Art and Literature

ഏകാന്തതയുടെ വാസം

കെ വി സക്കീർ ഹുസൈൻ

ചാരിയ വാതിലിന്റെ

വിടവിലൂടെ

ഏകാന്തത

വാതിലിൽ മുട്ടുന്നു.

ഇരിക്കപ്പൊറുതി കിട്ടില്ല.

വന്നപാടേ ചന്തിയിൽ

മുള്ളുതറച്ച പോലെ

മാന്തിപ്പൊളി

തുടങ്ങുന്നു.

കസേരയോ മേശയോ

ശീതളപാനീയമോ

ഒരുക്കാത്ത,

ആതിഥ്യമരുളാൻ ആളില്ലാത്ത

അകത്തളങ്ങളിലെ

കസേരയിൽ

ഒരവകാശക്കാരനെപ്പോല

കയറിയിരിക്കും.

ഇടയ്ക്കിടെ പുറത്തേക്ക്

കേൾക്കാനാവാത്ത

മുരൾച്ചയോടെ

കൂട്ടിലടച്ച ഒരു മൃഗം

അകത്തളങ്ങളിൽ വിഭ്രാന്തിയാൽ

അങ്ങോട്ടുമിങ്ങോട്ടും

ഉലാത്തും.

വിശന്നാൽ

പച്ചപ്പുല്ലെന്നോണം

കടിച്ചുപറിക്കുന്നു.

വേരോടെ

ആത്മാവിൽനിന്നൊരു

നഗ്നമായ

പുതുവാക്കിനെ.

അപരിചിതദേശത്തെത്തിയ

ദേശാടകനെപ്പോലെ

മറ്റൊരു കണ്ണുമായി അത്

ചുറ്റുപാടുകളെ

ഇല്ലാത്തൊരു

കൊക്കിനാൽ

കൊത്തിപ്പെറുക്കും.

കൂടൊരുക്കാൻ

ചുള്ളികളും കമ്പുകളും

തിരഞ്ഞുമതിയാവും.

അടയിരിക്കാനുള്ള

ഉള്ളിലെ ചൂട്

തിളച്ചു പാകമായി

കാത്തിരിക്കും.

കയറുപൊട്ടാത്ത

ഒരു കരുത്തായി

ജീവിതം

ഉണങ്ങിയ തണ്ടിലേലും

പച്ച മുളപ്പിച്ച്

നിൽക്കുന്നു.