Art and Literature

ഹയാത്ത്

സഫീദ് ഇസ്മായിൽ

പുഴവക്കത്ത്

പടച്ചോൻ ബാക്കിവെച്ച

കളിമണ്ണ് കുഴയ്ക്കുന്നു വല്യുമ്മ.

മൺനായയുടെ നെഞ്ചത്തൊരു

ഖൽബ് പണിയുന്നു.

പൂച്ചയുടെ മുഖത്ത്

നഖംകൊണ്ടൊരു മീശവരയ്ക്കുന്നു.

എന്നിട്ടും റൂഹ്?

നോവുകെട്ടിയ പെങ്ങൾക്ക്

സുഖപ്രസവം നടക്കാൻ

അരി കരിച്ച് മഷിയാക്കി

വാരി ചെത്തി കലമാക്കി

വസ്തിയിൽ വചനമെഴുതി

കഴുകിക്കുടിപ്പിക്കുന്നു വല്യുമ്മ.

തുറന്നുകിടക്കുന്ന

ഖുർആൻ വചനങ്ങൾക്കിടയിൽ

സുജൂദ് ചെയ്യുന്നു ഒരു ഈച്ച.

മണ്ണാൽ പടച്ച മനുഷ്യൻ.

മണ്ണിനാൽ തന്നെ പടയ്ക്കുന്നു

വല്യുമ്മയും, നായയേയും പൂച്ചയേയും.

പുറത്ത്, ജീവനുള്ളൊരു പൂച്ച

ചത്ത എലിയെയും കൊണ്ട്

ഇരുട്ടിലേക്ക് പായുന്നു.

മൺപൂച്ചയുടെ കണ്ണുകളിൽ

രണ്ടു കറുത്ത കല്ലുകൾ.

അവയ്ക്കിടയിൽ

വല്യുമ്മയുടെ മുഖം,

ഒരു പഴയ സ്വപ്നംപോലെ.

അന്ത്യനാളിൽ

കാഹളം മുഴങ്ങുമ്പോൾ

പടച്ചോനെന്നോട്

ഈ നായേനേം പൂച്ചേനേം

ഹയാത്താക്കാൻ പറയുല്ലേ, മോനേ?

വല്യുമ്മയുടെ വിരലുകളിൽ

നനഞ്ഞ മണ്ണ്.

ഞങ്ങൾക്കിടയിൽ

ഒരു മൺനായയുടെ തുറന്ന വായ.

ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം. കഴുത്തിൽ തസ്ബീഹ് മാല.

കാതുകളിലെ തുളയിൽ

കരിഞ്ഞ മുല്ലമൊട്ടുകൾ.

മെലിഞ്ഞ കൈകളിൽ

കളിമണ്ണുണങ്ങുന്നു.

വിണ്ട മണ്ണടരുകളിൽ

ഉറുമ്പുകൾ വഴിതുറക്കുന്നു.

വല്യുമ്മ വീണ്ടും വെള്ളം തൊട്ട്

മണ്ണു കുഴയ്ക്കുന്നു.

മണ്ണിലൊരു മനുഷ്യന്റെ മുഖം.

നെഞ്ചിൽ ഒരു ശൂന്യത,

പടച്ചോൻ മറന്നുവെച്ചൊരക്ഷരം പോലെ.

ബാങ്ക് വിളിക്കുന്നു.

വല്യുമ്മ കൈ കഴുകുന്നു.

മൺമനുഷ്യൻ മുറ്റത്ത്.

നെഞ്ചിലെ കുഴിയിൽ

ആകാശം ഇറങ്ങിവന്ന്

നിശ്ശബ്ദമായ് വുദൂ* ചെയ്യുന്നു.

▪️▪️▪️▪️

ഹയാത്ത്: ജീവൻ

വുദൂ: നമസ്ക്കാരത്തിനു മുമ്പ് അംഗശുദ്ധി വരുത്തൽ.