ഒറ്റക്കൊത്തിനു കുടുങ്ങിപ്പോയ മത്സ്യഗന്ധികൾ പാടുന്ന പാട്ടിനു
മുങ്ങിയ തോണിയുടെ മണമുണ്ട്.
അതിന്റെ വരികൾക്കിടയിൽ ഒട്ടിപ്പിടിച്ച കശാപ്പു നോട്ടങ്ങളുണ്ട്,
ചെകിളപ്പൂക്കൾക്കിടയിൽ കൊളുത്തുകൊണ്ടു മുറിഞ്ഞ കഥയൊരെണ്ണമുണ്ട്.
മുള്ളുകൊണ്ടു മുറിയാതെ തൊട്ടുംപിടിച്ചും മാറിയ തീണ്ടായ്മയുടെ ഒറ്റക്കാടുകളുണ്ട്.
കോരുവലക്കണ്ണി കൊരുത്തു കീറി,
തിരിച്ചും മറിച്ചും ഉപ്പിലിട്ടുണക്കിയ ശബ്ദങ്ങളുണ്ട്.
വേണ്ടവേണ്ടെന്നു പിടയ്ക്കുമ്പോഴും തൂക്കം നോക്കപ്പെടുന്നതിന്റെ അസാധ്യതകളുണ്ട്.
എത്ര കൊത്തിയാലും കുടുങ്ങാത്ത മനസുമാത്രം ഇരകിട്ടാതെ നീന്തി നീന്തി നടക്കുന്നുമുണ്ട്.
അവളുടെ ചെന്തൊലിച്ചെതുമ്പലിൽപ്പറ്റി വിട്ടുമാറാത്ത മീൻകൊതിയുടെ ഉപ്പുകല്ലുകളുണ്ട്.
കൊതിയുടെ
കല്ലിടുക്കിൽ കൊണ്ടുരഞ്ഞു കീറുന്ന ഇറച്ചിക്കരച്ചിലുകളുണ്ട്,
തിന്നിട്ടും തിന്നില്ലെന്നു തോന്നിക്കുന്ന അനിഷ്ടപ്പെടലുകളുണ്ട്.
വാൽവിശറി വീശിത്തണുപ്പിക്കുന്ന ഒറ്റവേവുകളുണ്ട്.
മാംസത്തിനും മുള്ളിനുമിടയിൽ തൊട്ടു തൊട്ടു നിൽക്കുന്ന നിഷേധങ്ങളുടെ പൊരുത്തമില്ലായ്മകളുണ്ട്.
എങ്കിലും ഇപ്പോഴും ചൂണ്ടകളുണ്ട്, ചാട്ടുളികളും, കോരുവലയും ഒറ്റലും, തെറ്റിയുമുണ്ട്..
മത്സ്യാവതാരങ്ങൾക്ക് വേണ്ടി മാത്രം!