ആധുനിക ലോകത്തും ഗോത്ര ജീവിതം നയിക്കുന്ന നിരവധി ജനസമൂഹങ്ങള്‍ ലോകത്തെമ്പാടുമുണ്ട്. അവര്‍ക്കെല്ലാം തനതായ ജീവിത രീതികളുമുണ്ട്. മനുഷ്യശരീരത്തെ തന്നെ ഒരു സംസ്‌കാരത്തിന്റെ അടയാളമാക്കി മാറ്റുന്നവരും കുറവല്ല. അത്തരത്തില്‍ ലോകമെമ്പാടുമുള്ള ആളുകളെ പതിറ്റാണ്ടുകളായി അത്ഭുതപ്പെടുത്തുന്ന ഒന്നാണ് മ്യാന്‍മറിലെയും തായ്ലന്‍ഡിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ജീവിക്കുന്ന പദൗങ് അഥവാ കയാന്‍ ഗോത്രവിഭാഗത്തിലെ സ്ത്രീകളുടെ ജീവിതം. കഴുത്തില്‍ ഒന്നിന് മീതെ ഒന്നായി വലിയ ലോഹവളകള്‍ അണിയുന്ന ''കയാന്‍ സ്ത്രീകള്‍'' ഇന്നും സാംസ്‌കാരിക ചര്‍ച്ചകളുടെയും മനുഷ്യാവകാശ വിവാദങ്ങളുടെയും കേന്ദ്രത്തിലാണ്.
പദൗങ് സമൂഹത്തിൽ സ്ത്രീയുടെ സൗന്ദര്യം വിലയിരുത്തപ്പെടുന്നത് മുഖസൗന്ദര്യത്തിലൂടെയോ വസ്ത്രധാരണത്തിലൂടെയോ അല്ല, മറിച്ച് കഴുത്തിലെ ലോഹവളയങ്ങളിലൂടെയാണ്. പെൺകുട്ടികൾക്ക് സാധാരണയായി അഞ്ചോ ആറോ വയസാകുമ്പോഴാണ് ആദ്യമായി കഴുത്തിൽ ലോഹവളയങ്ങൾ അണിയിക്കുന്നത്. ഈ ആചാരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം അത് ബാല്യത്തിൽ തന്നെ ആരംഭിക്കുന്നു എന്നതാണ്. ആദ്യ വളകൾ അണിയിച്ച ശേഷം പെൺകുട്ടികൾ അതിനോട് പതുക്കെ പൊരുത്തപ്പെടാൻ തുടങ്ങും. പിന്നീട് ഓരോ വർഷവും കൂടുതൽ വളകൾ ചേർക്കും. വളകളുടെ ഭാരം കൂടുന്തോറും കഴുത്തിനും തോളുകൾക്കും സ്ഥിരമായ സമ്മർദം അനുഭവപ്പെടും. ചില സ്ത്രീകൾക്ക് കഴുത്ത് ചലിപ്പിക്കാൻ പോലും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഉറങ്ങുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. എന്നിട്ടും ഈ വേദനയെ അവർ പാരമ്പര്യത്തിന്റെ ഭാഗമായാണ് കാണുന്നത്. ഒരു സ്ത്രീ എത്ര വളകൾ ധരിക്കുന്നു എന്നത് അവളുടെ അഭിമാനത്തെയും സാമൂഹിക സ്ഥാനത്തെയും സൂചിപ്പിക്കുന്ന ഘടകമായി ഇന്നും കണക്കാക്കപ്പെടുന്നു.
പദൗങ് സ്ത്രീകൾ കഴുത്തിൽ വളകൾ അണിയാൻ തുടങ്ങിയതിന്റെ യഥാർത്ഥ കാരണം ഇന്നും വ്യക്തമായി തെളിയിച്ചിട്ടില്ല. നിരവധി കഥകളും വിശ്വാസങ്ങളും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ചിലർ പറയുന്നത്, കടുവകളുടെ ആക്രമണത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാനായിരുന്നു ഈ വളകൾ ആദ്യം ഉപയോഗിച്ചതെന്നാണ്. കഴുത്തിൽ കടുവ കടിക്കുന്നത് തടയാനായി ലോഹവളയങ്ങൾ അണിയിച്ചുവെന്നാണ് ആ വാദം. മറ്റൊരു വിഭാഗം പറയുന്നത്, ശത്രുസമൂഹങ്ങളിൽ നിന്ന് സ്ത്രീകളെ വ്യത്യസ്തരാക്കാനും ഗോത്രത്തിന്റെ പ്രത്യേകത നിലനിർത്താനുമായിരുന്നു ഈ രീതി ആരംഭിച്ചതെന്നാണ്. ചില ആന്ത്രോപോളജി ഗവേഷകർ ഇതിനെ സൗന്ദര്യത്തിന്റെയും സ്ത്രീത്വത്തിന്റെയും പ്രതീകമായി രൂപപ്പെട്ട സാംസ്കാരിക ആചാരമെന്ന നിലയിലാണ് വിലയിരുത്തുന്നത്. എന്നാൽ ഈ വിശ്വാസങ്ങളിൽ ഏതാണ് യാഥാർത്ഥ്യമെന്ന കാര്യത്തിൽ ഇന്നും വ്യക്തമായ ചരിത്ര രേഖകൾ ലഭ്യമല്ല.
കയാൻ ഗോത്രവിഭാഗത്തിന്റെ ചരിത്രം രാഷ്ട്രീയ സംഘർഷങ്ങളുമായി ചേർന്നതാണ്. മ്യാൻമറിലെ ആഭ്യന്തര സംഘർഷങ്ങളും സൈനിക ഭരണകൂടത്തിന്റെ സമ്മർദങ്ങളും കാരണം നിരവധി കുടുംബങ്ങൾ തായ്‌ലൻഡിലേക്ക് കുടിയേറേണ്ടി വന്നു. അതിർത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളിലാണ് ഇവർ പിന്നീട് താമസം ആരംഭിച്ചത്. അവിടെയാണ് “ലോംഗ് നെക്ക് വില്ലേജുകൾ” എന്നറിയപ്പെടുന്ന ഗ്രാമങ്ങൾ രൂപപ്പെട്ടത്. പിന്നീട് ഈ ഗ്രാമങ്ങൾ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായി മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഈ സ്ത്രീകളെ നേരിൽ കാണാനായി എത്തിത്തുടങ്ങി. ഇതോടെ പദൗങ് സ്ത്രീകളുടെ ജീവിതം ടൂറിസം വ്യവസായത്തിന്റെ മറ്റൊരു ഭാഗവുമാകുകയായിരുന്നു.
ഇന്ന് പദൗങ് ഗ്രാമങ്ങൾ തായ്‌ലൻഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. വിദേശ സഞ്ചാരികൾ ഗ്രാമങ്ങളിലെത്തി സ്ത്രീകളുടെ ചിത്രങ്ങൾ എടുക്കുകയും അവരുടെ ജീവിതരീതിയെക്കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഗോത്രവിഭാഗത്തിന് സാമ്പത്തിക വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അതിനൊപ്പം വലിയ വിവാദങ്ങളും ഉയർന്നിട്ടുണ്ട്. ചില മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്, ഈ സ്ത്രീകളെ വിനോദസഞ്ചാരികൾക്കായി “പ്രദർശിപ്പിക്കുകയാണ്” എന്നതാണ്. “മനുഷ്യ മൃഗശാല” എന്ന പരാമർശം വരെ ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് സ്വതന്ത്രമായി ജീവിതം തിരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നുവെന്നും സാമ്പത്തിക ആവശ്യങ്ങൾ കാരണം ഈ ആചാരം തുടരേണ്ടിവരുന്നുവെന്നുമാണ് വിമർശനം.
പുറത്തുള്ള ലോകവുമായി കൂടുതൽ ബന്ധം സ്ഥാപിച്ചതോടെ പുതിയ തലമുറയിലെ പെൺകുട്ടികളിൽ വലിയ മാറ്റങ്ങൾ കാണപ്പെടുന്നുണ്ട്. മുമ്പത്തെ തലമുറയെ പോലെ എല്ലാവരും വളയകൾ അണിയാൻ താൽപര്യം കാണിക്കുന്നില്ല. വിദ്യാഭ്യാസവും തൊഴിലും വ്യക്തിസ്വാതന്ത്ര്യവും പ്രാധാന്യമാക്കുന്ന യുവതികൾ ഈ പാരമ്പര്യത്തിൽ നിന്ന് അകന്നുപോകുന്നുണ്ട്. ചിലർ വളയങ്ങളുടെ എണ്ണം കുറയ്ക്കുകയും, മറ്റുചിലർ പൂർണമായും ഈ ആചാരത്തിൽ മാറി നിക്കുകയുമാണ് ചെയുന്നത്. അതേസമയം, ഗോത്രത്തിലെ ചിലർ ഈ ആചാരത്തെ തങ്ങളുടെ സംസ്കാരത്തിന്റെ ആത്മാവായി കാണുകയും അത് തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
English Summary: The article explores the Padaung (Kayan) long neck culture in Myanmar-Thai border villages, highlighting its traditions, tourism impact, and human rights debates, along with changing attitudes among younger generations.