പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സമ്പൂർണ്ണകഥകൾക്കു മുന്നിലിരുന്ന് അവയിൽനിന്നു ചിലത് തിരഞ്ഞെടുത്തു വായിക്കാനൊരുങ്ങുമ്പോൾ എന്റെ മുന്നിൽ അതാ, കുഞ്ഞബ്ദുള്ളയുടെ പഴയ ഒരു പ്രസ്താവം ചൂണ്ടുവിരലുയർത്തി നിൽക്കുന്നു. ഡി സി ബുക്സ് 1980-ൽ പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത കഥകൾക്ക് (നാല്പത്തിരണ്ട് കുഞ്ഞബ്ദുള്ളമാർ) വിളക്കുകാൽ എന്ന തലക്കെട്ടിൽ എഴുതിയ ആമുഖത്തിലാണ് ആ പ്രസ്താവമുള്ളത്: ‘ഇത് എന്റെ തിരഞ്ഞെടുത്ത കഥകളല്ല. ഞാനിതുവരെ എഴുതിയ എല്ലാ കഥകളും ഒരുവട്ടംനോക്കി നല്ലതു തിരഞ്ഞെടുക്കാൻ ഞാൻ ശ്രമിച്ചു. തള്ളാനും കൊള്ളാനും എനിക്കായില്ല. കാരണം, ഒരാൾ എഴുതിയ എല്ലാ കഥകളും അയാളുടെ തിരഞ്ഞെടുത്ത കഥകളത്രേ.' ഏതൊരു 'തിരഞ്ഞെടുത്ത കൃതികളു'ടെയും ഒരുക്കപ്പാടിനെക്കുറിച്ചു പറയാവുന്നതും പ്രസക്തി ഒട്ടും തീർന്നുപോയിട്ടില്ലാത്തതുമായ നല്ലൊരു സമാധാനമാണത്. എന്തുകൊണ്ട് ചില കൃതികൾ ഉൾപ്പെട്ടു എന്നോ എന്തുകൊണ്ട് ചിലത് ഉൾപ്പെട്ടില്ല എന്നോ ആരെങ്കിലും ഉന്നയിച്ചേക്കാവുന്ന ചോദ്യങ്ങൾക്ക് ഒരളവുവരെ തൃപ്തികരമായ മറുപടി.
അസൂയതോന്നുന്ന ആ വായനാസുഖം, താരതമ്യമില്ലാത്ത ആ ലാളിത്യം, പുതുമനിറഞ്ഞ ആ സംഘർഷ നിർമ്മാണം, ജീവിതത്തിൽനിന്ന് നേരെ ഓടിക്കയറിവരുന്ന ആ കഥാപാത്രങ്ങൾ, കൃതഹസ്തതയോടെ ആവിഷ്കരിക്കപ്പെട്ട ആ ഇതിവൃത്തവികാസങ്ങൾ- ഒരു കഥയിലും പുനത്തിൽ എന്ന കഥാകൃത്ത് അലസനായി പ്രത്യക്ഷപ്പെട്ടില്ല; ഒരു കഥയും പുനത്തിലിന്റെ വായനക്കാരെ നിരാശരാക്കിയില്ല
ഒരു തിരഞ്ഞെടുപ്പും അന്തിമമല്ല, കടന്നുപോകാനാവാത്ത മറ്റേ നിരത്തിനെക്കുറിച്ച് റോബർട്ട് ഫ്രോസ്റ്റ് അനുഭവിച്ച വിചാരോപദ്രവം ഒരുമാതിരിപ്പെട്ട എല്ലാ തിരഞ്ഞെടുപ്പുകളുടെയും കൂടപ്പിറപ്പാണ്. ആ കൂടപ്പിറപ്പിന്റെ സാന്നിധ്യത്തിൽ ഒരു കാര്യം മനസ്സിലാവുന്നു: പുനത്തിലിന്റെ എല്ലാ കഥകളും അദ്ദേഹത്തിന്റെ തിരരഞ്ഞെടുത്ത കഥകളാണ്. അസൂയതോന്നുന്ന ആ വായനാസുഖം, താരതമ്യമില്ലാത്ത ആ ലാളിത്യം, പുതുമനിറഞ്ഞ ആ സംഘർഷ നിർമ്മാണം, ജീവിതത്തിൽനിന്ന് നേരെ ഓടിക്കയറിവരുന്ന ആ കഥാപാത്രങ്ങൾ, കൃതഹസ്തതയോടെ ആവിഷ്കരിക്കപ്പെട്ട ആ ഇതിവൃത്തവികാസങ്ങൾ- ഒരു കഥയിലും പുനത്തിൽ എന്ന കഥാകൃത്ത് അലസനായി പ്രത്യക്ഷപ്പെട്ടില്ല; ഒരു കഥയും പുനത്തിലിന്റെ വായനക്കാരെ നിരാശരാക്കിയില്ല. വായനക്കാർക്ക് അദ്ദേഹം എപ്പോഴും പുതുതായിയിരുന്നു. ഇപ്പോൾ ആ കഥകളിലൂടെ കടന്നുപോകുമ്പോഴും അദ്ദേഹം ‘പുതുതായി’ത്തന്നെ ഇരിക്കുന്നു. ഇപ്പോഴില്ലാത്ത പുനത്തിൽ എന്നു തോന്നുന്നതേയില്ല; ഇപ്പോഴുമുണ്ട് എന്ന സാംഗത്യം ഓരോ വരിയിലും, ആഖ്യാനത്തിന്റെ ഓരോ വളവിലും പ്രകടമാകുന്നതിനാൽ.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ പ്രീയൂണിവാഴ്സിറ്റി വിദ്യാർഥിയായിരിക്കുമ്പോഴാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയെ കഥ ആദ്യമായി വന്നുതൊടുന്നത്. 1956-ലാണത്. എവിടെയും അച്ചടിക്കപ്പെടാതിരുന്ന ആ ആദ്യകഥ അദ്ദേഹം സൂക്ഷിച്ചുവെയ്ക്കുകയുണ്ടായില്ല. തകർന്ന മുരളി എന്നായിരുന്നു അതിന്റെ തലക്കെട്ട്. കഥ ഇങ്ങനെയാണ്: തന്റെ സുഹൃത്തായ സ്വാമിനാഥൻ മനോഹരമായി ഓടക്കുഴൽ വായിക്കുന്നതു കണ്ട ആഖ്യാതാവിന് ഒരു ഓടക്കുഴൽവാദകനാവാൻ അടക്കാനാവാത്ത ആഗ്രഹമുണ്ടാകുന്നു. സ്വാമിനാഥൻ ആഖ്യാതാവിനെ ഓടക്കുഴൽ വായിക്കാൻ പഠിപ്പിക്കുന്നു. അതുകണ്ട മൂസ മുസല്യാർ ആഖ്യാതാവിന്റെ ബാപ്പയെ വിവരമറിയിക്കുന്നു. കാഫിറുകളുടെ സംഗീതോപകരണം ഒരു മുസ്ലിം ബാലൻ കൈകാര്യംചെയ്തത് വലിയ കുറ്റമായിത്തീർന്നു. കുട്ടിയുടെ കൈയിൽനിന്നും ഓടക്കുഴൽ പിടിച്ചുപറിച്ച് ബാപ്പ അത് ചവിട്ടിപ്പൊട്ടിക്കുന്നു. അരിശംതീരാഞ്ഞ് കുട്ടിയെ പൊതിരെ തല്ലുന്നു.
അന്നു തല്ലേറ്റ ആ കുട്ടി 'വളർന്നുവലുതായി, കൈകൾക്കു നല്ല കരുത്തുണ്ടായി, ആരെയും ഭയപ്പെടാതെ, തലയുയർത്തിപ്പിടിച്ചുകൊണ്ട്’ പിന്നീട് മലയാളി സമൂഹത്തിന്റെ ശീലങ്ങളെയും മുൻധാരണകളെയും കാപട്യങ്ങളെയും, പലപാട്, നിർദ്ദയം തല്ലിയതിന്റെ ആകെക്കഥയെടുത്താൽ അത് പുനത്തിലിന്റെ ജീവചരിത്രമായി.
തല്ലുമ്പോൾ നിർദ്ദയം തല്ലണമെന്ന 'തല്ലുനിയമം' പുനത്തിലിന്റെ സാമൂഹികവിമർശനത്തിലെ വേദവാക്യമായിരുന്നു. തന്റെ കൈയിൽനിന്നും പിടിച്ചുവാങ്ങി ചവിട്ടിപ്പൊട്ടിച്ച നിലയിൽ അനാഥമായിക്കിടന്ന ആ ഓടക്കുഴൽ- പിന്നീട് അതൊരു അദമ്യവും സർഗ്ഗാത്മകവുമായ പ്രതികാരവാഞ്ഛയുടെ അദൃശ്യപ്രതീകമായി പുനത്തിലിനെ പിന്തുടർന്നിരുന്നുവോ? ഭാവനയിലോ ജീവിതത്തിലോ ഏറ്റുവാങ്ങേണ്ടിവന്ന ആ ആഘാതം പുനത്തിലിന്റെ അബോധത്തിൽ തരംപോലെ വളർന്നിരിക്കണം. സർഗ്ഗാത്മകതയുടെ ഉദാത്തീകരണമായും ആധികാരികതയോടുള്ള ചെറുത്തുനില്പായും ആന്തരികമായ മുറിവുണക്കലായും അത് വേഷംമാറി വേഷംമാറി ജീവിച്ചുകാണണം; രൂപാന്തരപ്രാപ്തിയുടെ മൂർച്ച എഴുത്തായും ഭാവനയായും രൂപപ്പെട്ടുകാണണം. കുട്ടിക്കാലത്ത് സ്വന്തം വീട്ടിൽ പ്രിയപ്പെട്ട ഒരാളുടെ 'ഭ്രാന്തിന്റെ' നിഴൽ തഴുകിക്കടന്നുപോയ ദിവസങ്ങളുടെ കനത്തതും ശ്വാസംമുട്ടിക്കുന്നതുമായ ഏകാന്തതയും അരക്ഷിതാവസ്ഥയും ‘ഏതു ലോകത്തെക്കാളും വലുതാണ് താൻ സങ്കൽപിച്ചുണ്ടാക്കുന്ന ആന്തരികലോകം’ എന്ന് അദ്ദേഹത്തെ പഠിപ്പിച്ചുകാണണം. സ്വയം ഒരു ലോകമുണ്ടാക്കാൻ കഴിയുന്നവൻ എന്തിനാണ് മറ്റുള്ളവരുടെ ലോകത്തിന്റെ അടിമയായിക്കഴിയുന്നത് എന്ന് അദ്ദേഹം, യുക്തിയും ഉന്മാദവും തമ്മിലുള്ള അതിർവരമ്പ് ശാന്തവും മനോജ്ഞവുമായ ചിരികൊണ്ട് മായ്ച്ചുകളഞ്ഞ് പേർത്തുംപേർത്തും ആലോചിച്ചുകാണണം. വളർന്നപ്പോൾ, അലിഗഢിൽ സംഭവിച്ച മറ്റൊരു ദുരന്തം 'എന്നെ ശ്മശാനത്തിലേക്കു നയിക്കുന്ന ഞാൻ' എന്ന വിചിത്രകല്പനാസുമമായി അദ്ദേഹത്തിൽ വിരിഞ്ഞതിന് ആ കഥാലോകത്ത് ഒരുദാഹരണം വേറെയുമുണ്ട്. ആകപ്പാടെ നോക്കിയാൽ, തകർന്ന ഒരു മുരളി തകർന്നില്ലെന്നു കാണിയ്ക്കാൻ തന്നോടും സമൂഹത്തോടും നടത്തിയ ഏറ്റുമുട്ടലുകളാവാം ആ ജീവിതത്തിന്റെ ഭാരവത്തായ ഫലശ്രുതിയെ നിശ്ചയിച്ചത്.
അതെന്തെങ്കിലുമാവട്ടെ, കൗമാരയൗവനങ്ങളുടെ സംക്രമണകാലത്ത് പുനത്തിൽ കുഞ്ഞബ്ദുള്ള പിന്നെയും ചില കഥകൾ എഴുതുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ അവ പ്രസിദ്ധീകരിച്ചുവരികയും ചെയ്തു. 'പൊളിഞ്ഞ കിണ്ണം' എന്നതായിരുന്നു അക്കൂട്ടത്തിലെ ആദ്യകഥ; 1956-ൽ. കഥാനായകന് അന്ന് പതിനാറു വയസ്സ്. ക്രിസ്ത്യൻ കോളജിൽ അധ്യാപകനായിരുന്ന എം. ആർ. ചന്ദ്രശേഖരന്റെ ഉത്സാഹമാണ് പുനത്തിലിനെ മാതൃഭൂമി ബാലപംക്തിയിലേക്ക് എത്തിച്ചത്. മൂന്നുവർഷം പുനത്തിൽ ആ ബാലപംക്തിജീവിതം തുടർന്നു. ബാലപംക്തികാലത്തിന്റെ കഥകൾ പൂർണ്ണമായും സമാഹരിക്കപ്പെട്ടിട്ടില്ല.
ഇടയ്ക്ക് ഒരു കാര്യം പറയട്ടെ: തന്റെ സൃഷ്ടികൾ അച്ചടിച്ചുവന്ന ആനുകാലികങ്ങൾ അവിശ്വസനീയമായ സൂക്ഷ്മതയോടെ ബയന്റ് ചെയ്ത് സൂക്ഷിക്കുന്ന ശീലമുണ്ടായിരുന്നു പുനത്തിലിന്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന ‘കല്യാണരാത്രി’ മുതൽ ആ ശീലം പുനത്തിലിനോടൊപ്പമുണ്ടായിരുന്നു. അത്തരം ചില തടിച്ച വാള്യങ്ങൾ പുനത്തിൽ തന്റെ സന്തതസഹചാരിയായിരുന്ന ടി. രാജൻ മാസ്റ്റർക്ക് കൈമാറുകയുണ്ടായി. ഒന്നൊഴിയാതെ എല്ലാ കഥകളും സൂക്ഷിച്ചുവെച്ച ആ വാള്യങ്ങൾ രാജൻ മാഷോടൊപ്പമിരുന്ന് ഞാൻ മറിച്ചുനോക്കിയിട്ടുണ്ട്. ബാലപംക്തികാലത്തെ കഥകൾ പുനത്തിൽ അക്കൂട്ടത്തിൽ സൂക്ഷിച്ചുവെച്ചതായി കണ്ടില്ല. വേണ്ടെന്നു കരുതിക്കാണും. പാകമാകാത്ത കാലമെന്നു കരുതിയതുകൊണ്ടാകുമോ? തടിച്ച ആ വാള്യങ്ങളോടൊപ്പം ചില കത്തുകളും രേഖകളും ഫോട്ടോഗ്രാഫുകളും ഉണ്ടായിരുന്നു. മറ്റു പലരുടെയും മനസ്സമാധാനത്തെക്കരുതി അവയിൽ ചിലത് താൻ നശിപ്പിച്ചുകളഞ്ഞതായി രാജൻ മാസ്റ്റർ എന്നോടു പറഞ്ഞു.
'എന്തിനാണ് മാഷേ അങ്ങനെ ചെയ്തത്?' ഞാൻ ചോദിച്ചു.
'പുനത്തിൽ പറഞ്ഞിട്ട്.' രാജൻ മാഷ് പറഞ്ഞു.
ഞാൻ പിന്നെ ഒന്നും പറയാൻപോയില്ല. എങ്കിലും എനിക്ക് സങ്കടം വന്നു: അതിൽ ചില ഫോട്ടോകളും കത്തുകളും ബാക്കിവെയേ്ക്കണ്ടതായിരുന്നു. ഇപ്പോഴില്ലാത്ത ഒരാളുടെ മുഖം, പുനത്തിലിന്റെ പ്രിയപ്പെട്ട ഒരാളുടെ മുഖം, അക്കൂട്ടത്തിൽ ഉണ്ടായിരുന്നുവല്ലോ.
'പുനത്തിൽ പറഞ്ഞിട്ട്', രാജൻ മാഷ് ആവർത്തിച്ചു.
ഒരിക്കൽ സൂക്ഷിച്ചുവെയ്ക്കാനും മറ്റൊരിക്കൽ നശിപ്പിക്കാനും ആവശ്യപ്പെടുന്ന ആന്തരികസംഘർഷത്തിന്റെ ചതുരംഗക്കളങ്ങൾ ഞാൻ മനസ്സിൽക്കണ്ടു. അവയിൽ പരസ്പരം പടനയിക്കുന്ന അനശ്വരതയും വിസ്മൃതിയും. എല്ലാം കഥയായി അവശേഷിക്കട്ടെ. അഥവാ അവശേഷിക്കുന്നത് കഥ മാത്രമാണ്. താൻ എഴുതിയതിൽ വെച്ച് ഏറ്റവും നല്ല കഥ താൻതന്നെയാണെന്ന് ആ നിമിഷങ്ങളിൽ പുനത്തിൽ വിചാരിച്ചിരുന്നിരിക്കണം; എന്തൊരു ആഴവും സംഘർഷവുമാണതിന് എന്നോ മറ്റോ ഒരു ചിന്തയിലേക്ക് ഞാൻ പിൻവാങ്ങി.
'പുനത്തിൽ പറഞ്ഞിട്ട്', രാജൻ മാഷ് ആവർത്തിച്ചുകൊണ്ടിരുന്നു.
'കല്യാണരാത്രി'യെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. കുട്ടിത്തരം വേഷക്കാരൻ എന്ന ഇമേജുവിട്ട് ചെറുകഥയിൽ ഒരു മേജർ വേഷക്കാരനായി പുനത്തിൽ കുഞ്ഞബ്ദുള്ള മാറുന്നത് 'കല്യാണരാത്രി'യുടെ പ്രസിദ്ധീകരണത്തോടെയാണ്. പതിവുപോലെ ബാലപംക്തിയിലേക്ക് അയച്ച കഥ, എഴുത്തുകാരനെ അമ്പരപ്പിച്ചുകൊണ്ട് വാരികയുടെ പ്രധാനപുറങ്ങളിൽ പ്രസിദ്ധീകരിച്ചുവരികയായിരുന്നു. ‘പുതിയ’ ഒരു കഥാകൃത്തിനെ കണ്ടെത്തിയ പത്രാധിപരുടെ ആഹ്ലാദമായിരുന്നു ആ സ്ഥാനക്കയറ്റത്തിനു പിറകിൽ. 1959 ജൂലൈ 26 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, ബാലപംക്തിയ്ക്ക് തൊട്ടുമുമ്പുള്ള പേജുകളിൽ കഥ അച്ചടിച്ചുവന്നു. കഥയ്ക്ക് തലക്കെട്ടെഴുതിയതും ചിത്രം വരച്ചതും എംവി ദേവൻ. ജി. ശങ്കരക്കുറുപ്പിന്റെ കവിതയും കെ. പി. കേശവമേനോന്റെ ആത്മകഥയുമായിരുന്നു ആ ലക്കത്തിലെ പ്രധാനവിഭവങ്ങൾ. അന്ന് കുഞ്ഞബ്ദുള്ളയ്ക്ക് പത്തൊമ്പത് വയസ്സ് പ്രായം. ബാലപംക്തിയിലേക്കും അവിടെ നിന്ന് പ്രധാനപുറങ്ങളിലേക്കും കുഞ്ഞബ്ദുള്ളയെ വഴിനടത്തിയ ആ പത്രാധിപർ എം. ടി. വാസുദേവൻ നായരായിരുന്നു.
ഭാവനയുടെ കാലം കഴിഞ്ഞുവെന്നും അനുഭവങ്ങളിലേക്കു നോക്കി എഴുതാതെ ഇനിയുള്ള കാലം കഥാകൃത്തുക്കൾക്ക് അരങ്ങുവാഴാനാവില്ലെന്നും ബാലപംക്തിക്കാലത്ത് എം. ടി., തന്നെ പഠിപ്പിച്ചതായി പുനത്തിൽ പറഞ്ഞിട്ടുണ്ട്. അത് ഒരു പഠനമായിരുന്നെങ്കിൽ അതിന്റെ പരീക്ഷയായിരുന്നു ‘കല്യാണരാത്രി’. അതിൽ പുനത്തിൽ വിജയിക്കുകയുംചെയ്തു.
‘കല്യാണരാത്രി’യിൽ ഒരു മുതിർന്ന കഥാകൃത്തിന്റെ വിരൽസ്പർശമുണ്ടെന്ന എം. ടി.യുടെ വിലയിരുത്തൽ ശരിയായിരുന്നു. എങ്കിലും, ഒഴിഞ്ഞുപോകാൻ കൂട്ടാക്കാത്ത ഒരു ബാലകഥാകൃത്തിന്റെ സാന്നിധ്യവും അതിലുണ്ട്. കല്യാണരാത്രി പ്രസിദ്ധീകരിച്ച് ഒരു വർഷവും ഒരു മാസവും കഴിഞ്ഞപ്പോൾ 1960 സപ്തംബർ 20-ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പുനത്തിലിന്റെ രണ്ടാമത്തെ കഥ, നസൂഹ, അച്ചടിച്ചുവന്നു. ആ കഥ അക്ഷരാർഥത്തിൽ കഥാകൃത്തിന്റെ പടപ്പുറപ്പാട് തന്നെയായിരുന്നു. പുനത്തിലിന് അന്ന് ഇരുപത് വയസ്സ്. ഇന്നു വായിക്കുമ്പോൾ നസൂഹ നൽകുന്ന അമ്പരപ്പ് ചെറുതല്ല. അങ്ങനെയൊരു പ്രമേയം, അത്ര കൃതഹസ്തതയോടെയുള്ള ഇതിവൃത്തത്തച്ചുപണി, അത്ര ആഴമേറിയ കഥാപാത്രങ്ങൾ എന്നിവയാൽ തീർക്കപ്പെട്ട, മലയാളഭാവനയ്ക്ക് അതിനുമുമ്പോ അതിനുശേഷമോ ചെന്നെത്താൻകഴിയാത്ത അപരിചിതത്വത്തിന്റെ കഥാഭൂമികയായിരുന്നു അത്. ദൈവത്തിനും ചെകുത്താനുമിടയിൽ, ശ്മശാനത്തിന്റെ നിഴൽ. നസൂഹ എന്ന കള്ളൻ അവിടെ പാപത്തിന്റെയും പരിണാമത്തിന്റെയും കഥയെ ചുമലിലേറ്റി നടക്കുന്നു. തൗബത്തൻ നസൂഹ എന്നാൽ ആത്മാർഥമായ മാനസാന്തരം എന്നാണർഥം. ഖുർ-ആനിലെ അത്തഹ്രീം എന്ന അറുപത്തിയാറാം അധ്യായത്തിലെ എട്ടാം വാക്യത്തിൽ തൗബത്തൻ നസൂഹ എന്ന പ്രയോഗം കടന്നുവരുന്നുണ്ട്. ആത്മാർഥമായി മാനസാന്തരപ്പെടുന്നവർക്ക് അല്ലാഹു തെറ്റുകൾ പൊറുത്തുകൊടുക്കുമെന്ന് ആ വാക്യം പഠിപ്പിക്കുന്നു. പശ്ചാത്താപത്തെക്കുറിക്കുന്ന ആ അറബിപദമാണ് കഥയുടെ ശീർഷകവും കഥാനായകന്റെ നാമധേയവുമായി ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നാണ് നസൂഹ. എത്രതവണ വായിച്ചാലും മതിവരാത്ത ഒന്ന്. ഇനിയും വേണ്ടത്ര ആഴത്തിൽ വായിക്കപ്പെട്ടിട്ടില്ലാത്ത ഒന്ന്.
രണ്ടുവർഷം കഴിഞ്ഞപ്പോൾ, 1962 ജൂലൈ 18 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പുനത്തിലിന്റെ മൂന്നാമത്തെ കഥ പ്രസിദ്ധീകരിച്ചുവന്നു: പാപത്തിന്റെ മറ. 1965 ജൂലൈ 18 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നാലാമത്തെ കഥ, ജീവച്ഛവങ്ങൾ (ജീവശ്ശവങ്ങൾ എന്നായിരുന്നു ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്നപ്പോഴുള്ള പേര്) അച്ചടിച്ചുവന്നപ്പോൾ കഥയുടെ സ്ഥാനം വാരികയുടെ ആദ്യപേജുകളിലേക്കു മാറി. കെ. എൻ. എഴുത്തച്ഛന്റെ ലേഖനവും കെ. എം. പ്രഭാകര മന്നാടിയാരുടെ കവിതയും കഴിഞ്ഞ് നേരെ, പുനത്തിലിന്റെ കഥ. മെറൂണിലും കറുപ്പിലും എ. എസ്. വരച്ച ചിത്രങ്ങൾ സഹിതം. ആ മെറൂൺനിറം മാതൃഭൂമിയിൽ അന്ന് അത്ര സുലഭമായിരുന്നില്ല. അന്ന് പുനത്തിലിന് ഇരുപത്തിയാറ് വയസ്സ്.
രണ്ടാമത്തെ കഥയ്ക്കും മൂന്നാമത്തെ കഥയ്ക്കും ഇടയിൽ കൃത്യം മൂന്നുവർഷത്തിന്റെ അകലം കാണാം. എം. എൻ. വിജയൻ, എം. എസ്. മേനോൻ, ആറ്റൂർ രവിവർമ്മ തുടങ്ങിയ സാഹിത്യാധ്യാപകരുടെ തണൽവീണ ബ്രണ്ണൻ കോളജിൽനിന്നും അലിഗഢിലെ വരണ്ട മണ്ണിലേക്ക് പറിച്ചുമാറ്റപ്പെട്ട പുനത്തിലിന് കഥയുടെ ഏകാന്തവിനിമയങ്ങൾ നഷ്ടപ്പെട്ടുതുടങ്ങിയ കാലമായിരുന്നു അത്. അലിഗഢ് പഠനകാലത്തിന്റെ ആദ്യവർഷങ്ങളിൽ കഥ പുനത്തിലിനെ അനുഗ്രഹിച്ചതേയില്ല. കഥകളുടെ ലോകം തനിക്ക് നഷ്ടമാവുന്നുവെന്ന ഭയം പുനത്തിൽ അക്കാലത്ത് എം. ടിയെ എഴുതിയറിയിക്കുന്നുണ്ട്. ‘കഥകൾ നിന്റെ മനസ്സിൽ കിടക്കട്ടെ, നിന്റെ രക്തത്തിൽ ഒരു കാഥികനുണ്ടെങ്കിൽ അവൻ മരിക്കില്ല, നീ പഠിച്ച് ഒരു മേൽവിലാസമുണ്ടാക്കൂ’ എന്ന് നിൽക്കക്കള്ളിയില്ലായ്മയുടെ ആ നാളുകളിൽ എം. ടി. നല്കിയ ആത്മവിശ്വാസം പുനത്തിലിന്റെ വേരുകളെ കഥയുടെ മണ്ണടരുകളിൽത്തന്നെ ചേർത്തുനിർത്തി (എരുമേലി പരമേശ്വരൻ പിള്ള, "കുഞ്ഞബ്ദുള്ള: വ്യക്തതയില്ലായ്മയുടെ സ്വരതാളങ്ങൾ", പുനത്തിൽ കുഞ്ഞബ്ദുള്ളയുമായുള്ള അഭിമുഖം, ദേശാഭിമാനി വാരിക, 1983 ജനുവരി 9–15). കഥയുടെ ലോകം അഥവാ നഷ്ടപ്പെട്ടാലും 'ആ ലോകം തിരികെ കിട്ടാൻ ഞാൻ വേണ്ടതുചെയ്യാം' എന്ന വാഗ്ദാനം എം. ടി. പാലിക്കുകതന്നെചെയ്തു. (പുനത്തിൽ കുഞ്ഞബ്ദുള്ള, 'പ്രിയപ്പെട്ട എം. ടി.', മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1985 നവംബർ 10-16). വീണുപോകുമായിരുന്ന കഥാകാരനെ എം.ടി. കൈപിടിച്ചുയർത്തി. ചില വരികൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റിക്കൊണ്ട് സാഹിത്യരചനയിൽ എഡിറ്റിംഗിന്റെ പ്രാധാന്യമെന്താണെന്നു പഠിപ്പിച്ചു. എഴുത്തിന്റെ ആന്തരികമായ താളത്തെക്കുറിച്ച് സ്വയം മനസ്സിലാക്കാൻ പ്രേരിപ്പിച്ചു. 'അലിഗഢിൽ വിദ്യാർഥിയായിരുന്ന കാലത്ത് ഞാൻ ധാരാളം കഥകൾ എഴുതി. എഴുതിയ ഒരു കഥപോലും എം. ടി. തിരിച്ചയച്ചില്ല. പിന്നീടും തിരിച്ചയച്ചിട്ടില്ല' എന്ന് എം. ടി. എന്ന പത്രാധിപരെ പുനത്തിൽ ഓർമിക്കുന്നുണ്ട് ('പ്രിയപ്പെട്ട എം. ടി.' മാതൃഭൂമി ആഴ്ചപ്പതിപ്പ്). എം. ടി.യും പുനത്തിലും തമ്മിലുള്ള ബന്ധം അസാധാരണമായിരുന്നു. രണ്ട് എഴുത്തുകാർ എന്ന നിലയിലല്ല, പരസ്പരം പൂരിപ്പിച്ച രണ്ടു മനുഷ്യർ എന്ന നിലയിലാണ് അവർ ഇടപെട്ടത്. പുനത്തിലിന് എം. ടി. ഗുരുവും സുഹൃത്തും വഴികാട്ടിയുമായിരുന്നു. ആത്മാവിൽ കോളിളക്കം അനുഭവപ്പെട്ട ചില നാളുകളിൽ പുനത്തിലിന്റെ വടകരയിലുള്ള വീട്ടിലേക്ക്, ആത്മസൗഹൃദം പകരുന്ന സ്വാസ്ഥ്യത്തിന്റെ തണൽപ്പരപ്പ് അനുഭവിക്കാൻ എം.ടി. പലപാട് വന്നുംപോയുമിരുന്നു. എഴുത്തായിരുന്നില്ല, ജീവിതമായിരുന്നു അവരെ കോർത്തുകെട്ടിയ ചരട്. പുനത്തിലിനും എം.ടിയ്ക്കുമിടയിലെ ആത്മബന്ധത്തെക്കുറിച്ച് മുകുന്ദേട്ടൻ (എം. മുകുന്ദൻ) പറഞ്ഞുതന്ന കഥകൾക്ക് കണക്കില്ല. കണക്കില്ലാത്ത കഥകളുടെ നാളുകൾ, കണക്കില്ലാത്ത കഥകൾ അവശേഷിപ്പിച്ച ജീവിതങ്ങൾ. (കൂട്ടുകാരിയുടെ മരണത്തെത്തുടർന്ന് അലിഗഢിൽ ഒറ്റയ്ക്കായിപ്പോയ തന്നെ കാണാൻ ദില്ലിയിൽനിന്നും എം. മുകുന്ദൻ വന്നെത്തിയ കഥ പുനത്തിൽ പറഞ്ഞുകേട്ടത് അതേ വൈകാരികക്ഷോഭത്തോടെ ടി. രാജൻ മാഷ് എനിക്കു പറഞ്ഞുതന്നിട്ടുണ്ട്).
അലിഗഢ് സർവ്വകലാശാലയിൽ മെഡിക്കൽ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ‘ജീവച്ഛവങ്ങൾ’ മാതൃഭൂമിയിൽ അച്ചടിച്ചുവന്നത്. ജീവച്ഛവങ്ങളുടെ പ്രസിദ്ധീകരണത്തെത്തുടർന്ന് വ്യക്തിപരമായി ചില പ്രശ്നങ്ങൾ പുനത്തിലിന് അഭിമുഖീകരിക്കേണ്ടിവന്നു. കഥയുടെ അന്തരീക്ഷത്തെയും കഥാപാത്രങ്ങളെയും മുൻനിർത്തി വലിയൊരു വിവാദം അലിഗഢ് സർവകലാശാലയിൽനിന്നും പുറത്തേക്കിഴഞ്ഞു. സർവകലാശാലയിലെ ചിലർ ആ കഥയിലുണ്ടെന്നായിരുന്നു പരാതി. വെറും പരാതിയല്ല; പുനത്തിലിനെതിരെ പൊലീസ് കേസ് നിലവിൽവന്നു. അറസ്റ്റ് ചെയ്യപ്പെടുമെന്നും കോളജിൽനിന്നു പുറത്താക്കപ്പെടുമെന്നുമുള്ള സ്ഥിതിവന്നു. ഒടുവിൽ സി. എച്ച്. മുഹമ്മദ് കോയ നേരിട്ട് ഇടപെട്ടാണ് ആ വിവാദത്തെ മാളത്തിലേയ്ക്ക് തിരികെക്കൊണ്ടുപോയത്. പുനത്തിലിന്റെ ജീവിതത്തിൽ പിന്നീട് സഹചാരികളായി മാറിയ വിവാദങ്ങളുടെ ആദ്യ പുറപ്പാടായിരുന്നു അത്. അതിനുശേഷം വിവാദങ്ങളെ പുനത്തിൽ ഭയന്നിട്ടില്ല. തരംകിട്ടുമ്പോഴൊക്കെ വിവാദങ്ങളുണ്ടാക്കുന്നത് ഒരു രസമായിക്കരുതുകയും ചെയ്തു. ഒരു സാഹിത്യസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടു നടത്തിയ, എനിക്കെന്റെ മാതാപിതാക്കളോടുപോലും കടപ്പാടില്ല എന്ന പ്രസ്താവനയുണ്ടാക്കിയ പുകിൽ ചെറുതായിരുന്നില്ല. ബി. ജെ. പി. സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മൽസരിച്ചതും ലൈംഗികതയെ സംബന്ധിച്ച നിലപാടുകൾ പ്രഖ്യാപിച്ചതും സാഹിത്യമോഷണാരോപണം നേരിട്ടതും മതംമാറ്റം എന്ന ഊഹാപോഹത്തിന്റെ കേന്ദ്രമായതും എന്നുവേണ്ട തൊട്ടതെല്ലാം പുനത്തിൽ. സൗകര്യപൂർവ്വം വിവാദമാക്കിമാറ്റി.
ജീവച്ഛവങ്ങളെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ആ ദശാബ്ദത്തിൽ പുനത്തിലിന്റെ ഒട്ടേറെ കഥകൾ മാതൃഭൂമി ആഴ്പ്പതിപ്പിലൂടെ പുറത്തുവന്നു. കഥയെഴുത്തിൽ പുനത്തിലിന്റെ വഴി തെളിഞ്ഞുതെളിഞ്ഞുവരുന്നതിന്റെ സാക്ഷ്യങ്ങളാണ് അവ. കഥയുടെ ശീർഷകങ്ങൾ നോക്കുക: പൊയ്മുഖങ്ങൾ (1966 ഫെബ്രുവരി 20), ഊർമിളയുടെ കാമുകൻ (1966 സപ്തംബർ 25), മൗലാനാം ഇനാം ഖുറൈഷി (1966 ഡിസംബർ 11) കാഴ്ചബംഗ്ലാവ് (1967 ഏപ്രിൽ 9), കത്തി (1968 ജനുവരി 21, ഫെബ്രുവരി 4), നവാബ് (1968 ഏപ്രിൽ 7), കാലാൾപ്പടയുടെ വരവ് (1969 മെയ് 18), ഭാരതകഥകൾ (1969 ഫെബ്രുവരി 28), മായൻകുട്ടി സീതി (1970 ഫെബ്രുവരി 8), കല്പാന്തം (1970 ആഗസ്ത് 23) ആ ദശകം അസ്തമിക്കുമ്പോഴേക്കും പുനത്തിൽ എന്ന കഥാകൃത്ത് സമകാലികതയുടെയും ഭാവിയുടെയും വഴിയിൽ സ്വന്തം ഇരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞു. ആധുനികർ അരയും തലയും മുറുക്കി കളംനിറഞ്ഞ എഴുപതുകളിൽ പുനത്തിലും ആധുനികതയുടെ സാഹിതിയാദർശങ്ങളെ പ്രതീക്ഷാപൂർവ്വം ഉറ്റുനോക്കി. ലളിതമെന്നു തോന്നുമ്പോഴും പിടിതരാൻ കൂട്ടാക്കാത്ത ജീവിതത്തിന്റെ സങ്കീർണ്ണത അന്നും പുനത്തിലിന്റെ ഇഷ്ടപ്രമേയമായിരുന്നു. അക്കാലത്തെ കഥകളിൽ ആദർശങ്ങളെനോക്കി ചിരിക്കുന്ന പുനത്തിലിനെ കാണാം. പരാജയം, വെളിച്ചത്തിന്റെ മരണം, ചോദ്യങ്ങൾ, കൊലച്ചോറ്, ദീർഘദർശനം, അരക്കില്ലം, സ്വയംവരം, ഭ്രാന്തൻപൂക്കൾ, സമൂഹം, കഴുവേറി, കാവൽക്കാർ, പ്രകൃതിപാഠം, സതി, പുതിയനിയമം, മരിച്ചുപോയ എന്റെ അപ്പനമ്മമാർക്ക്, ചന്ദികയുടെ വിശേഷദിവസം തുടങ്ങിയവ എഴുപതുകളിൽ പുനത്തിൽ എഴുതിയ കഥകളാണ്. പിന്നീട് എൺപതുകൾ, തൊണ്ണൂറുകൾ, പുതിയ സഹസ്രാബ്ദം. പാത്രങ്ങൾ, മുകുന്ദരാജയുടെ രാത്രികൾ, നസറുദ്ദീന്റെ മകൾ, നാസർ മുഹമ്മദ് അൽനാസറിന്റെ മൂന്നാംഭാര്യ, സമാന്തരങ്ങൾ, ക്ഷേത്രവിളക്കുകൾ....അങ്ങനെ കഥകളുടെ ഒരു വസന്തം.
പുനത്തിൽ എഴുതിയ കഥകളേക്കാൾ കൂടുതലായിരിക്കും എഴുതാത്ത കഥകൾ എന്ന് പുനത്തിലിന്റെ സൗഹൃദസദസ്സിൽ ഒരിക്കലെങ്കിലുമിരുന്നവർക്ക് അറിയാം. കഥപറയാൻവേണ്ടി മാത്രം ജീവിച്ചിരുന്ന ഒരാൾ എന്ന് ആഴപ്പതിപ്പിന്റെ താളുകളിലും സൗഹൃദസദസ്സുകളിലും പുനത്തിൽ വെളിപ്പെട്ടു. അമർത്തിപ്പിടിച്ച ഒരു ചിരിയോടെ, ഒളിച്ചുവെച്ച ഒരു പൊട്ടിത്തെറിയോടെ, പറത്തിവിട്ട പ്രസന്നതയോടെ പുനത്തിൽ കഥപറഞ്ഞുകൊണ്ടിരുന്നു. മലയാളിയെ സംബന്ധിച്ച് അത് ഒരു ഭാവുത്വചികിൽസകൂടിയായിരുന്നു. ഈ മട്ടിലൊരു ജീവിതം ഒന്നു സങ്കൽപിച്ചുനോക്കൂ, ഈ മട്ടിലൊരു സ്വാതന്ത്ര്യം ഒന്നനുഭവിച്ചുനോക്കൂ, ഈ മട്ടിലൊരു സ്വാച്ഛന്ദ്യം ഒന്നുൾക്കൊണ്ടുനോക്കൂ എന്ന് സദാ ഉന്മിഷത്തായി ചമഞ്ഞു പുനത്തിലിന്റെ ജീവിതം. മലയാളിയുടെ നിശ്ചലജീവിതത്തെ കഥകൊണ്ടും ജീവിതംകൊണ്ടും പുനത്തിൽ പ്രകോപിപ്പിച്ചു. കഥ പറഞ്ഞുപറഞ്ഞ് പുനത്തിൽതന്നെയും മലയാളികൾക്കിടയിൽ ഒരു കഥയായി മാറി. പുനത്തിൽ ഒഴുകിക്കൊണ്ടിരുന്നു; ഒരിടത്തും തടഞ്ഞുനിൽക്കാതെ.
അങ്ങനെയിരിക്കുമ്പോൾ, ഓർക്കാപ്പുറത്ത് ഒരു ദിവസം പുനത്തിൽ എല്ലാറ്റിൽനിന്നും ഉൾവലിഞ്ഞു. ഒഴുക്കിൽനിന്നും, ആഘോഷങ്ങളിൽനിന്നും, സദസ്സുകളിൽനിന്നും, പൊട്ടിച്ചിരികളിൽനിന്നും, ബഹളങ്ങളിൽനിന്നും, എഴുത്തിൽനിന്നും. ഒരു പക്ഷേ, ജീവിതത്തിൽനിന്നുതന്നെയും. അതുവരെ ശാപഗ്രസ്തനായി രാമഗിര്യാശ്രമങ്ങളിൽ അലഞ്ഞ ആ നിത്യകാമി പെട്ടെന്നൊരു നിമിഷത്തിൽ യമനിഷ്ഠതയാർന്ന താപസനായി. തകർന്ന മുരളിയുടെ ആദിമബിംബത്തിന് ഒരിക്കൽക്കൂടി പ്രത്യക്ഷപ്പെടാൻ സമയമായി എന്ന് ജീവിതം അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. അന്ത്യത്തിന്റെ നാന്ദി. സ്വയംവരിച്ച നിശ്ശബ്ദത. പിന്നെ, മനുഷ്യനുണ്ടായതിൽപ്പിന്നെ ഭൂമിയിൽ ഏറ്റവും സാധാരണമായിത്തീർന്ന ആ പരകോടി: മരണം.
അദ്ദേഹം ജനിക്കുകയും ജീവിക്കുകയും മരിക്കുകയുംചെയ്തു; ഇവയിൽ ആദ്യത്തേതിനും അവസാനത്തിനും ഇടയിലെ ജീവിതമെന്ന ആ ക്രിയ, ഒരു പക്ഷേ, അത്ര അനായാസവും ധൂർത്തവുമായി മറ്റൊരാൾക്കും അത്രയെളുപ്പം സാധിക്കാത്ത വിധത്തിൽ ഓരോ നിമിഷത്തിനും യോജിച്ച ഭംഗിയോടെ നിർവ്വഹിക്കുകയുംചെയ്തു. ഒടുവിൽ എഴുപതിയേഴാമത്തെ വയസ്സിൽ അത് താപസോചിതമായി അവസാനിച്ചു.
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സമ്പൂർണ്ണകഥകൾക്കുമുന്നിലിരുന്ന് അവയിൽനിന്നു ചിലത് തെരഞ്ഞെടുത്തു വായിക്കാനൊരുങ്ങുമ്പോൾ എന്റെ മുന്നിൽ ഇതാ, പുനത്തിൽ കുഞ്ഞബ്ദുള്ള തെളിഞ്ഞുവരുന്നു. പ്രസന്നമായ മുഖം. രക്തച്ഛവിയുള്ള കവിളുകൾ. ചിരിക്കുന്ന കണ്ണുകൾ. പതിഞ്ഞ ചലനങ്ങൾ. ഉയരുന്ന ഒരു പൊട്ടിച്ചിരി. പറയാൻ പോകുന്ന ഒരു കഥ. ഒന്നും അവസാനിച്ചിട്ടില്ല. ഒന്നും അവസാനിക്കുകയുമില്ല.
Writer Rajendran Edathumkara pays tribute to Punathil Kunjabdulla on his death anniversary, reflecting on the Malayalam writer’s distinctive literary style and extraordinary life. The article explores how Punathil left a lasting mark on Malayalam literature through both his stories and his life experiences.