വിദ്യാര്‍ഥി മുന്നേറ്റങ്ങളുടെ കരുത്ത് എന്താണെന്ന് മനസ്സിലാക്കണമെങ്കില്‍ എഴുപതുകളുടെ തുടക്കത്തില്‍ പൊട്ടിപ്പുറപ്പെട്ട 'ജെ.പി പ്രസ്ഥാനം' രാജ്യത്തിന് നല്‍കിയ പാഠങ്ങളിലെയ്ക്ക് ഒന്നു തിരിച്ചുപോയാല്‍ മതി. രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിദ്യാര്‍ഥി മുന്നേറ്റങ്ങളിലൊന്നായ ജെ.പി പ്രസ്ഥാനം അറിയപ്പെട്ടിരുന്നത് സ്വാതന്ത്ര്യസമരപ്രവര്‍ത്തകനും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജയപ്രകാശ് നാരായണന്റെ പേരിലായിരുന്നെങ്കിലും തുടക്കമിട്ടത് ഗുജറാത്തിലെയും ബിഹാറിലെയും യുവാക്കള്‍ ആയിരുന്നു. അന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും യുവജന തൊഴില്ലായ്മയ്ക്കുമിടയില്‍ സര്‍ക്കാര്‍ നടത്തിയിരുന്ന അഴിമതിക്കെതിരെ യുവാക്കള്‍ തെരുവിലിറങ്ങി പോരാടുകയായിരുന്നു. ഇന്നും അത്തരമൊരു വിദ്യാര്‍ഥി സമരത്തിനാണ് തെരുവുകള്‍ സാക്ഷിയായിരിക്കുന്നത്.
വളരെ ജൈവികമായാണ് 1973-ല്‍ വിദ്യാര്‍ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. 'നവനിര്‍മാണ്‍ യുവക് സമിതി' യുടെ നേതൃത്വത്തില്‍ ഗുജറാത്ത് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഒഴിഞ്ഞ എണ്ണപ്പാത്രങ്ങള്‍ കയ്യിലേന്തി തെരുവ് പ്രകടനങ്ങള്‍ നടത്തി. ബിഹാര്‍ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായി മാറിയപ്പോഴും വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു മുന്‍നിരയില്‍. പിന്നീട് രാഷ്ട്രീയ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായി ഉയര്‍ന്നുവന്ന ലാലു പ്രസാദ് യാദവ് അധ്യക്ഷനായ 'ബിഹാര്‍ ഛത്ര സംഘര്‍ഷ് സമിതി'യാണ് അന്ന് ആ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് രൂപം നല്‍കിയത്.
ഇന്നത്തെപ്പോലെ അന്നും രാഷ്ട്രീയക്കാരുടെ രാജിയാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത് ഏതെങ്കിലും ഒരു കേന്ദ്രമന്ത്രിയുടെ ആയിരുന്നില്ല. മറിച്ച് രണ്ട് മുഖ്യമന്ത്രിമാരുടെത് ആയിരുന്നു. അന്നത്തെ പ്രക്ഷോഭങ്ങള്‍ പ്രാദേശിക തലത്തിലായിരുന്നതിനാല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തരും കടുത്ത അഴിമതിക്കും സാമ്പത്തിക തകര്‍ച്ചയ്ക്കും ഉത്തരവാദികളെന്ന് ആരോപിക്കപ്പെട്ടവരുമായ മുഖ്യമന്ത്രിമാരായ ചിമന്‍ഭായ് പട്ടേല്‍ (ഗുജറാത്ത്), അബ്ദുള്‍ ഗഫൂര്‍ (ബിഹാര്‍) എന്നിവരുടെ രാജിയാണ് അവര്‍ ആവശ്യപ്പെട്ടത്.
കോക്രോച്ച് ജനത പാര്‍ട്ടിക്ക് ലഭിച്ച പിന്തുണയ്ക്ക് സമാനമായി, അന്ന് സ്വയംഭൂവായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ വിദ്യാര്‍ഥി സംഘടനകളുടെ പിന്തുണ ലഭിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതനായ, ഗാന്ധിയന്‍ പാരമ്പര്യത്തിന്റെ പ്രഭാവമുള്ള 'ജെപി' എന്ന ജയപ്രകാശ് നാരായണനായിരുന്നു അന്ന് പ്രക്ഷോഭങ്ങളുടെ നേതൃത്വം ഏറ്റെടുത്തത്. ഇന്ന് വിദ്യാഭ്യാസ അവകാശപ്രവര്‍ത്തകനായ സോനം വാങ്ചുക്കാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ശബ്ദമാകുന്നത്. ഇന്നത്തെപ്പോലെ തന്നെ, അന്നത്തെ പ്രസ്ഥാനത്തിന് പിന്നിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അണിനിരന്നു. 1974 നവംബറില്‍ ഭാരതീയ ലോക് ദള്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് (ഒ), ജനസംഘ് എന്നിവര്‍ ചേര്‍ന്ന് ഒരു ദേശീയ ഏകോപന സമിതി രൂപീകരിച്ചു. ഇതാണ് പില്‍ക്കാലത്ത് 'ജനതാ പാര്‍ട്ടി'യായി മാറിയത്. നിലവില്‍, 'ഇന്ത്യ' മുന്നണിയിലെ പാര്‍ട്ടികള്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന് നല്‍കുന്ന പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സമരത്തില്‍ പങ്കാളികളാണ്.
ഇന്നത്തെപ്പോലെ, അന്നും ക്രൂരമായാണ് പ്രതിഷേധങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തിയത്. ഗുജറാത്തില്‍ 33 നഗരങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയും 42 പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. 1974 ഒക്ടോബറിലെ ബിഹാര്‍ ബന്ദില്‍ കടുത്ത പൊലീസ് അതിക്രമങ്ങളാണ് അരങ്ങേറിയത്. ജെപിയുടെ സഹായിയായിരുന്ന നാനാജി ദേശ്മുഖിന് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. ജൂലൈ 20, 21 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരിടേണ്ടി വന്നത് സമാനമായ പൊലീസ് ക്രൂരതയായിരുന്നു.
ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത്?
1977-ല്‍ ഇന്ദിരാ ഗാന്ധിയുടെ പതനത്തിലേക്കും അടിയന്തരാവസ്ഥയിലേക്കും നയിച്ച സാഹചര്യങ്ങള്‍ ഇന്ന് ആവര്‍ത്തിക്കപ്പെടുമോ?. ഇന്ദിരാ ഗാന്ധിയുടെയും നരേന്ദ്ര മോദിയുടെയും ഭരണരീതികളില്‍ സമാനതകള്‍ ഉള്ളതുകൊണ്ട് തന്നെ അന്നത്തെ സംഭവവികാസങ്ങള്‍ ഡല്‍ഹിയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പുനരവലോകനം ചെയ്യപ്പെടേണ്ടതാണ്. രണ്ടുപേരും തങ്ങളിലേക്ക് മാത്രം കേന്ദ്രീകൃതമായ 'ജനപ്രിയ' തന്ത്രങ്ങളിലൂടെയും പ്രലോഭനപരമായ വാഗ്ദാനങ്ങളിലൂടെയുമാണ് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചത്. രണ്ടുപേരും സര്‍ക്കാരിനെയും പാര്‍ലമെന്റിനെയും ഫെഡറലിസത്തെയും മറികടന്ന് അധികാരം സ്വന്തം കൈകളില്‍ കേന്ദ്രീകരിച്ചു. സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങി രാജ്യത്തെ പ്രധാന ഭരണഘടനാ സ്ഥാനങ്ങളുടെ അധികാരങ്ങളെ രണ്ടുപേരും ഒരേപോലെ ദുര്‍ബലപ്പെടുത്തി. ഒരു പതിറ്റാണ്ട് ഭരണം പൂര്‍ത്തിയാക്കിയപ്പോഴാണ് രണ്ടുപേരുടെയും സര്‍ക്കാരുകള്‍ക്ക് വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ നേരിടേണ്ടി വന്നത്.
വിദ്യാര്‍ഥി പ്രതിഷേധങ്ങളെ തുടര്‍ന്ന് 1970-കളുടെ മധ്യത്തില്‍ ഇന്ദിരാ ഗാന്ധിക്ക് രണ്ട് മുഖ്യമന്ത്രിമാരെയും സ്ഥാനത്തുനിന്നും നീക്കേണ്ടി വന്നു. എന്നാല്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ യുവാക്കളെ തണുപ്പിക്കാന്‍ ഈ നപടി മതിയായില്ല. മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന മൊറാര്‍ജി ദേശായിയുടെ പ്രധാന ലക്ഷ്യം ഇന്ദിരാഗാന്ധിയെ കൊണ്ട് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടത്തിക്കുക എന്നതായിരുന്നു. ഫലം വന്നപ്പേള്‍ കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് തെരുവ് പ്രതിഷേധങ്ങള്‍ ശക്തമാക്കി ഇന്ദിരയെ രാജിവെപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. 1975 ജൂണ്‍ 25-ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെ കോര്‍ത്തിണക്കിക്കൊണ്ട് 'ലോക് സംഘര്‍ഷ് സമിതി' എന്ന പുതിയ സംഘടന രൂപീകരിക്കപ്പെടുകയും മൊറാര്‍ജി ദേശായി അതിന്റെ അധ്യക്ഷനാവുകയും ചെയ്തു. ജൂണ്‍ 29 മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം പുനരാരംഭിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചു. എന്നാല്‍, മണിക്കൂറുകള്‍ക്കകം രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനോട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാ ഗാന്ധി ആവശ്യപ്പെട്ടു. ഈ സംഭവവികാസങ്ങള്‍ക്ക് ഇന്നത്തെ സാഹചര്യങ്ങളുമായി ചില സമാനതകളുണ്ട്.
പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് മറുപടിയായി വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത് വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ്. എന്നാല്‍ കേവലം ഒരു രാജികൊണ്ട് മാത്രം സമരം അവസാനിച്ചേക്കില്ല എന്നാണ് സൂചനകള്‍. സമരത്തെ അടിച്ചര്‍മര്‍ത്താന്‍ പൊലീസിനെവെച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നരനായാട്ട് യുവാക്കളില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്. മറുവശത്ത്, രാജ്യത്തെ സാമൂഹിക-സാമ്പത്തിക സ്ഥിതി പെട്ടെന്നൊന്നും മെച്ചപ്പെടാന്‍ സാധ്യതയില്ലാത്തതിനാല്‍ യുവാക്കളെ ബാധിക്കുന്ന തൊഴില്ലായ്മ വലിയൊരു പ്രശ്‌നമായി തുടരും. നഗരങ്ങളിലെ വലിയൊരു വിഭാഗം യുവാക്കളെ ഇത് ബാധിക്കുന്നുണ്ടെന്നും കൂടുതല്‍ വിദ്യാഭ്യാസം നേടിയവരാണ് തൊഴിലില്ലായ്മ മൂലം ഏറ്റവും കൂടുതല്‍ വലയുന്നതെന്നും ഓര്‍ക്കേണ്ടതുണ്ട്. എന്തുതന്നെയായാലും, നരേന്ദ്ര മോദി തെരുവ് പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ വഴങ്ങിയിട്ടുള്ളത് അപൂര്‍വ്വമായി മാത്രമാണ്. ഒരു വര്‍ഷത്തിലേറെ നീണ്ട കര്‍ഷക സമരത്തില്‍ മാത്രമാണ് മോദി സര്‍ക്കാര്‍ മുട്ടുമടക്കിയത്.
പ്രതിഷേധക്കാര്‍ തളര്‍ന്നുപോകുമെന്ന പ്രതീക്ഷയിലും കായികമായി നേരിട്ടും വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്തുന്നത് ബിജെപിക്ക് തന്നെ വിനയാണ്. കാരണം സമീപകാല പ്രക്ഷോഭങ്ങള്‍ യുവാക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരു സര്‍ക്കാര്‍ സ്വന്തം രാജ്യത്തെ യുവാക്കളെ ക്രൂരമായി അടിച്ചമര്‍ത്തുന്നത് രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ തകര്‍ക്കലാണ്. യുവാക്കളെ നേരിട്ടതിന്റെ പ്രത്യാഘാതം ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളെ തകര്‍ത്തത് എങ്ങനെയാണെന്ന് കേന്ദ്ര സര്‍ക്കാരും കണ്ടതാണ്. യാതൊരുവിധ സംഘാടനവും ഇല്ലാതെ രാജ്യതലസ്ഥാനത്തെയ്ക്ക് ജെന്‍ സീകള്‍ ഒഴുകിയെത്തിയതിനെ നിസ്സാരമായി കാണണ്ട. കാരണം ജനകീയ മുന്നേറ്റങ്ങളുടെ ഫലമായി സ്വേച്ഛാധിപത്യപരമോ അഴിമതി നിറഞ്ഞതോ ആയ ഭരണകൂടങ്ങള്‍ താഴെയിറക്കപ്പെട്ടിട്ടുള്ള ചരിത്രം നമ്മുക്കുണ്ട്.
Drawing parallels between the 1970s JP Movement and the current student protests over examination irregularities, the article argues that student-led movements have historically shaped India's political landscape. It compares the demands, state response, and political involvement in both movements, while questioning whether the present protests could evolve into a broader challenge to the government. The analysis also explores the role of youth, unemployment, and democratic dissent in shaping India's political future.