Art and Literature

ഓര്‍മകളും മൗനങ്ങളും: 'ബിലോങിങ്' വായിക്കുമ്പോള്‍

രാജീവ് ഗാന്ധിക്കൊപ്പം ഒരുമിച്ച് വാര്‍ധക്യത്തിലേക്ക് പോകാന്‍ കഴിയാത്തതിന്റെ വേദന പുസ്തകത്തിന്റെ ഉപസംഹാരത്തിലെ ഏറ്റവും ഹൃദയഭേദകമായ ചിന്തകളിലൊന്നാണ്.

വി മുസഫർ അഹമ്മദ്

സോണിയാ ഗാന്ധി ഇഷ്ടപ്പെട്ട് തുടങ്ങിയ ഇന്ത്യയില്‍ നിന്നും ആഘാതകരമായ അകല്‍ച്ചയിലേക്ക് അവര്‍ ആദ്യം വീഴുന്നത് ഇന്ദിരാഗാന്ധിയുടെ വധത്തോടെയാണ്. രാജീവ് ഗാന്ധിയുടെ വധത്തോടെ ആന്തരികമായ അകല്‍ച്ച വീണ്ടും വര്‍ധിച്ചതിന്റെ പല സൂചനകളും ഈ പുസ്തകത്തിലുണ്ട്. സ്വന്തം മക്കളുടെ നാട് എന്ന നിലയില്‍ താന്‍ ഇന്ത്യയില്‍ തന്നെ തുടരുകയായിരുന്നു എന്ന് പുസ്തകം പറയുന്നു. രാജീവ് വധത്തിനു ശേഷം ഇറ്റലിയിലേക്ക് മടങ്ങാന്‍ സോണിയയുടെ സഹോദരി ആവശ്യപ്പെട്ടപ്പോള്‍, ഇന്ത്യയാണ് തന്റെയും മക്കളുടേയും രാജ്യമെന്ന ഉറച്ച നിലപാടില്‍ അവര്‍ അവിടെത്തന്നെ തുടരാന്‍ തീരുമാനിച്ചു. രാജീവ് ഗാന്ധിയുടെ പ്രണയത്താല്‍ വൈയക്തികമായി താന്‍ ഇഷ്ടപ്പെട്ട ഇന്ത്യയിലെ തന്റെ ജീവിതം എങ്ങിനെ രാഷ്ട്രീയാര്‍ഥത്തില്‍ മാറി എന്ന പറച്ചിലാണ് ഈ പുസ്തകത്തിന്റെ കാതല്‍. അതെങ്ങിനെ സംഭവിച്ചു? ബാബരി മസ്ജിദ് തകര്‍ക്കലും ഗുജറാത്ത് വംശഹത്യയും തുടര്‍ന്നുണ്ടായ ബി.ജെ.പി- ഹിന്ദുത്വ വളര്‍ച്ചയും സോണിയയെ കൂടുതല്‍ കൂടുതല്‍ രാഷ്ട്രീയക്കാരിയാക്കി.

ബാബരി-ഗുജറാത്ത്- ബിജെപി വളര്‍ച്ച താന്‍ മനസ്സിലാക്കിയ ഇന്ത്യ പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണെന്ന തോന്നല്‍ ഗ്രന്ഥകാരിയില്‍ വളര്‍ത്തുന്നു. താന്‍ സ്നേഹിച്ചു മനസ്സിലാക്കിയ ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തിന്റെ തിരിച്ചെടുപ്പ് അവര്‍ക്ക് പ്രധാനമായി മാറി. ഇന്ദിര-രാജീവ് വധങ്ങള്‍ക്കു ശേഷം പാതാളത്തോളം താഴ്ന്നു പോയ ആത്മവിശ്വാസം രാഷ്ടീയക്കാരിയായിത്തന്നെയാണ് അവര്‍ തിരിച്ചെടുക്കുന്നത്. ഈ പുസ്തകത്തിന്റെ കാതലും ഇതു തന്നെ. പുസ്തകത്തിലെ സവര്‍ക്കര്‍ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഷിന്‍ഡെ പക്ഷ ശിവസേന രംഗത്തു വന്നതോടെ സവര്‍ക്കര്‍ പരാമര്‍ശമുള്ള പേജുകള്‍ കീറുകയും ആ പേജുകള്‍ നീക്കം ചെയ്യണമെന്ന് പ്രസാധകരോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. പുസ്തകം അതിന്റെ രാഷ്ട്രീയ ദൗത്യം ആരംഭിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പുസ്തകത്തിനു നേരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സംഘ് വിമര്‍ശനങ്ങള്‍ ഗ്രന്ഥത്തിന്റെ രാഷ്ട്രീയ ദൗത്യം കൂടി വെളിപ്പെടുത്തുന്നു.

ഈ പശ്ചാത്തലത്തില്‍ പുസ്തകത്തിന്റെ പ്രസാധകര്‍ ഹാര്‍പ്പിന്‍ കോളിന്‍സിന്റെ സിഇഒ അനന്ത് പത്മനാഭന്റെ ഹാസ്യ രൂപത്തിലുള്ള അഭിപ്രായം പോലും രാഷ്ട്രീയമായി മാറുന്നു. അദ്ദേഹം പറഞ്ഞു: ഇന്ത്യയിലിപ്പോള്‍ മൂന്നു തരം ആളുകളാണുള്ളത്. സോണിയ ഗാന്ധിയുടെ ആത്മകഥ വായിച്ചവര്‍, പുസ്തകത്തിനായി കാത്തിരിക്കുന്നവര്‍, വായിച്ചിട്ടും വായിച്ചു എന്ന് പറയാന്‍ ധൈര്യമില്ലാത്തവര്‍.

ഈ പുസ്തകത്തിലെ ചില പ്രധാന മുഹൂര്‍ത്തങ്ങളെ ഇങ്ങിനെ സംക്ഷിപ്തമാക്കാം: കേംബ്രിഡ്ജില്‍വെച്ച് പത്തൊമ്പതുകാരിയായ സോണിയ, രാജീവ് ഗാന്ധിയെ കണ്ടുമുട്ടുന്നു. ആദ്യ കാഴ്ചയില്‍ത്തന്നെ ഉണ്ടായ ആകര്‍ഷണം, ഹൃദയമിടിപ്പും കൈകളിലെ വിറയലും ഉള്‍പ്പെടെ അവര്‍ ഓര്‍ത്തെടുക്കുന്നു. ഒരു സാധാരണ പ്രണയകഥയായി തുടങ്ങിയ ബന്ധം പിന്നീട് അവരുടെ ജീവിതത്തിന്റെ കേന്ദ്രമായി മാറുന്നു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രാജീവ് പ്രധാനമന്ത്രിയാകുന്നതിനെ സോണിയ എതിര്‍ത്തു. അദ്ദേഹത്തെയും നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു അതിനു പിന്നില്‍. രാജീവ് പ്രധാനമന്ത്രി പദം ഏറ്റെടുക്കരുതെന്ന് അവര്‍ അപേക്ഷിച്ചെങ്കിലും രാജീവ് പിന്മാറിയില്ല.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത മകള്‍ പ്രിയങ്കയാണ് സോണിയയെ അറിയിച്ചത്. താന്‍ കേള്‍ക്കുന്നത് എന്താണെന്ന് ആദ്യം അവര്‍ക്ക് മനസ്സിലായില്ല. പിന്നീട് വാര്‍ത്തയുടെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ മകളുടെ കൈകളിലേക്ക് തകര്‍ന്നുവീണു. ഞാനും അദ്ദേഹത്തോടൊപ്പം പോകേണ്ടതായിരുന്നു എന്ന അര്‍ത്ഥത്തിലുള്ള അവരുടെ വിലാപം ഈ രംഗത്തെ അത്യന്തം വേദനാജനകമാക്കുന്നു. രാജീവ് ഗാന്ധിക്കൊപ്പം ഒരുമിച്ച് വാര്‍ധക്യത്തിലേക്ക് പോകാന്‍ കഴിയാത്തതിന്റെ വേദന പുസ്തകത്തിന്റെ ഉപസംഹാരത്തിലെ ഏറ്റവും ഹൃദയഭേദകമായ ചിന്തകളിലൊന്നാണ്.

രാജീവ് പൈലറ്റായി തുടര്‍ന്നിരുന്നെങ്കില്‍ തങ്ങള്‍ എങ്ങനെയായിരിക്കുമായിരുന്നു എന്ന് സോണിയ സങ്കല്‍പ്പിക്കുന്നു. ഒരുമിച്ച് പ്രായമാകുക, കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കുക, ഇന്ത്യയിലും വിദേശത്തും യാത്ര ചെയ്യുക, ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ ആസ്വദിക്കുക- പക്ഷേ ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകാതെ പോയി. അതുകൊണ്ട് ഈ പുസ്തകം നഷ്ടങ്ങളുടെ രേഖയാണ്, അധികാരത്തിന്റെത് മാത്രമല്ല.

ഗുജറാത്ത് വംശീയഹത്യക്കു ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ട ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും അനുഭവം സോണിയ വിവരിക്കുന്നുണ്ട്. മകളോട് അതിക്രമം നടന്നതായി പിതാവ് രാഷ്ട്രീയ നേതാക്കളോട് കരഞ്ഞുപറയുന്ന രംഗം തന്നെ വല്ലാതെ തളര്‍ത്തിയെന്നും അന്ന് ഭയവും സങ്കടവും കാരണം സംസാരിക്കാന്‍പോലും കഴിഞ്ഞില്ലെന്നും അവര്‍ എഴുതുന്നു. അവിടെ നിന്നും മാഞ്ഞു കൊണ്ടേയിരിക്കുന്ന ഇന്ത്യയുടെ ആത്മാവിലേക്ക് അവര്‍ ഓരോ ഇന്ത്യക്കാരനേയും ക്ഷണിക്കുന്നു. പ്രണയിച്ച മനുഷ്യനെ നഷ്ടപ്പെട്ട ഭാര്യ. അച്ഛനെ നഷ്ടപ്പെട്ട രണ്ടു കുട്ടികളുടെ അമ്മ. ജന്മനാടല്ലാത്ത ഒരു രാജ്യത്തെ സ്വന്തം വീടായി സ്വീകരിച്ച സ്ത്രീ. വ്യക്തിപരമായ ദുഃഖങ്ങള്‍ക്കിടയിലും പൊതുജീവിതത്തിലേക്ക് കടക്കേണ്ടിവന്ന രാഷ്ട്രീയ നേതാവ്. പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് ഒരു ചോദ്യമാണ്: രാജീവ് ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ അവരുടെ ജീവിതം എത്ര വ്യത്യസ്തമായേനെ? ഈ ചോദ്യം പുസ്തകത്തിന്റെ അവസാനത്തിലും വായനക്കാരനെ പിന്തുടരുന്നു.

പ്രണയത്തിന്റെയും നഷ്ടത്തിന്റെയും അതിജീവനത്തിന്റെയും ഹൃദയസ്പര്‍ശിയായ യാത്രയായി പുസ്തകത്തെ കാണാം. ചില പുസ്തകങ്ങള്‍ വായിച്ചുതീര്‍ക്കുമ്പോള്‍ കഥ അവസാനിക്കുന്നു. എന്നാല്‍ ചില പുസ്തകങ്ങള്‍ വായിച്ചുതീര്‍ന്നാലും അവയിലെ മനുഷ്യരും അവരുടെ വേദനകളും ഓര്‍മകളും നമ്മെ വിട്ടുപോകുന്നില്ല. ഈ പുസ്തകത്തിന് ആ ഗുണമുണ്ട്. രാഷ്ട്രീയത്തിന്റെ കൊടുങ്കാറ്റുകള്‍ക്കിടയില്‍ ജീവിച്ച ഒരു സ്ത്രീയുടെ സ്വകാര്യജീവിതത്തിലേക്കുള്ള തുറന്ന വാതിലാണിത്. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ച ഒരു രാഷ്ട്രീയ നേതാവിനെക്കാള്‍ ഉപരിയായി പ്രണയിച്ച ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു ഭാര്യയെയും മക്കളെ ചേര്‍ത്തുപിടിച്ച ഒരു അമ്മയെയും ഈ പുസ്തകത്തില്‍ നാം കാണുന്നു.

സോണിയ ഗാന്ധിയുടെ വ്യക്തിജീവിതത്തെ രാഷ്ട്രീയത്തില്‍നിന്ന് പൂര്‍ണമായി വേര്‍തിരിച്ചുകാണാന്‍ കഴിയില്ല. ഇന്ദിരാഗാന്ധിയുടെ വധം, രാജീവിന്റെ വധം, കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടിവന്ന സാഹചര്യം, അധികാരത്തോടുള്ള സമീപനം തുടങ്ങിയവയെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഈ ആത്മകഥ ഒരു വ്യക്തിയുടെ ഓര്‍മക്കുറിപ്പുകള്‍ മാത്രമല്ല; ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലേക്കുള്ള ഒരു സ്വകാര്യ ജാലകം കൂടിയാണ്. തീര്‍ച്ചയായും രാഷ്ട്രീയക്കാരുടെ ആത്മകഥകളില്‍/ ഓര്‍മക്കുറിപ്പുകളില്‍ മൗനത്തിന്റെ നിരവധി ഏടുകളും കാണും. അത്തരം സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തിലുമുണ്ട്.

ഒരു വ്യക്തിയെ ദേശരാഷ്ട്രമായി കാണുക സാധ്യമല്ല എന്നതിനാല്‍ തീര്‍ച്ചയായും വായനക്കാര്‍ ഗ്രന്ഥകാരിയുടെ മൗനത്തെക്കുറിച്ചും ഓര്‍ക്കും. അതുകൊണ്ട് ഈ പുസ്തകം വായിച്ചുതീരുമ്പോള്‍ സോണിയ ഗാന്ധിയോട് രാഷ്ട്രീയമായി യോജിക്കണമെന്നില്ല. എന്നാല്‍ അവരുടെ ജീവിതത്തിലെ വ്യക്തിപരമായ വേദനകളെ മനസ്സിലാക്കാതിരിക്കാനാവില്ല. കാരണം, രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുറം മനുഷ്യരെല്ലാം ഒരുപോലെയാണ്. സ്നേഹിക്കുന്നവരും നഷ്ടപ്പെടുന്നവരും ഓര്‍മകളില്‍ ജീവിക്കുന്നവരും. ചില ബന്ധങ്ങള്‍ മരണത്തോടെ അവസാനിക്കുന്നില്ല. അവ ഓര്‍മകളിലൂടെ ജീവിതകാലം മുഴുവന്‍ നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഒരുപക്ഷേ, ഈ പുസ്തകത്തിന്റെ ഏറ്റവും മനോഹരമായ സന്ദേശവും അതുതന്നെയാണ്.

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ, രാജീവ് ഗാന്ധിയുടെ ശ്രീലങ്കന്‍ നയം പോലുള്ള കാര്യങ്ങളെ, ഭരണകൂട ഹിംസകളെക്കുറിച്ച് പുസ്തകം സമ്പൂര്‍ണ മൗനം പാലിക്കുന്നു. അടിയന്തിരവാസ്ഥയെ രാജീവ് ഗാന്ധി കുടുംബത്തിനുള്ളില്‍ എതിര്‍ത്തിരുന്നു എന്ന് സോണിയ പുസ്തകത്തില്‍ പറയുന്നുണ്ട്. പക്ഷെ അത് എത്രത്തോളം ശരിയായിരുന്നു? സജ്ഞയ് ഗാന്ധിയാണ് അടിയന്തിരാവസ്ഥയുടെ വാഹകന്‍ എന്ന് പറഞ്ഞ് ഭരണകൂട ഭീകരതയെ ലഘൂകരിക്കാനുള്ള ശ്രമം തീര്‍ച്ചയായും ചരിത്രം അറിയുന്ന ഒരു വായനക്കാരന് തള്ളിക്കളയാനേ പറ്റൂ.

ഇന്ത്യയുടെ ശ്രീലങ്കന്‍ നയമാണ് രാജീവ് ഗാന്ധിയുടെ ഉന്‍മൂലനത്തിന് കാരണമായത് എന്ന യാഥാര്‍ഥ്യവും നമ്മുടെ ചരിത്രത്തില്‍ അവശേഷിക്കുന്നു. ഇത് ചരിത്ര യാഥാര്‍ഥ്യം. എന്നാല്‍ രാജീവ് ഗാന്ധി മരണ ശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു എന്ന് പറയുമ്പോള്‍ ഡോക്ടര്‍ പറയുന്നത് ചിന്നിച്ചിതറിയ ശരീരമാണെന്ന കാര്യം മറക്കരുത് എന്നാണ്. അത്തരത്തിലുള്ള ആഘാതങ്ങള്‍ക്കിടെ തീര്‍ച്ചയായും രാഷ്ട്രീയ സത്യങ്ങളും അവശേഷിക്കുന്നു.

സത്യത്തില്‍ മരിച്ചവരുടെ ഓര്‍മ്മകള്‍ നിറയുന്ന ഈ പുസ്തകത്തിലെ രാഷ്ട്രീയ മൗനങ്ങളും ചര്‍ച്ചകളിലേക്ക് വരും. അത് സ്വാഭാവികമാണ്. പുസ്തകത്തില്‍ വസ്തുതാപരമായ കുറച്ച് തെറ്റുകള്‍ വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗ്രന്ഥകാരിയും അവരുടെ എഡിറ്ററും അതീവ ജാഗ്രത പുലര്‍ത്തണമായിരുന്നു. അതുണ്ടായില്ല എന്നത് സംഘിന് കൂടുതല്‍ ഹിംസ പ്രയോഗിക്കാനുള്ള അവസരമായി മാറി. പുതിയ പതിപ്പുകളിലെ തിരുത്തല്‍ കൊണ്ട് ആ പരിക്ക് മാറണമെന്നില്ല.

മറ്റൊരു രാഷ്ട്രീയ മൗനം ബാബരിയുമായി ബന്ധപ്പെട്ടാണ്. ഇത് സംബന്ധിച്ച വാര്‍ത്ത ടിവിയില്‍ കണ്ട് താന്‍ പൊട്ടിക്കരഞ്ഞു എന്നവര്‍ പറയുന്നു. പക്ഷെ അത്തരമൊരന്തരീക്ഷ സൃഷ്ടിയില്‍ കോണ്‍ഗ്രസിന് കൂടിയുണ്ടായിരുന്ന പങ്കിനെക്കുറിച്ചുള്ള മൗനം പുസതകത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ വന്നു പോകും എന്നത് സ്വാഭാവികമാണ്. ഇങ്ങനെയുള്ള വിയോജിപ്പുകള്‍ തീര്‍ച്ചയായും ഉണ്ടാകും. അതുണ്ടാകുന്നുമുണ്ട്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവര്‍ സംഘിനാല്‍ വിമര്‍ശിക്കപ്പെടുന്നത് വിദേശി എന്ന് പറഞ്ഞാണ്. എന്നാല്‍ താന്‍ സമ്പൂര്‍ണ ഇന്ത്യക്കാരി എന്ന് പുസ്തകം പ്രഖ്യാപിക്കുന്നു എന്നിടത്താണ് അവര്‍ നേടുന്ന രാഷ്ട്രീയ/ വ്യക്തി ജീവിതത്തിന്റെ വിജയം. അത് കാണാതിരിക്കാന്‍ കഴിയില്ല.

അതോടൊപ്പം സാംസ്‌ക്കാരികമായി മറ്റൊരു കാര്യം കൂടി ഈ പുസ്തകത്തില്‍ സംഭവിക്കുന്നുണ്ട്. എതിരാളികള്‍ വിദേശി എന്നു വിളിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ പൊതു സമൂഹം ഇനി പരിഗണിക്കാന്‍ ഇടയില്ലാത്ത ഇറ്റാലിയന്‍ സ്വത്വം എന്ന പ്രശ്നത്തെ സോണിയ പുസ്തകത്തില്‍ പുന:പരിശോധിക്കുകയും തന്റെ വേരുകളെ വീണ്ടും അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു പക്ഷെ സംഘ് ഈ പുസ്തകത്തില്‍ നിന്നും എടുക്കാനിടയുള്ള പ്രചരണ ഹിംസ തന്റെ വേരുകള്‍ പുന:സന്ദര്‍ശിക്കുന്ന സോണിയ എന്ന ബിംബത്തെയാകാന്‍ വളരെക്കൂടുതല്‍ സാധ്യതയുണ്ട്. താന്‍ ഇന്ത്യക്കാരിയായി തന്നെ സ്വന്തം വേരുകളും സന്ദര്‍ശിക്കുന്നു എന്ന് പറയാനുള്ള ധൈര്യം അവര്‍ പുസ്തകത്തില്‍ കാണിക്കുന്നു. അത് തന്നെ ബാധിക്കുമെന്ന ഭയം അവര്‍ക്കില്ല. അത് എഴുത്ത് നല്‍കുന്ന വിമോചകത്വം കൂടിയാണ്.

ഈ പുസ്തകത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്നപ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ച ഫാത്തിമ ഭുട്ടോയുടെ 'സോങ്സ് ഓഫ് ബ്ലഡ് ആന്റ് സ്വോഡ്'- എ ഡോട്ടേഴ്സ് മെമ്മയര്‍' ഓര്‍മയിലേക്ക് വന്നു. ഇവ തമ്മില്‍ ചില സാമ്യങ്ങളുണ്ട്. ഇന്ത്യയില്‍ നെഹുറു കുടുംബം, പാകിസ്ഥാനില്‍ ഭുട്ടോ കുടുംബം. (മുര്‍ത്തസ സുല്‍ഫിക്കര്‍ അലി ഭുട്ടോയുടെ മകനും ബേനസീര്‍ ഭുട്ടോയുടെ സഹോദരനുമാണ്. വെടിവെപ്പിലാണ് കൊല്ലപ്പെടുന്നത്. ബേനസീര്‍ ഭുട്ടോയായിരുന്നു സംഭവം നടക്കുമ്പോള്‍ പാക് പ്രധാനമന്ത്രി. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ബേനസീര്‍ ഭുട്ടോയും കൊല്ലപ്പെട്ടു. സുൽഫിക്കർ അലി ഭുട്ടോയെ ഗൂഢാലോചനക്കുറ്റം ചുമത്തി തൂക്കിക്കൊല്ലുകയും ചെയ്തു). വിഭജനാനന്തരം രണ്ട് രാജ്യങ്ങളും ഭരിച്ച കുടുംബങ്ങളുടെ കഥകള്‍ക്കും പല സാമ്യങ്ങളും കണ്ടെത്താനാകും.

ഫാത്തിമ ഭുട്ടോയുടെ ജീവിതം ഭുട്ടോ കുടുംബത്തിന്റെ രാഷ്ട്രീയചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സോണിയ ഗാന്ധിയുടെ ജീവിതം നെഹ്റു-ഗാന്ധി കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ അധികാരത്തിന്റെ കേന്ദ്രത്തില്‍ ജീവിക്കുന്ന സ്ത്രീയും രാഷ്ട്രീയ അധികാരത്തിന്റെ സംഘര്‍ഷങ്ങളില്‍ ഇരയാകുന്ന സ്ത്രീയും സ്വന്തം ജീവിതത്തെ എങ്ങനെയാണ് ആഖ്യാനം ചെയ്യുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് രണ്ടു പുസ്തകങ്ങളും. ഇന്ത്യ-പാകിസ്ഥാന്‍ രാഷ്ട്രീയം പഠിക്കുന്നവരെ സംബന്ധിച്ച് അതിനാല്‍ തന്നെ ഈ രണ്ട് ആത്മകഥകളും പ്രധാനപ്പെട്ടതുമാണ്.

ഫാത്തിമ ഭുട്ടോ പിതാവ് മുര്‍ത്തസ ഭുട്ടോയുടെ കൊലപാതകത്തിന്റെ രക്തച്ചാലുകള്‍ നീന്തിയാണ് അതിജീവിക്കുന്നത്. ഭുട്ടോ കുടുംബത്തിലെ തുടര്‍ച്ചയായ രാഷ്ട്രീയ ദുരന്തങ്ങള്‍, ഓര്‍മയിലൂടെ കുടുംബചരിത്രത്തെ പുനര്‍നിര്‍മിക്കല്‍- ഈ രീതിയിലാണ് ഫാത്തിമയുടെ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. ഇവിടെ ഓര്‍മ വെറുമൊരു ഭൂതകാലസ്മരണമല്ല. അത് ചരിത്രത്തെ ചോദ്യം ചെയ്യാനുള്ള ഉപാധിയാണ്. സോണിയയുടെ പുസ്തകവും ഓര്‍മകളിലൂടെ സഞ്ചരിക്കുന്നു. പല സമാനതകളുമുണ്ടെങ്കിലും പ്രകടമായ ചില വ്യത്യാസങ്ങളും ഈ പുസ്തകങ്ങളില്‍ കാണാം. രണ്ടിലും ഓര്‍മകള്‍ പ്രവര്‍ത്തിക്കുന്നത് രണ്ടു വിധത്തിലാണ്. കുടുംബരേഖകള്‍, കത്തുകള്‍, ഡയറികള്‍, ഫോട്ടോകള്‍, മറ്റു രേഖകള്‍ എന്നിവ ഉപയോഗിച്ച് പിതാവിന്റെ ജീവിതവും കുടുംബത്തിന്റെ രാഷ്ട്രീയചരിത്രവും പുനര്‍നിര്‍മിക്കുകയാണ് ഫാത്തിമ ചെയ്യുന്നത്. അതിനാല്‍ ഈ കൃതിയെ ഓര്‍മാഖ്യാനം, സാക്ഷ്യസാഹിത്യം, കുടുംബചരിത്രം, രാഷ്ട്രീയാന്വേഷണം എന്നീ നിലകളില്‍ വായിക്കാം.

സോണിയ ഗാന്ധിയുടെ പുസ്തകം ആകട്ടെ സ്വന്തം ജീവിതയാത്രയെ മുന്‍നിര്‍ത്തിയുള്ള ഓര്‍മപ്പുസ്തകമാണ്. പ്രണയം, വിവാഹം, കുടുംബം, ഇന്ത്യയിലേക്കുള്ള കുടിയേറ്റം, വ്യക്തി നഷ്ടം, പൊതുജീവിതത്തിലേക്കുള്ള പ്രവേശനം തുടങ്ങിയ അനുഭവങ്ങളാണ് അതിന്റെ പ്രധാന പ്രമേയങ്ങള്‍. ഫാത്തിമയില്‍ മറ്റുള്ളവരുടെ രേഖകളും ഓര്‍മകളും ചേര്‍ത്താണ് ചരിത്രത്തിന്റെ പുനര്‍നിര്‍മാണം. സോണിയയില്‍ സ്വന്തം ജീവിതാനുഭവങ്ങളുടെ പുനരാഖ്യാനത്തിനാണ് പ്രാധാന്യം. ഇവ രണ്ടും ആത്മകഥാരചനയിലെ വ്യത്യസ്തമായ ആഖ്യാനതന്ത്രങ്ങളാണ്. ഇന്ത്യയിലും പാകിസ്ഥാനിലും ഭരണം നടത്തിയ രണ്ട് കുടുംബങ്ങള്‍ തമ്മില്‍, പ്രത്യേകിച്ചും അവയിലെ സ്ത്രീകള്‍ അനുഭവിച്ച ദു:ഖത്തിന്റെ, ചോരയുടെ കഥകള്‍ക്ക് നിരവധി സമാനതകളുണ്ട്. അത് മനസ്സിലാക്കാന്‍ ഇത്തരമൊരു താരതമ്യ പഠനം വായനക്കാരെ തീര്‍ച്ചയായും സഹായിക്കും.

ഇരുവരും സ്വന്തം ജീവിതത്തിന്റെ കഥ പറയുമ്പോള്‍ തങ്ങളുടെ കുടുംബത്തിന്റെ ചരിത്രവും അതിലൂടെ സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയചരിത്രവും പറയുകയാണ്. അധികാരം കയ്യാളുന്ന കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിതകഥ പലയിടത്തും സമാനമാണെന്നും ഈ രണ്ട് പുസ്തകങ്ങളും വായിക്കുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും തോന്നും. സോണിയ ഗാന്ധി തന്റെ വ്യക്തിജീവിതത്തിലെ, ഒരു പക്ഷെ പൊതു സമൂഹത്തിന് അറിഞ്ഞു കൂടാത്ത നിരവധി സന്ദര്‍ഭങ്ങള്‍ പുസ്തകത്തിൽ പങ്കുവെക്കുന്നു. അതിലൊന്നാണ് സോണിയയുടെയും രാജീവിന്റെയും ആദ്യത്തെ കുഞ്ഞിന്റെ മരണത്തെക്കുറിച്ചുള്ള വിവരണം. മാസം തികയാതെ ജനിച്ച കുഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചതിനെക്കുറിച്ച് സോണിയ വിവരിക്കുന്നുണ്ട്. കുഞ്ഞിന്റെ മൃതദേഹം എന്തുചെയ്യണമെന്നതുപോലും കുടുംബത്തിന് വലിയ പ്രതിസന്ധിയായി മാറി. ഇത് ആത്മകഥയിലെ പ്രധാനപ്പെട്ട ഒരു നിമിഷമാണ്. കാരണം, പൊതുജനങ്ങള്‍ക്കു മുന്നില്‍ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ കുടുംബത്തിന്റെ ചരിത്രത്തിനകത്ത് ഇതുവരെ അധികം ദൃശ്യമാകാത്ത ഒരു സ്വകാര്യദുഃഖം ഇവിടെ കടന്നുവരുന്നു.

Belonging എന്ന കൃതിയുടെ അടിസ്ഥാനപരമായ പ്രാധാന്യം സോണിയ ഗാന്ധിയുടെ രാഷ്ട്രീയജീവിതത്തിലെ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ മാത്രമല്ല. മറിച്ച്, രാഷ്ട്രീയചരിത്രത്തിന്റെ വലിയ സംഭവങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടിവന്ന ഒരു സ്ത്രീയുടെ സ്വകാര്യാനുഭവങ്ങളെ ദൃശ്യമാക്കുന്നതിലാണ്. ഇത് ഒരേസമയം പ്രണയത്തിന്റെ ഓര്‍മയും നഷ്ടത്തിന്റെ സാക്ഷ്യവും സ്വത്വാന്വേഷണവും കുടുംബചരിത്രവും രാഷ്ട്രീയജീവിതത്തിന്റെ ആത്മപരിശോധനയുമാണ്. എന്നാല്‍ ഈ ആത്മകഥയെ വിമര്‍ശനാത്മകമായി വായിക്കുമ്പോള്‍ അതിലെ മൗനങ്ങളും ചരിത്രപരമായ ഒഴിവാക്കലുകളും രാഷ്ട്രീയമായ സ്വയംപ്രതിനിധാനവും പരിശോധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോഴാണ് സോണിയ പറയുന്ന കഥയ്ക്കപ്പുറം, അവര്‍ പറയാതെ വിടുന്ന ചരിത്രത്തെയും നമുക്ക് തിരിച്ചറിയാനാവുക.

ഒരു രാജ്യത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഇടംനേടിയ ഒരു സ്ത്രീയുടെ ആത്മകഥ എന്നതിലുപരി, ആ ചരിത്രത്തിനകത്ത് സ്വന്തം ഇടം കണ്ടെത്താന്‍ ഒരു സ്ത്രീ നടത്തിയ ദീര്‍ഘമായ വൈകാരികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ യാത്രയുടെ രേഖയാണ് സോണിയ ഗാന്ധിയുടെ പുസ്തകം. എന്നാല്‍ ആ യാത്രയുടെ പൂര്‍ണത തിരിച്ചറിയണമെങ്കില്‍ അതിലെ ഓര്‍മകളോടൊപ്പം മൗനങ്ങളെയും വായിക്കേണ്ടതുണ്ട്.

This article by V. Muzaffar Ahmed explores Sonia Gandhi’s memoir Belonging, examining the personal memories, emotional losses and political experiences that shaped her life in India. From her love story with Rajiv Gandhi and the tragedies of losing Indira and Rajiv Gandhi to her growing involvement in Indian politics, the book reveals her journey of love, grief, identity and resilience. The article also critically examines the political silences and historical omissions in the memoir, particularly regarding the Emergency, the Babri Masjid demolition and the Sri Lankan policy. Drawing comparisons with Fatima Bhutto’s Songs of Blood and Sword, it highlights how women from powerful political families narrate personal suffering alongside their families’ political histories.