തീർത്തും സ്വാഭാവികമായി സംഭവിക്കുന്ന ഒരു ശാരീരിര പ്രക്രിയയാണ് പ്രസവം. എന്നാൽ സിസേറിയനിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന രീതി വർധിച്ചുവരുന്നതായാണ് കണക്കുകൾ പറയുന്നത്. പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളിൽ സിസേറിയൻ പ്രസവങ്ങൾ സാധാരണയായി മാറുന്നത് ആരോഗ്യരംഗത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങൾ കൂടാതെ ഇത്തരം ശസ്ത്രക്രിയകൾ വർധിക്കുന്നത് ആശാങ്കാജനകമാണ്.
ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിസേറിയൻ നടക്കുന്ന സംസ്ഥാനം തെലങ്കാനയാണ് (62.2%). തൊട്ടുപിന്നിൽ ആന്ധ്രാപ്രദേശ് (52.2%). കേരളത്തിലെ ആകെ സിസേറിയൻ നിരക്ക് 43.5% ആണ്. താരതമ്യേന കുറഞ്ഞ പ്രായത്തിൽ സ്ത്രീകൾ പ്രസവിക്കുന്ന തമിഴ്നാട്ടിൽ സിസേറിയൻ നിരക്ക് മുംബൈ, ഡൽഹി-എൻസിആർ, ബെംഗളൂരു എന്നിവിടങ്ങളേക്കാൾ കുറവാണ് (ചെന്നൈയിൽ 39%, കോയമ്പത്തൂരിൽ 27%, മധുരയിൽ 20%).
ഇന്ത്യയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം സി- സെക്ഷൻ പ്രസവങ്ങളുടെ ദേശീയ ശരാശരി നിരക്ക് 27.2% മുതൽ 27.46% വരെയാണ്. അതായത്, രാജ്യത്ത് നടക്കുന്ന നാല് പ്രസവങ്ങളിൽ ഒന്നിൽ കൂടുതലെണ്ണവും സിസേറിയനാണെന്നാണ് കണക്കുകൾ പറയുന്നത്. നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ കണക്കുകൾ പ്രകാരം സ്വകാര്യ ആശുപത്രികളിലെ സിസേറിയൻ നിരക്ക് 54.1ശതമാനം ആയിരിക്കുമ്പോൾ, സർക്കാർ ആശുപത്രികളിൽ ഇത് 16.9% മാത്രമാണ്.
സ്വകാര്യ ആശുപത്രികളിൽ സിസേറിയൻ നിരക്ക് കൂടാനുള്ള കാരണങ്ങൾ അനവധിയാണ്. സാധാരണ പ്രസവത്തേക്കാൾ കൂടുതൽ വരുമാനം ആശുപത്രികൾക്ക് സിസേറിയനിലൂടെ ലഭിക്കുന്നു എന്നതും ഡോക്ടർമാരുടെ സമയക്രമീകരണത്തിന് അനുസരിച്ച് പ്രസവം നിശ്ചയിക്കാം എന്നതും പ്രധാന കാരണങ്ങളാണ്. പ്രസവസമയത്തെ സങ്കീർണ്ണതകൾ ഒഴിവാക്കാൻ പലരും നേരത്തേ തന്നെ സി- സെക്ഷൻ തിരഞ്ഞെടുക്കാറുമുണ്ട്. എന്നാൽ സ്വാഭാവിക പ്രസവത്തിന് സാധ്യതയുണ്ടായിട്ടും സി- സെക്ഷൻ തിരഞ്ഞെടുക്കുമ്പോൾ അതിന് നിരവധി അപകട സാധ്യതകളുണ്ട്.
വൈദ്യശാസ്ത്രപരമായി ആവശ്യമില്ലാതെ നടത്തുന്ന സിസേറിയൻ അമ്മയ്ക്കും കുഞ്ഞിനും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അമിത രക്തസ്രാവം, അണുബാധ, തുടർന്നുള്ള ഗർഭധാരണങ്ങളിലെ സങ്കീർണ്ണതകൾ, നവജാതശിശുക്കളിലെ ശ്വാസതടസ്സം എന്നിവയ്ക്ക് ഇത് കാരണമായേക്കാം.
അമ്മയുടെയും കുഞ്ഞിന്റെയും ജീവന് സുരക്ഷിതത്വം ഉറപ്പാക്കാൻ, സാധാരണ പ്രസവം അപകടകരമാണെന്ന് തോന്നുന്ന സാഹചര്യങ്ങളിലാണ് ഡോക്ടർമാർ സിസേറിയൻ നിർദ്ദേശിക്കുന്നത്. സാധാരണ പ്രസവത്തിന് കുഞ്ഞിന്റെ തല താഴേക്കായിരിക്കണം. എന്നാൽ കുഞ്ഞിന്റെ കാൽ ഭാഗമോ തോളോ താഴേക്ക് വരുന്ന രീതിയിലാണ് കിടക്കുന്നതെങ്കിൽ സിസേറിയൻ ആവശ്യമായിവരാം. പ്രസവസമയത്ത് കുഞ്ഞിന്റെ ഹൃദയമിടിപ്പിൽ വ്യതിയാനം വരികയോ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരികയോ ചെയ്താൽ അടിയന്തര സിസേറിയൻ വേണ്ടിവരും.
സ്വകാര്യ ആശുപത്രികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കിടയിൽ സിസേറിയൻ പ്രസവങ്ങൾ വർധിക്കുന്നത് ആശങ്കയുയർത്തുന്നുണ്ട്. ഗർഭകാല പ്രശ്നങ്ങളെക്കാൾ കൂടുതൽ പ്രസവത്തിനായി തിരഞ്ഞെടുക്കുന്ന ആശുപത്രിയുടെ സ്വഭാവമാണ് സിസേറിയൻ തീരുമാനത്തെ സ്വാധീനിക്കുന്നതെന്ന് ഐഐടി മദ്രാസ് പഠനം പറയുന്നു. തമിഴ്നാട് പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ സമ്പന്നരായ സ്ത്രീകളേക്കാൾ കൂടുതൽ ദരിദ്രരായ സ്ത്രീകളാണ് സിസേറിയന് വിധേയരാകുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
സിസേറിയനാണോ സ്വാഭാവിക പ്രസവമാണോ എന്നത് ആശുപത്രികളുടെ താൽപര്യത്തിനല്ല, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ആവശ്യത്തിനും അനുസരിച്ചായിരിക്കണം തീരുമാനിക്കേണ്ടത്. ആവശ്യമില്ലാത്ത ശസ്ത്രക്രിയകൾ ഒഴിവാക്കി സുരക്ഷിതമായ പ്രസവം ഉറപ്പാക്കുകയാണ് പ്രധാനമെന്ന് പഠനം അടിവരയിടുന്നു.
Caesarean section rates are rising, particularly in private hospitals, raising concerns about unnecessary surgical deliveries. Researchers highlight the high proportion of poor women undergoing C-sections in private hospitals in Tamil Nadu and call for better monitoring. The World Health Organization also warns against the uncontrolled increase in C-section rates, stressing that delivery methods should be decided based on the health and medical needs of each mother and baby.