Art and Literature

മീർ എന്ന നദി

1916 ഗസലുകളുടെ ഒരു സമാഹാരം തന്നെയുണ്ട് മീറിൻ്റേതായി. അതിൽ നിന്നു തെരഞ്ഞെടുത്ത 150 ഈരടികളുടെ സമാഹാരമാണ് രഞ്ജിത്ത് ഹോസ്കോട്ട് പരിഭാഷയും സമാകലനവും നിർവ്വഹിച്ച 'പിറന്ന നാട് എന്ന കടൽ' (The Homeland's an Ocean) എന്ന പുസ്തകം.

സജയ് കെ വി
'ഭൂമിയാണ് പ്രണയികളുടെ നിലയനം.
ആകാശമോ
അവരുടെ
മഹാരഥ്യയിൽ നിന്നുയരുന്ന
പൊടിപടലം മാത്രം'

-മീർ തഖീ മീർ

മലയാളികൾക്ക് താരതമ്യേന അപരിചിതനായ ഗസലുകളുടെ മഹാകവിയാണ് മീർ തഖീ മീർ എന്ന മീർ (1723-1810). കശ്മീരിലെ പൂന്തോട്ടങ്ങളേക്കാൾ ഹൃദയഹാരിയായ കാവ്യോദ്യാനം എന്ന് പിൻഗാമിയായ ഗാലിബിനാൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട് മീറിൻ്റെ കൃതിസഞ്ചയം. ഗസലുകളും മസ്നവി(നീണ്ട കഥാകാവ്യം)കളും ഖസീദ (അർച്ചനാഗീതം)കളും റുബായി (ചതുഷ്പദി)കളും ചേരുന്ന വിപുലമായ കാവ്യലോകമായിരുന്നു അത്. 1916 ഗസലുകളുടെ ഒരു സമാഹാരം തന്നെയുണ്ട് മീറിൻ്റേതായി. അതിൽ നിന്നു തെരഞ്ഞെടുത്ത 150 ഈരടികളുടെ സമാഹാരമാണ് രഞ്ജിത്ത് ഹോസ്കോട്ട് പരിഭാഷയും സമാകലനവും നിർവ്വഹിച്ച 'പിറന്ന നാട് എന്ന കടൽ' (The Homeland's an Ocean) എന്ന പുസ്തകം. പെൻഗ്വിൻ റാൻ്റം ഹൗസ് ഇൻഡ്യയാണ് പ്രസാധകർ; പുസ്തകത്തിൻ്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത് 2024 ൽ.

ദുഃഖത്തിൻ്റെയും വേദനയുടെയും കവിതകളായിരുന്നു മീറിൻ്റേത്. ഈ പുസ്തകത്തിൽ വിവർത്തനം ചെയ്തു ചേർത്തിരിക്കുന്ന കവിതകളിലൊന്നിൽ നാം ഇങ്ങനെ വായിക്കുന്നു -

'ആഹ്ളാദം എന്നത് മറ്റേതോ ഭാഷയിലെ ഒരു വാക്കാണ്; എൻ്റെ നിഘണ്ടുവിൽ ആ പദം കാണാനേയില്ല'.

പണ്ട്, മലയാളത്തിൻ്റെ നിഘണ്ടുകാരനായ ശ്രീകണ്ഠേശ്വരം തൻ്റെ കോശത്തിൻ്റെ മുഖവുരയിലെഴുതിയ ഒരു വാക്യമുണ്ടല്ലോ, സുഖം എന്ന വാക്ക് എൻ്റെ നിഘണ്ടുവിൽ കാണുമെങ്കിലും ജീവിതത്തിൽ ഞാൻ അതെന്താണെന്നറിഞ്ഞവനല്ല, എന്നർത്ഥം വരുന്നത്- അതിൻ്റെ കൂടുതൽ കാവ്യാത്മകമായ ഗസലെഴുത്താണ് മീറിൻ്റെ ഈരടിയിൽ. രാഷ്ട്രീയസംഘർഷങ്ങളും ഉറ്റവരുടെ മരണവും അനാഥത്വവും പ്രവാസവും ചേർന്ന് ദു:ഖത്തിൻ്റെ കവിയായി ആകൃതിപ്പെടുത്തുകയായിരുന്നു മീറിനെ. മറ്റൊരു കവിതയിൽ നാം ഇങ്ങനെയും വായിക്കുന്നു-

'ഏത്
ഹൃദയം തകർന്ന
ദു:ഖിതൻ്റെ
ചിതയാണാകാശം?
പുലർച്ചെ
അതിൽ നിന്നൊരു
തീപ്പൊരി
പൊങ്ങുന്നു'

ഒരു പക്ഷേ ഒരിടപ്പള്ളി രാഘവൻ പിള്ളയുടെയോ ചങ്ങമ്പുഴയുടെയോ വിഷാദമഗ്‌നമായ കാല്പനികകവിത്വവുമായി ചാർച്ച പുലർത്തുന്നതായിരുന്നു പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മീറിൻ്റെ കവിത്വം; അവരെപ്പോലെ അല്പായുസ്സായിരുന്നില്ല അയാൾ എങ്കിലും. ഗെഥേ, ബ്ലേക്ക്, ഷില്ലർ, വേഡ്‌സ് വർത്ത് എന്നീ മഹാകാല്പനികരുടെ സമകാലികനായിരുന്നു 'കവിതയുടെ ദൈവം' ( ഖുദാ- എ- സുഖൻ) എന്നറിയപ്പെട്ടിരുന്ന മീർ തഖീ മീർ എന്നും ഓർക്കാം.

ഞാൻ ആദ്യമായി വായിച്ച മീറിൻ്റെ ഗസൽ ഇങ്ങനെയാണ് തുടങ്ങുന്നത്-

'ഒരു ജീവിതകാലം മുഴുവൻ
ഞാൻ മദിരയിൽ മുങ്ങി
ജീവിച്ചു,
ഹൃദയമെന്ന
ചോരയിറ്റുന്ന
പനിനീർപ്പൂവുമായി'.

'ഹൃദയമെന്ന ചോരയിറ്റുന്ന പനിനീർ ' എന്ന ആ കല്പനശ്രദ്ധിക്കുക,

'I fall upon the thorns of life,

I bleed'

എന്ന ഷെല്ലിയൻ കാല്പനിക രോദനത്തിൻ്റെ ഓർമ്മയുണർത്തുന്നത്. മറ്റൊന്ന് മദ്യത്തിൽ മുങ്ങിപ്പോയ ജീവിതമാണ് തൻ്റേതെന്ന സത്യവാങ്മൂലമാണ്. അത് യഥാർത്ഥ വീഞ്ഞോ യോഗാനന്ദത്തിൻ്റെ സ്വർഗ്ഗീയമദിരയോ എന്നു തർക്കിച്ചിട്ടു കാര്യമില്ല; രണ്ടിലേതുമാകട്ടെ, ആത്മീയതയുടെയോ പ്രണയത്തിൻ്റെയോ മദിരാലഹരി നിറഞ്ഞ ഒരു ഭാവനാലോകം സൃഷ്ടിച്ചു മീർ എന്നതാണു കാര്യം. കവിതയുടെയും പ്രണയത്തിൻ്റെയും കടുവീഞ്ഞു കുടിച്ച് ലക്കു കെട്ടവനേപ്പോലെ

മീർ തുടർന്നെഴുതുന്നു-

'മൂടുപടമൊന്നു നീങ്ങിയപ്പോൾ കണ്ട
ചന്ദ്രകാന്തിയുള്ള മുഖം
എൻ്റെ നെഞ്ചിലൊരു
നീറുന്ന കലയായി മാറി'

എത്ര ധ്വനിസുഭഗമാണ് ഈ ഈരടി എന്ന് നാം അമ്പരക്കുന്നു. കളങ്കമറ്റ ചന്ദ്രനായിരുന്നു അവളുടെ മുഖം . അത് കവിയുടെ/ കാമുകൻ്റെ ഹൃദയത്തിൽ നീറുന്ന വടുവോ കളങ്കമോ ആയി മാറുന്നു. പ്രണയത്തിൻ്റെ ചന്ദ്രദംശത്താലുള്ള വാടാവ്രണമാണത്; ഒരു നിമിഷാർധദർശനത്തിൻ്റെ പ്രണയപീഡ.

'സർവ്വകാലസംഗ്രഹ-
ക്ഷണപ്രഭയിൽ
മായാപടം
മാറ്റുക മനോഹരീ'

എന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ 'ഗസൽ' എന്ന കവിതയിൽ വായിച്ചിട്ടുള്ള മലയാളിക്ക് മീറിൻ്റെ ഈ ഗസലുമായും ഒരു തരം' ദേജാവൂ'ബന്ധം തോന്നിയേക്കാം.

'നിൻ്റെ കൺപീലികളുടെ
മന്ദചലനം കണ്ട്
പനിനീർപ്പൂ മെല്ലെ
വിരിയാൻ പഠിക്കുന്നു'

എന്നും ഇതേ ഗസലിൽ മീർ എഴുതുന്നുണ്ട്. ഗസലിൻ്റെ കണ്ണഞ്ചുന്ന ഭാവദീപ്തിയെന്തെന്ന് ഞാൻ ആദ്യമായി ഗ്രഹിച്ചത് യൗവനത്തിൽ വായിച്ച ഈ കവിതയിൽ നിന്നായിരുന്നു. ഇന്നിപ്പോൾ വാർധക്യത്തിൻ്റെ പടിവാതിലിൽ നിന്നുകൊണ്ട് രഞ്ജിത്ത് ഹോസ് കോട്ട് ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റിയ മീറിൻ്റെ ഈരടികളിലൂടെ കടന്നുപോകുമ്പോഴും ആ നാമം എൻ്റെ നാവിൽ മധുരിച്ചെരിയുന്നു.

എട്ട് മൗലികകാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള കവിയും വിവർത്തകനുമാണ് രഞ്ജിത്ത് ഹോസ്കോട്ട്.'I, Lalla:The Poems of Lal Ded'(2011) എന്ന കാശ്മീരി മിസ്റ്റിക് കവിതകളുടെ വിവർത്തനത്തിന് സാഹിത്യ അക്കാദമിയുടെ വിവർത്തനപുരസ്കാരം നേടിയിട്ടുള്ള രഞ്ജിത്ത് അതിദീർഘമായ ഒരാമുഖപഠനത്തോടൊപ്പമാണ് മീറിൻ്റെ തിരഞ്ഞെടുത്ത ഈരടികൾ ഇംഗ്ലീഷിൽ അവതരിപ്പിക്കുന്നത്.

അതിനൊടുവിൽ വിവർത്തകൻ ഇങ്ങനെ എഴുതുന്നു-

'വർഷങ്ങളായി ഗാലിബിൻ്റെ കവിതകളുടെ വിവർത്തനത്തിൽ മുഴുകിയതിനു ശേഷമാണ് ഞാൻ മീറിലേക്കെത്തിയത്. ഞാനദ്ദേഹത്തിൻ്റെ വാതിലിൽ മുട്ടി, ഗാലിബിൻ്റെ ശുപാർശയിൽ'. ഞാനും അതു തന്നെ ചെയ്യുന്നു, മീറിൻ്റെ ഗസലിൻ്റെ വാതിലിൽ മുട്ടാൻ ഞാൻ നിങ്ങളെ ശുപാർശ ചെയ്യുന്നു.

ഇതാ, പുസ്തകത്തിൽ നിന്നു മൊഴിമാറ്റിയ ചില ഗസൽമുത്തുകൾ-

'ഞങ്ങളുടെ നീഡത്തിൽ
ഇപ്പോഴുമുണ്ട്
ഇടിമിന്നലിൻ്റെ ഒരു ചീള്'(138).
'ഈ ലോകം
ഒരു മായക്കാഴ്ച്ച ,
ഇവിടെക്കാണുന്നതെല്ലാം
മറ്റെന്തിൻ്റെയോ
തോന്നൽ'
(42).
'അത്
കാബയിലെയോ
സോമനാഥിലെയോ
വിളക്കുമാടമായിക്കൊള്ളട്ടെ,
അതിൻ്റെ പ്രഭ
എല്ലാറ്റിനെയും തിളക്കുന്നു'
(71).
'ഹൃദയമാണ് പ്രണയത്തിലെ പങ്കാളി,
ആ പോരാട്ടത്തിലെ
എതിരാളിയും.
ഒരിക്കൽ നീറുന്ന
വ്രണമായിരുന്നത്
ഇപ്പോൾ
ഒരു
വടുവായി മാറിയിരിക്കുന്നു'(45).
'പ്രണയപാഠശാലയിൽ
ഹൃദയം വഴികാട്ടി,
ഹൃദയം പ്രവാചകൻ,
ഹൃദയം നിസ്‌കാരത്തിൻ്റെ ദിശാസൂചി,
ഹൃദയം തന്നെ പടച്ചവൻ'(19).
'കാഫിറായ
മീറല്ലോ
പ്രഘോഷിച്ചത്,
പ്രണയമെന്ന മതം
ഇദം പ്രഥമമായ് '
(18).
'മീർ ഒരു നദിയാണ്,
അയാൾ കവിത ചൊല്ലുന്നത് ഞങ്ങൾ കേട്ടു,
ദൈവമേ,
എന്തൊരൊഴുക്ക്!'
(139).

A book review from Sajay K.V.’s column Bookosphere, Episode 2, explores The Homeland’s an Ocean, a collection of 150 couplets by Mir Taqi Mir (1723–1810), one of the great Urdu ghazal poets, whose work remains relatively unfamiliar to Malayalam readers. The book has been translated and compiled by Ranjit Hoskote, bringing Mir’s evocative poetry to a wider audience.