ, ഇതിലും മുന്തിയ ഒരെണ്ണം ഉള്ളപ്പോ ഇങ്ങനെ ഈ തുണിയേലും നോക്കിയിരുന്ന് വെള്ളമിറക്കേണ്ട കാര്യമുണ്ടോ ശാന്തന്?"
അയാൾ ചോദിച്ചു. അന്നാട്ടിലെ ഒരു മാതിരി പെണ്ണുങ്ങളുടെയൊക്കെ മാനാഭിമാനങ്ങൾ കശക്കിയെറിഞ്ഞിട്ടുള്ള ശാന്തന് അതൊരു പുതിയ അറിവായിരുന്നു.
"എവിടെയാ? ആരാ? ഏതാ?"
ശാന്തൻ ഉഷാറായി.
"കെട്ടിയോൻ ചത്തിട്ട് ഏഴു കൊല്ലം കഴിഞ്ഞു. സംഗതി മുറ്റാ! പക്ഷെ വഴക്കിയെടുക്കാൻ പാടാ!"
അടവ് ഫലിച്ച സന്തോഷത്തോടെ ഉടമ ശാന്തനെ ചൂട് പിടിപ്പിച്ചു.
"മുറ്റ് പെണ്ണുങ്ങളെ മെരുക്കാനാ എല്ലാ ചട്ടമ്പികളേയും കൂട്ട് എനിക്കുമിഷ്ടം."
ശാന്തൻ സടകുടഞ്ഞ് എഴുന്നേറ്റു. മഴയും തണുപ്പും റാക്കും തെയ്യാമ്മയെ കുറിച്ചുള്ള വർണ്ണനയും കൂടി ചൂടുപിടിപ്പിച്ച സിരകളോടെ കരിമ്പൂച്ച കണ്ണുള്ള രാവിലേക്ക് മദിച്ച കൊമ്പനെ കൂട്ട് ശാന്തൻ ഇറങ്ങി. കോരിച്ചൊരിയുന്ന കാർക്കിടമഴയിലൂടെ, കരിം കുപ്പായ കൈകൾ വീശിയാടുന്ന റബ്ബർ മരങ്ങൾക്കിടയിലൂടെ അയാൾ തന്റെ പെരും കാലും വലിച്ചു വെച്ച് നടന്നു. റോഡും കാടും അവസാനിച്ചിടത്ത് തെയ്യാമ്മയുടെ സമൃദ്ധമായ പനിക്കൂർക്ക പാടം നീണ്ടു പരന്നു കിടന്നു അതിൽ മുഖം പൂഴ്ത്തിയ രാക്കാറ്റ് ശാന്തന്റെ ആണെല്ലില്ലൂടെ പനിക്കൂർക്ക ഗന്ധത്തോടെ ചുറ്റിപിണഞ്ഞു. ശാന്തൻ ആവേശത്തോടെ തെയ്യാമ്മയുടെ ജനാലയുടെ ഒരു പൊളി പതിയെ തുറന്ന് അകത്തേക്ക് നോക്കി. മിന്നൽ വെട്ടത്തിൽ ജനാലയോട് ചേർന്നു കിടക്കുന്ന കട്ടിലിൽ കനക ദുർഗ്ഗയെ പോലെ മദിച്ചു മദാലസയായി തെയ്യാമ്മ!
ശാന്തന്റെ കിതപ്പ് കൂടിക്കൂടി വന്നു. അയാൾ പതുക്കെ ഞെളിഞ്ഞകന്ന ജനൽ പാളിക്കിടയിലൂടെ കൈ കടത്തി ചുരുണ്ടുകൂടി കിടക്കുന്ന തെയ്യാമ്മയുടെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ "കനക ദുർഗേ "എന്നും വിളിച്ച് വികാരക്കൊഴമ്പോടെ ആഞ്ഞാഞ്ഞ് ഞെക്കി! എത്ര ഭദ്രകാളി ആണെങ്കിലും ആ മാതിരി ഞെക്കു കൊള്ളുമ്പോ പിടിച്ചു നിക്കാനാവില്ലെന്ന് ശാന്തന് ഉറപ്പായിരുന്നു. ആ വിചാരത്തോടെ അയാൾ ഞെക്കു തുടർന്നു. ആദ്യത്തെ ഞെക്കിനു തന്നെ തെയ്യാമ്മയ്ക്ക് സംഗതി പിടി കിട്ടിയിരുന്നു. അവർ ഞെക്കുകൾക്കിടെ വളഞ്ഞും പുളഞ്ഞും ശാന്തനെ ഉത്തേജിപ്പിക്കുന്നതിനിടെ അയാളുടെ പരുപരുത്ത കയ്യിൽ കടന്നു പിടിച്ചു. ആദ്യം അതൊരു രസമായിട്ടാണ് ശാന്തന് തോന്നിയത്. അയാൾ ആ പിടുത്തം വല്ലാതെ ആസ്വദിച്ചു കൊണ്ട് മറ്റേ കൈ കൂടി ഇടുങ്ങിയ മരയഴിയ്ക്കുള്ളിലേക്ക് തിരുകി കയറ്റി.
അതോടെ തെയ്യാമ്മ ഒരു കാൽ ചുവരിൽ ചവിട്ടി പിടിച്ചു കൊണ്ട്
"പ... പി... പു... മോനെ..."
എന്ന അലർച്ചയോടെ സർവ്വ ശക്തിയുമെടുത്ത് അയാളുടെ കൈകൾ അകത്തോട്ടു വലിച്ചുകൊണ്ട് അഴിയ്ക്കുള്ളിലൂടെ വളച്ചു കറക്കി. ശാന്തൻ അതു തീരെ പ്രതീക്ഷിച്ചില്ല. സംഗതി പിടിവിട്ടുപോകുമെന്ന് ഉറപ്പായതോടെ ജനൽ പഴുതിലൂടെ കൈ പുറത്തോട്ടു വലിക്കാൻ അയാൾ ഒരു ശ്രമം നടത്തിയെങ്കിലും നടന്നില്ല. മരയഴിക്കുള്ളിൽ കിടന്ന് അയാളുടെ കൈകൾ കറങ്ങിക്കൊണ്ടേയിരുന്നു. ശാന്തന്റെ സകല നിയന്ത്രണവും വിട്ടു. എല്ലാ സന്ധിബന്ധങ്ങളും വിടുവിച്ചു കൊണ്ട് കൈകൾ ശരീരത്തിൽ നിന്നും പറിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്.
"അയ്യോ... "
ശാന്തന്റെ അതിഭീകരമായ അലർച്ച പെരുമഴയിൽ മുങ്ങി. പിടി വിട്ടാൽ ശാന്തൻ എന്തു ചെയ്യുമെന്ന് അറിയാവുന്ന കൊണ്ട് തെയ്യാമ്മ ആ പിടുത്തം വിടാതെ നിന്നു. പുലർച്ചയെപ്പോഴോ തെയ്യാമ്മ പിടിവിട്ടപ്പോഴേക്കും നിന്ന നിൽപ്പിൽ ഒന്നും രണ്ടും കഴിഞ്ഞ് തളർന്നു നിന്നിരുന്ന ശാന്തൻ ഒടിഞ്ഞു തൂങ്ങിയ കൈകളും ജീവനും കൊണ്ട് ഒറ്റപാച്ചിൽ!
ആ സംഭവത്തിനു ശേഷം കൈകളുടെ ശേഷി നഷ്ടപ്പെട്ട അയാൾ കുറച്ചു ദിവസമേ അന്നാട്ടിൽ ഉണ്ടായുള്ളൂ പിന്നീട് ശാന്തനെ ആരും കണ്ടിട്ടില്ല. ആ ചരിത്രങ്ങളൊക്കെ അറിയാവുന്ന ആരും തെയ്യാമ്മയുടെ കുടുംബത്തി ലോട്ട് ഒരു വേഷം കെട്ടിനും പിന്നീട് ചെന്നിട്ടില്ല.
മേരിയും ജീസനും തമ്മിൽ പരിചയമായതിന് ശേഷമാണ് പീറ്ററു തന്നെ അവരോടൊക്കെ ഒന്നു മിണ്ടുന്നത്.
"ആ എന്നാ ഒണ്ട് തെയ്യാമ്മ ചേടത്തിയേ വിശേഷങ്ങള്? മേഴ്സിയെ വല്ലപ്പോഴും ബാങ്കിലൊക്കെ വെച്ച് കാണാറൊണ്ട്! മേരി വന്നിട്ടുണ്ടോ?"
തെയ്യാമ്മ അടുത്തെത്തിയതും പുഞ്ചിരിയോടെ പീറ്റർ കുശലം ചോദിച്ചു. അത്രയും ചോദിച്ചതേ പീറ്ററിന് ഓർമ്മയുള്ളു പിന്നെ കണ്ടത് അവരുടെ തിളങ്ങുന്ന അരിവാള് തന്റെ കഴുത്തിന് നേരെ വരുന്നതാണ് കൂടെ അക്ഷരമാല ക്രമത്തിലുള്ള തെറിയുടെ പൊടിപൂരവും. അതിൽ,
"നീയെന്റെ കൊച്ചിന്റെ ഭാവി തുലയ്ക്കും അല്ലേടാ? ഇനി നിന്നെ കൊന്നു ജയിലീ ചെന്നല്ലാതെ എനിക്ക് വിശ്രമമില്ല."
എന്നു പറഞ്ഞത് മാത്രമേ അയാൾക്ക് വ്യക്തമായുള്ളു. എന്തായാലും പീറ്റർ ബൈക്കും അവിടെയിട്ട് പ്രാണനും കൊണ്ട് ഓടി. പുറകെ തെയ്യാമ്മ ചേടത്തിയും. ഓട്ടത്തിനിടെ അവര് അരിവാള് വെച്ച് ഒറ്റ വീക്ക്! ആ വീക്കിൽ പീറ്ററിന്റെ വലതു കാലിന്റെ കുതിവള്ളി ചേർത്ത് അരിഞ്ഞു പോയി. അതായിരുന്നു തുടക്കം പിന്നെ ആ വിഷയം നാട്ടുകാർ ഏറ്റെടുത്തു.
"തനിക്കൊക്കെ പോയി ചാകാൻ പാടില്ലേടാ കോപ്പേ? മാനം മര്യാദയ്ക്ക് ജീവിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് അപരാധോം പറഞ്ഞ് ആ കൊച്ചിന്റെ ജീവിതോം തകർത്തപ്പോ സമാധാനമായല്ലോ? വീട്ടിലോട്ടെന്നും പറഞ്ഞ് ചെന്നാ തെയ്യാമ്മ ചേടത്തി തന്റെ കഴുത്ത് കണ്ടിക്കും. ഞങ്ങക്ക് എപ്പോഴും കാവലിരിക്കാനൊന്നും പറ്റത്തില്ല."
കാലിന്റെ ഓപ്പറേഷനും കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുന്ന പീറ്ററിനെ നാട്ടുകാർ കുറ്റപ്പെടുത്തി.
"കാലൊക്കെ സുഖപ്പെടും വരെ നിങ്ങളിവിടുന്നു മാറി നിൽക്കുന്നതാ ബുദ്ധി."
വഴക്കും വയ്യാവേലിയുമൊന്നും ശീലമില്ലാത്ത ഭാര്യ കരച്ചിലായി. അതോടെ അവരെ വിഷമിപ്പിക്കേണ്ടെന്നു വെച്ച് പീറ്റർ അവിടെ നിന്നും മാറിനിന്നു. അത് പക്ഷെ അതിലും വലിയ ദുരന്തമായി. അയാൾ പോയി കുറച്ചു ദിവസം കഴിഞ്ഞതും അമിതമായ മാനസിക സംഘർഷം മൂലം രക്ത സമ്മർദ്ദം കൂടി മസ്തിഷ്ക്കാഘാതം വന്ന് ഭാര്യ കിടപ്പിലായി. പീറ്ററിന് അത് താങ്ങാവുന്നതിലും അധികമായിരുന്നു. സത്യത്തിൽ താനെന്ത് തെറ്റാണ് ചെയ്തതെന്ന് അയാൾക്ക് മനസ്സിലായില്ല.
ഈ സംഭവങ്ങളൊക്കെ നടക്കുന്നതിനിടയ്ക്ക്, മറ്റൊരിടത്ത് ജീസന്റെ മധുവിധു തകർത്തു വാരിക്കൊണ്ടിരുന്നു .ആ ദിവസങ്ങളിലൊന്നിലാണ് വെങ്കിടി മേരിയെ കാണാൻ വരുന്നതും ജീസന്റെ ഭാര്യയുടെ എഫ് ബി പേജ് കാണിക്കുന്നതും. കല്യാണത്തിന് മുമ്പേ ജീസൻ എഫ് ബി യിലും ഇൻസ്റ്റയിലും വാട്സാപ്പിലുമൊക്കെ മേരിയെ ബ്ലോക്ക് ചെയ്തിരുന്നു.
"ഇതു കണ്ടോ? പത്തു വർഷമായിട്ട് ഇവര് പ്രണയത്തിലായിരുന്നു."
വെങ്കിടി പറഞ്ഞു. മേരി വെപ്രാളത്തോടെ ലൈസയുടെ പേജിലൂടെ കണ്ണു പായിച്ചു.' പത്തു വർഷത്തെ പ്രണയ സായൂജ്യം! എന്ന തലക്കെട്ടിനു കീഴെയാണ് ജീസനുമൊത്തുള്ള സകല കൊട്ടിഘോഷങ്ങളുടെയും ഫോട്ടോകൾ അവൾ ഇട്ടിരുന്നത്. അതുകണ്ട് മേരി ലജ്ജ കൊണ്ട് ഞൊട്ടി ഞുളുങ്ങി പണ്ടാറമടങ്ങി.
"നിനക്ക് ഈ ബന്ധത്തെ പറ്റി അറിയാമായിരുന്നോ "
വെങ്കിടി ചോദിച്ചു.
"ഇല്ല."
മേരി മുഖവും കുനിച്ചിരുന്നു.
"ഒന്നും രണ്ടുമല്ല പത്തു വർഷമായി! സോ അവൻ നിന്നെ മനഃപൂർവം ഒഴിവാക്കിയതാണെന്നാണ് എനിക്ക് തോന്നുന്നത്."
വെങ്കിടി മേരിയെ പാളി നോക്കി. എത്ര സമർത്ഥമായി തന്നെ അറിയിക്കാതെ ഈ ബന്ധം ജീസനു കൊണ്ടു പോകാൻ കഴിഞ്ഞു? എന്ന ചിന്തയിലായിരുന്നു മേരി. അവനുമായി പ്രണയത്തിലായ നാള് മുതൽ തന്റെ സകല ആപ്പുകളും ജീസന്റെ നിയന്ത്രണത്തിലായിരുന്നു. എഫ് ബിയിലോ ഇൻസ്റ്റഗ്രാമിലോ ഒരു സെൽഫിയിടാനോ വാട്സാപ്പിൽ അവനെയല്ലാതെ വേറെ ആരെയെങ്കിലും ഫ്രണ്ട് ആക്കാനോ എന്തിന് തനിക്കൊരു വാട്സ്ആപ് അക്കൌണ്ട് ഉണ്ടെന്നു പോലും ആരേം അറിയിക്കാനോ പാടില്ലായിരുന്നു. അക്കാര്യത്തിൽ അവനൊരു സ്വേച്ഛാധിപതി ആയിരുന്നു. അവന് വാട്സാപ്പിൽ അവന്റെ കിൻഡർ ഗാർട്ടൻ ഗ്രൂപ്പ് തൊടങ്ങി ഒത്തിരി ഗ്രൂപ്പുകളുണ്ടായിരുന്നു. ഫേസ് ബുക്കിൽ പറക്കുന്ന കാക്ക മൊതല് ഇഴയുന്ന ഒച്ച് വരെ അവന്റെ ഫ്രണ്ട്സാണ്. ഇൻസ്റ്റഗ്രാമിൽ ആണെങ്കിൽ മിയാഖലീഫ മുതൽ സണ്ണി ചേച്ചി വരെയുള്ളവരെ അവന് ഫോളോ ചെയ്യാം. എന്തേലും പരാതി പറഞ്ഞാ,
"എടി ഞാനൊരാണാ. പക്ഷേങ്കി നീയൊരു പെണ്ണാ. എന്റെ പെണ്ണ് ഒരു പ്രദര്ശനവസ്തു ആകുന്നതിനോട് എനിക്ക് യോജിപ്പില്ല. അതുകൊണ്ട് നീയിതിലൊക്കെ ആക്റ്റീവ് ആവുകയാണെ എന്നെ ഇനി പ്രതീക്ഷിക്കണ്ട,"
എന്ന ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങും.
"ആ പീറ്റർ ചാച്ചൻ നിങ്ങളെ പറ്റി അങ്ങനെയൊക്കെ പറഞ്ഞു കാണുമോ? അതോ അതും നിന്നെ ഒഴിവാക്കാൻ അവൻ വെറുതെ പറഞ്ഞതാണെങ്കിലോ? "
വെങ്കിടിയുടെ പത്രപ്രവർത്തക കുറ്റാന്വേഷണ ബുദ്ധി ഉണർന്നൊരുമിച്ചു. അപ്പോഴാണ് മേരിയും അക്കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത്. എന്തായാലും അന്നത്തോടെ ജീസനോടുള്ള മേരിയുടെ സകല ഇഷ്ടവും പീറ്ററു ചാച്ചനോടുള്ള സകല ദേഷ്യവും തീർന്നു. പക്ഷെ അപ്പോഴേക്കും നാട്ടിലെ സ്ഥിതി വളരെ മോശമായി കഴിഞ്ഞിരുന്നു. അഞ്ചാറു മാസം കഴിഞ്ഞ് ഒരു ദിവസം മേരി ഉണർന്നത് പീറ്ററു ചാച്ചന്റെ ഭാര്യയുടെ മരണ വാർത്ത കേട്ടാണ്.
"കഷ്ടം! ഇച്ചരെ ഭേദമായി തുടങ്ങിയതായിരുന്നു എന്നിട്ടും... പീറ്ററു ചേട്ടന്റെ കാലും കൊണമാകുന്നില്ല. കൂടെ പ്രോസ്ട്രേറ്റ് ക്യാൻസറും ഉണ്ടെന്നാ ശ്രുതി! എല്ലാം ഓർത്ത് അമ്മച്ചിക്ക് വല്യ മനസ്താപമൊണ്ട്. വായ മനസ്സറിയാത്ത കാര്യത്തിന് ആ പാവത്തിനെ..."
മമ്മിയുടെ ഒച്ച വീണ്ടും നേർത്തു.
ജീസന്റെ നുണ ഒരു പാവം മനുഷ്യന്റെ ജീവിതത്തെ എങ്ങനെയൊക്കെ താറുമാറാക്കിയെന്നോർത്ത് മേരിക്ക് കഠിനമായ ദുഃഖം തോന്നി. പിന്നീട് അവൾ ജീസനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. അവൻ തലയിൽ നിന്നും ഇറങ്ങിപ്പോയ ആശ്വാസത്തോടെ ജോലിയും ഒഴിവു നേരത്ത് ഓൺലൈനിൽ ലൂഡോയും മറ്റും കളിച്ചും കുറേ നാൾ നടന്നു. പെട്ടെന്നൊരു ദിവസം മേരിക്ക് തന്നെയാരോ പിന്തുടരുന്നതു പോലെ തോന്നി. അത് വെറുമൊരു തോന്നലായിരുന്നില്ലെന്ന് വൈകാതെ അവൾക്ക് ബോധ്യപ്പെടുകയും ചെയ്തു.
"ഞാൻ സത്യമാ പറയുന്നെ. അയാൾ എനിക്കു പുറകെ ഇവിടൊക്കെ കിടന്നു കറങ്ങുന്നുണ്ട്. ഇന്നു വൈകിട്ട് ജോലി കഴിഞ്ഞ് ഓഫീസിൽ നിന്നിറങ്ങുമ്പോൾ അവനെന്റെ പുറകെ ഉണ്ടായിരുന്നു. അവന്റെ കയ്യിൽ മൂർച്ചയുള്ള ഒരു പേനാ കത്തി ഞാൻ കണ്ടതാ."
വെങ്കിടിയോട് അത് പറയുമ്പോൾ മേരിയുടെ ശബ്ദം വിറച്ചു.
"ഉം... നീ പേടിക്കണ്ട. രാവിലെ ഞാനുണ്ടല്ലോ കൂടെ. വൈകിട്ട് എനിക്ക് ചിലരെ ഏർപ്പാടാക്കാൻ പറ്റും. എങ്കിലും ആർക്കാണ് നിന്നോടിത്ര വൈരാഗ്യം? "
വെങ്കിടി അതോർത്ത് തല പുകച്ചു കൊണ്ട് ചോദിച്ചു.
"എനിക്കൊരു പിടിയും കിട്ടുന്നില്ല... "
മേരിക്ക് തല പുകഞ്ഞ് പ്രാന്തായി.
"ആ നമുക്ക് നോക്കാം."
വെങ്കിടി അവളെ ആശ്വസിപ്പിച്ചു.
എന്തായാലും പോലീസിലൊക്കെ പരാതി പെടും മുമ്പ് തന്നെ കൊമേർഷ്യൽ സ്ട്രീറ്റിൽ വെച്ച് വെങ്കിടിയും സുഹൃത്തുക്കളും ചേർന്ന് അവനെ പിടികൂടി. നല്ല കസവിട്ട ഇടി കൊടുത്ത ശേഷമാണ് ആ തമിഴൻ പയ്യൻ കാര്യം പറയുന്നത്. അവനെ പണി ഏൽപ്പിച്ചത് പീറ്ററാണ്!
"നീ അയാളോട് സംസാരിക്കണം.ഈ തെറ്റിദ്ധാരണ വളർത്തിക്കൊണ്ടു പോകുന്നത് നിനക്ക് ദോഷം ചെയ്യും."
വെങ്കിടി മേരിയെ ഉപദേശിച്ചു. ഒടുവിൽ വെങ്കിടിക്കൊപ്പമാണ് മേരി പീറ്ററു ചാച്ചനെ കണ്ടു കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് ശാന്തമാക്കുന്നത്. ഒരിക്കൽ ഐശ്വര്യത്തോടെ കിടന്നിരുന്ന ആ വീടിന്റെയും പരിസരത്തിന്റെയും ഇപ്പോഴത്തെ കിടപ്പ് കണ്ട് മേരിയുടെ നെഞ്ചു നുറുങ്ങി. പിന്നീടാ വേദന മാറിയത് പീറ്ററു ചാച്ചൻ തന്റെ വീട്ടിൽ വന്നിരുന്ന് അമ്മാമ്മയോടൊപ്പം കനകദുർഗ്ഗയുടെയും ശാന്തൻ ചട്ടമ്പിയുടെയുമൊക്കെ ആ പഴങ്കഥ പറഞ്ഞ് ചിരിക്കുന്നത് കണ്ടപ്പോഴാണ്. അപ്പോഴേക്കും അമ്മാമ്മയുടെ പനിക്കൂർക്ക ചികിത്സ കൊണ്ട് ചാച്ചന്റെ പ്രോസ്ട്രേറ്റ് പ്രശ്നമൊക്കെ ഭേദപ്പെട്ടു തുടങ്ങിയിരുന്നു.
"എടീ ആ മുറീല് കൊച്ച് കിടപ്പൊണ്ട്. നല്ല ഒറക്കമാ. ഇപ്പം പനിക്കുന്നില്ല."
ജീസൻ തൊട്ടടുത്ത കിടപ്പു മുറിയിലേക്ക് കൈ ചൂണ്ടി.
"ങാ. എന്നതാ ഇവന്റെ പേര്? "
മേരി വാതിൽ തുറന്ന് ഉറങ്ങിക്കിടക്കുന്ന കൊച്ചിനെ നോക്കി.
"ജോൺ. എന്റെ അപ്പന്റെ പേര്. "
ജീസന്റെ ശബ്ദം തെളിഞ്ഞു.
"ഉഷാറ് പേര്. പക്ഷെ സ്വഭാവം നിന്റപ്പന്റേം നിന്റേം പോലെ ആവാതിരുന്നാ മതിയായിരുന്നു."
മേരി ഉറക്കെ ചിരിച്ചു. അതുകേട്ട് ജീസന്റെ മുഖം ചവർത്തു.
മേരി താൻ കൊണ്ടു വന്ന കെ എഫ് സി ചിക്കന്റെ പാർസലുമായി അടുക്കളയിലേക്ക് ചെന്നപ്പോൾ ജീസൻ പാചകത്തിന്റെ തിരക്കിലായിരുന്നു. അവൻ അസാധ്യ പാചകക്കാരനാണെന്ന് മേരിക്കറിയാം. അവളുടെ പപ്പയും ജീസനെ പോലെ നല്ല പാചകക്കാരനായിരുന്നു. മമ്മി ബാങ്കിൽ നിന്ന് ജോലി കഴിഞ്ഞ് എത്തുമ്പോഴേക്കും പപ്പ വീട്ടു ജോലികളെല്ലാം തീർത്ത് മമ്മിയ്ക്ക് കുളിക്കാനുള്ള വെള്ളം വരെ ചൂടാക്കി വെക്കുമായിരുന്നു. പപ്പയെ കുറിച്ച് ഓർത്തപ്പോൾ മേരി പെട്ടെന്ന് എട്ടൊമ്പത് വയസ്സുള്ള പെറ്റിക്കോട്ടുകാരിയായി. വലിയൊരു കിതപ്പ് അവളുടെ നെഞ്ചും കൂടും കടന്ന് മുകളിലോട്ട് പൊങ്ങി.
"എന്തിനാ ഇത്ര നേരത്തെ അത്താഴം വെക്കുന്നെ? "
ജീസന്റെ തിരക്കും പണിയും കണ്ട് മേരി ചോദിച്ചു.
"ഓ എന്നാ പറയാനാടി ലൈസ ഒരു പഗ്ഗിനെ വാങ്ങിയിട്ടുണ്ട്. അതിന് തീറ്റീം മറ്റും കൊടുത്തില്ലേലും കുഴപ്പമില്ല ഏതു നേരോം താലോലിച്ചോണ്ടു നടക്കണം. കൊച്ചിനാണെ അതിനെ തീരെ പിടുത്തമില്ല. പഗ്ഗിനെ വിഷമിപ്പിച്ചാ അതിന് വല്ല അറ്റാക്കും വരുമെന്നാ അതിന്റെ ഡോക്ടറു പറഞ്ഞത്. കൊച്ചിനെ കരയിച്ചാ അത് നീല നിറവും ആവും. ബ്ലൂ ബേബി എന്നു കേട്ടിട്ടില്ലേ? "
പരത്തി വെച്ച ചപ്പാത്തികളോരോന്നായി വേഗം ചുട്ടെടുക്കുന്നതിനിടെ ചെകുത്താനും കടലിനും ഇടയിൽ പെട്ടതു പോലെ ജീസൻ പറഞ്ഞു.
"അങ്ങനെയെങ്കിലും നീയൊന്ന് സ്നേഹിക്കാൻ പഠിക്കെന്റെ ജീസാ."
അവന്റെ സംസാരം കേട്ട് മേരിക്ക് ചിരി വന്നു. അവനു പക്ഷെ ചിരിയൊന്നും വന്നില്ല. എട്ടുമണി ആയപ്പോഴേക്കും ഉറക്കമൊക്കെ തീർത്ത് ജീസന്റെ കുട്ടിയും പട്ടിയുമൊക്കെ എഴുന്നേറ്റു. ജീസൻ പറഞ്ഞതിനേക്കാൾ വലിയ കഷ്ടത്തിലൂടെയാണ് അവന്റെ പോക്കെന്ന് മേരിക്ക് മനസ്സിലായി. മേരി എത്രയൊക്കെ പ്രലോഭിപ്പിച്ചിട്ടും വെളുത്ത നിറവും കറുത്ത വായുമുള്ള പട്ടിക്കുഞ്ഞ് അവളോട് അടുക്കാൻ കൂട്ടാക്കാതെ ജീസന്റെ ചൂടും പറ്റി നടന്നു. കുഞ്ഞിനെ ഇണക്കാൻ അവൾക്ക് അത്രയും പാടുപെടേണ്ടി വന്നില്ല.
"ഈ നാശത്തിനെ വല്ലോടത്തും കൊണ്ടു പോയി കളയണമെന്ന് തോന്നാറുണ്ട്. പക്ഷെ ലൈസയെ ഓർക്കുമ്പോ... ചുമ്മാ കുടുംബ കലഹത്തിന് വയ്യ. അതുകൊണ്ടാ"
ജീസൻ പതുങ്ങി ചേർന്നു കിടക്കുന്ന പഗ്ഗിനെ ഒട്ടും സുഖിക്കാത്ത മട്ടിൽ നോക്കി. അവന്റെ ആ ഭാവം കണ്ട് മേരി വീണ്ടും ചിരിച്ചു.
"നീ ചിരിച്ചോ. ഈ ചിരീടെ അർത്ഥമൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്."
ജീസൻ അലമാര തുറന്ന് മാറിയിടാനുള്ള വസ്ത്രങ്ങളുമെടുത്ത് കുളിക്കാൻ പോയി.
മേരി കുളിച്ചെത്തുമ്പോഴേക്കും കുട്ടിയും പട്ടിയുമൊക്കെ ഉണർന്നിരുന്നു. കുഞ്ഞിന് നല്ല പനിയുണ്ടായിരുന്നു. അവൾ പണ്ടു താൻ ബാൽക്കണിയിലെ ചെടിച്ചട്ടിയിൽ നട്ട പനികൂർക്കയിൽ നിന്നും ഇലകൾ നുള്ളിയെടുത്ത് അത് വാട്ടി പിഴിഞ്ഞ് നീരെടുത്ത് കുഞ്ഞിനു കൊടുത്തു. അത് യാതൊരു അപരിചിതത്വവും കാണിക്കാതെ അവളോട് പറ്റിയിരുന്നു. അൽപ്പം കഴിഞ്ഞതും അതിന്റെ ദേഹത്തിന്റെ ചൂട് കുറഞ്ഞു.
"ഹോ... ഇത് കൊണ്ട് ഇങ്ങനെം പ്രയോജനമുണ്ടല്ലേ... ഞങ്ങള് വല്ല കാലത്തുമേ ഇതിന് വെള്ളം പോലും ഒഴിക്കാറുണ്ടായിരുന്നുള്ളു."
മേരി ആ ചെടിച്ചട്ടിയുടെ ഉള്ളിൽ ഒരു പഴയ കത്തി കൊണ്ട് പതുക്കെ കുത്തിയിളക്കി വെള്ളമൊഴിക്കുന്നതു കണ്ട് ജീസൻ അതിശയിച്ചു.
"നന്മയുള്ളതൊക്കെ അങ്ങനെയാ ജീസാ. വേണ്ടതുപോലെ പരിഗണിച്ചില്ലെങ്കിലും വാടിപ്പോകാതെ വേണ്ട സമയത്ത് ഉതകും! അതൊക്കെ നിന്നോട് പറഞ്ഞിട്ടെന്തു കാര്യം?"
മേരി കുഞ്ഞിന് ഭക്ഷണം കൊടുത്ത് ഉറക്കാൻ കിടത്തി. മേരിയുടെ പ്രാർത്ഥനയും മറ്റും തീർന്നപ്പോഴേക്കും ക്ഷീണം കൊണ്ട് കുഞ്ഞ് ഉറക്കം പിടിച്ചിരുന്നു. ജീസൻ ആണെങ്കിൽ ബാൽക്കണിയിലെ ചൂരൽ കസേരയിലിരുന്നു മദ്യപിക്കുകയായിരുന്നു.
"എന്തുവാടാ ഇതിന്റെ പേര് ?" അവന്റെ കൈയ്യിൽ ഇരുന്ന വോഡ്ക നിറച്ച ഗ്ലാസും നോക്കി മേരി ചോദിച്ചു.
"ആ... എന്നതാണോ? ഒരുത്തൻ റഷ്യേന്ന് വന്നപ്പം കൊണ്ടത്തന്നതാ. വോഡ്ക എന്നു പറയാമെന്നല്ലാതെ ഇതിന്റെ പേര് വായിക്കാനൊക്കുന്നില്ല. "
ജീസൻ പറഞ്ഞു. മേരി തലതിരിച്ച ചേലിൽ കുപ്പിപ്പുറത്ത് എഴുതിയിരിക്കുന്ന ആ പേര് വായിക്കാൻ കിണഞ്ഞു ശ്രമിച്ചു പക്ഷെ പറ്റിയില്ല. ജീസൻ കാരം ചേർത്ത പീനട്ട് കൊറിച്ചു കൊണ്ട് ഓരോ പെഗ്ഗ് കഴിച്ചുകൊണ്ടിരുന്നു. മേരി ജീസനേയും അവന്റെ മടിയിൽ വളഞ്ഞു കൂടി കിടക്കുന്ന പട്ടിക്കുഞ്ഞിനെയും നോക്കിയിരുന്നു. താഴെ ഇരുളിൽ ഇരമ്പുന്ന നഗരം അവളെ പഴയതു പോലെ പ്രലോഭിപ്പിച്ചില്ല.
കടന്നു പോകുന്ന വഴികളിൽ തന്റേതെന്ന് കരുതി കാത്തുവെക്കുന്ന പലതിനോടും കാലം ചെയ്യുന്നത് എന്തു ക്രൂരതയാണെന്ന് മേരിക്ക് തോന്നി. കഴിച്ച നാലു പെഗ്ഗിന്റെ ബലത്തിൽ ജീസൻ അവന്റെ ദാമ്പത്യത്തിന്റെ പൊരുത്തക്കേടുകളെ കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
"എന്തുവാടാ ഇത്? നീ മൊത്തം നെഗറ്റീവാന്നല്ലോ? ഒറ്റ നല്ല കാര്യവും നിനക്ക് പറയാനില്ലേ? "
മേരിക്ക് അവന്റെ വർത്താനം കേട്ടിട്ട് അത്ഭുതം തോന്നി.
"എന്നെ അവള് തീരെ മനസ്സിലാക്കുന്നില്ലെടി. ഒന്നും ഞാൻ ഉദ്ദേശിച്ച പോലെ ആയില്ല. ലൈഫ് മൊത്തം ഡാർക്കായി."
ജീസൻ ആകെ തിങ്ങിവിങ്ങി.
"അതിന് നീയെന്താ ഉദ്ദേശിച്ചേ എന്തേലുമൊക്കെ കാട്ടി കൂട്ടിയാ ഒക്കേം വൈറ്റ് ആകുമെന്നോ?"
മേരി ചുമ്മാ ചോദിച്ചു.
"പോ. എല്ലാം കൊണ്ടും ഞാൻ സാറ്റിസ്‌ഫൈഡ് അല്ല. ഇപ്പൊ നീ അത്രേം അറിഞ്ഞാ മതി."
അവൻ തന്റെ ശബ്ദത്തിന്റെ ആവൃത്തി സഹതാപത്തിന്റെ ആവൃത്തിയിലേക്ക് തെന്നിച്ചത് മേരിക്ക് മനസ്സിലായി.
അവൾ ഒരു പീനട്ടെടുത്ത് ചുമ്മാ കൊറിച്ചുകൊണ്ട് അർത്ഥം വെച്ച് അവനെ നോക്കി.
"എടാ ജീസാ കെട്ടും കഴിഞ്ഞ് ഒരു കൊച്ചൊക്കെ ആയി കഴിയുമ്പോ നിന്നെ പോലെ ചിലർക്ക് ഇമ്മാതിരി തുന്തലിപ്പൊക്കെ ഒണ്ടാവുന്നത് സ്വാഭാവികമാ. അപ്പഴാ നിന്റെയൊക്കെ ഉള്ളീന്ന് ആ ടോക്സിക്ക് മസ്‌ക്കുലൈനിറ്റി പുറത്തോട്ടു വരുന്നെ. എന്നോട് നീയിത് നേരത്തെ എടുത്തതാണല്ലോ."
മേരി പുച്ഛത്തോടെ ചിറികോട്ടി.
"നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നില്ല അതാ. അതുപോട്ടെ, ഞാനൊരു കാര്യം ചോദിച്ചാ നീ ഒള്ളത് പറയാമോ? "
ജീസൻ ചോദിച്ചു.
"എന്നതാ ഉറങ്ങാൻ നേരമായോന്നാണോ? "
"കോപ്പ്! അതല്ലെടീ "
"ചീപ്പ്. പിന്നെന്തുവാ? "
"കുന്തം. "
"കൊട ചക്രം. "
"പോടി. "
"പോടാ. "
"എടി അതല്ല. ഞാൻ പറയുന്നതൊന്ന് കേക്ക്. "
"ആാ പറ." മേരി ചിരിച്ചു.
"നിനക്ക് എന്നോട് വല്ല കെറുവും ഒണ്ടോ? സ്ത്രീ ശാപം ഉണ്ടെങ്കി കൊണം പിടിക്കത്തില്ലെന്ന് കേട്ടിട്ടൊണ്ട് അതുകൊണ്ടാ"
ജീസൻ അവൾ പീനട്ട് കൊറിക്കുന്നതും നോക്കിയിരുന്നു.
"ഓ എന്ത് കാര്യത്തിനാടാ ജീസാ ?പശൂം ചത്തു, മോരിലെ പുളീം പോയി അപ്പഴാ അവന്റെയൊരു..."
മേരിക്ക് ചിരി വന്നു.
"നീയിങ്ങനെ ചിരിക്കുന്ന കാണുമ്പം അസൂയ തോന്നുന്നു. എനിക്കിപ്പം നിന്നെ കെട്ടിയാ മതിയായിരുന്നെന്നു തോന്നുവാ"
ജീസൻ നഷ്ടബോധത്തോടെ അവളെ നോക്കി. അതുകണ്ട് മേരിയ്ക്ക് പിന്നെയും ചിരി പൊട്ടി.
"നീ സത്യം പറ. നിനക്കെന്നാ പറ്റി?"
മേരി ജീസന്റെ അടുത്ത് അനങ്ങാതെ കിടന്ന പട്ടിക്കുഞ്ഞിന്റെ താഴോട്ട് തൂങ്ങി കിടന്ന കാലേൽ പിടിച്ചു പതിയെ വലിച്ച് അതിനെ കരയിച്ചു കൊണ്ട് ചോദിച്ചു. പെട്ടെന്ന് പട്ടിക്കുഞ്ഞിന്റെ മോങ്ങലിനേക്കാൾ വലുതൊന്ന് ജീസനിൽ നിന്നും പൊട്ടി.
"ലൈസ എങ്ങോട്ട് പോയതാണെന്ന് നിനക്കറിയാവോ? എനിക്ക് അറിയത്തില്ല. അവൾക്കടെ ലോകം വേറെയാ!ഒരിക്കലും നിന്നെ കൺട്രോളു ചെയ്‌ത പോലെ അവളെ നിർത്താൻ എനിക്ക് പറ്റിയിട്ടില്ല. അവൾ എന്നെയാ കൂച്ചു വിലങ്ങിട്ടു പൂട്ടിവെച്ചേക്കുന്നേ... എടി ഞാൻ ഒരു സത്യം പറയട്ടെ? "
കരച്ചിലിനിടെ അവൻ ചോദിച്ചു.
"എന്നതാ ? "
മേരി ചോദിച്ചു.
"ഞാനന്ന് നിന്നെ ഒഴിവാക്കാൻ വേണ്ടി യാ പീറ്ററു ചാച്ചൻ അങ്ങനൊക്കെ പറഞ്ഞെന്നു പറഞ്ഞത്. അത് കള്ളമായിരുന്നു."
ജീസൻ മൂക്കു പിഴിഞ്ഞു കൊണ്ട് ഒരു പെഗ്ഗും കൂടി വായിലേക്ക് കമഴ്ത്തി.
"ഹോ.. തെന്നെ? ഈ മഹാ രഹസ്യം ഞാൻ ഇപ്പഴാ അറിയുന്നെ. എല്ലാം കഴിഞ്ഞപ്പം നിഗൂഢതേടെ ചുരുളഴിക്കാൻ വന്നിരിക്കുന്നു... ശവം!"
മേരി ബാൽക്കണിയുടെ കൈവരിയും ചാരി നിന്ന് പുച്ഛിച്ചൊന്നു ചിരിച്ചു. ജീസൻ കനക ദുർഗ്ഗയുടെ ചേലുള്ള അവളുടെ കണ്ണുകളും നുണക്കുഴികളും ആ ഇരുളിലും തിളങ്ങുന്നതും നോക്കി അവസാന പെഗ്ഗും കുത്തിയിറക്കി ചിറി തുടച്ചു.
"ഇപ്പം നിന്റെ ഈ പുച്ഛം കാണാൻ പോലും എന്ത് രസമാ മേരി!"
ജീസന്റെ കുഴഞ്ഞ ശബ്ദത്തിനുള്ളിൽ കിടന്ന് വേദനയും നിരാശയും ആസക്തിയും സമാസമം വീർപ്പുമുട്ടി.
"അയ്യ ഒന്നു പോടാ നാറീ. "
മേരി അതുകേട്ട് അമ്മാമ്മ ആവേശിച്ചതു പോലെ കസേരയിൽ നിന്നെഴുന്നേറ്റ് അകത്തേക്ക് നടന്നു.
പുറമെ നഗരത്തിന്റെ മുരൾച്ച മന്ദീഭവിച്ചു. കുഞ്ഞ് ഉണർവിലോ ഉറക്കത്തിലോ മൂളുകയും ഞരങ്ങുകയും ചെയ്തുകൊണ്ടിരുന്നു. കുഞ്ഞിന്റെ പൊള്ളുന്ന നെറ്റിയിൽ പനിക്കൂർക്ക ചാറിൽ നനച്ച തുണിക്കഷ്ണം ഇട്ടുകൊണ്ട് മേരി അതിനരികിൽ ഇരുന്നു. നഗരത്തെ മുഴുവനായും ഉറക്കം പിടിച്ചിരുന്നു. ഉറങ്ങുന്ന നഗരത്തിനു മീതേയ്ക്ക് എങ്ങു നിന്നോ ഉറങ്ങാത്ത ആസക്തികൾ പുതച്ച ചൂടുകാറ്റ് വീശി അത് ബാൽക്കണിയിലാകെ നിറഞ്ഞ് ചൂരൽ കസേരയേയും തന്നേയും വട്ടം ചുഴറ്റിയതോടെ ജീസൻ എഴുന്നേറ്റ് ഉറയ്ക്കാത്ത കാലുകളോടെ മേരിയുടെ മുറിയിലേക്ക് നടന്നു. മേരിയപ്പോൾ ലൈറ്റ് കെടുത്തി അഞ്ചു കാലുകളുള്ള മെഴുതിരി വിളക്ക് തെളിയിച്ച് കിടക്കയിൽ ചാരിയിരുന്ന് വേദപുസ്തകം വായിക്കുകയായിരുന്നു. ലഹരി ചോപ്പിച്ച ജീസന്റെ കണ്ണുകൾ അവളുടെ സുതാര്യമായ വെളുത്ത ഗൗണിനുള്ളിലും വെളിയിലും ചിതറി പറന്നു.
"എന്നതാടാ ഒറക്കം വരുന്നില്ലേ?"
മേരി വേദപുസ്തകത്തിൽ നിന്നും പതിയെ മുഖം പൊക്കി.
"ഇല്ല..."
കറുത്തു ചുരുണ്ട മുടിയിഴകൾക്കുള്ളിൽ നിന്നും മീവൽപക്ഷിയെ പോലെ ഉയർന്ന അവളുടെ നഗ്നമായ മുഖത്തേക്ക് നോക്കി അവൻ നിന്നു.
"ഉം... എങ്കി നീയവിടെ നില്ല്. നിനക്ക് ഞാനൊരു കഥ പറഞ്ഞു തരാം ഇച്ചരെ പഴക്കമൊള്ള കഥയാ എന്റെ അമ്മാമ്മേടേം ശാന്തൻ ചട്ടംമ്പീടേം!"
മേരി കയ്യെത്തിച്ച് ലൈറ്റ് ഇട്ടു പിന്നെ വിളക്ക് ഊതി അതിനരികെ വെച്ചിരുന്ന തിളങ്ങുന്ന കത്തി എടുത്ത് തന്റെ കൈപ്പാങ്ങിന് വെച്ചുകൊണ്ട് കഥ പറയാനൊരുങ്ങി. ജീസൻ തിളങ്ങുന്ന കത്തിയിലേക്കും പഴുത്ത അവളുടെ മുഖത്തേക്കും മാറിമാറി നോക്കി പിന്നെ
"ഓ... വേണ്ടെന്നേ... അത് ഞാൻ പീറ്ററു ചാച്ചൻ പറഞ്ഞ് ഒത്തിരി തവണ കേട്ടിട്ടൊണ്ട്... ആ കൊച്ചിന് ഇപ്പം
പനിക്കുന്നും മറ്റുമില്ലല്ലോ? ഞാൻ പോയേക്കുവാ നല്ല ക്ഷീണം. ഒന്ന് കിടക്കണം. ഈ വാതിലടച്ചേരെ... "
എന്നും പറഞ്ഞു കൊണ്ട് ക്ഷണിച്ചു വരുത്തിയ കോട്ടുവായോടെ തിരിഞ്ഞു നടന്നു.
മേരി നേരിയ ചിരിയോടെ ആ പോക്കും നോക്കിയിരുന്നു. പിന്നെ,
"കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്ക് കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി!"
എന്നു വേദപുസ്തക വായന പൂർത്തിയാക്കിക്കൊണ്ട് നിദ്രയുടെ ചതുർ വർണ്ണങ്ങളുള്ള സമചതുരപലകയിലെ പകിടയേറിന്റെ താളപെരുക്കങ്ങളിലേക്ക് പതിയെ തല ചേർത്തു വെച്ചു.
English Summary: Mini P. C writes 'Kanakadurga'