Inside Focus

മരുന്നുകുപ്പിയില്‍ ലഹരിയോ? ഡ്രഗ്‌സ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത് എന്തുകൊണ്ട്?

വെറുമൊരു മരുന്ന് കച്ചവടമല്ല, മറിച്ച് ഔഷധങ്ങളുടെ മറവില്‍ നടക്കുന്ന ലഹരി വില്‍പ്പനയാണെന്ന തിരിച്ചറിവാണു പുതിയ ഭേദഗതിക്കു പിന്നില്‍.

Mathu Sajeevan

ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നുകളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും സസ്യജന്യ ഔഷധക്കൂട്ടുകളില്‍നിന്ന് ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കാനും എഥൈല്‍ ആല്‍ക്കഹോള്‍ ഒരു ലായകമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഈ സാങ്കേതിക പ്രയോജനം മറയാക്കി, മരുന്ന് എന്ന പേരില്‍ വന്‍തോതില്‍ മദ്യം കലര്‍ത്തിയ മിശ്രിതങ്ങള്‍ ലഹരി ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്. ചില മരുന്നുകളില്‍ 80 മുതല്‍ 90 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഞെട്ടിക്കുന്ന വിവരം.

ഈ സാഹചര്യത്തിൽ ചില കർശന നടപടിയിലേക്കു കടന്നിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വെറുമൊരു മരുന്ന് കച്ചവടമല്ല, മറിച്ച് ഔഷധങ്ങളുടെ മറവില്‍ നടക്കുന്ന ലഹരി വില്‍പ്പനയാണെന്ന തിരിച്ചറിവാണു പുതിയ ഭേദഗതിക്കു പിന്നില്‍.

ഷെഡ്യൂള്‍ കെ ഇളവുകളുടെ ദുരുപയോഗം: പഴുതുകളടയ്ക്കുന്നു

നേരത്തെ, ഡ്രഗ്‌സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ പ്രകാരം രോഗികള്‍ക്കു പെട്ടെന്നു ലഭ്യമാകേണ്ട മരുന്നുകള്‍ക്ക് (ഉദാഹരണത്തിന് വേദനസംഹാരികള്‍) ലൈസന്‍സിങ്ങില്‍ ചില ഇളവുകള്‍ അനുവദിച്ചിരുന്നു. ഈ ഇളവ് ലഭിച്ചിരുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ടിങ്ചറുകള്‍, ഇഞ്ചി-ഏലക്ക തുടങ്ങിയവയുടെ സത്തില്‍ തയ്യാറാക്കിയ ആരോമാറ്റിക് മരുന്നുകള്‍ എന്നിവയാണ് ലഹരിക്കായി വ്യാപകമായി വഴിതിരിച്ചുവിട്ടത്. 12 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോളുള്ള ഈ മരുന്നുകള്‍ക്കു ലഭിച്ചിരുന്ന പ്രത്യേക ഇളവുകള്‍ റദ്ദാക്കുന്നതോടെ, ഇത്തരം മരുന്നുകള്‍ വിപണിയില്‍ എത്തുന്നതിനു മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം പൂര്‍ണമാവുകയാണ്.

ഷെഡ്യൂള്‍ എച്ച്-1 (Schedule H1): വിപണിയിലെ കര്‍ശന നിരീക്ഷണം

പുതിയ ഉത്തരവ് പ്രകാരം, 12 ശതമാനത്തിലധികം ആല്‍ക്കഹോളും 30 മില്ലി ലിറ്ററില്‍ കൂടുതല്‍ അളവുമുള്ള എല്ലാ മരുന്നുകളും 'ഷെഡ്യൂള്‍ എച്ച്-1' വിഭാഗത്തിലേക്കു മാറ്റപ്പെട്ടു. ഇത് ഔഷധ വിതരണ ശൃംഖലയില്‍ താഴെ പറയുന്ന സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരും.

ഡോക്ടറുടെ കുറിപ്പടി: ഇനി മുതല്‍ ഒരു രജിസ്റ്റേര്‍ഡ് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഇത്തരം മരുന്നുകള്‍ ഒരു ഫാര്‍മസിയും നല്‍കില്ല. ഇത് മരുന്നുകളുടെ അനിയന്ത്രിതമായ കൗണ്ടര്‍ സെയില്‍സ് പൂര്‍ണ്ണമായും അവസാനിപ്പിക്കും.

കൃത്യമായ രേഖപ്പെടുത്തല്‍: രോഗിയുടെയും മരുന്നു കുറിച്ച ഡോക്ടറുടെയും വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ ലോഗ് ബുക്ക് സൂക്ഷിക്കാന്‍ ഫാര്‍മസികള്‍ ബാധ്യസ്ഥരാണ്. ഇത് മരുന്നുകളുടെ വിതരണം സുതാര്യമാക്കുകയും ദുരുപയോഗം ചെയ്യുന്നവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും.

നിയമപരമായ ഉത്തരവാദിത്തം: ലൈസന്‍സില്ലാതെ ഇത്തരം മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എതിരെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.

പൊതുജനാരോഗ്യ നയവും ഭാവി സാധ്യതകളും

ഈ നടപടി ആയുര്‍വേദ, യുനാനി, ഹോമിയോപ്പതി മരുന്നുകള്‍ക്ക് ഇതിനകം നിലവിലുള്ള നിയന്ത്രണങ്ങള്‍ക്കു സമാനമായ ഒന്നാണ്. ഉദാഹരണത്തിന്, ഹോമിയോപ്പതി മരുന്നുകളുടെ കാര്യത്തില്‍ 1994 മുതല്‍ തന്നെ സമാനമായ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇപ്പോള്‍ ഈ മാതൃക അലോപ്പതി മരുന്നുകള്‍ക്കും മറ്റ് ഔഷധങ്ങള്‍ക്കും കൂടി വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ഭാവിയില്‍ ഇത്തരം മരുന്നുകളുടെ നിര്‍മാണത്തിലും ലേബലിങ്ങിലും കൂടുതല്‍ സുതാര്യത കൊണ്ടുവരാന്‍ ഈ ഭേദഗതി സഹായിക്കും. ലഹരിയുടെ പിടിയില്‍നിന്ന് യുവതലമുറയെയും സമൂഹത്തെയും സംരക്ഷിക്കാനും ആരോഗ്യപരിപാലന രംഗത്തെ വിശ്വാസ്യത നിലനിര്‍ത്താനും ഈ സര്‍ക്കാര്‍ തീരുമാനം വലിയൊരു കാല്‍വെപ്പായി മാറുമെന്ന് ഉറപ്പാണ്.

The Indian government has amended the Drugs Rules to curb the misuse of alcohol-based medicinal formulations as intoxicants. Ethyl alcohol is widely used as a solvent in pharmaceutical manufacturing, but certain tinctures and aromatic medicinal preparations containing up to 80–90% alcohol have reportedly been diverted for recreational use. Under the revised rules, all medicines containing more than 12% alcohol and packaged in quantities exceeding 30 ml will now fall under the Schedule H1 category. These medicines can only be sold with a valid prescription from a registered medical practitioner, and pharmacies must maintain detailed records of every sale. The amendment also strengthens legal action against unauthorized manufacturing and distribution, aiming to improve transparency, prevent substance abuse, and protect public health.