ഓരോ രാത്രിയും ഏകദേശം എട്ട് ലക്ഷം ആളുകള്‍ ഇന്ത്യന്‍ റെയില്‍വേയിലെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നുണ്ട്. ഇവര്‍ക്ക് രണ്ട് ബെഡ്ഷീറ്റുകള്‍, ഒരു പുതപ്പ്, ഒരു തലയിണ, തലയിണക്കവര്‍, ഒരു ഫേസ് ടവല്‍ എന്നിവയടങ്ങുന്ന ബെഡ്‌റോള്‍ ലഭിക്കാറുണ്ട്. എന്നാല്‍ യാത്ര അവസാനിച്ച് ട്രെയിന്‍ ഇറങ്ങുമ്പോള്‍, ആയിരത്തില്‍ ഒരാള്‍ വീതം ഈ ബെഡ്‌റോളിലെ ഏതെങ്കിലും ഒരു സാധനം സ്വന്തം ബാഗിലാക്കി കടന്നുകളയുന്നു എന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്.
കൊവിഡ് മഹാമാരിക്ക് ശേഷം ബെഡ്‌റോള്‍ സേവനം പൂര്‍ണ്ണമായി പുനരാരംഭിച്ച 2022 ജനുവരി മുതല്‍ 2026 മേയ് വരെയുള്ള കാലയളവില്‍ കുറഞ്ഞത് 1.27 കോടി സാധനങ്ങളാണ് കാണാതായിട്ടുള്ളത്. ഇവയൊക്കെയും യാത്രക്കാര്‍ തന്നെയാണ് മോഷ്ടിച്ചിരിക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. 2022 മുതല്‍ 2025 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത്തരം മോഷണങ്ങളില്‍ 56 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് വര്‍ഷത്തിനിടെ ഏതാണ്ട് 104.51 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി ബെഡ്‌റോള്‍ വിതരണം ചെയ്യുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് ഉണ്ടായിരിക്കുന്നത്. എന്നാല്‍ നഷ്ടം നികത്തുന്നത് റെയില്‍വേയല്ല. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന കോച്ച് അറ്റന്‍ഡര്‍മാരുടെ ശമ്പളത്തില്‍ നിന്നാണ് കോണ്‍ട്രാക്ടര്‍മാര്‍ ഈ തുക ഭൂരിഭാഗവും ഈടാക്കുന്നത്.
മോഷണം കൂടുതലായി നടക്കുന്ന ഡിവിഷനുകള്‍
ആകെ നടന്ന മോഷണങ്ങളില്‍ 67 ശതമാനവും നടന്നിരിക്കുന്നത് രാജ്യത്തെ 10 പ്രധാന ഡിവിഷനുകളിലാണ്. ബിഹാര്‍, രാജസ്ഥാന്‍, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, റാഞ്ചി, ബിലാസ്പൂര്‍ എന്നിവയാണ് ഈ പട്ടികയിലുള്ളത്. ഏറ്റവും കൂടുതല്‍ മോഷണം നടന്നിരിക്കുന്നത് രാജസ്ഥാനിലെ ബിക്കാനീര്‍ ഡിവിഷനിലാണ് (25.76 ലക്ഷം സാധനങ്ങള്‍). റാഞ്ചി (9.31 ലക്ഷം), ഡല്‍ഹി (8.21 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നില്‍. മുംബൈയില്‍ 8.17 ലക്ഷംസാധനങ്ങളും ജോധ്പൂരില്‍ 8.09 ലക്ഷവും അഹമ്മദാബാദില്‍ 6.94 ലക്ഷവും ബിഹാറിലെ ദാനാപ്പൂരില്‍ 5.72 ലക്ഷം സാധനങ്ങളുമാണ് യാത്രക്കാര്‍ കവര്‍ന്നത്. മോഷണത്തിന്റെ ആകെ അളവ് പരിശോധിക്കുമ്പോള്‍ ബിക്കാനീറും റാഞ്ചിയുമാണ് റെയില്‍വേയ്ക്ക് ഏറ്റവും വലിയ തലവേദനയുണ്ടാക്കുന്ന രണ്ട് ഡിവിഷനുകള്‍.
ഫേസ് ടവലുകളാണ് ഏറ്റവും കൂടുതല്‍ മോഷണം പോയിരിക്കുന്നത് (46.54 ലക്ഷം). ബെഡ്ഷീറ്റുകള്‍ (41.13 ലക്ഷം), തലയിണക്കവറുകള്‍ (23.59 ലക്ഷം), പുതപ്പുകള്‍ (12.95 ലക്ഷം), തലയിണകള്‍ (2.76 ലക്ഷം) എന്നിവയും മോഷണം പോയി. ഒരു ഡിവിഷനില്‍ തന്നെ വ്യത്യസ്ത തരം സാധനങ്ങളാണ് മോഷ്ടിക്കപ്പെടുന്നത്. ഉദാഹരണത്തിന്, ജോധ്പൂരില്‍ മോഷണം പോയ സാധനങ്ങളില്‍ 42 ശതമാനവും പുതപ്പുകളാണ്. അതേസമയം, സോണ്‍പൂരിലും ബിലാസ്പൂരിലും തലയിണക്കവറുകളാണ് കൂടുതല്‍ കാണാതായത്.
മുന്നില്‍ ബിക്കാനീര്‍
2022-ന് ശേഷം മോഷണങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിന്റെ കാര്യത്തിലും ബിക്കാനീര്‍ ഡിവിഷന്‍ തന്നെയാണ് മുന്നില്‍. ഇവിടെ 2.99 ലക്ഷമായിരുന്ന മോഷണക്കേസുകള്‍ നാല് വര്‍ഷത്തിനിടെ 12.34 ലക്ഷമായി കുതിച്ചുയര്‍ന്നു. തൊട്ടുപിന്നാലെയുള്ള സോണ്‍പൂരില്‍ ഇത് 36,448-ല്‍ നിന്ന് 3.01 ലക്ഷമായി വര്‍ദ്ധിച്ചു. ദാനാപ്പൂരില്‍ 2022-നെ അപേക്ഷിച്ച് 78,095 സാധനങ്ങള്‍ അധികമായി മോഷണം പോയതോടെ 91 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ധന്‍ബാദിലും 91 ശതമാനം വര്‍ദ്ധനവോടെ 55,906 സാധനങ്ങള്‍ അധികമായി നഷ്ടപ്പെട്ടു. റാഞ്ചിയില്‍ 45 ശതമാനം (77,332 സാധനങ്ങള്‍), ജോധ്പൂരില്‍ 46 ശതമാനം (94,679 സാധനങ്ങള്‍) എന്നിങ്ങനെയാണ് മോഷണ നിരക്കിലുണ്ടായ മറ്റ് ശ്രദ്ധേയമായ വര്‍ദ്ധനവുകള്‍.
അതേസമയം, ചില ഡിവിഷനുകളില്‍ കൃത്യമായ ഇടപെടലുകളിലൂടെ മോഷണം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് ഏറ്റവും മുന്നില്‍. മോഷണങ്ങളുടെ എണ്ണത്തില്‍ 79 ശതമാനം കുറവ് വരുത്തിയ ഡല്‍ഹി, നഷ്ടപ്പെട്ട സാധനങ്ങളുടെ എണ്ണം 3.27 ലക്ഷത്തില്‍ നിന്ന് 68,013 ആയി കുറച്ചു. അഹമ്മദാബാദില്‍ 83 ശതമാനവും സമസ്തിപൂരില്‍ 86 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള തിരുച്ചിറപ്പള്ളി, പാലക്കാട് എന്നീ രണ്ട് ഡിവിഷനുകളില്‍ നിന്ന് ഒരു മോഷണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ്. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ അദ്ര ഡിവിഷനിലും മോഷണങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഇത് ചരക്ക് വണ്ടികള്‍ മാത്രം ഓടുന്ന ഡിവിഷനാണ്.
നഷ്ടത്തിലായി കോണ്‍ട്രാക്ടര്‍മാര്‍
യാത്രക്കാരുടെ ഈ മോഷണം കോണ്‍ട്രാക്ടര്‍മാരെയും വലിയ രീതിയിലാണ് ബാധിക്കുന്നത്. മോഷണം പോകുന്ന ഓരോ സാധനത്തിനും വലിയ തുകയാണ് തങ്ങളുടെ ബില്ലില്‍ നിന്ന് റെയില്‍വേ ഈടാക്കുന്നതെന്ന് സെന്‍ട്രല്‍ റെയില്‍വേയിലെ ഒരു സൂപ്പര്‍വൈസര്‍ വ്യക്തമാക്കുന്നു. ഒരു തലയിണയ്ക്ക് 115 രൂപ, ബെഡ്ഷീറ്റിന് 198 രൂപ, തലയിണക്കവറിന് 55 രൂപ, ഫേസ് ടവലിന് 48 രൂപ, പുതപ്പിന് 343 രൂപ എന്നിങ്ങനെയാണ് റെയില്‍വേ ഈടാക്കുന്ന പിഴ തുകകള്‍. 2015-ലെ റെയില്‍വേ ബോര്‍ഡ് സര്‍ക്കുലര്‍ അനുസരിച്ച്, കാണാതാകുന്ന തുണിത്തരങ്ങളുടെ ഉപയോഗകാലയളവ് പകുതിയായിട്ടില്ലെങ്കില്‍ അതിന്റെ യഥാര്‍ത്ഥ വിലയുടെ 100 ശതമാനവും പകുതി കഴിഞ്ഞതാണെങ്കില്‍ 50 ശതമാനവും കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ഈടാക്കും. ഉപയോഗകാലം കൃത്യമായി നിശ്ചയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫ്‌ളാറ്റ് നിരക്കായി 75 ശതമാനമാണ് പിഴ. പണം ലഭിക്കാനുള്ള കാലതാമസവും മോഷണം മൂലമുള്ള ഈ കനത്ത സാമ്പത്തിക ബാധ്യതയും കാരണം പല കോണ്‍ട്രാക്ടര്‍മാര്‍ക്കും കാലാവധി തീരും മുന്‍പ് തന്നെ റെയില്‍വേയുമായുള്ള കരാറുകള്‍ റദ്ദാക്കേണ്ടി വരുന്നുണ്ട്.
ദുരിതത്തിലാകുന്ന അറ്റന്‍ഡര്‍മാര്‍
യാത്രക്കാര്‍ ചെയ്യുന്ന തെറ്റിന് പിഴയൊടുക്കേണ്ടി വരുന്നത് പ്രതിദിനം വെറും 700 രൂപ മാത്രം കൂലിയുള്ള സാധാരണക്കാരായ റെയില്‍വേ ജീവനക്കാരാണ്. ഒരു മാസം ഒരു അവധി പോലുമില്ലാതെ ജോലി ചെയ്താല്‍ കിട്ടുന്ന 21,000 രൂപയില്‍ നിന്ന് 2,000 മുതല്‍ 3,000 രൂപ വരെ മോഷണം പോയ സാധനങ്ങളുടെ പേരില്‍ നഷ്ടപ്പെടുന്നുവെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു. തുണിത്തരങ്ങള്‍ കാണാതാകുന്നതുമൂലം റെയില്‍വേയ്ക്ക് വീണ്ടും പുതിയവ വാങ്ങേണ്ടി വരുന്നുണ്ട്. ഇത് പൊതുജനങ്ങളുടെ നികുതിപ്പണത്തിന് വലിയൊരു നഷ്ടം തന്നെയാണ് വരുത്തിവെക്കുന്നത്. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ല ഇതെന്നും യാത്രക്കാരുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നുമാണ് റെയില്‍വേ വക്താവ് വ്യക്തമാക്കുന്നത്.
ndian Railways has lost 1.27 crore bedroll items from AC coaches between January 2022 and May 2026, according to RTI data. The missing items include face towels, bedsheets, blankets, pillows and pillow covers, causing an estimated 104.51 crore loss to contractors. Face towels accounted for the highest number of missing items. The highest thefts were reported in the Bikaner, Ranchi and Delhi divisions, while Palakkad and Tiruchirappalli divisions under Southern Railway recorded zero thefts during the period. Contractors often recover these losses from coach attendants' salaries, despite railway officials stating that passengers are responsible for the thefts.