ചരിത്രവും കാലവും മനുഷ്യരെ പല ഇടങ്ങളിലായി വേർതിരിച്ചുനിർത്തുന്നുണ്ടെങ്കിലും അവരുടെ അനുഭവങ്ങൾക്കിടയിൽ ചില അദൃശ്യബന്ധങ്ങളുണ്ട്. കാലങ്ങൾ കഴിഞ്ഞും മനുഷ്യർ ഒരേപോലെയുള്ള ചില ചോദ്യങ്ങളുമായി ജീവിക്കുന്നു. ജീവിതത്തിന്റെ അർഥമെന്ത്, ദുഃഖത്തെ എങ്ങനെ നേരിടണം, മരണത്തെ എങ്ങനെ ഉൾക്കൊള്ളണം, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഇടം എവിടെയാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഓരോ കാലത്തും പുതിയ രൂപത്തിൽ ഉയർന്നുവരുന്നു. ശാസ്ത്രത്തിനും ചരിത്രത്തിനും അവയുടേതായ ഉത്തരങ്ങളുണ്ടാകാം. എന്നാൽ മനുഷ്യന്റെ ഉള്ളിൽ അനുഭവമായി മാത്രം തെളിയുന്ന ചില സത്യങ്ങളെ മറ്റുവഴികളിലൂടെതന്നെ സമീപിക്കേണ്ടിവരും.
ബുദ്ധൻ ധ്യാനത്തിലൂടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്നു. ബഷീർ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലും അതിന്റെ സങ്കടങ്ങളിലും ചിരിയിലും സ്നേഹത്തിലും സത്യം അന്വേഷിച്ചു. ഒരാൾ ആത്മാന്വേഷണത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ മറ്റൊരാൾ ജീവിതത്തെ അടുത്തുനിന്ന് അറിഞ്ഞ് കഥകളാക്കി. വഴികൾ രണ്ടായിരുന്നെങ്കിലും രണ്ടുപേരുടെയും അന്വേഷണത്തിന്റെ കേന്ദ്രത്തിൽ മനുഷ്യനുണ്ടായിരുന്നു. ഈ രണ്ടു ജീവിതങ്ങളെ കവിതയിൽ ഒരുമിച്ചുകൊണ്ടുവരുമ്പോൾ എം. പി. അനസ് തുറക്കുന്നത് കാലത്തിന്റെയും ദേശത്തിന്റെയും അതിരുകൾക്കപ്പുറമുള്ള ഒരു അനുഭവലോകമാണ്.
എം പി അനസിന്റെ ‘ബുദ്ധനും ബഷീറും’ എന്ന കവിത ഈ അനുഭവലോകത്തേക്കാണ് വായനക്കാരനെ ക്ഷണിക്കുന്നത്. ചരിത്രത്തിൽ ഒരിക്കലും കണ്ടുമുട്ടാൻ ഇടയില്ലാത്ത രണ്ടു മനുഷ്യരെ കവി ഒരേ അനുഭവമണ്ഡലത്തിൽ കൊണ്ടുവരുന്നു.
ഒന്ന് ധ്യാനത്തിലൂടെ അറിവിന്റെയും ഉണ്മയുടെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. മറ്റൊന്ന് മനുഷ്യജീവിതത്തിന്റെ വൈരുധ്യങ്ങളിലും നിത്യാനുഭവങ്ങളിലും സത്യം തേടുന്നു. ആദ്യത്തേത് ആത്മാന്വേഷണത്തിന്റെ വഴിയാണ്. രണ്ടാമത്തേത് ജീവിതത്തെ തൊട്ടറിയുന്ന സർഗാത്മകമായ വഴിയും. ഈ രണ്ടു വഴികളും പരസ്പരം ചേരുമ്പോൾ കവിതയ്ക്ക് കാലത്തിന്റെയും ദേശത്തിന്റെയും അതിരുകൾക്കപ്പുറത്തേക്ക് കടക്കാൻ കഴിയുന്നു.
സത്യം എല്ലായ്പ്പോഴും വലിയ സിദ്ധാന്തങ്ങളുടെ രൂപത്തിലല്ല മനുഷ്യനെ തേടിയെത്തുന്നത്. ചിലപ്പോൾ ഒരു പുഞ്ചിരിയിലൂടെ, ഒരു പൂവിലൂടെ, ഒരു നിശ്ശബ്ദതയിലൂടെ, മറ്റൊരു ജീവിയോടുള്ള കരുതലിലൂടെ അത് സ്വയം വെളിപ്പെടും. സൂഫിസവും സെൻ ബുദ്ധധർമ്മവും മനുഷ്യജീവിതത്തെ സമീപിക്കുന്നതിലെ ഒരു പൊതുസ്വഭാവം ഇതാണ്.
അനുഭവത്തെക്കാൾ വലുതല്ല വിശദീകരണം. വാക്കുകൾക്കപ്പുറത്തും അർഥമുണ്ടെന്നും ഭാഷ നിശ്ശബ്ദമാകുന്നിടത്ത് ചില തിരിച്ചറിവുകൾ ആരംഭിക്കുമെന്നും ഈ രണ്ടു ദാർശനിക പാരമ്പര്യങ്ങളും നമ്മെ ഓർമിപ്പിക്കുന്നു. റൂമിയുടെ പ്രണയാനുഭവവും സെൻ ഗുരുവിന്റെ മൗനവും മനുഷ്യനെ പുറത്തുനിന്ന് അകത്തേക്കുള്ള ഒരു യാത്രയിലേക്കാണ് നയിക്കുന്നത്.
എം പി അനസിന്റെ ‘ബുദ്ധനും ബഷീറും’ എന്ന കവിത ഈ അനുഭവലോകത്തേക്കാണ് വായനക്കാരനെ ക്ഷണിക്കുന്നത്. ചരിത്രത്തിൽ ഒരിക്കലും കണ്ടുമുട്ടാൻ ഇടയില്ലാത്ത രണ്ടു മനുഷ്യരെ കവി ഒരേ അനുഭവമണ്ഡലത്തിൽ കൊണ്ടുവരുന്നു. ബോധിവൃക്ഷത്തിന്റെ തണലും ബേപ്പൂരിലെ മാങ്കോസ്റ്റിന്റെ ചുവടും ഒരേ നിലാവിൽ പരസ്പരം തിരിച്ചറിയുന്നു. ഒരാൾ ധ്യാനത്തിലൂടെ ജീവിതത്തിന്റെ പൊരുൾ അന്വേഷിച്ചവൻ. മറ്റൊരാൾ ജീവിതത്തിന്റെ വൈവിധ്യങ്ങളിലൂടെ മനുഷ്യനെ അറിഞ്ഞ കഥാകാരൻ. ചരിത്രം വേർതിരിച്ചുനിർത്തിയ ഈ രണ്ടു ജീവിതങ്ങളെ ഭാവന ഒരുമിച്ചിരുത്തുമ്പോൾ അതൊരു സാങ്കൽപ്പിക കൂടിക്കാഴ്ച മാത്രമായി അവശേഷിക്കുന്നില്ല.
ദുഃഖം, സ്നേഹം, മരണം, കാരുണ്യം എന്നിവയെ രണ്ടു വ്യത്യസ്ത ജീവിതാനുഭവങ്ങൾ എങ്ങനെ സമീപിക്കുന്നു എന്ന അന്വേഷണമായി അത് വികസിക്കുന്നു.
കവിതയുടെ ആദ്യവരികൾതന്നെ ഈ യാത്രയുടെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്.
“ബുദ്ധനും ബഷീറും. രണ്ടിടങ്ങളിലേക്ക് വീടിറങ്ങി നടന്നു.”
വീട് എന്നത് താമസസ്ഥലം മാത്രമല്ല. മനുഷ്യൻ സ്വയം നിർമിച്ച സുരക്ഷിതത്വത്തിന്റെയും പരിചിതത്വത്തിന്റെയും അതിരുകളാണ്. അതിൽനിന്നുള്ള ഇറങ്ങിപ്പോക്ക് പുതിയൊരു തിരിച്ചറിവിലേക്കുള്ള യാത്ര കൂടിയാണ്. സിദ്ധാർഥന്റെ ജീവിതത്തിൽ രാജകൊട്ടാരത്തിൽനിന്നുള്ള പുറപ്പാട് സ്ഥലമാറ്റമായിരുന്നില്ല. വാർധക്യം, രോഗം, മരണം എന്നിവയുടെ യാഥാർഥ്യത്തെ അഭിമുഖീകരിച്ചപ്പോൾ തന്റെ സുഖസൗകര്യങ്ങളുടെ ലോകം അപര്യാപ്തമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. മനുഷ്യദുഃഖത്തിന്റെ കാരണങ്ങളിലേക്കുള്ള അന്വേഷണമായിരുന്നു ആ യാത്ര.
ബഷീറിന്റെ ജീവിതത്തിലും വീടുവിട്ടിറങ്ങലിന് മറ്റൊരു ചരിത്രമുണ്ട്. ദാരിദ്ര്യം, ദേശാടനം, സ്വാതന്ത്ര്യസമരജീവിതം, തടവ്, പ്രണയം, വിശപ്പ്, മനുഷ്യബന്ധങ്ങൾ എന്നിവയിലൂടെ അദ്ദേഹം ലോകത്തെ അനുഭവിച്ചറിഞ്ഞു. ജീവിതത്തെ ദൂരത്തുനിന്ന് നിരീക്ഷിച്ച എഴുത്തുകാരനായിരുന്നില്ല ബഷീർ. അതിന്റെ ദുരിതങ്ങളിലും തമാശകളിലും വൈരുധ്യങ്ങളിലും നേരിട്ടു പങ്കെടുത്ത മനുഷ്യനായിരുന്നു. അതുകൊണ്ടുതന്നെ രണ്ടു യാത്രകളുടെയും പുറപ്പാടുകൾ വ്യത്യസ്തമാണെങ്കിലും മനുഷ്യനെ അറിയാനുള്ള ആന്തരികമായ ത്വര അവയെ തമ്മിൽ അടുപ്പിക്കുന്നു.
“രണ്ടുകാലങ്ങൾക്കിടയിൽ, എവിടെയോവെച്ച് തമ്മിൽ കണ്ടുമുട്ടുകയും ചെയ്തു.”
കവിതയിലെ ‘എവിടെയോ’ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആ കൂടിക്കാഴ്ചയ്ക്ക് കവി ഒരു ഭൂപടവിലാസം നൽകുന്നില്ല. ചരിത്രകാലത്തിന്റെ കൃത്യമായ അതിരുകളിലും അതിനെ സ്ഥാപിക്കുന്നില്ല. കാലവും സ്ഥലവും നിർണയിക്കുന്ന പതിവ് യുക്തികളെ ഭാവന ഇവിടെ മറികടക്കുന്നു. ബുദ്ധനെക്കുറിച്ചുള്ള സാംസ്കാരിക സ്മൃതിയും ബഷീറിനെക്കുറിച്ചുള്ള സാഹിത്യസ്മൃതിയും വായനക്കാരന്റെ മനസ്സിൽ പരസ്പരം കണ്ടുമുട്ടുന്ന ഇടമാണ് ആ ‘എവിടെയോ’.
യഥാർഥത്തിൽ ഈ കൂടിക്കാഴ്ച നടക്കുന്നത് ചരിത്രത്തിലല്ല, മനുഷ്യന്റെ അനുഭവബോധത്തിലാണ്. അങ്ങനെ നോക്കുമ്പോൾ കാലാതീത്വം എന്നത് കവിതയുടെ ഒരു സൗന്ദര്യസങ്കേതം മാത്രമല്ല; വ്യത്യസ്ത കാലങ്ങളിൽ ജീവിച്ച മനുഷ്യരുടെ അനുഭവങ്ങൾ തമ്മിൽ സംവദിക്കാനുള്ള സാധ്യത കൂടിയാണ്.
ഈ കൂടിക്കാഴ്ചയിൽ ആദ്യമായി കൈമാറുന്നത് ഒരു പൂവാണ്.
“ഒരു പൂവിറുത്ത് ബഷീറിനു നൽകി.”
ഈ ചെറിയ പ്രവൃത്തിക്കുള്ളിൽ കവിതയുടെ വലിയ ഒരു ആത്മദർശനപരമായ സൂചന ഒളിഞ്ഞിരിക്കുന്നു. പൂവ് സൗന്ദര്യത്തിന്റെ പ്രതീകമാണ്. അതേസമയം നശ്വരതയുടെയും. വിരിയുന്നതെല്ലാം ഒരിക്കൽ വാടും. എന്നാൽ വാടിപ്പോകുമെന്നതുകൊണ്ട് പൂവിന്റെ സൗന്ദര്യം അസാധുവാകുന്നില്ല. ജീവിതത്തിന്റെ സൗന്ദര്യവും ഇതുപോലെതന്നെയാണ്. അതിന്റെ നശ്വരതയാണ് പലപ്പോഴും അതിന് കൂടുതൽ അർഥം നൽകുന്നത്.
സെൻ പാരമ്പര്യത്തിലെ പ്രസിദ്ധമായ പുഷ്പപ്രസംഗത്തിന്റെ ഓർമയും ഈ വരികളിൽ വായിക്കാം. ബുദ്ധൻ പൂവുയർത്തിക്കാട്ടിയപ്പോൾ മഹാകാശ്യപൻ പുഞ്ചിരിച്ചുവെന്നാണ് ആ പാരമ്പര്യകഥ. വാക്കുകൾക്കു പകരം ഒരു പൂവ്. വിശദീകരണത്തിനു പകരം ഒരു പുഞ്ചിരി. അറിവ് കൈമാറുന്നതിനെക്കാൾ അനുഭവം പങ്കിടുന്നതിന്റെ സാധ്യതയാണ് ആ കഥ മുന്നോട്ടുവയ്ക്കുന്നത്. പി. എൻ. ദാസിന്റെ വിവർത്തനത്തിലൂടെ മലയാളത്തിൽ പരിചിതമായ ഈ സെൻ കഥയുടെ ആത്മീയമായ അനുരണനം അനസിന്റെ കവിതയിലും അനുഭവപ്പെടുന്നു.
എന്നാൽ ഇവിടെ പൂവ് ബഷീറിന്റെ കൈകളിലേക്കാണ് എത്തുന്നത്. അതിന്റെ അർഥം വെറുമൊരു ആത്മീയസന്ദേശത്തിന്റെ കൈമാറ്റത്തിൽ ഒതുങ്ങുന്നില്ല. പൂവ് പറിച്ചെടുക്കുക എന്ന പ്രവൃത്തിയും അതോടൊപ്പം ചിന്തിക്കേണ്ടതുണ്ട്. കാരുണ്യത്തിന്റെ അടയാളമായി കൈമാറുന്ന പൂവ് അതിന്റെ ചെടിയിൽനിന്ന് വേർപെടുത്തപ്പെട്ടതാണ്. സൗന്ദര്യവും വിച്ഛേദവും ഒരേ പ്രവൃത്തിയിൽ ഒത്തുചേരുന്നു. നിരുപദ്രവമെന്നു തോന്നുന്ന പ്രവൃത്തികൾക്കുള്ളിലും ചില നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. പ്രകൃതിയെ സ്നേഹിക്കുന്നതും അതിന്റെ സ്വാഭാവികതയിൽ ഇടപെടുന്നതും തമ്മിലുള്ള വൈരുധ്യത്തിന്റെ നേരിയ സൂചനപോലും ഈ ബിംബത്തിൽ വായിക്കാം. കവിതയുടെ സൗന്ദര്യം ഇത്തരം അധികവായനകൾക്കും ഇടം നൽകുന്നു.
പൂവിന്റെ നശ്വരതയിൽനിന്ന് കവിത മനുഷ്യന്റെ അടിസ്ഥാനദുഃഖങ്ങളിലേക്ക് നീങ്ങുന്നു.
“ഗൗതമൻ രോഗവാർധക്യമരണങ്ങളിൽ ധ്യാനിച്ചു. കഥാകാരൻ, മരണത്തെ സുവിശേഷങ്ങളായെഴുതി. വാർധക്യം ചിരിയിൽ പൊതിഞ്ഞെടുത്തു. ഭാവനയിൽ ആതുരതയെ പരിചരിച്ചു.”
ഈ വരികളിലാണ് ബുദ്ധന്റെയും ബഷീറിന്റെയും ജീവിതദർശനങ്ങൾ തമ്മിലുള്ള വ്യത്യാസവും അടുപ്പവും കൂടുതൽ തെളിയുന്നത്. ബുദ്ധൻ രോഗത്തെയും വാർധക്യത്തെയും മരണത്തെയും മനുഷ്യജീവിതത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളായി കണ്ട് അവയുടെ കാരണങ്ങളിലേക്ക് അന്വേഷണം നടത്തുന്നു. ബഷീർ അതേ യാഥാർഥ്യങ്ങളെ മനുഷ്യരുടെ ജീവിതാനുഭവങ്ങളിലൂടെ കഥകളാക്കി മാറ്റുന്നു. ഒരാൾ ദുഃഖത്തിന്റെ സ്വഭാവം അന്വേഷിക്കുമ്പോൾ മറ്റൊരാൾ ദുഃഖിക്കുന്ന മനുഷ്യന്റെ അരികിലേക്കു ചെല്ലുന്നു. ഈ വ്യത്യാസത്തെ വൈരുധ്യമായി കാണേണ്ടതില്ല. ഒരേ മനുഷ്യാവസ്ഥയെ സമീപിക്കുന്ന രണ്ടു വഴികളായി തിരിച്ചറിയുകയാണ് വേണ്ടത്.
‘മരണത്തെ സുവിശേഷങ്ങളായെഴുതി’ എന്ന പ്രയോഗം കവിതയിലെ ഏറ്റവും ശ്രദ്ധേയ ഭാഷാസങ്കേതങ്ങളിലൊന്നാണ്. സാധാരണഗതിയിൽ മരണം നഷ്ടത്തിന്റെയും വേർപാടിന്റെയും ഇരുട്ടിന്റെയും ഭാഷയാണ്. സുവിശേഷമാകട്ടെ പ്രത്യാശയുടെയും ആശ്വാസത്തിന്റെയും ഭാഷയാണ്. പരസ്പരം വിരുദ്ധമെന്നു തോന്നുന്ന ഈ രണ്ടു അർഥലോകങ്ങളെ കവി ഒരൊറ്റ പ്രയോഗത്തിൽ ചേർത്തുവയ്ക്കുന്നു. മരണത്തെ നിഷേധിക്കുകയോ അതിന്റെ ഭീകരതയെ മറച്ചുവയ്ക്കുകയോ അല്ല ബഷീർ ചെയ്യുന്നത്. മറിച്ച്, മരണത്തിന്റെ സാന്നിധ്യത്തിലും ജീവിതത്തെ സ്നേഹിക്കാനുള്ള സാധ്യത കണ്ടെത്തുകയാണ്.
ബഷീറിന്റെ സാഹിത്യലോകം പരിശോധിച്ചാൽ ഈ ജീവിതബോധത്തിന്റെ നിരവധി അടയാളങ്ങൾ കാണാം. ബാല്യകാലസഖി,മതിലുകൾ,ശബ്ദങ്ങൾ,പാത്തുമ്മായുടെ ആട് തുടങ്ങിയ കൃതികളിൽ ദുരിതവും ഏകാന്തതയും വിശപ്പും പ്രണയവും മരണവും മനുഷ്യന്റെ നർമ്മബോധത്തോടും സ്നേഹത്തോടും ചേർന്നുനിൽക്കുന്നു. ജീവിതം നൽകുന്ന മുറിവുകൾക്കുമേൽ ചിരിയുടെ ഒരു നേർത്ത ആവരണം ഇടാൻ ബഷീറിനു കഴിയുന്നു. എന്നാൽ ആ ചിരി വേദനയെ നിഷേധിക്കുന്നില്ല. വേദനയോടൊപ്പം ജീവിക്കാനുള്ള മനുഷ്യന്റെ ശേഷിയെയാണ് അത് വെളിപ്പെടുത്തുന്നത്.
‘വാർധക്യം ചിരിയിൽ പൊതിഞ്ഞെടുത്തു’ എന്ന വരിയും ഇതേ അർഥത്തിലാണ് വായിക്കേണ്ടത്. വാർധക്യത്തെ പരിഹസിക്കുകയോ അതിന്റെ ജൈവികമായ മാറ്റങ്ങളെ മറച്ചുവയ്ക്കുകയോ അല്ല ഇവിടെ സംഭവിക്കുന്നത്. പ്രായം മനുഷ്യനിൽ സൃഷ്ടിക്കുന്ന നിസ്സഹായതയെപ്പോലും ജീവിതത്തിന്റെ ഭാഗമാക്കി സ്വീകരിക്കുന്ന ഒരു മനോഭാവമാണ് അതിലുള്ളത്. അതുപോലെ ‘ഭാവനയിൽ ആതുരതയെ പരിചരിച്ചു’ എന്ന പ്രയോഗം സാഹിത്യത്തിന്റെ മാനുഷികമായ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള സൂചനയാണ്. ഭാവനയ്ക്ക് രോഗം മാറ്റാനോ മരണം തടയാനോ കഴിയില്ല. എന്നാൽ രോഗത്തിന്റെയും വേദനയുടെയും അനുഭവത്തിൽ മനുഷ്യനെ തനിച്ചാക്കാതിരിക്കാൻ അതിനു കഴിയും. മറ്റൊരാളുടെ വേദനയിൽ പങ്കുചേരാനുള്ള സവിശേഷമായൊരു ശേഷിയാണ് സാഹിത്യം ഇവിടെ ആർജിക്കുന്നത്.
തുടർന്ന് കവിതയുടെ പശ്ചാത്തലത്തിൽ നിലാവ് നിറയുന്നു.
“നിലാവൊഴുകുന്ന രാവിൽ, കാരുണ്യത്തിന്റെ നദിക്കരയിലൂടെ രണ്ടുപേരും നടന്നു.”
കാരുണ്യം കവിതയുടെ കേന്ദ്രദർശനമായി മാറുന്നു. ബുദ്ധധർമ്മത്തിലെ കരുണയും സൂഫി പാരമ്പര്യത്തിലെ റഹ്മത്ത് എന്ന ദൈവിക കാരുണ്യസങ്കൽപ്പവും ഈ ദൃശ്യത്തിൽ ഒരേ അനുഭവമണ്ഡലത്തിലേക്കു പ്രവേശിക്കുന്നു. എന്നാൽ കവി അവക്ക്സൈദ്ധാന്തിക രൂപം നൽകുന്നില്ല.
നദിയായാണ് കാരുണ്യത്തെ സങ്കൽപ്പിക്കുന്നത്. നദിക്ക് സ്വന്തമായി അതിരുകളില്ല. അത് ഒഴുകുന്നു, വഴിയിൽ കണ്ടുമുട്ടുന്നവയെ നനയ്ക്കുന്നു, പല ഇടങ്ങളിലൂടെ കടന്നുപോകുന്നു. കാരുണ്യവും അത്തരമൊരു ഒഴുക്കാണ്. ഒരാളുടെ മാത്രം സ്വത്തല്ല അത്. അതിൽ പങ്കുചേരുന്നവരിലൂടെ അത് തുടർന്നുകൊണ്ടിരിക്കുന്നു.
ഈ നടത്തത്തിനിടയിലാണ് കവിതയിലെ ഏറ്റവും കൗതുകകരമായ സംവാദം സംഭവിക്കുന്നത്.
“ദൈവമുണ്ടോ? ബുദ്ധൻ ചോദിച്ചു. ബഷീർ ചിരിച്ചു. ജലത്തിൽ നീലവെളിച്ചം തെളിഞ്ഞു.”
കവിതയുടെ ജീവിതദർശനപരമായ കേന്ദ്രങ്ങളിലൊന്നാണ് ഈ രംഗം. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ചോദ്യം ഉന്നയിക്കുന്നത് ബുദ്ധനാണ്. അതിന് വാക്കുകൾകൊണ്ട് മറുപടി നൽകാതെ ബഷീർ ചിരിക്കുന്നു. ആ ചിരിയുടെ പിന്നാലെ ജലത്തിൽ നീലവെളിച്ചം തെളിയുന്നു. ചോദ്യം, ചിരി, പ്രകൃതിയിലെ വെളിച്ചം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലൂടെയാണ് ഈ രംഗം വികസിക്കുന്നത്.
ബുദ്ധന്റെ ദാർശനിക നിലപാടുകളെ,ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ലളിതമായ ഒരു സംശയത്തിലേക്ക് ചുരുക്കാനാവില്ല. അതുപോലെ ബഷീറിന്റെ ചിരിയെ കൃത്യമായ ദൈവവിശ്വാസത്തിന്റെയോ നിഷേധത്തിന്റെയോ മറുപടിയായി കാണാനും കഴിയില്ല. ഈ രണ്ടു കഥാപാത്രങ്ങളെയും കവി ഇവിടെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അറിവിനും വിശ്വാസത്തിനും അതീതമായ അനുഭവത്തിന്റെ സാധ്യത തുറന്നുകാട്ടാനാണ്. ദൈവത്തെക്കുറിച്ചുള്ള തർക്കം ഒരു നിമിഷം നിശ്ശബ്ദമാകുന്നു. അതിന്റെ സ്ഥാനത്ത് ജലത്തിൽ ഒരു വെളിച്ചം തെളിയുന്നു.
സെൻ പാരമ്പര്യത്തിലെ മൗനത്തിന്റെയും പുഞ്ചിരിയുടെയും പ്രാധാന്യം ഇവിടെ ഓർമിക്കാം. എല്ലാ ചോദ്യങ്ങൾക്കും വാക്കുകൾകൊണ്ട് ഉത്തരം നൽകണമെന്നില്ല. ചിലപ്പോൾ ഉത്തരം കണ്ടെത്തുന്നതിനെക്കാൾ ചോദ്യം ഉയർത്തിയ മനസ്സിന്റെ പരിമിതികൾ തിരിച്ചറിയുന്നതാണ് പ്രധാനം. ചന്ദ്രനെ ചൂണ്ടുന്ന വിരലിനെ ചന്ദ്രനായി തെറ്റിദ്ധരിക്കരുതെന്ന സെൻ ഉപമയും ഈ സന്ദർഭത്തിൽ പ്രസക്തമാണ്. വാക്കുകൾ അനുഭവത്തിലേക്കുള്ള സൂചനകൾ മാത്രമാണ്. സൂചനയെക്കാൾ വലുതാണ് അനുഭവം.
ബഷീറിന്റെ ചിരിക്ക് സൂഫി അനുഭവത്തിന്റേതായ മറ്റൊരു ഭാവവും വായിച്ചെടുക്കാം. ജീവിതത്തിന്റെ വൈരുധ്യങ്ങളെ അകത്തുനിന്ന് അറിഞ്ഞ മനുഷ്യന്റെ ചിരിയാണത്. എല്ലാറ്റിനും ഉത്തരം കണ്ടെത്തിയതിന്റെ ആത്മവിശ്വാസമല്ല അതിലുള്ളത്. എല്ലാ ഉത്തരങ്ങളും മനുഷ്യന്റെ കൈവശമുണ്ടാകണമെന്നില്ലെന്ന തിരിച്ചറിവിൽനിന്നുള്ള ലാളിത്യമാണ്. ജലത്തിൽ തെളിയുന്ന നീലവെളിച്ചം ആ ചിരിയുടെ ദൃശ്യമായ തുടർച്ചയായി മാറുന്നു. അത് ഒരു സിദ്ധാന്തത്തിന്റെയും വിജയപ്രഖ്യാപനമല്ല. ഒരു നിമിഷം സംഭവിക്കുന്ന സൗന്ദര്യാനുഭവമാണ്.
കവിത തുടർന്ന് കൂടുതൽ സ്പർശനക്ഷമമായ ഒരു ജീവകാരുണ്യദൃശ്യത്തിലേക്ക് കടക്കുന്നു.
“ബുദ്ധൻ തോളേറ്റിയിരുന്ന ആട്ടിൻകുട്ടിയെ, കഥാകാരൻ ഇരുകൈകളിലേക്കേറ്റുവാങ്ങി. നനവാർന്ന വിരലുകൾ തൊട്ട്. പകർന്നുനൽകിയ മാമ്പഴവിത്ത് കരുതിവെച്ചു.”
ഈ വരികളിൽ ആട്ടിൻകുട്ടിയും മാമ്പഴവിത്തും രണ്ടു വ്യത്യസ്ത പ്രതീകങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. ആട്ടിൻകുട്ടി നിസ്സഹായതയുടെയും സംരക്ഷണം ആവശ്യമായ ജീവന്റെയും പ്രതിനിധിയാണ്. ബുദ്ധന്റെ തോളിൽനിന്ന് ബഷീറിന്റെ കൈകളിലേക്ക് എത്തുന്ന അതിന്റെ യാത്ര, കാരുണ്യം ഒരാളിൽ അവസാനിക്കാതെ മറ്റൊരാളിലേക്ക് കൈമാറപ്പെടുന്നതിന്റെ ദൃശ്യമാണ്. യാഗത്തിനായി കൊണ്ടുപോകപ്പെട്ട ആട്ടിൻകുട്ടിയെ രക്ഷിക്കുന്ന ബുദ്ധനെക്കുറിച്ചുള്ള പരമ്പരാഗത കഥകളുടെ അനുരണനം ഈ ബിംബത്തിൽ തിരിച്ചറിയാം. ജീവന്റെ മൂല്യം മനുഷ്യനിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന ബുദ്ധധാർമ്മികതയും അതോടൊപ്പം ചേരുന്നു.
ബഷീറിന്റെ സാഹിത്യലോകത്തും മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിൽ അതിരുകളില്ല. ‘പാത്തുമ്മായുടെ ആടടിൽ ’ ആട് വളർത്തുമൃഗമല്ല. മനുഷ്യരുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുവരുന്ന, അവരുടെ അധികാരബോധത്തെയും സ്വാർത്ഥതയെയും തമാശയിലൂടെ ചോദ്യം ചെയ്യുന്ന സജീവസാന്നിധ്യമാണ്.
മനുഷ്യകേന്ദ്രിതമായ ലോകവീക്ഷണത്തെ ഇളക്കിമാറ്റുന്ന ഒരു ജീവബോധം ബഷീറിന്റെ രചനകളിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബുദ്ധന്റെ തോളിൽനിന്ന് ബഷീറിന്റെ കൈകളിലേക്കെത്തുന്ന ആട്ടിൻകുട്ടി രണ്ടു ജീവിതദർശനങ്ങളുടെയും സ്വാഭാവികമായ സംഗമമായി മാറുന്നു.
എന്നാൽ ഈ ദൃശ്യത്തിലെ മറ്റൊരു പ്രധാനപ്പെട്ട ഘടകം മാമ്പഴവിത്താണ്. ആട്ടിൻകുട്ടി വർത്തമാനകാലത്തെ നിസ്സഹായമായ ഒരു ജീവനാണെങ്കിൽ വിത്ത് ഭാവിയുടെ സാധ്യതയാണ്.
പൂവ് ഒരു നിമിഷത്തിന്റെ സൗന്ദര്യത്തെ ഓർമിപ്പിച്ചപ്പോൾ വിത്ത് കാലത്തിനപ്പുറത്തേക്കുള്ള തുടർച്ചയെ സൂചിപ്പിക്കുന്നു. അതിനുള്ളിൽ ഒരു വൃക്ഷത്തിന്റെ സാധ്യതയുണ്ട്. ഇനിയും വിരിയാത്ത പൂക്കളും ലഭിക്കാത്ത തണലും അതിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്നു.
ബോധിവൃക്ഷം ബുദ്ധന്റെ ജ്ഞാനാനുഭവത്തിന്റെ ഓർമയാണ്. മാങ്കോസ്റ്റ് ബഷീറിന്റെ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും അടയാളമാണ്. ഒന്നിൽ ധ്യാനത്തിന്റെ ചരിത്രമുണ്ടെങ്കിൽ മറ്റൊന്നിൽ ജീവിതത്തിന്റെ കഥകളുണ്ട്. ഈ രണ്ടു ലോകങ്ങൾക്കുമിടയിലൂടെ നിലാവ് സഞ്ചരിക്കുന്നു. കവിതയുടെ തുടക്കത്തിൽ വേർതിരിഞ്ഞുനിന്ന രണ്ടു ജീവിതങ്ങൾ അവസാനം ഒരേ പ്രകാശത്തിൽ ഒന്നിക്കുന്നു
ബഷീർ വിത്ത് നടുന്നില്ല; കരുതിവെക്കുകയാണ്. ഈ ചെറിയ പ്രവൃത്തിക്ക് കവിതയിൽ നല്ല പ്രാധാന്യമുണ്ട്. പ്രത്യാശയെക്കുറിച്ച് പ്രസംഗിക്കുന്നതിനുപകരം അതിന്റെ സാധ്യത സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കാരുണ്യം ഒരു നിമിഷത്തെ വികാരമായി അവസാനിക്കരുതെന്നും വരുംകാലത്തേക്കുള്ള ഉത്തരവാദിത്തമായി മാറണമെന്നും ഈ ബിംബം ഓർമിപ്പിക്കുന്നു. പൂവിൽനിന്ന് വിത്തിലേക്കുള്ള കവിതയുടെ സഞ്ചാരംതന്നെ ശ്രദ്ധേയമാണ്. നശ്വരമായ സൗന്ദര്യത്തിൽ ആരംഭിച്ച അനുഭവം നിലനിൽപ്പിന്റെ തുടർച്ചയിലേക്കു വളരുന്നു.
തഥാഗതൻ പൗർണമിയിലേക്ക് യാത്രതിരിക്കുന്നതോടെ കവിതയുടെ വൈകാരിക തലം മാറുന്നു.
“അഗാധമായൊരു വിഷാദത്തിലേക്ക് താൻ വീഴുന്നത് ബഷീററിഞ്ഞു.”
ബഷീർ അനുഭവിക്കുന്ന വിഷാദം വെറും വേർപാടിന്റെ ദുഃഖമല്ല. തനിക്കൊപ്പം നടന്ന ഒരു ആത്മീയസാന്നിധ്യം അകന്നുപോകുന്നതിന്റെ അനുഭവമാണ്. കാരുണ്യവും വെളിച്ചവും സ്നേഹവും ഉണ്ടായിരുന്നിട്ടും മനുഷ്യജീവിതത്തിൽനിന്ന് ദുഃഖം പൂർണമായി അപ്രത്യക്ഷമാകുന്നില്ല.
ഒരാളുടെ സാന്നിധ്യം ബന്ധം സൃഷ്ടിക്കുന്നു. ആ സാന്നിധ്യം അകലുമ്പോൾ അതേ ബന്ധം അഭാവത്തിന്റെ വേദനയായി മാറുന്നു. അതുകൊണ്ടുതന്നെ വിഷാദം പരാജയമല്ല. അനുഭവിച്ച അടുപ്പത്തിന്റെ ആഴം വെളിപ്പെടുത്തുന്ന വികാരമാണ്.
സൂഫി കവിതകളിലെ വിരഹസങ്കൽപ്പവുമായി ഈ സന്ദർഭത്തിന് ബന്ധമുണ്ട്. റൂമിയുടെ ഓടക്കുഴൽ, ഉറവിടത്തിൽനിന്ന് വേർപെട്ടതിന്റെ വേദന പാടുന്നതുപോലെ, ബഷീറും വേർപാടിന്റെ അനുഭവത്തിലൂടെ മറ്റൊരു തിരിച്ചറിവിലേക്ക് നീങ്ങുന്നു. സ്നേഹിച്ച ഒന്നിൽനിന്നുള്ള അകലം സ്നേഹത്തിന്റെ അഭാവമല്ല,ചിലപ്പോൾ അതിന്റെ ആഴത്തിലുള്ള സാന്നിധ്യമാണ്. ബുദ്ധന്റെ യാത്ര ഇവിടെ അവസാനിക്കുമ്പോഴും അദ്ദേഹം പകർന്നുനൽകിയ അനുഭവം ബഷീറിന്റെ ഉള്ളിൽ തുടരുന്നു.
ആ അനുഭവം പിന്നീട് കഥയുടെ രൂപം സ്വീകരിക്കുന്നു.
“വെളിച്ചത്തിൽനിന്ന്, കഥകൾക്കിടയിൽ വെച്ചുപിടിപ്പിക്കാനുള്ള തണ്ടുകളടർത്തിയെടുത്ത് തനിയെ നടന്നു.”
ഈ വരികൾ കവിതയുടെ ആന്തരികമായ പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു. ബുദ്ധനിൽനിന്ന് അനുഭവിച്ച വെളിച്ചം ബഷീർ അതേപടി സൂക്ഷിക്കുന്നില്ല. അതിനെ തന്റെ ജീവിതാനുഭവങ്ങളുടെയും ഭാവനയുടെയും മണ്ണിൽ പാകാൻ ആവശ്യമായ തണ്ടുകളാണ് അദ്ദേഹം അടർത്തിയെടുക്കുന്നത്. വെളിച്ചം ഇവിടെ ജ്ഞാനത്തിന്റെ പ്രതീകമാണെങ്കിൽ തണ്ടുകൾ അതിനെ ജീവിതത്തിലേക്ക് മാറ്റിവയ്ക്കാനുള്ള സർഗാത്മകമായ ഉപാധികളാണ്.
ഇത് ഒരു പ്രധാനപ്പെട്ട സാഹിത്യദർശനത്തിലേക്കാണ് നമ്മെ നയിക്കുന്നത്. അനുഭവിച്ച സത്യത്തെ അതേപടി പകർത്തുന്നതല്ല സാഹിത്യം. അത് എഴുത്തുകാരന്റെ അനുഭവബോധത്തിലൂടെ കടന്നുപോകുമ്പോൾ പുതിയൊരു രൂപം കൈവരിക്കുന്നു. ധ്യാനത്തിലൂടെ ലഭിച്ച തിരിച്ചറിവ് കഥയിലൂടെ മറ്റൊരു മനുഷ്യനിലേക്ക് എത്തുന്നു. അങ്ങനെ മൗനം ഭാഷയാകുന്നു. വ്യക്തിപരമായ അനുഭവം പൊതുവായ മനുഷ്യാനുഭവമായി മാറുന്നു.
അരയന്നങ്ങളുടെ പറക്കലും ഈ യാത്രയുടെ തുടർച്ചയായി കാണാം. നിശ്ചലതയിൽനിന്ന് ചലനത്തിലേക്കും ധ്യാനത്തിൽനിന്ന് പ്രവാഹത്തിലേക്കുമുള്ള മാറ്റം കവിതയുടെ ദൃശ്യലോകത്തെ കൂടുതൽ ചലനാത്മകമാക്കുന്നു. ധ്യാനവും ഭാഷയും പരസ്പരവിരുദ്ധങ്ങളല്ലെന്ന് ഈ ബിംബങ്ങൾ ഓർമിപ്പിക്കുന്നു. മൗനത്തിൽ പാകപ്പെടുന്ന അനുഭവമാണ് പലപ്പോഴും ഭാഷയിൽ പൂക്കുന്നത്. അതിനാൽ ബുദ്ധന്റെ ധ്യാനവും ബഷീറിന്റെ കഥയും രണ്ടു വ്യത്യസ്ത ലോകങ്ങളല്ല. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് അനുഭവം സഞ്ചരിക്കുന്ന വഴികളാണ്.
കവിതയുടെ അവസാനക്കാഴ്ച്ച ഈ ആശയങ്ങളെല്ലാം ഒരു ബിംബത്തിൽ സംയോജിപ്പിക്കുന്നു.
“നിലാവ്, ബോധിവൃക്ഷത്തിനരികിൽനിന്ന് മാങ്കോസ്റ്റിനരികിലേക്ക് നീങ്ങി.”
ബോധിവൃക്ഷം ബുദ്ധന്റെ ജ്ഞാനാനുഭവത്തിന്റെ ഓർമയാണ്. മാങ്കോസ്റ്റ് ബഷീറിന്റെ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും അടയാളമാണ്. ഒന്നിൽ ധ്യാനത്തിന്റെ ചരിത്രമുണ്ടെങ്കിൽ മറ്റൊന്നിൽ ജീവിതത്തിന്റെ കഥകളുണ്ട്. ഈ രണ്ടു ലോകങ്ങൾക്കുമിടയിലൂടെ നിലാവ് സഞ്ചരിക്കുന്നു. കവിതയുടെ തുടക്കത്തിൽ വേർതിരിഞ്ഞുനിന്ന രണ്ടു ജീവിതങ്ങൾ അവസാനം ഒരേ പ്രകാശത്തിൽ ഒന്നിക്കുന്നു.
ഈ ദൃശ്യത്തിന് മറ്റൊരു സാമൂഹികവും സാംസ്കാരികവുമായ അർഥതലവുമുണ്ട്. ആത്മീയതയെ പ്രത്യേക മതസ്ഥാപനങ്ങളുടെയോ ആരാധനാകേന്ദ്രങ്ങളുടെയോ മാത്രം അവകാശമായി കാണുന്ന പൊതുബോധത്തെ കവിത ഇവിടെ മറികടക്കുന്നു. ബോധിവൃക്ഷത്തിന്റെ വിശുദ്ധിയും മാങ്കോസ്റ്റിന്റെ സാധാരണത്വവും ഒരേ നിലാവിൽ ലയിക്കുന്നു.
ആത്മീയമായ തിരിച്ചറിവുകൾ ദൈനംദിന ജീവിതത്തിൽനിന്ന് വേർപെട്ടുനിൽക്കുന്നവയല്ല. ഒരു മനുഷ്യന്റെ സ്നേഹത്തിലും മറ്റൊരു ജീവിയോടുള്ള കരുതലിലും പങ്കുവയ്ക്കുന്ന ഒരു കഥയിലും അവയ്ക്ക് സ്വയം വെളിപ്പെടാം.
അവസാനത്തിൽ പ്രത്യക്ഷമാകുന്ന ഉപവാസക്കണ്ണുകളും ജലകണങ്ങളിലെ പ്രതിഫലനവും ഈ അനുഭവത്തെ കൂടുതൽ സൂക്ഷ്മമാക്കുന്നു. വലിയ വെളിപാടിന്റെ പ്രഖ്യാപനമല്ല അവിടെയുള്ളത്. നശ്വരമായ ഒരു പ്രതിഫലനം മാത്രം. എന്നാൽ ആ ചെറിയ പ്രതിഫലനത്തിൽ കവിതയുടെ മുഴുവൻ അനുഭവലോകവും ഒതുങ്ങുന്നുണ്ട്.
മനുഷ്യന്റെ അന്വേഷണങ്ങൾക്കൊന്നും അന്തിമമായ ഉത്തരമുണ്ടാകണമെന്നില്ല. ചില തിരിച്ചറിവുകൾ ഒരു നിമിഷം തെളിഞ്ഞ് വീണ്ടും മാഞ്ഞുപോകും. അവശേഷിക്കുന്നത് ആ അനുഭവം മനസ്സിൽ സൃഷ്ടിച്ച മാറ്റമായിരിക്കും.
‘ബുദ്ധനും ബഷീറും’ എന്ന കവിതയുടെ സവിശേഷത രണ്ടു മഹദ്വ്യക്തികളുടെ സാങ്കൽപ്പിക കൂടിക്കാഴ്ചയിൽ മാത്രമല്ല. അവരുടെ ജീവിതങ്ങളെ തമ്മിൽ അടുപ്പിക്കുകയും വ്യത്യസ്തമാക്കുകയും ചെയ്യുന്ന മാനുഷികമായ അനുഭവങ്ങളെ കണ്ടെത്തുന്നതിലാണ്.
ബുദ്ധൻ ദുഃഖത്തിന്റെ സ്വഭാവം അന്വേഷിച്ചു. ബഷീർ ദുഃഖിക്കുന്ന മനുഷ്യന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നു. ഒരാൾ ധ്യാനത്തിലൂടെ തിരിച്ചറിവിന്റെ വഴിതേടിയപ്പോൾ മറ്റൊരാൾ കഥകളിലൂടെ മനുഷ്യന്റെ ഉള്ളിലേക്കു പ്രവേശിച്ചു. ഈ രണ്ടു വഴികളുടെയും സംഗമസ്ഥാനത്ത് കാരുണ്യം എന്ന വലിയൊരു ജീവിതമൂല്യം തെളിയുന്നു.
സെൻ പാരമ്പര്യത്തിന്റെ വെളിച്ചത്തിൽ വായിക്കുമ്പോൾ ഈ കവിത മൗനത്തിന്റെ അർഥതലങ്ങൾ തേടുന്ന അനുഭവമാണ്. സൂഫി പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിൽ അത് സ്നേഹത്തിന്റെയും വിരഹത്തിന്റെയും യാത്രയായി മാറുന്നു.
എന്നാൽ ഈ രണ്ടു പാരമ്പര്യങ്ങളെയും ഒരേ സിദ്ധാന്തത്തിലേക്ക് ലയിപ്പിക്കാനല്ല കവി ശ്രമിക്കുന്നത്. അവയ്ക്കിടയിൽ മനുഷ്യന് കണ്ടെത്താവുന്ന പൊതുവായ അനുഭവസാധ്യതകളെയാണ് ഭാവനയിലൂടെ അടയാളപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ കവിത മതപരമായ അതിരുകളെക്കാൾ വലുതായ ഒരു മാനുഷിക ഇടം തുറന്നിടുന്നു.
കവിതയിലെ പൂവ്, ആട്ടിൻകുട്ടി, മാമ്പഴവിത്ത്, നിലാവ് എന്നിവ വെറുതെ കടന്നുപോകുന്ന മനോഹരമായ ദൃശ്യങ്ങളല്ല. അവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ആന്തരിക ക്രമമുണ്ട്. പൂവ് നശ്വരമായ സൗന്ദര്യത്തെ ഓർമിപ്പിക്കുന്നു. ആട്ടിൻകുട്ടി സംരക്ഷിക്കപ്പെടേണ്ട ജീവന്റെ നിസ്സഹായതയെ മുന്നോട്ടുവയ്ക്കുന്നു. വിത്ത് കാരുണ്യത്തിന്റെ തുടർച്ചയെ പ്രതിനിധീകരിക്കുന്നു. നിലാവാകട്ടെ ഈ അനുഭവങ്ങളെയെല്ലാം ഒരൊറ്റ പ്രകാശത്തിൽ ചേർത്തുവയ്ക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ കവിതയുടെ പ്രതീകലോകം ഒരു ആത്മദർശനപരമായ വളർച്ചയുടെ ക്രമംകൂടിയാണ്.
എങ്കിലും കവിതയുടെ ഏറ്റവും വലിയ നേട്ടം ദാർശനികാശയങ്ങളെ ഭാരമുള്ള വിശദീകരണങ്ങളാക്കി മാറ്റുന്നില്ല എന്നതാണ്. ഒരു പൂവ് കൈമാറുന്നതിലും ഒരു ജീവിയെ ചേർത്തുപിടിക്കുന്നതിലും ഒരു വിത്ത് കരുതിവയ്ക്കുന്നതിലും ജീവിതത്തിന്റെ വലിയ തിരിച്ചറിവുകൾ ഒളിപ്പിക്കാൻ കവിക്ക് കഴിയുന്നു. അതാണ് ഈ കവിതയുടെ ലാളിത്യത്തിനുള്ളിലെ ആഴം.
അവസാനം നിലാവ് ബോധിവൃക്ഷത്തിൽനിന്ന് മാങ്കോസ്റ്റിനരികിലേക്ക് നീങ്ങുന്നു. അത് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള പ്രകാശത്തിന്റെ സഞ്ചാരം മാത്രമല്ല. ധ്യാനത്തിൽനിന്ന് ജീവിതത്തിലേക്കും മൗനത്തിൽനിന്ന് കഥയിലേക്കും ജ്ഞാനത്തിൽനിന്ന് കാരുണ്യത്തിലേക്കുമുള്ള മനുഷ്യന്റെ യാത്ര കൂടിയാണ്.
ബുദ്ധനും ബഷീറും നടന്നുപോയ വഴികളിൽ അവരുടെ കാൽപ്പാടുകൾ മാത്രമല്ല അവശേഷിക്കുന്നത്. മറ്റൊരു മനുഷ്യനെ മനസ്സിലാക്കാനും മറ്റൊരു ജീവനെ സംരക്ഷിക്കാനും ജീവിതത്തിന്റെ നശ്വരതയ്ക്കിടയിലും സ്നേഹത്തിന്റെ സാധ്യത കണ്ടെത്താനുമുള്ള ഒരു വെളിച്ചം അവിടെ ശേഷിക്കുന്നുണ്ട്.
ആ വെളിച്ചത്തിലാണ് ഈ കവിതയുടെ പ്രസക്തി.
മനുഷ്യൻ എത്ര വലിയ ദാർശനികനാകുന്നു എന്നതിലല്ല, എത്രത്തോളം കാരുണ്യമുള്ളവനാകുന്നു എന്നതിലാണ് അവന്റെ ജീവിതത്തിന്റെ അർഥം കണ്ടെത്തേണ്ടത്. ബുദ്ധനും ബഷീറും തമ്മിലുള്ള സാങ്കൽപ്പിക കൂടിക്കാഴ്ചയിലൂടെ എം. പി. അനസ് മുന്നോട്ടുവയ്ക്കുന്ന ഏറ്റവും മാനുഷികമായ തിരിച്ചറിവ് അതാണ്.
കാരുണ്യം ഒരിക്കലും അവസാനിക്കുന്നില്ല. അത് ഒരു കൈയിൽനിന്ന് മറ്റൊരു കൈയിലേക്ക്, ഒരു അനുഭവത്തിൽനിന്ന് മറ്റൊരു കഥയിലേക്ക്, ഒരു കാലത്തിൽനിന്ന് അടുത്ത കാലത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
പൂവ് കൈമാറുന്നതിലും ആട്ടിൻകുട്ടിയെ ചേർത്തുപിടിക്കുന്നതിലും ഒരു വിത്ത് കരുതിവയ്ക്കുന്നതിലും ജീവിതത്തെക്കുറിച്ചുള്ള വലിയ തിരിച്ചറിവുകൾ ഒളിഞ്ഞിരിക്കുന്നു. അപര ജീവന്റെ വേദന അറിയാൻ കഴിയുക എന്നതാണ് മനുഷ്യൻ നേടേണ്ട വലിയ അറിവ്.
ബോധിവൃക്ഷത്തിൽനിന്ന് മാങ്കോസ്റ്റിലേക്കു നീങ്ങുന്ന നിലാവ് ഈ തിരിച്ചറിവിന്റെ അടയാളമായി മാറുന്നു. ധ്യാനവും കഥയും ഒടുവിൽ എത്തിച്ചേരുന്നത് ഒരേ ഇടത്താണ്. അത് മനുഷ്യസ്നേഹത്തിന്റെ ഇടമാണ്. ആ നിലാവിൽ ബുദ്ധനും ബഷീറും മാത്രമല്ല നടക്കുന്നത്. മറ്റൊരാളുടെ വേദനയിൽ പങ്കുചേരാൻ മനസ്സുള്ള ഓരോ മനുഷ്യനും അവരോടൊപ്പം നടക്കുന്നുണ്ട്. കാരുണ്യം ബാക്കിവെക്കുന്ന വെളിച്ചം അതാണ്.
poetry review, Taj Mansoor T explores poet M. P. Anas's poem Buddhanum Basheerum: Karunyathinte Randu Vazhikal (Buddha and Basheer: Two Paths of Compassion). The review examines the themes of compassion and humanity through the contrasting yet interconnected philosophical and literary worlds of Buddha and Vaikom Muhammad Basheer.