മുഴുവനും
പറഞ്ഞു തീർക്കാതെ
നീ നടന്നകന്നപ്പോൾ
ഒരു പുഴ
ദാഹത്താൽ വരണ്ട്
മരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കടൽ വിളിക്കുന്നുണ്ടെങ്കിലും
കരയെ
പൂർണ്ണമായും മുറിച്ചു മാറ്റാൻ
പുഴയ്ക്കാവുമോ.
അപൂർണ്ണതയുടെ ഹൃത്തടങ്ങളിൽ
പിടയ്ക്കുകയാണ് വാക്കുകൾ.
യുദ്ധം തുടർന്നു കൊണ്ടേയിരിക്കും.
കുഞ്ഞുങ്ങൾ മരിച്ചു കൊണ്ടേയിരിക്കും.
ഒരീണവും താങ്ങാനാവാതെ
പക്ഷികൾ
പിന്നേയും പറന്നു നോക്കും.
ആവുന്നത്ര ആശകളും വഹിച്ച്
അപ്പൂപ്പൻ താടികളും
ആകാശം താണ്ടും.
പാതിരാവിൽ
നിരാഗന്ധിപ്പൂവിനോട്
നിലാവലകൾ
ഗസലുകൾ പാടുന്ന നേരമുണ്ട്.
മുഴുവനും പറയാനായ്
നീയപ്പോൾ ഉണരുമോ..