Art and Literature

കൂട്ടിയൊട്ടിപ്പ്

ശ്രീജിത്ത് അരിയല്ലൂർ

എ.ഐയിൽ കൊടുത്ത്

കുറച്ചു ഫോട്ടോ കൂട്ടിയൊട്ടിച്ചു...!

അമ്മ പ്രസവത്തിൽ പോയതായിരുന്നു...

ഒട്ടിച്ച ഫോട്ടോക്കിടയിൽ

മറ്റാർക്കും കാണാനാവാത്ത

ഒരു പാൽപ്പാട

ഞങ്ങളെ

വല്ലാതെ ചേർത്തുനിർത്തി...!

അച്ഛൻ,

അമ്മ വീണപ്പോൾ

കയ്യൊഴിഞ്ഞതായിരുന്നു...!

എന്നാലും;

കൊമ്പൻ മീശക്കടിയിൽ

അതൊരു സ്നേഹസാമ്രാജ്യം തീർത്തു...

ഒന്നൂടെ അത് രണ്ടുവശത്തു നിന്നും

ചേർന്നു യോജിച്ചിരുന്നെങ്കിൽ

ഒരു ലൗചിഹ്നം ആയേനെ...!

ദത്തെടുത്തുപോയ,

ഏട്ടൻ

കോട്ടും ടൈയും

കെട്ടിയതിനാലാവും

വേണ്ടത്ര അടുത്തില്ല...!

ചേച്ചി

നന്നായി

ചേർന്നുനിന്നിരുന്നു;

അമ്മയുടെ മണം

എപ്പോഴും അവളിലുണ്ടായിരുന്നു...

അതെന്റെ

മൂക്കിൽ നിന്നും

ഒരിക്കലും പോവില്ല...!

അനിയൻ

കുറച്ച്

അകന്നു നിന്നു...

ഏതോ കളിപ്പാട്ടം

കൊടുക്കാത്തതിന്റെ പരിഭവം

ഇപ്പോഴും

അവന്റെ മുഖത്തുണ്ട്...!

അനിയത്തി

കുറച്ചു വിട്ടുനിൽക്കുകയാണ്...

ചേർത്തുപിടിച്ചപ്പോളുള്ള അപരിചിതത്വം

ഭീതിയൊടുങ്ങാതെ

അവളുടെ

മുഖത്തിലുണ്ട്...!

പഴയ വീടും തൊടിയും

അയൽവാസികളും മാത്രം

ഇപ്പോഴും

കുറേക്കൂടി

ആരെങ്കിലും ചേർത്തുനിർത്തുമെന്ന്

വെറുതേ നെടുവീർപ്പിട്ടു...!

അകലങ്ങളിൽ

ഞങ്ങൾ

അതിനെ

ശ്വാസമായെടുത്ത്

എവിടെയൊക്കെയോ

വീണ്ടും തുടർന്നു...!

കുറേക്കൂടി,

ആരെങ്കിലും ചേർത്തുനിർത്തുന്ന

ഒരു കാലം വരുമെന്ന

ഒടുങ്ങാത്ത പ്രതീക്ഷയിൽ...!!!