Art and Literature

സി ഡഗ്ലസിനും എൻ എൻ റിംസണും രാജാ രവിവർമ്മ പുരസ്‌കാരം

2023ലെ പുരസ്‌കാരമാണ് സി. ഡഗ്ലസിന് ലഭിച്ചത്. 2024ലെ പുരസ്‌കാരത്തിന് എൻ.എൻ. റിംസണെ തെരഞ്ഞെടുത്തു

Madism Desk

സംസ്ഥാന സർക്കാരിന്റെ വിഷ്വൽ ആർട്ട് രംഗത്തെ പരമോന്നത ബഹുമതിയായ രാജാ രവിവർമ്മ പുരസ്‌കാരം ചിത്രകാരൻ സി. ഡഗ്ലസിനും ശിൽപി എൻ എൻ റിംസണും. 2023ലെ പുരസ്‌കാരമാണ് സി ഡഗ്ലസിന് ലഭിച്ചത്. 2024ലെ പുരസ്‌കാരത്തിന് എൻ.എൻ. റിംസണെ തെരഞ്ഞെടുത്തു. മൂന്ന് ലക്ഷം രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.

ടൂറിസം, സാംസ്‌കാരികം, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥാണ് പുരസ്‌കാരങ്ങൾ പ്രഖ്യപിച്ചത്. സമകാലീന ഇന്ത്യൻ ചിത്രകലയിലും ശിൽപകലയിലും നൽകിയ ശ്രദ്ധേയമായ സംഭാവനകളാണ് ഇരുവരെയും പുരസ്‌കാരത്തിന് അർഹരാക്കിയത്.

മദ്രാസ് കലാപ്രസ്ഥാനത്തിന്റെ ഭാഗമായ പ്രമുഖ സമകാലീന കലാകാരനാണ് സി. ഡഗ്ലസ്. പ്രാദേശികമായ മുൻഗണനകൾക്കപ്പുറം സാർവദേശീയവും വിശ്വമാനവികവുമായ കാഴ്ചപ്പാടും ശൈലിയും സ്വീകരിച്ച കലാകാരനാണ് അദ്ദേഹമെന്ന് ജൂറി വിലയിരുത്തി. ദീർഘകാലമായി തുടരുന്ന കലാപ്രവർത്തനങ്ങളും സമകാലീന ഇന്ത്യൻ ചിത്രകലയിലെ സംഭാവനകളും പരിഗണിച്ചാണ് 2023ലെ പുരസ്‌കാരത്തിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

തലശ്ശേരി സ്വദേശി ഡഗ്ലസ്, മദ്രാസിലെ ഗവൺമെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ പഠിച്ച ശേഷം ചോളമണ്ഡലം ആർട്ടിസ്റ്റ്സ് വില്ലേജിൽ പ്രവർത്തിച്ചു. ചോക്ക്, കരി, ക്രയോൺ എന്നിവ ഉപയോ​ഗിച്ച് മനുഷ്യന്റെ ദുർബലതകളും വികാരങ്ങളും അവതരിപ്പിക്കുന്ന അർധ അമൂർത്ത രചനകൾക്ക് അദ്ദേഹം പ്രശസ്തനാണ്. 1992ൽ ലളിതകലാ അക്കാദമിയുടെ ദേശീയ പുരസ്‌കാരവും കേന്ദ്ര സാംസ്‌കാരിക ഫെല്ലോഷിപ്പുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

2024ലെ പുരസ്‌കാരത്തിന് അർഹനായ എൻ.എൻ. റിംസൺ ഇന്ത്യൻ സമകാലീന ശിൽപകലയിലെ ശ്രദ്ധേയനായ കലാകാരനാണ്. പതിറ്റാണ്ടുകളായി ശിൽപം, ഇൻസ്റ്റലേഷൻ, ചിത്രകല, ഡ്രോയിങ് എന്നിവയിലൂടെ കലയും ജീവിതവും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്ന അദ്ദേഹത്തിന്റെ സൃഷ്ടികൾ ഇന്ത്യയിലും വിദേശത്തുമായി പ്രധാന പ്രദർശനങ്ങളിൽ ഇടം നേടിയിട്ടുണ്ട്. വിവിധ തലമുറകളിലെ കലാകാരന്മാരെ സ്വാധീനിച്ച സംഭാവനകളും ജൂറി പരിഗണിച്ചിരുന്നു.

എറണാകുളം ജില്ലയിലെ കാക്കൂർ സ്വദേശിയായ റിംസൺ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബി.എഫ്.എയും ബറോഡ എം.എസ്. സർവകലാശാലയിൽ നിന്ന് എം.എഫ്.എയും ലണ്ടനിലെ റോയൽ കോളേജ് ഓഫ് ആർട്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ശിൽപകല അധ്യാപകനായും 2011 മുതൽ 2014 വരെ പ്രിൻസിപ്പലായും പ്രവർത്തിച്ചു. ലോഹം, ഫൈബർഗ്ലാസ്, കല്ല് എന്നിവ ഉപയോ​ഗിച്ച് നിർമിച്ച പ്രതീകാത്മക ശിൽപങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

Artist C. Douglas and sculptor N.N. Rimzon have been selected for the Raja Ravi Varma Award for 2023 and 2024, respectively. The award, Kerala’s highest state honour in the field of visual arts, carries a cash prize of 3 lakh, a citation and a sculpture designed by Kanayi Kunhiraman