Feature

പാമ്പുകളെ പട്ടിണിക്കിടും, വിഷപ്പല്ലുകൾ പിഴുതെടുത്ത് ശരീരത്തിൽ ചുറ്റും; ബിഹാറിലെ വിചിത്ര നാ​ഗപ‍ഞ്ചമി

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും നാ​ഗ പഞ്ചമി ആചരിക്കാറുണ്ടെങ്കിലും വിഷ പാമ്പുകളെ ശരീരത്തിൽ ചുറ്റി ഘോഷയാത്ര നടത്തുന്നത് ബിഹാറിലെ സമസ്തിപൂരിലാണ്

Madism Desk

ആചാരങ്ങൾക്കൊണ്ട് സമ്പുഷ്ടമാണല്ലോ ഇന്ത്യൻ സംസ്കാരം. ആയിരക്കണക്കിനു ഭാഷകളും വ്യത്യസ്ത മനുഷ്യരും പല ആചാര-ആഘോഷങ്ങളിലുമായുള്ള ഇന്ത്യൻ സംസ്കാരങ്ങൾ അന്താരാഷ്ട്ര തലത്തിൽതന്നെ പലപ്പോഴായി വാർത്തകളാകാറുണ്ട്. അത്തരമൊരു വിചിത്ര ആചാരമാണ് ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ സിം​ഗിയഘട്ട് എന്ന സ്ഥലത്തെ, കൊടുംവിഷമുള്ള പാമ്പുകളെ ശരീരത്തിൽ ചുറ്റിയുള്ള ഘോഷയാത്ര ഉൾപ്പെടുന്ന നാ​ഗപഞ്ചമി.

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും നാ​ഗപഞ്ചമി ആചരിക്കാറുണ്ടെങ്കിലും വിഷപ്പാമ്പുകളെ ശരീരത്തിൽ ചുറ്റി ഘോഷയാത്ര നടത്തുന്നത് ബിഹാറിലെ സമസ്തിപൂരിൽ മാത്രമാണ്. എല്ലാ വർഷവും നാഗപഞ്ചമി ദിനത്തിൽ നടത്തുന്ന ഈ ആഘോഷത്തിന് 300 വർഷത്തിലധികം പഴക്കമുണ്ടെന്ന് ജനങ്ങൾ അവകാശപ്പെടുന്നത്.

ബിഹാറിലെ സിംഗിയ ബസാറിലെ മാ ഭഗവതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തിക്കൊണ്ടാണ് ഉത്സവത്തിന് തുടക്കമിടുന്നത്. തുടർന്ന് ഭക്തർ കൂട്ടമായി ബൂഡി ഗണ്ഡക് നദീതീരത്തേക്ക് ഘോഷയാത്രയായി നീങ്ങുന്നു. ഈ ​ഘോഷയാത്രയിലാണ് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ വിഷപ്പാമ്പുകളെ തോളിലേറ്റിയും ശരീരത്തിൽ ചുറ്റിയും അണിനിരക്കുന്നത്. പാമ്പുകളിൽ ഉ​ഗ്ര വിഷമുള്ള മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയവയും ഉൾപ്പെടും.

ഘോഷയാത്ര അവസാനിക്കുന്ന നദിയിൽ മുങ്ങി നിവരുന്ന ആളുകൾ ഓരോ തവണയും വെള്ളത്തിനടിയിൽനിന്ന് പാമ്പുകളെയുമെടുത്താണ് പൊങ്ങിവരുന്നത്. സർപ്പങ്ങളുടെ ദേവതയായ മനസാ ദേവിയെ പ്രീതിപ്പെടുത്തുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്നാണ് പറയപ്പെടുന്നത്. ശേഷം വി​ഗ്രഹത്തിൽ സമർപ്പിക്കുന്ന പാൽ പാമ്പുകളെ കുടിപ്പിക്കുകയും ചെയ്യുന്നതാണ് ആചാരം. ഈ വരുന്ന ഓ​ഗസ്റ്റ് 17 നാണ് അടുത്ത നാ​ഗപഞ്ചമി ആഘോഷം നടക്കുന്നത്.

എന്നാൽ വിചിത്ര ആചാരത്തിന്റെ മറവിൽ പാമ്പുകൾക്കു കൊടിയ ഉപദ്രവമാണ് ഏൽക്കുന്നത്. ആഘോഷത്തിനായി മാസങ്ങൾക്കുമുൻപേ കാടുകളിൽനിന്നും മറ്റും പാമ്പുകളെ പിടികൂടി മൺപാത്രങ്ങളിലോ ചാക്കുകളിലോ അടച്ചുവെക്കും. ശരീരത്തിൽ ചുറ്റുമ്പോൾ കടിക്കാതിരിക്കാനായി ഈ വിഷപ്പാമ്പുകളുടെ വിഷപ്പല്ലുകൾ പിഴുതെടുക്കുന്നു. ചില പാമ്പുകളുടെ വായ തുന്നിക്കെട്ടാറുമുണ്ട്.

ദിവസങ്ങളോളം വെള്ളം നൽകാതെ പട്ടിണിക്കിടുന്ന പാമ്പുകൾ കടുത്ത ദാഹം കാരണം മുന്നിൽ നീട്ടുന്ന പാൽ കുടിക്കാൻ നിർബന്ധിതരാകുന്നു. പാമ്പുകളുടെ ശരീരം പാൽ ദഹിപ്പിക്കാൻ പാകത്തിലുള്ളതല്ല. ഇത് അവയുടെ ശ്വാസകോശത്തെയും ദഹനവ്യവസ്ഥയെയും ബാധിച്ച് ദിവസങ്ങൾക്കുള്ളിൽ അവ ചത്തുപോകുകയും ചെയ്യും. നാ​ഗപഞ്ചമി ആഘോഷത്തിനുശേഷം സമസ്തിപൂർ ജില്ലയിലുടനീളം ചത്ത പാമ്പുകളും മൃതപ്രായമായവയും പതിവു കാഴ്ചയാണ്.

Nag Panchami celebrations in Singhia Ghat, Samastipur district of Bihar, feature a unique but controversial procession in which thousands of devotees, including women and children, carry venomous snakes such as cobras around their bodies. The tradition is believed to be over 300 years old and is dedicated to the serpent goddess Manasa Devi. However, animal welfare concerns surround the event. Snakes are reportedly captured weeks in advance, confined in sacks or pots, deprived of food and water, and sometimes have their fangs removed or mouths stitched shut. Forced milk-feeding and mistreatment often leave many snakes injured, dying, or dead after the festival.