Art and Literature

ഉറച്ച വാക്ക്

അതുകൊണ്ടാണ് പശ്ചാത്തപിക്കുന്ന ഒരാളുമില്ലാഞ്ഞിട്ടും ആ വാക്ക് ഭാഷയിൽ നിന്നു മാഞ്ഞു പോകാത്തത്

പി രാമന്‍

തെറ്റായ വിവരം

ഒരിക്കലെനിക്കു പറഞ്ഞു തന്ന പുസ്തകം

പിന്നീടെപ്പോഴെങ്കിലും

അതിൽ പശ്ചാത്തപിച്ചിരിക്കുമോ?

ഇപ്പോഴും അലമാരയിലുണ്ടത്.

മറ്റു പുസ്തകങ്ങൾക്കിടയിലെ

പതുങ്ങിനില്പു കണ്ടാൽ

കുറ്റബോധമുണ്ടെന്നു തോന്നും

പശ്ചാത്തപിച്ച മനുഷ്യരെല്ലാം

പുരാണ കഥാനായകർ

വാളു വലിച്ചെറിഞ്ഞവർ

പശ്ചാത്താപത്തെക്കുറിച്ചുള്ളതെല്ലാം പഴയത്.

പഴയ കാവ്യങ്ങൾ, നോവലുകൾ

സിനിമകൾ പോലും പഴയത്

കെട്ടിടങ്ങൾ പശ്ചാത്തപിക്കുന്നതായ് തോന്നും

പഴക്കമേറുന്തോറും.

ഞാൻ തെറ്റുചെയ്തു

എന്നുറച്ച ബോധ്യമുള്ള ഒരാൾ

ഈ ഭൂമിയിലുണ്ടായിരുന്നു

ഞാനതേറ്റുപറഞ്ഞു പശ്ചാത്തപിക്കുന്നതും

കാത്തിരുന്നു നരച്ചു ദ്രവിച്ചയാൾ പൊടിഞ്ഞുപോയി.

ഞാൻ തെറ്റുചെയ്തു

എന്നുറച്ച ബോധ്യമുള്ള ഒരാൾ

ഈ ഭൂമിയിൽ ഇപ്പോഴുമുണ്ട്.

ഞാനതേറ്റുപറഞ്ഞു പശ്ചാത്തപിക്കുന്നതും

കാത്തിരുന്നു നരക്കുന്നൊരാൾ

എന്നല്ലാതെ

പശ്ചാത്തപിക്കുന്ന ഒരു മനുഷ്യനെയും

ഞാനിന്നുവരെ കണ്ടിട്ടില്ല

എങ്കിൽപിന്നെ ജീവിതത്തെപ്പറ്റി എന്തറിഞ്ഞു

എന്നെന്നെ നോക്കി ചിരിക്കുന്ന

നിങ്ങൾ തന്നെ ചൂണ്ടിക്കാട്ടൂ

അങ്ങനെയൊരാളെ

എന്നിട്ടും ഭാഷയിൽ ഉറച്ചു നിൽക്കുന്നു

ദൃഢനിശ്ചയത്തോടെ ആ വാക്ക്.

അമർത്തിപ്പിഴിഞ്ഞാലും

ഒരു തുള്ളി കണ്ണീർ ഇറ്റാതെ.

അതെ,പശ്ചാത്തപിക്കാതെ

ഉറച്ചു നിൽക്കലാണ് ജീവിതം.

പശ്ചാത്തപിക്കാതിരിക്കാനുള്ള

കഠിനശ്രമം

എൺപതു കഴിഞ്ഞാലും

തരിമ്പു ഭാവഭേദമില്ലാതെ

ഉറച്ചു കിടക്കൽ

അതുകൊണ്ടാണ്

പശ്ചാത്തപിക്കുന്ന ഒരാളുമില്ലാഞ്ഞിട്ടും

ആ വാക്ക് ഭാഷയിൽ നിന്നു

മാഞ്ഞു പോകാത്തത്

അല്ലാതെ

ഞാനിരുന്നപ്പോൾ

കാലു വളച്ച്

എന്നെ വീഴ്ത്തിയ

ഈ സ്റ്റൂളിൻ്റെ കിടപ്പിനു വേണ്ടി

അങ്ങനെയൊരു വാക്ക്

ഒരിക്കലും ഒരു ഭാഷയിൽ

നിലനിൽക്കുകയില്ലല്ലോ!