Art and Literature

താരശരീരങ്ങളിൽ മെരുങ്ങുന്നതല്ല, തമിഴരുടെ രാഷ്ട്രീയബോധ്യങ്ങള്‍; 'പരാജിത നായകര്‍' - ഒരു വായന

തമിഴ്നാട് രാഷ്ട്രീയത്തില്‍ വിജയം കൈവരിച്ചവരെയും രാഷ്ട്രീയത്തിന്‍റെ നീലാകാശത്തില്‍ മിന്നല്‍പിണര്‍ പോലെ ഉദിച്ചസ്തമിച്ച താരങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് തമിഴ് രാഷ്ട്രീയത്തിന്‍റെ അന്തരിക സത്തയെ കണ്ടെത്താനാണ്‌ രചയിതാവ് ശ്രമിക്കുന്നത്

സിയർ മനുരാജ്

ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനകത്ത് എക്കാലവും അതിശക്തമായ സാംസ്കാരിക വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുള്ള തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ് എഴുത്തുകാരനും മാധ്യമപ്രവർത്തകനും എഡിറ്ററുമായ ടി അനീഷ്‌ രചിച്ച 'പരാജിത നായകര്‍ - തമിഴ് താര രാഷ്ട്രീയത്തിന്റെ കഥ' എന്ന ഗ്രന്ഥം. തമിഴ്നാട് രാഷ്ട്രീയം ഒരു തട്ടുപൊളിപ്പന്‍ മസാല സിനിമ പോലെ സിനിമാക്കാരുടെ കയ്യിലെ പാവകണക്കെയാണ് എന്ന പൊതുബോധത്തെ വിശകലനാത്മകമായി ചോദ്യം ചെയ്യുകയാണ് ഈ പുസ്തകത്തില്‍ ലേഖകന്‍ ചെയ്യുന്നത്.

പുസ്തകത്തിന്‍റെ ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് തമിഴ് രാഷ്ട്രീയത്തെ അടിസ്ഥാനപരമായി ദ്രാവിഡ ആശയങ്ങളുടെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ ക്ഷേമരാഷ്ട്ര സങ്കല്പമായാണ് അവതരിപ്പിക്കുന്നത്. തമിഴ് സിനിമയുമായി അഭേദ്യമായ ബന്ധം തമിഴരുടെ പൊളിറ്റിക്കല്‍ ഇക്കോണമിക്ക് ഉള്ളപ്പോഴും സിനിമാക്കാരുടെയും സിനിമകളുടെയും ലോകത്തില്‍ നിന്നും വ്യതിരിക്തമായ ഒരു അസ്തിത്വം, തനിമ തമിഴ് രാഷ്ട്രീയത്തിനുണ്ടെന്ന നിലപാടുതറയിൽ നിന്നുകൊണ്ടാണ് ഈ പുസ്തകത്തിന്റെ രചന. തമിഴ്നാട് രാഷ്ട്രീയത്തില്‍ താരരാഷ്ട്രീയം വേരുപിടിച്ച സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും കേവലം താരമൂല്യത്തെ അടിസ്ഥാനമാക്കി അവർക്കൊക്കെ ജനപിന്തുണ ആർജ്ജിക്കാനായോ എന്നതടക്കമുള്ള അന്വേഷണത്തിലേക്കു വികസിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ കൃതിയുടെ വിഷയാവതരണം. തമിഴ്നാട് രാഷ്ട്രീയത്തില്‍ വിജയം കൈവരിച്ചവരെയും രാഷ്ട്രീയത്തിന്‍റെ നീലാകാശത്തില്‍ മിന്നല്‍പിണര്‍ പോലെ ഉദിച്ചസ്തമിച്ച താരങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് തമിഴ് രാഷ്ട്രീയത്തിന്‍റെ അന്തരിക സത്തയെ കണ്ടെത്താനാണ്‌ രചയിതാവ് ശ്രമിക്കുന്നത്.

തമിഴ് രാഷ്ട്രീയത്തെ അക്കാദമികമായി സമീപിച്ചവരില്‍ പ്രമുഖനായ എം എസ് എസ് പാണ്ഡ്യന്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ ഉറച്ചുകിടക്കുന്ന ജാതിയുടെ വ്യവസ്ഥയുടെ ശ്രേണീബദ്ധമായ അടരുകളിലാണ് തമിഴ് രാഷ്ട്രീയത്തെ പ്രതിഷ്ഠിച്ചത്. ജാതിവിരുദ്ധ ദ്രാവിഡ രാഷ്ട്രീയവും തമിഴ് സ്വത്വബോധവുമാണ് തമിഴ് രാഷ്ട്രീയത്തെ ദേശീയതലത്തില്‍ വേറിട്ട്‌ നിര്‍ത്തിയത് എന്ന സൈദ്ധാന്തിക നിലപാടാണ്‌ പാണ്ഡ്യന്‍ മുന്നോട്ട് വെച്ചത്.

The Image Trap: M G Ramachandran in Film and Politics എന്ന ഗ്രന്ഥത്തിലൂടെ സിനിമയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി എങ്ങനെയാണ് എം ജി ആര്‍ തന്‍റെ രാഷ്ട്രീയ സിംഹാസനത്തെ ഉറപ്പിച്ചത് എന്ന് വിലയിരുത്തുമ്പോള്‍ തന്നെ തങ്ങളുടെ താല്പര്യങ്ങൾ ഭരണകൂടം ഹനിക്കുമ്പോള്‍ എന്തുകൊണ്ടാണ് പാവപ്പെട്ടവരും പാര്‍ശ്വവല്‍കൃത ജനതകളും അത്തരം നേതാക്കളെ ആരാധിക്കുന്നത് എന്ന മൌലീകമായ ചോദ്യമാണ് പാണ്ഡ്യന്‍ ഉന്നയിച്ചത്.

രാഷ്ട്രീയ നേതാവെന്ന നിലയിലുള്ള എം ജി ആറിന്‍റെ പരാജയങ്ങളെ മറികടക്കാന്‍ മാത്രം ശക്തിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ നായകപരിവേഷം എന്നാണ് പാണ്ഡ്യന്റെ നിരീക്ഷണം. ഇതിനെ ഒരു ബിംബക്കെണിയായാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. തമിഴ് ജനതയുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള ആലോചനകളിൽ അവർ ബിംബക്കെണിക്കകത്താണ് എന്ന പൊതുബോധം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ആഖ്യാനങ്ങളെ നിശിതമായി ചോദ്യം ചെയ്യുകയാണ് അനീഷ് ഈ പുസ്തകത്തിൽ. ബ്രാഹ്മണ മേധാവിത്വത്തെ ആശയപരമായി പ്രതിരോധിക്കുന്ന ദ്രാവിഡ രാഷ്ട്രീയം അബ്രാഹ്മണ ജനതകള്‍ക്ക് വാഗ്ദാനം ചെയ്ത സ്വാഭിമാനം, സ്വാതന്ത്ര്യബോധം എത്രത്തോളം അവരുടെ ജീവിതാനുഭവപരിസരങ്ങളിലേക്ക് പകരാൻ ശ്രമിച്ചുവോ അത്തരം രാഷ്ട്രീയക്കാര്‍ക്ക് ജനകീയ പിന്തുണ നേടാനായി എന്ന വാദമാണ് ഈ പുസ്തകത്തില്‍ അനീഷ്‌ മുന്നോട്ട് വെക്കുന്നത്. അതായത് താരാരാധനയെക്കാൾ ജനതയുടെ രാഷ്ട്രീയേച്ഛയാണ് തമിഴ് രാഷ്ട്രീയത്തെ സക്രിയമാക്കിയത് എന്ന് ചുരുക്കം.

പരാജിത നായകര്‍ക്ക് അവതാരികയെഴുതിയ പി എന്‍ ഗോപീകൃഷ്ണന്‍ വളരെ സൂക്ഷ്മമായി അനീഷ്‌ എങ്ങനെയാണ് താരപരിവേഷവും ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ മൂല്യബോധവും തമ്മിലുള്ള വിനിമയങ്ങളില്‍ ഒന്ന് മറ്റൊന്നിനെ അപ്രസക്തമാക്കുകയല്ല ഉണ്ടായത് മറിച്ച് രണ്ടും പരസ്പര പൂരകമായാണ് നിലകൊണ്ടത് എന്ന വാദത്തെ അവതരിപ്പിക്കുന്നത് എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. "താരരാഷ്ട്രീയത്തെക്കുറിച്ച് ഗഹനമായി ആലോചിക്കാനുള്ള നിരവധി ടേക്ക് ഓഫ്‌ ബിന്ദുക്കള്‍ ഈ പുസ്തകം തരുന്നുണ്ട്" എന്ന ഗോപീകൃഷ്ണന്‍റെ വിലയിരുത്തല്‍ അനീഷിന്‍റെ നിരീക്ഷണങ്ങള്‍ക്കുള്ള വലിയ പിന്തുണയാണ്. "തിരശ്ശീലയിലെ പ്രകടനങ്ങള്‍ കിന്നരിയിട്ട കൌമാരയൌവനകാലത്തിന്‍റെ മറന്നുപോയ ചില പേജുകളേയും ചലച്ചിത്രം എന്ന പലവിധ കാമനകളെ ഒരുമിപ്പിക്കുന്ന ഒരു അഭിനിവേശ പ്രദേശത്തെയും അധികാരത്തിന്‍റെ നിരവധി അടരുകള്‍ ഒളിച്ചു വെച്ച രാഷ്ട്രീയം എന്ന മറ്റൊരു അഭിനിവേശപ്രദേശത്തേയും ചേര്‍ത്തുവെച്ചുള്ള ആലോചനകള്‍ക്ക് തീര്‍ച്ചയായും ഇതൊരു കൈപ്പുസ്തകമായി വര്‍ത്തിക്കും അതിനാല്‍ ഈ പുസ്തകം ചര്‍ച്ച ചെയ്യപ്പെടട്ടെ എന്നാശിക്കുന്നു" എന്നും ഗോപീകൃഷ്ണന്‍ അവതാരികയില്‍ പറഞ്ഞതിനോട് ഹൃദയപൂര്‍വ്വം ഞാനും യോജിക്കുന്നു.

താരമൂല്യം ഉണ്ടായിട്ടും തമിഴ്നാട് രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ കഴിയാതെ പോയ ചലച്ചിത്ര താരങ്ങളെയും അവരുടെ രാഷ്ട്രീയ ജീവിതത്തെയും വിമര്‍ശനാത്മകമായി വിലയിരുത്തുകയാണ് ഈ കൃതിയില്‍ അനീഷ്‌ ചെയ്തിരിക്കുന്നത്. ശിവാജി ഗണേശന്‍, എസ് എസ് രാജേന്ദ്രന്‍, കെ ഭാഗ്യരാജ്, ടി രാജേന്ദര്‍, ശരത്കുമാര്‍, കമല്‍ ഹാസന്‍, വിജയകാന്ത്, കാര്‍ത്തിക്, കരുണാസ്, സീമാന്‍ തുടങ്ങിയവരുടെ രാഷ്ട്രീയ ജീവിതം അനാവരണം ചെയ്തുകൊണ്ടാണ് സിനിമയുടെ പിടിയിലാണ് തമിഴ് രാഷ്ട്രീയമെന്ന മിത്തിനെ അനീഷ്‌ തകര്‍ക്കുന്നത്.

പെരിയാറും അണ്ണാദുരൈയും മുന്നോട്ടു വെച്ച ദ്രാവിഡ രാഷ്ട്ര സങ്കല്‍പ്പത്തെ സ്വീകരിച്ചുകൊണ്ടാണ് തമിഴ് രാഷ്ട്രീയം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതനത്തിനു ശേഷം മുന്നോട്ട് പോയത്. ഭരണത്തെ പിന്തുണയ്ക്കുന്ന അണികളും അവരെ നയിക്കുന്ന നേതാക്കളും മാറുമ്പോഴും ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ മൂല്യബോധം എക്കാലവും തമിഴ്നാട്ടില്‍ ഉറച്ചുതന്നെ നിലനിന്നു. "അണ്ണാദുരൈ നിര്‍ദേശിച്ചാല്‍ എല്ലാ സിനിമാ കരാറുകളും റദ്ദ് ചെയ്ത് പോരാട്ടത്തിനിറങ്ങാന്‍ തയ്യാറാണ്" എന്ന ശിവാജി ഗണേശന്‍റെ വാക്കുകള്‍ അദ്ദേഹത്തില്‍ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നില്ല. ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ബ്രാഹ്മണ വിരുദ്ധ നിലപാടുകളെ ശിവാജി ഗണേശന്‍ പരോക്ഷമായിട്ടാണെങ്കിൽ കൂടി ലംഘിക്കുമ്പോൾ അണികള്‍ നിര്‍ദ്ദയം "നാസ്തിക ഗണേശന്‍, തിരുപ്പതി ഗണേശന്‍" എന്നൊക്കെ തെരുവില്‍ പരിഹസിക്കുന്നു. അതായത് താരപരിവേഷം എല്ലാറ്റിനുമുള്ള ഒരു പരിചയായി പ്രവര്‍ത്തിക്കുന്നില്ല. സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കിയിട്ടും താരമെന്ന നിലയില്‍ വലിയ ആരാധക പിന്തുണ ഉണ്ടായിട്ടും ജനങ്ങളെ രാഷ്ട്രീയമായി ഏകോപിപ്പിക്കാനുള്ള ആശയപരമായ ഒരടിത്തറ ഉണ്ടാക്കുന്നതില്‍ ശിവാജി പരാജയപ്പെടുകയാണ് ഉണ്ടായത്.

ദ്രാവിഡ പ്രത്യയശാസ്ത്രത്തില്‍ നിന്നും അണുവിട മാറാത്ത വ്യക്തിജീവിതം കാത്തുസൂക്ഷിച്ച എസ് എസ് രാജേന്ദ്രന്‍ രാഷ്ട്രീയ ഗോദയില്‍ തിളങ്ങാതെ പോയത് എന്തുകൊണ്ടാണ് എന്നത് ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ ഒരു പ്രഹേളികയാണ്. എം ജി ആറില്‍ പാണ്ഡ്യന്‍ നിരീക്ഷിക്കുന്ന താരപരിവേഷവും, ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം പണം മുടക്കാനുള്ള മടിയില്ലായ്മയും ദ്രാവിഡ രാഷ്ട്രീയ മൂല്യങ്ങള്‍ കൃത്യമായി ജീവിതത്തില്‍ പാലിക്കുകയും ചെയ്തിട്ടും രാജേന്ദ്രന്‍ രാഷ്ട്രീയത്തില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. ഒരിക്കല്‍ സ്വന്തം വീട്ടില്‍ രാഷ്ട്രീയ പ്രതിഷേധമെന്ന നിലയില്‍ കരിങ്കൊടി ഉയര്‍ത്തിയപ്പോള്‍, പോലീസ് അത് അഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ രാജേന്ദ്രന്‍ പറഞ്ഞത് "സ്വകാര്യ ഇടത്തില്‍ കരിങ്കൊടി കെട്ടാന്‍ ആരുടേയും അനുവാദമാവശ്യമില്ല" എന്നായിരുന്നു. നമ്മുടെ തീന്മേശയിലും കിടപ്പറയിലും വസ്ത്രധാരണത്തിലും വരെ കൈകടത്തുന്ന പ്രത്യയശാസ്ത്രം മേല്‍ക്കൈ നേടുന്ന ഒരു കാലത്ത് രാജേന്ദ്രന്‍ ഉയര്‍ത്തിയ 'സ്വകാര്യ ഇട'മെന്ന ആശയം എക്കാലവും പ്രസക്തമായ ഒന്നാണ്. എം ജി ആറുമായി അടുത്ത് നിന്നെങ്കിലും ആ അടുപ്പം രാഷ്ട്രീയമായി വളരാനുള്ള മൂലധനമായി പരിവര്‍ത്തിക്കാന്‍ രാജേന്ദ്രന് കഴിഞ്ഞില്ല.

തമിഴ് സിനിമാ ചരിത്രത്തിലെ മറ്റൊരു അതികായനായ ഭാഗ്യരാജും രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും അദ്ദേഹവും ആ ഉദ്യമത്തില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്ന സമ്മതിയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റാന്‍ ഭാഗ്യരാജിന് കഴിഞ്ഞില്ല. ടി രാജേന്ദ്രനും ഏതാണ്ട് ഭാഗ്യരാജിന്‍റെ പാത തന്നെയാണ് രാഷ്ട്രീയത്തില്‍ പിന്തുടര്‍ന്നത്. രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനിറങ്ങിയ ശരത്കുമാര്‍ ആകട്ടെ, ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ നിലപാട് തറയില്‍ നിന്നും മാറി ജാതി രാഷ്ട്രീയത്തിന്‍റെ കെണിയില്‍ വീഴുകയാണ് ഉണ്ടായത്. ഫലമോ, രാഷ്ട്രീയത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാതെ ശരത്കുമാറും വള്ളിപൊട്ടിയ പട്ടം പോലെയായി!

തമിഴ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ കഴിയുന്ന തരത്തില്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട ആളാണ്‌ കമല്‍ ഹാസന്‍. ആം ആദ്മി പാര്‍ട്ടിയും അണ്ണാ ഹസാരെയും മുന്നോട്ട് വെച്ച അഴിമതി വിരുദ്ധ രാഷ്ട്രീയത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പരാവര്‍ത്തനം ചെയ്യുകയായിരുന്നു കമല്‍ ഹാസനും 'മക്കള്‍ നീതി മയ്യ'വും. സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവാക്കളിലേക്ക് നേരിട്ട് എത്തുകയെന്ന തന്ത്രമാണ് കമല്‍ ഹാസന്‍ പയറ്റിയത്. എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ വേണ്ട ചാതുര്യം കമലിനും ഉണ്ടായിരുന്നില്ല. തമിഴ് രാഷ്ട്രീയത്തില്‍ അല്‍പ്പമെങ്കിലും ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞ വിജയകാന്ത് ആകട്ടെ, വര്‍ഗീയ കക്ഷികളോട് കൂട്ട് ചേര്‍ന്നതിലൂടെ ജനകീയ അടിത്തറ നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. രാഷ്ട്രീയത്തിന്‍റെ മധു നുകരാന്‍ ഇറങ്ങിയ മറ്റൊരു താരമായിരുന്നു കാര്‍ത്തിക്. എന്നാല്‍ യാത്ര തുടങ്ങും മുന്‍പേ അവസാനിക്കാനായിരുന്നു അദ്ദേഹത്തിന്‍റെയും വിധി. ജാതി രാഷ്ട്രീയത്തിന്‍റെ പുറകെ പോയ കാര്‍ത്തിക്കിന് ശരത് കുമാറിന്‍റെ വിധിതന്നെയായിരുന്നു കാലം കാത്ത് വെച്ചത്. തേവര്‍ സമുദായങ്ങളിലൂടെ സംയോജനത്തിലൂടെ ജാതി രാഷ്ട്രീയത്തിന്‍റെ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ച സിനിമാക്കാരനായിരുന്നു കരുണാസ്. എന്നാല്‍ സമുദായത്തിന്‍റെയും മുഖ്യ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ നേടാന്‍ കരുണാസിന് കഴിഞ്ഞില്ല. തമിഴ് വംശീയതയെ ഉയര്‍ത്തി തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒറ്റയാനായി നില്‍ക്കുന്ന സീമാനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും യുവാക്കളുടെയിടയില്‍ സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും വിജയ്‌യുടെ പാര്‍ട്ടിയുടെ വരവോടെ ആ ജനപ്രീതിയില്‍ വലിയ ഇടിവുണ്ടായതായിട്ടാണ് അനീഷ്‌ വാദിക്കുന്നത്. തമിഴ് സിനിമയിലെ ഏറ്റവും തലപൊക്കമുള്ള നടനായ രജിനികാന്തും ഒളിഞ്ഞും മറഞ്ഞും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിനും കഴിഞ്ഞില്ല.

തമിഴ് രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്ക്കാന്‍ കഴിഞ്ഞ സിനിമാ താരങ്ങള്‍ അവരുടെ താരപരിവേഷത്തേയും രാഷ്ട്രീയ മൂല്യബോധത്തേയും കൃത്യമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ വിജയം കാണുന്ന ഘട്ടങ്ങളിൽ മാത്രമാണ് ജനപിന്തുണ ആർജ്ജിച്ചത്. അതില്‍ പരാജയപ്പെട്ട എല്ലാ സിനിമക്കാരെയും നിര്‍ദാക്ഷണ്യം തോല്‍പ്പിക്കാന്‍ തമിഴ് ജനത യാതൊരു മടിയും കാണിച്ചില്ല. ഇത്തരം സംഭവവികാസങ്ങൾ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി തമിഴ് രാഷ്ട്രീയവും തമിഴ് ജനതയും സിനിമാക്കാരുടെ കുഴലൂത്തുകാര്‍ മാത്രമാണെന്ന പൊതുബോധത്തെ തകര്‍ക്കുകയാണ് ഈ പുസ്തകത്തിലൂടെ അനീഷ്‌ ചെയ്തിട്ടുള്ളത്. ജയിച്ച സിനിമാക്കരെക്കാളും കൂടുതലുള്ളത് തോറ്റുപോയവരാണെന്ന് കൃത്യമായ തെളിവുകളോടെ ഉറപ്പിക്കുകയാണ് ഗ്രന്ഥകാരൻ. രാഷ്ട്രീയ ബോധവും ബോധ്യവുമുള്ള ജനതയാണ് തമിഴര്‍ എന്നതിന്‍റെ ഒരടയാളമായിക്കൂടിയാണ് പരാജിതരായ സിനിമാക്കാരുടെ കഥകളെ ഗ്രന്ഥകര്‍ത്താവ് നമുക്ക് മുന്‍പില്‍ വെയ്ക്കുന്നത്. പത്തോളം താരങ്ങൾ പരാജയപ്പെട്ടയിടത്താണ് ജോസഫ് വിജയ്‌ എന്ന താരം വിജയിച്ചു മുഖ്യമന്ത്രി പദത്തിലേക്കെത്തിയത് എന്നത് അത്ര അത്ഭുതത്തിന് വകയുള്ള കാര്യമല്ലെന്ന നിഗമനത്തിലേക്ക് വായനക്കാരെ നയിക്കാന്‍ ഈ പുസ്തകത്തിന്‌ കഴിയുന്നുണ്ട്. രണ്ടു ദ്രാവിഡ കക്ഷികള്‍ക്കിടയില്‍ വിഭജിക്കപ്പെട്ട തമിഴ് രാഷ്ട്രീയത്തിലേക്ക് തങ്ങളുടേതായ ഒരിടം വെട്ടിയൊരുക്കുക ഏതാണ്ട് അസാധ്യമായ കാര്യം തന്നെയായിരുന്നു. ഇരു ദ്രാവിഡ കക്ഷികളുടെയും പ്രായോഗിക രാഷ്ട്രീയത്തോടുള്ള വലിയൊരു വിഭാഗം ജനങ്ങളുടെ അനിഷ്ടവും വിരക്തിയും വിരോധവും ഉണ്ടാക്കിയ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഏക ബദൽ തങ്ങളാണെന്നു ആസൂത്രിതമായ പ്രയോഗപദ്ധതിയുടെ പിന്‍ബലത്തിൽ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതു മൂലമാണ് വിജയ് യുടെ താരശരീരത്തിന് രാഷ്ട്രീയ ചലനാത്മകത കിട്ടിയതെന്ന സൂചനയാണ് ഈ പുസ്തകത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നത്. കമല്‍ഹാസന്‍ രാഷ്ട്രീയ പ്രചാരണത്തിനായി ആരംഭിച്ച ആശയവിനിമയ സാദ്ധ്യതകള്‍ പുതിയ സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ അതിവിപുലമായ രീതിയിൽ പ്രയോഗിച്ച്‌ കൊണ്ട് ജെന്‍സി തലമുറയെ അടക്കം വലിയൊരു പൊതുസമൂഹത്തെ കൂടെ നിര്‍ത്താന്‍ വിജയ്ക്ക് സാധിച്ചു.

ഈ പുസ്തകത്തില്‍ വിശകലന വിധേയരാക്കപ്പെട്ട താരങ്ങളുടെ സിനിമാ ജീവിതത്തെയും വ്യക്തിപരമായ സവിശേഷതകളെയും കൃത്യമായി അവരുടെ രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കുന്ന എഴുത്തുരീതിയാണ് അനീഷ്‌ കൈക്കൊണ്ടിട്ടുള്ളത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരു വാതില്‍ തുറന്നു കൊടുക്കുന്നത് സിനിമയിലൂടെ അവര്‍ നേടിയെടുത്ത പ്രശസ്തി തന്നെയാണെങ്കിലും ജനപിന്തുണ നേടുന്നതില്‍ കേവലം താരപരിവേഷത്തിന്റെ പിന്‍ബലം മാത്രം പോരായിരുന്നു. താര ശരീരങ്ങളുടെ വാണിജ്യ വൈകാരിക മൂല്യത്തെ ആധാരമാക്കിയാണ് തമിഴ്നാട് രാഷ്ട്രീയം മുന്നോട്ട് പോകുന്നത് എന്ന പൊതുബോധം ഒരു കെട്ടുകഥയാണെന്ന് സമർത്ഥിക്കാൻ ഗ്രന്ഥകാരൻ നിരത്തുന്ന തെളിവുകൾ സുദൃഢമാണ്.

എം ജി ആറിന്‍റെ കാലത്തുള്ള ജനങ്ങളല്ല ഇന്ന് തമിഴ്നാട്ടിലുള്ളത്. ഉയര്‍ന്ന വിദ്യാഭ്യാസവും, മെച്ചപ്പെട്ട ജീവിതനിലവാരവുമുള്ള, കൂടുതല്‍ ഉയരങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന യുവസമൂഹവും അവര്‍ക്ക് വേണ്ടി കൈകോര്‍ക്കുന്ന മാതാപിതാക്കളുടെ കൂട്ടവും

പരമ്പരാഗത രാഷ്ട്രീയ ബോധത്തോടു ഇടയുന്നുണ്ട്. താര പരിവേഷത്തോടെ രാഷ്‌ടീയത്തിലേക്കു വന്ന ജോസഫ് വിജയ്‌യ്ക്ക് ഈ വിഭാഗം കണ്ണുമടച്ച് പിന്തുണ നൽകി എന്നല്ല നാം മനസ്സിലാക്കേണ്ടത്. എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സർക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെയും മടുപ്പിന്റെയും പശ്ചാത്തലമുണ്ടായിരുന്നു. അഴിമതിയും കുടുംബവാഴ്ചയും സംഘടനാപരമായ ദൗർബല്യങ്ങളും അധികാരത്തിനായുള്ള അവസരവാദ സമീപനങ്ങളുമൊക്കെ പരക്കെ വിമർശിക്കപ്പെട്ടപ്പോൾ ഇരുദ്രാവിഡകക്ഷികൾക്കും ശക്തമായ ബദൽ ആവശ്യമാണെന്ന പൊതുബോധം ശക്തിപ്പെട്ടു. ഈ സ്പേസിലാണ് കൃത്യമായ കരുനീക്കങ്ങളിലൂടെ വിജയ് തന്റെ താരശരീരത്തെ പകരം വെക്കുന്നത്. ഭരണവിരുദ്ധ വികാരത്തിനു അനുകൂലമായ ഘടകങ്ങൾ ശക്തിപ്പെടുത്തുന്നതിലും അവയുടെ ഗുണഫലം തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതിലും ടിവി കെയും വിജയ് യും നടത്തിയ രാഷ്ട്രീയ നീക്കങ്ങൾക്ക് ജനങ്ങളിൽ നിന്നുണ്ടായ ബ്ലാങ്ക് ചെക്ക് ആണ് വിജയ്ക്കു ലഭിച്ച മുൻതൂക്കമെന്നൊരു വായനക്കുള്ള സാധ്യത അനീഷിന്‍റെ പുസ്തകം തുറന്നിടുന്നുണ്ട്.

പരാജിതരായ സിനിമാക്കാരുടെ രാഷ്ട്രീയ ജീവിതകഥയുടെ വിശകലനം ചെയ്യാൻ മികച്ച വായനാസുഖം പകരുന്ന ഭാഷ ഈ പുസ്തകത്തിന്റെ അധിക സവിശേഷതയെണെന്നു പറയാം. ലോഗോസ് ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. WE the people of India എന്നു ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ വിശേഷിപ്പിക്കുന്ന രാഷ്ട്രീയ ജനാധിപത്യബോധം ഉയർത്തിപ്പിടിക്കുന്നവരാണ് തമിഴ് ജനതയെന്ന്‍ ഉറപ്പിച്ചു പറയുകയാണ് ഈ പുസ്തകം. ഭരണഘടനയുടെ മൂല്യങ്ങളെ സാംശീകരിക്കുന്ന ഒരു ക്ഷേമരാഷ്ട്രത്തെ കെട്ടിപ്പടുക്കാന്‍ ജോസഫ് വിജയിന് കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തെ കാത്ത് നില്‍ക്കുന്നതെന്താണെന്ന കൃത്യമായ സൂചന ഈ പുസ്തകത്തിൽ നിന്ന് വായിച്ചെടുക്കാം.

രാഷ്ട്രീയത്തില്‍ പരാജിതരായ താരജീവിതങ്ങളെ അനാവരണം ചെയ്യുന്ന ഈ പുസ്തകം കൂടുതല്‍ ആഴത്തിലുള്ള വായനക്കും സൈക്കോ അനലിറ്റിക്കല്‍ വിശകലനങ്ങള്‍ക്കുമുള്ള വാതിലുകള്‍ തുറന്നിടുന്നുണ്ട്.