Art and Literature

താൾ

വിനോദ് ശങ്കരൻ

ആരേയും കാണുന്നില്ല!

എന്തെന്നോ,യേതെന്നോ ഒരു തിരിവും പിരിവും കിട്ടുന്നില്ല

ഇടയ്ക്കിടെ പാത്രങ്ങളുടെ ഒച്ച,

ഉയർന്നും താണും കേൾക്കുന്ന ഒരടുക്കളത്താളംപോലെ

പതിഞ്ഞശബ്‌ദത്തിൽ, ഏതോ മുറിയിൽനിന്നും കളിതമാശകളും പൊട്ടിച്ചിരികളും കേൾക്കാം

അവർക്ക് അതിഥികളുടേതെന്നു തോന്നിപ്പിക്കുന്നതരം ഭാഷ

എങ്കിലും അതൊരു വീടാണെന്നതിന്

മറ്റു സൂചകങ്ങളൊന്നുംതന്നെയില്ല

ഉയരമേറിയതും, വിസ്‌താരവുമുള്ള

ഒരിടനാഴിയിലാണ് ഞാൻ നില്ക്കുന്നത്

അവിടെ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു

ജനലരികിൽ, തുണികൾ ഉണങ്ങാനിട്ടിരിക്കുന്നു!

അതിൽനിന്നൊരു ഷർട്ടെടുത്ത്

സാവധാനം നിവർത്തിനോക്കി

വെയ്‌ലിനെക്കുറിച്ചുള്ളാരു കവിതയായിരുന്നു അത്

പക്ഷേ, വേണ്ടത്ര വെളിച്ചമില്ലായിരുന്നു അവിടെ!

വായിക്കാനുള്ള എൻ്റെ ആകാംക്ഷ കൂടി വന്നപ്പോൾ

ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു:

ഇവിടെ വെളിച്ചമില്ല

ഇവിടെ വെളിച്ചമില്ല

മറുപടികളൊന്നുംതന്നെ ഉണ്ടായില്ല

ഞാൻ അടുക്കള ഭാഗത്തേക്ക് നോക്കിക്കൊണ്ട് കുറേക്കൂടി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:

നോക്കൂ, ഇവിടെ ഒട്ടുംതന്നെ വെളിച്ചമില്ല

ദയവായ് എന്നെയൊന്നു സഹായിക്കൂ

പാത്രം വീണുടയുന്നതിൻ്റെ

ഒച്ചകേട്ട് ഞാൻ ഞെട്ടിയുണർന്നു

തൊട്ടടുത്തമുറിയിൽ കുട്ടികൾ കളിക്കുന്നു

അകത്തു കയറാൻ തിടുക്കപ്പെട്ട്

മുറിയുടെ ജനൽച്ചില്ലിൽ മുട്ടിവിളിച്ചുകൊണ്ട് കൊച്ചുസൂര്യൻ

ജനൽപ്പാളി പതിയെ തുറന്നു ഞാൻ,

താൾ മറിയുന്നപോലെ